ലോക്സഭാ സെക്രട്ടേറിയേറ്റ്
സ്ത്രീകൾ,എല്ലാ തലങ്ങളിലെയും നേതൃപദവി ഏറ്റെടുക്കുകയും എല്ലാ മേഖലകളിലെയും പ്രതിബന്ധങ്ങൾ നീക്കുകയും ചെയ്യുന്ന ഒരു പുതിയ യുഗത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു: ലോക് സഭാ സ്പീക്കർ
Posted On:
08 MAR 2025 8:25PM by PIB Thiruvananthpuram
ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളായിരുന്ന 15 വനിതകളുടെ പ്രചോദനാത്മകമായ വീക്ഷണത്തിന് ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള ആദരം അർപ്പിച്ചു. അവരുടെ സംഭാവനകൾ രാഷ്ട്രത്തെ ഊർജ്ജസ്വലമാക്കുകയും ഭാവി തലമുറകൾക്ക് വഴികാട്ടിയായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഭരണഘടനാ അസംബ്ലിയിലെ 15 വനിതാ അംഗങ്ങളുടെ മഹത്തായ സംഭാവനകളെ അംഗീകരിക്കേണ്ടത് അനിവാര്യമാണെന്ന് പാർലമെന്റ് ഹൗസിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷ വേളയിൽ ശ്രീ ബിർള പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂടിനെ രൂപപ്പെടുത്തുന്നതിലും ലിംഗസമത്വം, എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്ക് അടിത്തറ പാകുന്നതിലും അവരുടെ വീക്ഷണവും സമർപ്പണവും സഹായകരമായി.
മാതൃത്വം, ശക്തി, ത്യാഗം, പുനരുജീവനശേഷി എന്നിവ സമൂഹത്തിന്റെ അവിഭാജ്യ മൂല്യങ്ങളായി ആഘോഷിക്കപ്പെടുന്ന ഇന്ത്യയുടെ സ്ത്രീകളോടുള്ള ആദരവിന്റെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു . സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടിയുള്ള സമാനതകളില്ലാത്ത സേവനത്തിന് നമ്മുടെ 'മാതൃശക്തി'യോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ പുരോഗതി രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പരിവർത്തനാത്മക പങ്ക് ഊന്നിപ്പറഞ്ഞ ശ്രീ ബിർള, ഇന്ന് സ്ത്രീകൾ വികസനത്തിൽ പങ്കാളികൾ മാത്രമല്ല, ഭരണം, ശാസ്ത്രം, പ്രതിരോധം, വിദ്യാഭ്യാസം, സംരംഭകത്വം തുടങ്ങിയ മേഖലകളിലെല്ലാം മുന്നിൽ നിന്ന് നയിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. താഴെത്തട്ടിലുള്ള ജനാധിപത്യ സംവിധാനം മുതൽ അധികാരത്തിന്റെ ഉയർന്ന സ്ഥാനങ്ങൾ വരെ എല്ലാ തലങ്ങളിലും സ്ത്രീകൾ നേതൃപദവി ഏറ്റെടുക്കുന്ന ഒരു പുതിയ യുഗത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങൾ ശ്രീ ബിർള എടുത്തുപറഞ്ഞു.ഏറ്റവും വെല്ലുവിളി നിറഞ്ഞതും പ്രയാസകരവുമായ ജോലികൾ പോലും ഇപ്പോൾ ദൃഢനിശ്ചയത്തോടെയും മികവോടെയും സ്ത്രീകൾ ഏറ്റെടുക്കുന്നുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ, പ്രതിരോധം, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, കായികം മുതലായവയിൽ വനിതാ ശാസ്ത്രജ്ഞർ നിർണായക നേട്ടങ്ങളിൽ പങ്ക് വഹിക്കുകയും ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. ഭരണത്തിൽ സ്ത്രീകളുടെ നേതൃത്വ പങ്കാളിത്തം എക്കാലത്തേക്കാളും ശക്തമാണെന്നും, ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയുടെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ, സംവരണമില്ലാതെ പോലും, യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിൽ മാത്രം, സ്ത്രീകൾ ഭൂരിപക്ഷം നേടുന്ന ഒരു ദിവസം വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും, ആഗോള വിപണികളിലേക്കും വികസനത്തിനുള്ള അവസരങ്ങളിലേക്കും അവർക്ക് പ്രവേശനം ഉറപ്പാക്കണമെന്നും അദ്ദേഹം നയരൂപകർത്താക്കളോടും ബന്ധപ്പെട്ട പങ്കാളികളോടും അഭ്യർത്ഥിച്ചു.
