വിദ്യാഭ്യാസ മന്ത്രാലയം
രാഷ്ട്രപതി ‘വിസിറ്റേഴ്സ് കോൺഫറൻസ് 2024-25’ ഉദ്ഘാടനം ചെയ്തു
2023ലെ വിസിറ്റേഴ്‌സ് പുരസ്കാരങ്ങൾ സമ്മാനിച്ചു
Posted On:
03 MAR 2025 7:54PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (മാർച്ച് 3, 2025) രാഷ്ട്രപതിഭവനിൽ രണ്ടുദിവസത്തെ ‘വിസിറ്റേഴ്‌സ് കോൺഫറൻസ് 2024-25’ ഉദ്ഘാടനം ചെയ്തു.ഏതൊരു രാജ്യത്തിന്റെയും വികസനനിലവാരം അതിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരത്തിൽ പ്രതിഫലിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നിർണായക പങ്കുണ്ടെന്നു സ്ഥാപനമേധാവികളോടു രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം ഗവേഷണത്തിനും വളരെയധികം ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകത അവർ ഉയർത്തിക്കാട്ടി. മികച്ച ലക്ഷ്യത്തോടെയാണ് ഇന്ത്യാഗവണ്മെന്റ് ദേശീയ ഗവേഷണ നിധി സ്ഥാപിച്ചതെന്നു രാഷ്ട്രപതി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ സുപ്രധാന സംരംഭം മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
നമ്മുടെ സ്ഥാപനങ്ങളിലെ ഗവേഷകർക്കു ലോകതലത്തിൽ അംഗീകാരം ലഭിക്കുക, നമ്മുടെ സ്ഥാപനങ്ങളുടെ പേറ്റന്റുകൾ ലോകത്തു മാറ്റം കൊണ്ടുവരിക, വികസിതരാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയെ തെരഞ്ഞെടുക്കുക എന്നിവയായിരിക്കണം നമ്മുടെ ഉന്നത വിദ്യാഭ്യാസ സമൂഹത്തിന്റെ അഭിലാഷമെന്നു രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള വിദ്യാർത്ഥികൾ അവരുടെ കഴിവുകളാൽ ലോകത്തിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വികസിത സമ്പദ്‌വ്യവസ്ഥകളെയും സമ്പന്നമാക്കുന്നുവെന്നു രാഷ്ട്രപതി പറഞ്ഞു. അവരുടെ കഴിവുകൾ നമ്മുടെ രാജ്യത്തിനായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയ്ക്കും അവർ ഊന്നൽ നൽകി. നമ്മുടെ പരീക്ഷണശാലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ സ്വീകരിക്കാൻ ലോകസമൂഹം ഉത്സാഹം കാട്ടുമ്പോൾ മാത്രമേ ഇന്ത്യയെ ആഗോള വിജ്ഞാന ശക്തികേന്ദ്രമാക്കി മാറ്റൽ എന്ന നമ്മുടെ ദേശീയ ലക്ഷ്യം കൈവരിക്കാൻ കഴിയൂ എന്നു രാഷ്ട്രപതി പറഞ്ഞു.
നമ്മുടെ രാജ്യത്തെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗോളതലത്തിൽ ബ്രാൻഡ് മൂല്യമുണ്ടെന്നു രാഷ്ട്രപതി പറഞ്ഞു. ഈ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക്, ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലും കമ്പനികളിലും വലിയ ഉത്തരവാദിത്വങ്ങൾ ലഭിക്കുന്നു. എന്നിരുന്നാലും, നമ്മുടെ എല്ലാ സ്ഥാപനങ്ങളും വളരെ വേഗം മുന്നേറേണ്ടതുണ്ട്. ബൃഹത്തായ നമ്മുടെ യുവജന സമൂഹത്തിന്റെ അപാരമായ കഴിവുകൾ വികസിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളുടെ നേതൃത്വം അംഗീകരിക്കപ്പെടും.
മികവിനൊപ്പം, സാമൂഹ്യ ഉൾപ്പെടുത്തലും സംവേദനക്ഷമതയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അനിവാര്യഘടകമായിരിക്കണമെന്നു രാഷ്ട്രപതി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക-സാമൂഹ്യ-മാനസിക പരിമിതികൾ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് തടസ്സമാകരുത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും അധ്യാപകരും യുവ വിദ്യാർത്ഥികളെ പരിപാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള അരക്ഷിതാവസ്ഥ അവരുടെ മനസ്സിലുണ്ടെങ്കിൽ അതു നീക്കം ചെയ്യണമെന്നും അവർക്ക് ധാർമ്മികവും ആത്മീയവുമായ കരുത്തുപകരണമെന്നും അവർ പറഞ്ഞു. വിദ്യാർത്ഥികൾക്കു കൗൺസിലിങ്ങും പ്രചോദനവും നൽകാനും ക്യാമ്പസുകളിൽ ആശാവഹമായ ഉണർവു പകരാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നു രാഷ്ട്രപതി നിർദേശിച്ചു.
