ജൽ ശക്തി മന്ത്രാലയം
ഗംഗാ ശുചീകരണത്തിന് ഒരു സമഗ്ര സമീപനം
Posted On:
07 MAR 2025 3:12PM by PIB Thiruvananthpuram
ദേശീയ നദിയായ ഗംഗയുടെ ഫലപ്രദമായ മലിനീകരണ ലഘൂകരണം, സംരക്ഷണ - പുനരുജ്ജീവനം എന്നീ ഇരട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി 20,000 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ 2014 ജൂണിൽ മുന്‍നിര പദ്ധതിയായി കേന്ദ്ര സർക്കാർ അംഗീകരിച്ച 'നമാമി ഗംഗേ പരിപാടി’ ഒരു സംയോജിത സംരക്ഷണ ദൗത്യമാണ്.

ഗംഗയുടെയും പോഷകനദികളുടെയും പുനരുജ്ജീവനത്തിനായി 2014-15 വര്‍ഷം 20,000 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ 2021 മാർച്ച് വരെ അഞ്ച് വർഷത്തേക്കാണ് നമാമി ഗംഗ പരിപാടിയ്ക്ക് (എന്‍ജിപി) കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചത്. 22,500 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ 2026 മാർച്ച് വരെ പദ്ധതി വീണ്ടും നീട്ടി.
2025-26 വർഷം ദേശീയ ഗംഗാ പദ്ധതിയ്ക്ക് (സിഎസ്) 3,400 കോടി രൂപ സാമ്പത്തിക വിഹിതം അനുവദിച്ചിട്ടുണ്ട്. ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കുന്നതിനും 2025-ഓടെ നിർദിഷ്ട സ്നാന നിലവാരം കൈവരിക്കുന്നതിനുമായി മലിനജല സംസ്കരണ ശേഷി വർധിപ്പിക്കുക, ജല ഗുണനിലവാരം മെച്ചപ്പെടുത്തുക, വ്യാവസായിക മാലിന്യം പുറന്തള്ളുന്നത് നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ നിക്ഷേപം.
ഗംഗ: ഇന്ത്യയുടെ ജീവരേഖ

ലോകത്തിലെ പുണ്യനദികളിലൊന്നായ ഗംഗ അമിതമായ ജലചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും ഭീഷണി വലിയതോതില്‍ നേരിടുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ സുപ്രധാന ഭാഗമായും നിലനിൽപ്പിന്റെ പ്രധാന വിഭവമായും നിലകൊള്ളുന്ന നദിയുടെ ആരോഗ്യം പരമപ്രധാനമാണ്. ഈ വെല്ലുവിളികളെ നേരിടാനായി മലിനീകരണം ഫലപ്രദമായി ലഘൂകരിക്കാനും ഗംഗാ നദിയുടെ സംരക്ഷണവും പുനരുജ്ജീവനും ഉറപ്പാക്കാനും ഇരട്ട ലക്ഷ്യങ്ങളുമായാണ് നമാമി ഗംഗാ പരിപാടി ആരംഭിച്ചത്.
ഗംഗാ നദീതടം

ഇന്ത്യയിലെ 27 ശതമാനം ഭൂപ്രദേശം ഉൾക്കൊള്ളുകയും 47 ശതമാനം ജനസംഖ്യയെ പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ നദീതടമാണ് ഗംഗയുടേത്. 11 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നദീതടം രാജ്യത്തെ ആകെ ഭൂവിസ്തൃതിയുടെ ഏകദേശം 27% ഉൾക്കൊള്ളുന്നു. നദീതടത്തിന്റെ ഏകദേശം 65.57 ശതമാനവും കൃഷിക്കായി ഉപയോഗിക്കുമ്പോള്‍ 3.47 ശതമാനം പ്രദേശം ജലാശയങ്ങളാണ്. ആകെ ജല ലഭ്യതയുടെ 35.5% മഴയിലൂടെ ലഭിക്കുന്നുണ്ടെങ്കിലും 39% ശരാശരി പ്രതിശീർഷ വാർഷിക മഴവെള്ള ലഭ്യതയുള്ള സബർമതി നദീതടം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന രണ്ടാമത്തെ നദീതടമാണിത്.
