നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

നിയമ പാലനത്തിലെ ഡിജിറ്റൽ പരിവർത്തനം: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും നീതി നിർവ്വഹണത്തിലും നിർമ്മിതബുദ്ധിയുടെ (AI) സംയോജനം.

"പൊലീസ്, ഫോറൻസിക്, ജയിലുകൾ, കോടതികൾ എന്നിവയെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിലൂടെ പ്രവർത്തനവേഗം വർദ്ധിക്കും. പൂർണ്ണമായും ഭാവി സജ്ജമായ ഒരു നീതിന്യായ വ്യവസ്ഥയിലേക്കാണ് നാം മുന്നേറുന്നത്."

- പ്രധാനമന്ത്രി, ശ്രീ നരേന്ദ്ര മോദി

Posted On: 25 FEB 2025 8:22PM by PIB Thiruvananthpuram

ആമുഖം

 

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലും നീതി നിർവ്വഹണ സംവിധാനത്തിലും കാര്യക്ഷമത, പ്രാപ്യത, തീർപ്പാക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ വിപ്ലവകരമായ പരിവർത്തനം സാധ്യമാക്കാൻ നിർമ്മിതബുദ്ധിയ്ക്കാവും (AI). നീതിന്യായ പ്രക്രിയ, കേസ് മാനേജ്മെന്റ്, നിയമ ഗവേഷണം, നിയമ നിർവ്വഹണം എന്നീ മേഖലകളിൽ നിർമ്മിതബുദ്ധി (AI) പ്രയോജനപ്പെടുത്തുന്നതോടെ, പ്രവർത്തനവേഗം വർദ്ധിപ്പിക്കാനും, കാലതാമസം കുറയ്ക്കാനും, സുഗമമായും സാർവത്രികമായും നീതി ലഭ്യമാക്കാനും ഇന്ത്യയ്ക്കാവും.

 

കേസുകൾ കെട്ടിക്കിടക്കുന്നത്, ഭാഷാ പരിമിതി, ഡിജിറ്റൽ ആധുനികവൽക്കരണത്തിലെ മെല്ലെപ്പോക്ക് തുടങ്ങി ഒട്ടേറെ ദീർഘകാല വെല്ലുവിളികൾ നീതിന്യായ വ്യവസ്ഥ നേരിടുന്നു. മെഷീൻ ലേണിംഗ് (ML), നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP), ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR), പ്രെഡിക്റ്റീവ് അനലിറ്റിക്സ് എന്നിവയുൾപ്പെടെയുള്ള AI-അധിഷ്ഠിത സാങ്കേതികവിദ്യകൾ ഭരണ നിർവ്വഹണം അനൈശ്ചികമാക്കനും, കേസുകളുടെ നിരീക്ഷണം മെച്ചപ്പെടുത്താനും, കുറ്റകൃത്യങ്ങൾ തടയാനും ഇപ്പോൾ ഉപയോഗപ്പെടുത്തുന്നു.

 

ഇ-കോർട്ട്സ് പ്രോജക്റ്റ് ഫേസ് III, AI-അസിസ്റ്റഡ് ലീഗൽ ട്രാൻസ്ലേഷൻ, പ്രെഡിക്റ്റീവ് പോലീസിംഗ്, AI-ഡ്രിവെൻ ലീഗൽ ചാറ്റ്ബോട്ടുകൾ തുടങ്ങിയ സംരംഭങ്ങൾ നിയമ ഭൂമികയെ പുനർനിർമ്മിക്കുന്നു. നീതി നിർവ്വഹണ പ്രക്രിയകളെ കൂടുതൽ വേഗമാർന്നതും പരിഷ്കൃതവും സുതാര്യവുമാക്കുന്നു. AI സ്വീകരണത്തിൽ, ഡാറ്റ സുരക്ഷ, ഭരണനിർവ്വഹണത്തിലെ നൈതികത, നിയമപരമായ ചേർച്ച തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള അതിന്റെ ശേഷി അതുല്യമാണ്.