വിദ്യാഭ്യാസമാണ് സ്ത്രീ ശാക്തീകരണത്തിന്റെ ആണിക്കല്ല് എന്ന് പറഞ്ഞ അദ്ദേഹം,സ്ത്രീ സാക്ഷരത 100% കൈവരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയും ആവർത്തിച്ചു. വിദ്യാഭ്യാസവും തുല്യ അവസരങ്ങളും ലഭ്യമാകാതെ, പ്രത്യേകിച്ച് ഏറ്റവും വിദൂരവും പാർശ്വവൽക്കരിക്കപ്പെട്ടതുമായ സമൂഹങ്ങളിൽ, യഥാർത്ഥ ലിംഗസമത്വം കൈവരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഇന്ത്യയുടെ ജനാധിപത്യ ഭൂപ്രകൃതിയിൽ ഒരു പരിവർത്തനാത്മക പരിഷ്കരണമായി നാരി ശക്തി വന്ദൻ നിയമത്തെ ശ്രീ ബിർള വിശേഷിപ്പിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസാക്കിയ ആദ്യ നിയമമായ ഇത്, ലിംഗസമത്വത്തോടുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെ പ്രതീകപ്പെടുത്തുന്നു. കൂടാതെ ഉയർന്ന തലങ്ങളിൽ നയങ്ങൾ രൂപപ്പെടുത്തുന്നതിലും തീരുമാനമെടുക്കുന്നതിലും സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
നാരി ശക്തി ഇന്ത്യയുടെ ഭാവിയെ നയിക്കുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്,2025 സ്ത്രീകളുടെ സ്വാശ്രയത്വത്തിനും നേതൃത്വത്തിനും ഒരു നാഴികക്കല്ലായ വർഷമായിരിക്കണമെന്ന് ശ്രീ ബിർള ആഹ്വാനം ചെയ്തു. എല്ലാ സ്ത്രീകൾക്കും തുല്യ അവസരങ്ങളും, ബഹുമാനവും, മികവ് പുലർത്താനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു സമഗ്ര അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സമൂഹത്തിലെ എല്ലാ മേഖലകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര വനിതാ ദിനം വെറുമൊരു ആഘോഷം മാത്രമല്ല, എല്ലാ മേഖലകളിലും സ്ത്രീ നേതൃത്വത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത കൂടിയാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ അവസരത്തിൽ, പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസീസും (പ്രൈഡ്), ദേശീയ വനിതാ കമ്മീഷനും ചേർന്ന് പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ സ്മരണാർഥം സംഘടിപ്പിച്ച ഭരണഘടനാ അസംബ്ലിയിലെ വനിതാ അംഗങ്ങളെക്കുറിച്ചുള്ള പ്രദർശനം ശ്രീ ബിർള ഉദ്ഘാടനം ചെയ്തു. ഭരണഘടനാ അസംബ്ലിയിലെ 15 വനിതാ അംഗങ്ങളുടെ സുപ്രധാന സംഭാവനകളെക്കുറിച്ചും ഭരണഘടന രൂപപ്പെടുത്തുന്നതിൽ അവരുടെ അമൂല്യമായ പങ്കിനെ കുറിച്ചും പൊതുജനാവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് പ്രദർശനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ലോക്സഭാ സെക്രട്ടറി ജനറൽ ശ്രീ ഉത്പൽ കുമാർ സിംഗ്; ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി വിജയ രഹത്കർ, വിശിഷ്ടാതിഥികൾ, നയരൂപീകരണ വിദഗ്ധർ, വിവിധ മേഖലകളിൽ നിന്നുള്ള വനിതാ നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
(Release ID: 2109765)
Visitor Counter : 15