ഖനി മന്ത്രാലയം
ഖനന മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കൽ: ഉൾപ്പെടുത്തലും നേതൃത്വവും ആഘോഷിക്കുന്ന ഒരു സുപ്രധാന പരിപാടി
Posted On:
06 MAR 2025 7:37PM by PIB Thiruvananthpuram
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ മുന്നോടിയായി, ഖനന മേഖലയിലെ സ്ത്രീകളെ അംഗീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഒരു സുപ്രധാന ചുവടുവയ്പ്പ് അടയാളപ്പെടുത്തിക്കൊണ്ട്, കേന്ദ്ര ഖനി മന്ത്രാലയം സിഐഎല്ലുമായി സഹകരിച്ച് "ഖനന മേഖലയിലെ സ്ത്രീ പങ്കാളിത്തം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി, കേന്ദ്ര കൽക്കരി, ഖനി സഹമന്ത്രി ശ്രീ സതീഷ് ചന്ദ്ര ദുബെ, തെലങ്കാന വനിതാ-ശിശുക്ഷേമ മന്ത്രി ശ്രീമതി ഡി അനസൂയ സീതക്ക എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഈ മേഖലയ്ക്ക് നൽകിയ സംഭാവനകളോടുള്ള ആദരമായി ദീപം തെളിയിച്ചു ചടങ്ങ് ആരംഭിക്കാൻ മന്ത്രിമാർ, പരിപാടിയിൽ പങ്കെടുത്ത വനിതാ പ്രതിനിധികളെ ക്ഷണിച്ചു. ഖനന വ്യവസായത്തിന് നൽകിയ ഉജ്വല സംഭാവനകൾക്ക് 46 മികച്ച പ്രൊഫഷണലുകളെ ചടങ്ങിൽ ആദരിച്ചു.ഈ വ്യവസായ മേഖലയിലെ തടസ്സങ്ങൾ മറികടന്ന് പുരോഗതി കൈവരിച്ചതിന് ഐബിഎം, ടാറ്റ, ജിഎസ്ഐ, അദാനി, വേദാന്ത, എൻജിഒകൾ, നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ആദരിച്ചു. ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഖനന വകുപ്പുകളിലെ വനിതാ മേധാവികളുടെ പങ്കാളിത്തം ഈ മേഖലയിലെ വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള സഹകരണ ശ്രമത്തെ കൂടുതൽ ശക്തിപ്പെടുത്തി.
കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി ഖനന മേഖലയിലെ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ വ്യക്തമാക്കി. ഈ രംഗത്ത് സ്ത്രീകളുടെ വിലയേറിയ സംഭാവനകളെ അംഗീകരിച്ച കേന്ദ്രമന്ത്രി പരമ്പരാഗതമായി പുരുഷാധിപത്യമുള്ള ഈ വ്യവസായത്തിൽ തുല്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കൂടുതൽ ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചു. ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഖനന മേഖലയിൽ വനിതാ പ്രൊഫഷണലുകൾക്ക് അനുകൂലമായ അന്തരീക്ഷം നൽകുന്നതിനുമുള്ള ഗവൺമെന്റിന്റെ സംരംഭങ്ങളെ കേന്ദ്ര സഹമന്ത്രി ശ്രീ സതീഷ് ചന്ദ്ര ദുബെ എടുത്തുപറഞ്ഞു. പിന്തുണ നൽകുന്ന നയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും ഖനനം ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത തെലങ്കാന വനിതാ-ശിശുക്ഷേമ മന്ത്രി ശ്രീമതി ഡി അനസൂയ സീതക്ക ആവർത്തിച്ചു വ്യക്തമാക്കി.
രണ്ട് പാനൽ ചർച്ചകളും പരിപാടിയിൽ ഉണ്ടായിരുന്നു.ഇതിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ,
ഖനനത്തിലെ സ്ത്രീ ശാക്തീകരണത്തിനായുള്ള വെല്ലുവിളികളെയും തന്ത്രങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചു.
പാനൽ ചർച്ച I: ഖനന മേഖലയിൽ എല്ലാവരെയും ഉൾപ്പെടുത്തലിനെക്കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ചപ്പാട് - വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും
ഖനന മേഖലയിൽ സ്ത്രീകൾ നേരിടുന്ന തടസ്സങ്ങളെക്കുറിച്ചും ഉൾപ്പെടുത്തൽ കൂടുതൽ പ്രോത്സാഹിപ്പിക്കാവുന്നതെങ്ങനെയെന്നും പാനൽ ചർച്ച ചെയ്തു . ഖനി മന്ത്രാലയത്തിലെ ജെഎസ് & എഫ്എ ശ്രീമതി നിരുപമ കോട്രു ചർച്ച മോഡറേറ്റ് ചെയ്തു. ഈ മേഖലയിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിന് ഘടനാപരവും സാംസ്കാരികവുമായ മാറ്റങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള സംഭാഷണത്തിന് അവർ നേതൃത്വം നൽകി.പാനലിസ്റ്റുകൾ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുകയും കൂടുതൽ സമഗ്രവും പിന്തുണയ്ക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.
പാനൽ ചർച്ച II: ഖനന മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കൽ - ഉൾപ്പെടുത്തൽ, ആവശ്യം, സമീപനം, മുന്നോട്ടുള്ള വഴി
സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള തന്ത്രങ്ങളിലും കൂടുതൽ സമഗ്രമായ ഒരു ഖനന മേഖല സൃഷ്ടിക്കുന്നതിന് ആവശ്യമായ നടപടികളിലുമാണ് രണ്ടാമത്തെ പാനൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഖനി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീമതി ഫരീദ എം. നായിക് ചർച്ചയുടെ മോഡറേറ്റർ ആയി. ഖനനത്തിൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലിംഗപരമായ തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനും ആവശ്യമായ സമീപനങ്ങൾ സെഷൻ ചർച്ച ചെയ്തു. സ്ത്രീകൾക്ക് വ്യവസായത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നതിന് സുസ്ഥിരവും സമഗ്രവുമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മെന്റർഷിപ്പ്, നേതൃത്വം, നയപരമായ ഇടപെടലുകൾ എന്നിവയുടെ സുപ്രധാന പങ്കിനെക്കുറിച്ച് പാനലിസ്റ്റുകൾ ചർച്ച ചെയ്തു.
*****
(Release ID: 2109049)
Visitor Counter : 24