 

ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിലും നിയമ നിർവ്വഹണത്തിലും AI യുടെ പരിവർത്തനാത്മക പങ്ക് ഈ ലേഖനം പരിശോധിക്കുന്നു. കൂടുതൽ കാര്യക്ഷമവും സുതാര്യവും പൗരകേന്ദ്രീകൃതവുമായ നീതിന്യായ വ്യവസ്ഥ ഉറപ്പാക്കുന്നതിൽ അതിന്റെ പ്രായോഗിക വശങ്ങൾ, സ്വാധീനം, ഭാവി സാധ്യതകൾ എന്നിവ വിശദീകരിക്കുന്നു.

 

AI ഇൻ ഇ-കോർട്ട്സ് പ്രൊജക്റ്റ് (ഘട്ടം III) - നീതിന്യായ വ്യവസ്ഥയിലെ ഡിജിറ്റൽ പരിവർത്തനത്തിൽ വലിയ കുതിച്ചുചാട്ടം

 

സുപ്രീം കോടതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഇ-കോർട്ട്സ് പ്രോജക്റ്റ്, ഡിജിറ്റൽ നവീകരണത്തിലൂടെ കോടതികളുടെ പ്രവർത്തനങ്ങൾ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തനാത്മക സംരംഭമാണ്. മൂന്നാം ഘട്ടത്തിൽ, ഇന്ത്യയിലെ കോടതികളിലുടനീളം കേസ് മാനേജ്മെന്റും ഭരണ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് വിപുലമായ നിർമ്മിത ബുദ്ധി (AI) പരിഹാരങ്ങൾ പദ്ധതി പ്രയോജനപ്പെടുത്തുന്നു. കൂടുതൽ സംവേദനാത്മകവും ഫലപ്രദവുമായ ഒരു നീതിന്യായ വ്യവസ്ഥ ഉറപ്പാക്കുന്നതിനായി മുമ്പ് നടപ്പാക്കിയ ഡിജിറ്റൽ പരിവർത്തന ഉദ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഘട്ടം.

 

ഇ-കോർട്ട്സിലെ പ്രധാന AI ആപ്ലിക്കേഷനുകൾ

ഓട്ടോമേറ്റഡ് കേസ് മാനേജ്മെന്റ്

സ്മാർട്ട് ഷെഡ്യൂളിംഗ്, കേസുകളുടെ മുൻഗണനാക്രമീകരണം, കേസുകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കാനുള്ള മുൻകരുതൽ എന്നിവയ്ക്കായി ഇപ്പോൾ AI-അധിഷ്ഠിത സാങ്കേതിക വിദ്യകൾ വിന്യസിച്ചിരിക്കുന്നു. ഉണ്ടാകാനിടയുള്ള കാലതാമസങ്ങളും മാറ്റിവയ്ക്കലുകളും മുൻകൂട്ടി മനസ്സിലാക്കാനുതകുന്ന പ്രവചനാത്മക വിശകലനമാണ് ഈ സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. കേസ് സമയബന്ധിതമായി പരിഹരിക്കുന്നതിന് നീതിന്യായവ്യവസ്ഥയിലെ വിഭവ വിനിയോഗം പരമാവധിയാക്കാനും സഹായിക്കുന്നു.

 

നിയമ ഗവേഷണത്തിലും കോടതി രേഖകളുടെ സമാഹരണത്തിലും AI

 

ജഡ്ജിമാരുടെയും അഭിഭാഷകരുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, നിയമ ഗവേഷണത്തിലും, പ്രസക്തമായ മുൻകാല വിധികൾ മനസ്സിലാക്കുന്നതിനും, വിധികൾ സംഗ്രഹിക്കുന്നതിനും നൂതന AI-അധിഷ്ഠിത ഉപകരണങ്ങൾ സഹായിക്കുന്നു. ഈ സാങ്കേതികവിദ്യ ഗവേഷണ പ്രക്രിയയെ വേഗത്തിലാക്കുക മാത്രമല്ല, നിയമ മേഖലയിലെ ഡോക്യുമെന്റേഷന്റെ ഗുണനിലവാരവും സ്ഥിരതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

AI-അസിസ്റ്റഡ് ഫയലിംഗും കോടതി നടപടിക്രമങ്ങളും

 

ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR), നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) എന്നിവയുടെ സംയോജനം കോടതി രേഖകളുടെ ഡിജിറ്റൈസേഷനിൽ വിപ്ലവം സൃഷ്ടിക്കുന്നു. ഈ സാങ്കേതികവിദ്യകൾ കോടതി രേഖകളുടെ ഫയലിംഗ് അനൈശ്ചികമാക്കുന്നു. പ്രോസസ്സിംഗ് വേഗത്തിലാക്കുകയും ഡോക്യുമെന്റേഷൻ പ്രക്രിയയിലെ മാനുഷിക പിഴവുകൾ കുറയ്ക്കുകയും ചെയ്യുന്നു.

 

ഉപയോക്തൃ സഹായത്തിനും ചാറ്റ്ബോട്ടുകൾക്കും AI

 

കേസിന്റെ തൽസ്ഥിതി വിവരങ്ങൾ, നടപടിക്രമ മാർഗ്ഗനിർദ്ദേശം, നിയമവുമായി ബന്ധപ്പെട്ട അത്യാവശ്യ സമകാലികവിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ വ്യവഹാരികൾക്ക് നൽകുന്നതിന് AI-അധിഷ്ഠിത വെർച്വൽ ലീഗൽ അസിസ്റ്റന്റുമാരും ചാറ്റ്ബോട്ടുകളും ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഡിജിറ്റൽ പിന്തുണ, നിയമ നടപടിക്രമങ്ങളെക്കുറിച്ച് പരിചയമില്ലാത്ത വ്യക്തികൾക്കുൾപ്പെടെ, നീതിന്യായ വ്യവസ്ഥയെ കൂടുതൽ പ്രവേശനക്ഷമവും ഉപയോക്തൃ സൗഹൃദവുമായി അനുഭവപ്പെടാൻ വഴിയൊരുക്കുന്നു.

 

കേസിന്റെ പരിണത ഫലങ്ങളിൽ പ്രവചന വിശകലനത്തിനായി AI

 

കേസിന്റെ സാധ്യതയുള്ള പരിണത ഫലങ്ങളെയും അപകടസാധ്യത കളെയും കുറിച്ചുള്ള പ്രവചനാത്മക വീക്ഷണം ലഭ്യമാക്കാൻ ചരിത്രപരമായ വിധിന്യായങ്ങളും കേസ് വിവരങ്ങളും AI മോഡലുകൾ വിശകലനം ചെയ്യുന്നു. കൂടുതൽ കാര്യജ്ഞാനത്തോടെയുള്ള തീരുമാനങ്ങൾ രൂപപ്പെടുത്തുന്നതിനും ഫലപ്രദമായ കേസ് നടപടിക്രമങ്ങൾ വികസിപ്പിക്കുന്നതിനും ഇത് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ സഹായിക്കുന്നു. ഭാവാത്മകമായ ജുഡീഷ്യൽ ചട്ടക്കൂടിന് ഇത് സംഭാവന നൽകുന്നു.

 

ബജറ്റും നിർവ്വഹണവും

 

ജുഡീഷ്യൽ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ശക്തമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഇ-കോർട്ട്‌സ് ഫേസ് III പദ്ധതിക്കായി ഭാരത സർക്കാർ ആകെ ₹7210 കോടി അനുവദിച്ചിട്ടുണ്ട്. ഈ ബജറ്റിൽ, ഇന്ത്യയിലെ ഹൈക്കോടതികളിലുടനീളം AI, Blockchain സാങ്കേതികവിദ്യകളുടെ സംയോജനത്തിനായി ₹53.57 കോടി പ്രത്യേകം നീക്കിവച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയിൽ കൂടുതൽ കാര്യക്ഷമത, സുതാര്യത, പ്രവേശനക്ഷമത എന്നിവ കൈവരിക്കുന്നതിന് നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഈ സാമ്പത്തിക പ്രതിബദ്ധത അടിവരയിടുന്നു.