കാഴ്ചപ്പാട്
"അവിരൾ ധാര" (നിലയ്ക്കാത്ത ഒഴുക്ക്), "നിർമൽ ധാര" (സംശുദ്ധമായ ഒഴുക്ക്) എന്നിവ ഉറപ്പാക്കുന്നതിലൂടെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സമഗ്രത നിലനിർത്തി നദിയുടെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഗംഗാ പുനരുജ്ജീവന കാഴ്ചപ്പാട്. ഏഴ് ഐഐടികളുടെ കൂട്ടായ്മ ബഹു-മേഖലാ, ബഹു-ഏജൻസി ഇടപെടലുകളോടെ സംയോജിത നദീതട നിര്‍വഹണ (ഐആര്‍ബിഎം) സമീപനത്തിന് ഊന്നൽ നൽകുന്ന ഒരു സമഗ്ര ഗംഗാ നദീതട നിര്‍വഹണ പദ്ധതി (ജിആര്‍ബിഎംപി) വികസിപ്പിച്ചെടുത്തു.
പ്രധാന ഇടപെടലുകൾ
മലിനീകരണ നിർമാർജനം (നിർമൽ ഗംഗ): നദിയിലെ മലിനീകരണ സ്രോതസ്സുകളെ കണ്ടെത്തി ലഘൂകരിക്കുക.
പരിസ്ഥിതിയും ഒഴുക്കും മെച്ചപ്പെടുത്തൽ (അവിരൾ ഗംഗ): നദിയുടെ പാരിസ്ഥിതിക ആരോഗ്യവും തുടർച്ചയായ ഒഴുക്കും വർധിപ്പിക്കുക.
ജനങ്ങളും നദിയും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുക (ജൻ ഗംഗ): സാമൂഹ്യ ഇടപെടലിലൂടെയും അവബോധത്തിലൂടെയും ജനങ്ങളും നദിയും തമ്മിലെ ബന്ധം ആഴത്തില്‍ വളർത്തുക.
ഗവേഷണ നയം സുഗമമാക്കൽ (ജ്ഞാന്‍ ഗംഗ): വൈവിധ്യമാർന്ന ഗവേഷണം, ശാസ്ത്രീയ ഭൂപട ചിത്രീകരണം, പഠനങ്ങൾ, തെളിവുകളുടെ അടിസ്ഥാനത്തില്‍ നയരൂപീകരണം എന്നിവ പ്രോത്സാഹിപ്പിക്കുക.
നദിയുടെ പ്രാചീന മഹത്വം പുനഃസ്ഥാപിക്കുന്നതിൽ എൻഎംസിജി വർഷങ്ങളായി നടത്തിവരുന്ന സംഘടിത ശ്രമങ്ങൾ വിജയം കണ്ടെത്താൻ തുടങ്ങിയിരിക്കുന്നു.
പുരോഗതി അവലോകനം (2025 ജനുവരി 31 വരെ)
40,121.48 കോടി രൂപ ചെലവില്‍ 492 പദ്ധതികളടങ്ങുന്ന സമഗ്ര പ്രൊജക്ടിന് തുടക്കം കുറിച്ചു.
ഇതിൽ പൂർത്തീകരിച്ച 307 പദ്ധതികൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്.
മലിനജല അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്ന 206 ശ്രദ്ധേയ പദ്ധതികൾക്കും തുടക്കം കുറിച്ചു.
ഈ മലിനജല അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് 33,003.63 കോടി രൂപയുടെ വിപുലമായ ധനസഹായം അനുവദിച്ചു.
ഇതിൽ 127 മലിനജല അടിസ്ഥാനസൗകര്യ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുകയും മലിനീകരണം ലഘൂകരിക്കുന്നതിൽ ഇവ നിർണായക പങ്കുവഹിക്കുകയും ചെയ്തു.
കൂടാതെ ജൈവവൈവിധ്യ സംരക്ഷണത്തിനും വനവൽക്കരണത്തിനും വേണ്ടി സമർപ്പിച്ച 56 പദ്ധതികളും ഏറ്റെടുത്തു.
ഈ പദ്ധതികൾക്ക് 905.62 കോടിയിലധികം രൂപയുടെ ധനസഹായ വാഗ്ദാനം ലഭിച്ചു.
ഗംഗാ നദീതടത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ വർധിപ്പിച്ചുകൊണ്ട് ജൈവവൈവിധ്യത്തിലും വനവൽക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച 39 പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയത് ശ്രദ്ധേയമാണ്.
