റെയില്‍വേ മന്ത്രാലയം
അന്താരാഷ്ട്ര വനിതാ ദിനത്തിൽ, വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുളക് സ്പ്രേ ക്യാനുകൾ നൽകാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ
Posted On:
07 MAR 2025 8:36PM by PIB Thiruvananthpuram
റെയിൽവേ സംരക്ഷണ സേനയിലെ വനിതാ ഉദ്യോഗസ്ഥർക്ക് മുളക് സ്പ്രേ ക്യാനുകൾ നൽകാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. മാരകമല്ലാത്തതും എന്നാൽ ഫലപ്രദവുമായ ഈ ഉപകരണം വനിതാ ആർപിഎഫ് ഉദ്യോഗസ്ഥരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ വേഗത്തിൽ നേരിടാൻ സഹായിക്കും.പ്രത്യേകിച്ച്, ഒറ്റയ്ക്കോ കുട്ടികളോടൊപ്പമോ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതമായ ട്രെയിൻ യാത്രകൾ ഉറപ്പാക്കുന്നതിന് ഇത് സഹായിക്കും.
ലിംഗപരമായ ഉൾപ്പെടുത്തൽ, സ്ത്രീ ശാക്തീകരണം, വിശാലമായ ശൃംഖലയിലുടനീളം മെച്ചപ്പെട്ട സുരക്ഷ എന്നിവയ്ക്കുള്ള ഇന്ത്യൻ റെയിൽവേയുടെ ശക്തമായ പ്രതിജ്ഞാബദ്ധതയെ ഈ നൂതന നീക്കം പ്രതിഫലിപ്പിക്കുന്നു. മുളക് സ്പ്രേ ക്യാനുകൾ നൽകുന്നതിലൂടെ, വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് അധിക സുരക്ഷ ലഭിക്കും. ഇത് ഭീഷണികൾ തടയാനും, പീഡന സംഭവങ്ങളോട് പ്രതികരിക്കാനും, അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും അവരെ അനുവദിക്കുന്നു. പ്രത്യേകിച്ച്, ഒറ്റപ്പെട്ട സ്റ്റേഷനുകൾ, ഓടുന്ന ട്രെയിനുകൾ, വിദൂര റെയിൽവേ പ്രദേശങ്ങൾ തുടങ്ങി ഉടനടി അടിയന്തര പിന്തുണ ലഭിക്കാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ഇത് സുരക്ഷ ഒരുക്കും.
“സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സുരക്ഷിതമായ പൊതു ഇടങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുമായി ഈ സംരംഭം യോജിക്കുന്നു. സ്ത്രീ യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം നൽകുന്നതിന് ഇന്ത്യൻ റെയിൽവേ നിരന്തരം നിരവധി നടപടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർ ശക്തിയുടെയും കരുതലിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്നു. മുളക് സ്പ്രേ ക്യാനുകൾ നൽകി ഞങ്ങൾ അവരുടെ ആത്മവിശ്വാസവും പ്രവർത്തന ശേഷിയും വർദ്ധിപ്പിക്കുകയാണ്. അതേസമയം യാത്രക്കാരുടെ സുരക്ഷ - പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ - ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയാണെന്ന വ്യക്തമായ സന്ദേശവും ഇതു നൽകുന്നു ".ഈ സംരംഭത്തെ പിന്തുണച്ചുകൊണ്ട്, ആർപിഎഫ് ഡയറക്ടർ ജനറൽ ശ്രീ. മനോജ് യാദവ് പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിലെ ഇന്ത്യൻ റെയിൽവേയുടെ അത്തരമൊരു ഫലപ്രദമായ നയമാണ് ആർപിഎഫിലേക്ക് കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തുക എന്നത്. ഇന്ന്, എല്ലാ കേന്ദ്ര സായുധ പോലീസ് സേനകളിലും (സിഎപിഎഫ്) ഏറ്റവും കൂടുതൽ സ്ത്രീകൾ (9%) ആർപിഎഫ് സേവനത്തിൽ ആണെന്നതിൽ അഭിമാനിക്കുന്നു. ഈ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥരിൽ പലരും 'മേരി സഹേലി' സംഘങ്ങളുടെ ഭാഗമാണ്. സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നതാണ് അവരുടെ പ്രധാന ഉത്തരവാദിത്വം. 250-ലധികം 'മേരി സഹേലി' സംഘങ്ങൾ പ്രതിദിനം ഏകദേശം 12,900 സ്ത്രീ യാത്രക്കാരുമായി സംവദിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.
സുരക്ഷയ്ക്കുമപ്പുറം വനിതാ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സേവനം വളരെ വലുതാണ്. ട്രെയിൻ യാത്രയ്ക്കിടെ പ്രസവവേദന അനുഭവിക്കുന്ന ഗർഭിണികൾ ഉൾപ്പെടെ ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീ യാത്രക്കാരെ അവർ പതിവായി സഹായിക്കുന്നു. 'ഓപ്പറേഷൻ മാതൃശക്തി' ദൗത്യത്തിലൂടെ , ഓടുന്ന ട്രെയിനുകളിൽ സ്വകാര്യത, അന്തസ്സ്, സമയബന്ധിതമായ വൈദ്യസഹായം എന്നിവ ഉറപ്പാക്കി വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർ, സ്ത്രീയാത്രക്കാർക്ക് സുരക്ഷിത പ്രസവ സൗകര്യം സജ്ജമാക്കുന്നു. 2024-ൽ മാത്രം 174 സ്ത്രീകൾക്ക് ഇത്തരം സഹായം ലഭ്യമാക്കി. മഹാാകുംഭം പോലുള്ള പ്രധാന പരിപാടികളിൽ, ആർപിഎഫിലെ വനിതാ ഉദ്യോഗസ്ഥർ പുരുഷ സഹപ്രവർത്തകർക്കൊപ്പം അക്ഷീണം പ്രവർത്തിച്ചു. പ്രയാഗ്‌രാജിൽ പുണ്യസ്‌നാനത്തിനായി എത്തിയ ആയിരക്കണക്കിന് സ്ത്രീ തീർത്ഥാടകർക്ക് ഇവർ ആവശ്യമായ സഹായം നൽകി.
വനിതാ ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശക്തി, അനുകമ്പ, പ്രതിരോധശേഷി എന്നിവയ്ക്ക് പുതിയ ഈ ഉപകരണം കൂടുതൽ കരുത്ത് പകരും.സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതമായ യാത്രയ്ക്കുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിജ്ഞാബദ്ധതയെ ഇത് ആവർത്തിച്ചുറപ്പിക്കുന്നു.
SKY
***********************
(Release ID: 2109328)
Visitor Counter : 18