 

നിയമ വിവർത്തനത്തിനും ഭാഷാ പരിമിതികൾ മറികടക്കുന്നതിനും AI

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ പ്രധാനമായും ഇംഗ്ലീഷിലാണ് പ്രവർത്തിക്കുന്നത്. ഇത് ഇംഗ്ലീഷ് സംസാരിക്കാത്ത വ്യവഹാരികൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. നിയമപരമായ രേഖകളും വിധിന്യായങ്ങളും ലഭ്യമാക്കുന്നതിനായി AI- അധിഷ്ഠിത നിയമ വിവർത്തന ഉപകരണങ്ങൾ വിന്യസിച്ചിരിക്കുന്നു.

 

AI- സഹായത്തോടെയുള്ള നിയമ വിവർത്തനത്തിലെ പ്രധാന ഉദ്യമങ്ങൾ

 

നിയമ നിർവ്വഹണത്തിലും കുറ്റകൃത്യ നിവാരണത്തിലും AI

കുറ്റകൃത്യങ്ങളുടെ കണ്ടെത്തൽ, നിരീക്ഷണം, കുറ്റകൃത്യങ്ങളിന്മേലുള്ള അന്വേഷണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി പോലീസിന്റെ പ്രവർത്തനങ്ങളിലും നിയമ നിർവ്വഹണത്തിലും AI സംയോജിപ്പിക്കുന്നു.

 

നിയമ നിർവ്വഹണത്തിലെ പ്രധാന AI ഉപയോഗങ്ങൾ

 

പ്രെഡിക്റ്റീവ് പോലീസിംഗ്

 

കുറ്റകൃത്യങ്ങളുടെ രീതികൾ, അപകടസാധ്യതയുള്ള മേഖലകൾ, ക്രിമിനൽ പെരുമാറ്റം എന്നിവ വിശകലനം ചെയ്യുന്ന AI മോഡലുകൾ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിയമ നിർവ്വഹണ ഏജൻസികളെ പ്രാപ്തമാക്കുന്നു.

 

നിരീക്ഷണത്തിനും അന്വേഷണത്തിനും AI

കുറ്റകൃത്യ സ്ഥല നിരീക്ഷണത്തിനും സംശയാസ്പദമായ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും ഓട്ടോമേറ്റഡ് ഡ്രോണുകൾ.

 

ദേശീയ ക്രിമിനൽ ഡാറ്റാബേസുകളുമായി സംയോജിപ്പിച്ച് മുഖം തിരിച്ചറിയൽ സംവിധാനങ്ങൾ.

തെളിവുകളും ഡിജിറ്റൽ കുറ്റകൃത്യങ്ങളും പരിശോധിക്കുന്നതിന് AI- അധിഷ്ഠിത ഫോറൻസിക് വിശകലനം.

എഫ്‌ഐആർ ഫയലിംഗിലും ജുഡീഷ്യൽ നടപടിക്രമങ്ങളിലും AI

 

തത്സമയ എഫ്‌ഐആർ ഫയലിംഗിലും കേസുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിലും AI- നിയന്ത്രിത സ്പീച്ച്-ടു-ടെക്സ്റ്റ് ഉപകരണങ്ങൾ സഹായിക്കുന്നു.

 

സാക്ഷി മൊഴികളുടെ വിശകലനവും കോടതിമുറിയിലെ തെളിവുകളുടെ വിലയിരുത്തലും AI മുഖാന്തിരം മെച്ചപ്പെടുത്തുന്നു.

 

ഡാറ്റാധിഷ്ഠിത ക്രൈം ട്രാക്കിംഗ് ആൻഡ് ഇന്റലിജൻസ് സിസ്റ്റംസ്

ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റംസ്(CCTNS) AI മെച്ചപ്പെടുത്തുന്നു.

ഇ-ജയിലുകളുമായും ഇ-ഫോറൻസിക്‌സ് ഡാറ്റാബേസുകളുമായും സംയോജനം.

AI, 5G: നിയമ നിർവ്വഹണത്തിനായുള്ള വിമർശ് 2023 ഹാക്കത്തോൺ

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും (DoT) ആഭ്യന്തര മന്ത്രാലയത്തിലെ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റും (BPR&D) സംഘടിപ്പിച്ച വിമർശ് 2023 5G ഹാക്കത്തോൺ, കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള AI-അധിഷ്ഠിത കണ്ടുപിടുത്തങ്ങളുടെ വേദിയായി.