മലിനീകരണ രഹിത ഗംഗയ്ക്ക് സർക്കാരിന്റെ സമീപകാല സംരംഭങ്ങൾ
മലിനീകരണം തടയുന്നതിന് സുപ്രധാന ചുവടുവയ്പ്പെന്നോണം ഉത്തർപ്രദേശിലെ വാരണാസിയിൽ 274.31 കോടി രൂപ ചെലവിൽ ദുർഗ ഓവുചാല്‍ വഴിതിരിച്ചുവിടുന്ന പദ്ധതിയ്ക്കും 60 എംഎല്‍ഡി ശേഷിയില്‍ മലിനജല സംസ്കരണ നിലയത്തിന്റെ (എസ്ടിപി) നിർമാണവും നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ (എന്‍എംസിജി) 60-ാമത് നിര്‍വാഹകസമിതി യോഗം അംഗീകരിച്ചു. 75 എംഎല്‍ഡി ശേഷിയുള്ള പ്രധാന പമ്പിങ് സ്റ്റേഷനും മറ്റ് അവശ്യ ഘടനകളും ഉൾപ്പെടെ ഹൈബ്രിഡ് ആന്വിറ്റി മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതി ദീർഘകാല മലിനജല സംസ്കരണവും മലിനീകരണ നിയന്ത്രണവും ഉറപ്പാക്കുന്നു.
കൂടാതെ ഗംഗയുടെ പ്രധാന പോഷകനദിയായ വരുണയിലേക്ക് മലിനജലം ഒഴുകുന്നത് തടയാന്‍ ഭദോഹിയിൽ മറ്റൊരു പ്രധാന പദ്ധതിയ്ക്കും അംഗീകാരം ലഭിച്ചു. 127.26 കോടി രൂപ നിക്ഷേപത്തിൽ 17 എംഎല്‍ഡി, 5 എംഎല്‍ഡി, 3 എംഎല്‍ഡി വീതം ശേഷിയുള്ള മൂന്ന് മലിനജല സംസ്കരണ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പം നാല് പ്രധാന ഓവുചാലുകള്‍ സംയോജിപ്പിക്കുന്നതിനും മലിനീകരണം തടയുന്നതിനും വിപുലമായ മലിനജല ശൃംഖലയും സ്ഥാപിക്കും. അടുത്ത 15 വർഷത്തേക്ക് സുസ്ഥിര പ്രവർത്തനവും പരിപാലനവും ഉറപ്പാക്കുന്ന ഡിസൈൻ-ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ഡിബിഒടി) മാതൃകയിലാണ് പദ്ധതി.
സംസ്കരിച്ച ജലത്തിന്റെ സുരക്ഷിതമായ പുനരുപയോഗത്തിന് എൻഎംസിജി വികസിപ്പിച്ചെടുത്ത ദേശീയ ചട്ടക്കൂട് സംസ്ഥാനങ്ങൾക്ക് പുനരുപയോഗ നയങ്ങൾ രൂപീകരിക്കുന്നതിനും സാമ്പത്തിക മാതൃകകൾ സ്ഥാപിക്കുന്നതിനും മാര്‍ഗരേഖയാണ്. ശുദ്ധജല സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും സുസ്ഥിര ജല ഉപഭോഗ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്കരിച്ച ജലം സുരക്ഷിതമായി പുനരുപയോഗിക്കുന്നതിനെക്കുറിച്ച് നഗര നയരൂപകർത്താക്കൾക്കും നഗര ഉദ്യോഗസ്ഥർക്കും എൻഎംസിജി ഒരു മാർഗനിർദേശ കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഏഴ് ജില്ലകളിൽ (മിർസാപൂർ, ബുലന്ദ്ഷഹർ, ഹാപൂർ, ബുദൗൺ, അയോധ്യ, ബിജ്‌നോർ, പ്രതാപ്ഗഡ്) ഏഴ് ജൈവവൈവിധ്യ പാർക്കുകളും ഉത്തർപ്രദേശ് (3), ബിഹാർ (1), ജാർഖണ്ഡ് (1) എന്നിവിടങ്ങളിൽ 5 മുൻഗണനാ തണ്ണീർത്തടങ്ങളും അനുവദിച്ചു.