ശാസ്ത്രീയ നേട്ടങ്ങളുടെ സമ്പന്നമായ പാരമ്പര്യമാണു നമ്മുടെ രാജ്യത്തിനുള്ളതെന്നു രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും ശാഖകളും ഉപശാഖകളും രാജ്യത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. ഊർജിതമായ ഗവേഷണം നടത്തി അമൂല്യവും എന്നാൽ നഷ്ടപ്പെട്ടുപോയതുമായ അറിവിന്റെയും ശാസ്ത്രത്തിന്റെയും ധാരകൾ വീണ്ടും കണ്ടെത്തുന്നത് ഏറെ ഉപയോഗപ്രദമാകും. ഇന്നത്തെ സാഹചര്യത്തിൽ ജൈവികമായി വളർന്നുവന്ന അത്തരം വിജ്ഞാന സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള വഴികൾ കണ്ടെത്തേണ്ടത് ഉന്നത വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ ഉത്തരവാദിത്വമാണെന്നു രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നു രാഷ്ട്രപതി പറഞ്ഞു. നമ്മുടെ നയ ആസൂത്രകർ, അധ്യാപകർ, സ്ഥാപനമേധാവികൾ, മുതിർന്ന വിദ്യാർത്ഥികൾ എന്നിവരുടെ പെരുമാറ്റത്തിൽനിന്നാണു യുവ വിദ്യാർത്ഥികൾ പഠിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികൾ ആഗോള ചിന്തയിലൂടെ വികസിത ഇന്ത്യയുടെ സ്രഷ്ടാക്കളുടെ തലമുറയെ വാർത്തെടുക്കുമെന്നും രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
നൂതനാശയങ്ങൾ, ഗവേഷണം, സാങ്കേതികവിദ്യാവികസനം എന്നീ വിഭാഗങ്ങളിൽ എട്ടാമത് വിസിറ്റേഴ്‌സ് പുരസ്കാരങ്ങൾ ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രപതി സമ്മാനിച്ചു.
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം പ്രോത്സാഹിപ്പിക്കുന്നതിനായി ക്വാണ്ടം സാങ്കേതികവിദ്യയിൽ നൂതന തദ്ദേശീയ കണ്ടുപിടിത്തങ്ങൾ വികസിപ്പിച്ചതിന് ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫ. സരിപെല്ല ശ്രീകൃഷ്ണയ്ക്ക് ഇന്നൊവേഷൻ വിസിറ്റേഴ്‌സ് പുരസ്കാരം ലഭിച്ചു.
· ഉയർന്ന ജൈവലഭ്യതയുള്ള മരുന്നുകളും ഫാർമസ്യൂട്ടിക്കലുകളും മിതമായ നിരക്കിൽ മെച്ചപ്പെട്ട ഫലപ്രാപ്തിയോടെ കണ്ടെത്തുന്നതിലും വികസിപ്പിക്കുന്നതിലും നടത്തിയ മൗലിക ഗവേഷണത്തിന് ഹൈദരാബാദ് സർവകലാശാലയിലെ പ്രൊഫ. അശ്വിനി കുമാർ നംഗിയക്കു ഭൗതികശാസ്ത്ര മേഖലയിലെ ഗവേഷണത്തിനുള്ള വിസിറ്റേഴ്‌സ് പുരസ്കാരം ലഭിച്ചു.
· ബയോളജിക്കൽ സയൻസസിലെ ഗവേഷണത്തിനുള്ള വിസിറ്റേഴ്‌സ് പുരസ്കാരം ഡൽഹി സർവകലാശാലയിലെ പ്രൊഫ. റിന ചക്രബർത്തിക്കും പഞ്ചാബ് കേന്ദ്ര സർവകലാശാലയിലെ പ്രൊഫ. രാജ് കുമാറിനും സംയുക്തമായി സമ്മാനിച്ചു. സുസ്ഥിര ശുദ്ധജല അക്വാകൾച്ചറിനുള്ള ഗവേഷണ സംഭാവനകൾക്കാണ് പ്രൊഫ. ചക്രബർത്തിക്കു പുരസ്കാരം ലഭിച്ചത്. വിവിധ കാൻസർ ഹാൾമാർക്കുകളുടെ പര്യവേക്ഷണത്തിനും സിന്തറ്റിക് ആന്റികാൻസർ ലെഡ് തന്മാത്രകളുടെ വികസനത്തിനുമുള്ള ഗവേഷണ സംഭാവനകൾക്കാണ് പ്രൊഫ. രാജ് കുമാറിന് പുരസ്കാരം ലഭിച്ചത്.
· ലാൻഡ്‌ഫിൽ മുനിസിപ്പൽ മിക്സഡ് പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ പെട്രോൾ-ഡീസൽ ഉൽപ്പാദനം സാധ്യമാക്കുന്നതിനുള്ള ഗവേഷണസംഭാവനകൾക്ക് ഗതിശക്തി വിശ്വവിദ്യാലയത്തിലെ ഡോ. വെങ്കടേശ്വരലു ചിന്താലയ്ക്ക് സാങ്കേതികവിദ്യാ വികസനത്തിനുള്ള വിസിറ്റേഴ്‌സ് പുരസ്കാരം സമ്മാനിച്ചു.
നാളെ, ഇനിപ്പറയുന്ന വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും: അക്കാദമിക് കോഴ്‌സുകളിലെ സൗകര്യ പ്രദമായ ഒന്നിലധികം എൻട്രി -എക്സിറ്റ്അവസരങ്ങളുള്ള ക്രെഡിറ്റ് പങ്കിടലും ക്രെഡിറ്റ് കൈമാറ്റവും; അന്താരാഷ്ട്രവൽക്കരണ ശ്രമങ്ങളും സഹകരണവും; ഗവേഷണത്തെയോ നൂതനാശയത്തെയോ ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രയോഗാത്മക ഗവേഷണവും നൂതനാശയവും ; ഫലപ്രദമായ വിദ്യാർത്ഥി തെരഞ്ഞെടുപ്പ് പ്രക്രിയകളും എൻഇപിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥി തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കലും; ഫലപ്രദമായ മൂല്യനിർണയവും വിലയിരുത്തലുകളും. ഈ ചർച്ചകളുടെ പരിണിതഫലം സമ്മേളനത്തിന്റെ സമാപന സെഷനിൽ രാഷ്ട്രപതിക്കു മുന്നിൽ അവതരിപ്പിക്കും.
SKY
(Release ID: 2107976)
Visitor Counter : 7