 

വിമർശ് 2023-ൽ പ്രദർശിപ്പിച്ച നൂതനാശയങ്ങൾ

 

ശബ്ദ തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ച് AI-അധിഷ്ഠിത എഫ്‌ഐആർ .

ഡ്രോൺ അധിഷ്ഠിത കുറ്റകൃത്യ നിരീക്ഷണവും സംശയാസ്പദ സാഹചര്യങ്ങളുടെ നിരീക്ഷണവും .

കുറ്റകൃത്യ സ്ഥലത്തെ അന്വേഷണങ്ങൾക്കുള്ള ഓഗ്മെന്റഡ് റിയാലിറ്റി (AR) ആപ്ലിക്കേഷനുകൾ.

ദേശസുരക്ഷയ്ക്കും പോലീസിംഗിനും AI-അധിഷ്ഠിത പ്രവചന വിശകലനം.

 

ഉപസംഹാരം

 

കേസ് മാനേജ്‌മെന്റ്, നിയമ ഗവേഷണം, കുറ്റകൃത്യം തടയൽ, ഭാഷാ പരിമിതി മറികടക്കൽ എന്നീ മേഖലകൾ മെച്ചപ്പെടുത്തുന്നതിലൂടെ നിർമ്മിത ബുദ്ധി ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെയും നീതി നിർവ്വഹണ സംവിധാനത്തെയും പരിവർത്തനം ചെയ്യുന്നു. പ്രവചന വിശകലനം, ഓട്ടോമേറ്റഡ് ഡോക്യുമെന്റേഷൻ, ചാറ്റ്ബോട്ടുകൾ, സ്മാർട്ട് പോലീസിംഗ് സംവിധാനങ്ങൾ തുടങ്ങിയ AI-അധിഷ്ഠിത ഉപകരണങ്ങൾ നിയമവ്യവസ്ഥയിലെ കാര്യക്ഷമതയും ഭരണനിർവ്വഹണവും മെച്ചപ്പെടുത്തുന്നു. നീതിന്യായ വ്യവസ്ഥയിൽ മാനുഷിക ഇടപെടലോടുകൂടിയ വിധിന്യായങ്ങൾക്ക് പകരമാവുക എന്നതിലുപരിയുള്ള ഉത്തരവാദിത്തപൂർണ്ണമായ AI സ്വീകരണത്തിന് ശക്തമായ ഡാറ്റ സുരക്ഷ, നിയമ പരിഷ്‌ക്കാരങ്ങൾ,സുതാര്യത എന്നിവ അത്യാവശ്യമാണ്. AI-അധിഷ്ഠിത നിയമ ഗവേഷണം, ബ്ലോക്ക്ചെയിൻ-അധിഷ്ഠിത കേസ് രേഖകൾ, AI വിശകലനത്തിലൂടെയുള്ള ജുഡീഷ്യൽ സുതാര്യത, നിയമ നിർവ്വഹണത്തിലെ മെച്ചപ്പെട്ട സൈബർ സുരക്ഷ തുടങ്ങിയ മേഖലകൾ നിയമത്തിലും നീതിനിർവ്വഹണത്തിലും AI-യുടെ ഭാവി രൂപപ്പെടുത്തും.

 

സുസ്ഥിരമായ സർക്കാർ നിക്ഷേപവും നിയന്ത്രണവും മേൽനോട്ടവും പ്രയോജനപ്പെടുത്തി, എല്ലാ പൗരന്മാർക്കും കൂടുതൽ സുഗമമായും വേഗത്തിലും സമീപിക്കാവുന്ന ഒരു സംവിധാനമാക്കി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിവർത്തനപ്പെടുത്താൻ മാത്രമല്ല, മേഖലയെ സുതാര്യമാക്കിത്തീർക്കാനുമുള്ള ശേഷി നിർമ്മിതബുദ്ധിയ്ക്കുണ്ട്..

 

****


(Release ID: 2106437) Visitor Counter : 10


Read this release in: English , Urdu , Hindi , Gujarati