ഗംഗാ നദിയുടെ പ്രധാന നദീതടമേഖലകളില്‍ സംസ്ഥാന വനം വകുപ്പ് വഴി എന്‍എംസിജി നടപ്പാക്കിയ വനവൽക്കരണ പദ്ധതിയിലൂടെ ഏകദേശം 398 കോടി രൂപ ചെലവില്‍ 33,024 ഹെക്ടർ സ്ഥലത്തണ് വനവൽക്കരണം നടത്തിയത്.
കേന്ദ്ര ഇൻലാൻഡ് ഫിഷറീസ് ഗവേഷണ കേന്ദ്രം (സിഐഎഫ്ആര്‍ഐ) നടപ്പാക്കിയ പ്രത്യേക പദ്ധതി പ്രകാരം മത്സ്യ വൈവിധ്യം സംരക്ഷിക്കുന്നതിനും നദീ ഡോൾഫിനുകള്‍ക്ക് ഇര ലഭ്യമാക്കുന്നതിനും ഗംഗാ നദീതടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം ഉറപ്പാക്കുന്നതിനുമായി 2017 മുതൽ ആകെ 143.8 ലക്ഷം ഇന്ത്യൻ മേജർ കാർപ്പ് (ഐഎംസി) മത്സ്യക്കുഞ്ഞുങ്ങളെ ഗംഗയിൽ വളർത്തിയിട്ടുണ്ട്.
മലിനമായ നദീതടങ്ങൾ ശുചീകരിക്കുന്നതിനായി പ്രതിദിനം 6,255 ദശലക്ഷം ലിറ്റർ (എംഎല്‍ഡി) സംസ്കരണ ശേഷിയുള്ള 203 മലിനജല അടിസ്ഥാന സൗകര്യ പദ്ധതികൾ 32,613 കോടി രൂപ ചെലവില്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 3,446 എംഎല്‍ഡി ശേഷിയുള്ള 127 മലിനജല സംസ്കരണ പദ്ധതികൾ പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കി.
വ്യാവസായിക മലിനീകരണം കുറയ്ക്കുന്നതിന് ജജ്മൗ (20 എംഎല്‍ഡി), ബന്തർ (4.5 എംഎല്‍ഡി), മഥുര (6.25 എംഎല്‍ഡി) എന്നിവിടങ്ങളിലായി 3 പൊതു മാലിന്യ സംസ്കരണ നിലയങ്ങള്‍ (സിഇടിപികൾ) അനുവദിച്ചു. മഥുര, ജജ്മൗ സിഇടിപി പദ്ധതികൾ പൂർത്തിയാക്കി.
ഉപസംഹാരം
ഗംഗാ പുനരുജ്ജീവനത്തിനായി ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും മികച്ച അറിവും വിഭവങ്ങളും ഉപയോഗപ്പെടുത്താന്‍ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (എന്‍എംസിജി) ശ്രമിച്ചുവരുന്നു. വിവിധ ഇടപെടലുകളിലൂടെ ഗണ്യമായ പ്രവര്‍ത്തന പുരോഗതി കൈവരിച്ചുകൊണ്ട് ഭാവി തലമുറകൾക്കുവേണ്ടി സംശുദ്ധവും സമ്പന്നവുമായ ഗംഗാനദിയെ യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് പദ്ധതി പരിശ്രമം തുടരുന്നു.
അവലംബം
https://nmcg.nic.in/
https://nmcg.nic.in/writereaddata/fileupload/41_WebsiteMonthofApril2024.pdf
https://nmcg.nic.in/NamamiGanga.aspx
Annual Report 2023: https://nmcg.nic.in/Annual_Reports.aspx
Ganga Vision Document: https://nmcg.nic.in/Disclosure.aspx
Namami Gange Programme - At A Glance, September 2020: https://nmcg.nic.in/NamamiGanga.aspx
Monthly Progress Report: https://nmcg.nic.in/projectsearch.aspx
UNSTARRED QUESTION NO. 684
https://pib.gov.in/PressReleasePage.aspx?PRID=2102458
https://pib.gov.in/PressReleasePage.aspx?PRID=2040176#:~:text=The%20Government%20of%20India%20(GoI,outlay%20of%20%E2%82%B9%2022%2C500%20crore.
*****
(Release ID: 2109584)
Visitor Counter : 9