ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ടാപെന്റഡോളിന്റെയും കാരിസോപ്രോഡോളിന്റെയും അംഗീകൃതമല്ലാത്ത മരുന്ന് സംയോജനത്തിന്റെ കയറ്റുമതി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ചു
Posted On:
23 FEB 2025 8:23PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 24 ഫെബ്രുവരി 2025
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് നിർമ്മാണ കമ്പനിയായ മെസ്സേഴ്സ് എവിയോ ഫാർമസ്യൂട്ടിക്കൽസ്, ടാപെന്റഡോൾ, കരിസോപ്രോഡോൾ എന്നിവ അടങ്ങിയ അംഗീകൃതമല്ലാത്ത സംയോജിത മരുന്നുകൾ പശ്ചിമാഫ്രിക്കയിലെ ചില രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടുന്ന ചില വാർത്താ റിപ്പോർട്ടുകളെ തുടർന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ചു.
ഫാർമസ്യൂട്ടിക്കൽ മേഖലയിലുടനീളം നിയന്ത്രണ നടപടികൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO), സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സംവിധാനങ്ങളുമായി സഹകരിച്ച്, മരുന്ന് നിർമ്മാണ, പരിശോധനാ സ്ഥാപനങ്ങളിൽ 2022 ഡിസംബറിൽ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനകൾ ആരംഭിച്ചു. നിലവിൽ, 905 യൂണിറ്റുകൾ പരിശോധിക്കുകയും അതിനെ തുടർന്ന് 694 നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഈ നടപടികളിൽ നിർമ്മാണം നിർത്തിവയ്ക്കൽ ഓർഡർ (SPO), പരിശോധന നിർത്തിവയ്ക്കൽ ഓർഡർ (STO), ലൈസൻസ് സസ്പെൻഷനുകൾ/റദ്ദാക്കലുകൾ, മുന്നറിയിപ്പ് കത്തുകൾ നൽകൽ , ചട്ട ലംഘനത്തിന്റെ തീവ്രതയെ ആശ്രയിച്ച് കാരണം കാണിക്കൽ നോട്ടീസുകൾ നൽകൽ എന്നിവ ഉൾപ്പെടുന്നു. ഈ നടപടി ഉൽപ്പാദന രീതികളുടെ അടിസ്ഥാന യാഥാർത്ഥ്യത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും ആവശ്യമായ തിരുത്തൽ നടപടികൾക്ക് കാരണമാവുകയും ചെയ്തു.ഇത് നിയന്ത്രണ ചട്ടക്കൂടിൽ ശ്രദ്ധേയമായ പുരോഗതിക്ക് കാരണമായി.
2025 ജനുവരി അവസാനത്തോടെ, CDSCO സംസ്ഥാന റെഗുലേറ്റർമാരുമായി സഹകരിച്ചു എൻ ഡി പി എസ് മരുന്നുകൾ നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ ഓഡിറ്റുകൾ നടത്തി. ഓഡിറ്റിൽ നിന്നുള്ള നിരീക്ഷണങ്ങൾ വിശകലനം ചെയ്തതിനെ അടിസ്ഥാനമാക്കി, ഇന്ത്യയിൽ നിന്നുള്ള എൻഡിപിഎസ് മരുന്നുകളുടെ കയറ്റുമതിയിൽ നിയന്ത്രണ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന് സുപ്രധാന തീരുമാനങ്ങൾ എടുത്തു.
നിലവിലുള്ള പ്രത്യേക പ്രശ്നത്തെക്കുറിച്ച്:
ടാപെന്റഡോളും കാരിസോപ്രോഡോളും വെവ്വേറെ ആയി ഇന്ത്യയിൽ CDSCO അംഗീകരിച്ചിട്ടുണ്ട്. ടാപെന്റഡോൾ 50, 75, 100 mg ഗുളിക രൂപത്തിലും 100, 150, 200 mg എക്സ്റ്റെൻഡഡ്-റിലീസ് ഗുളിക രൂപത്തിലും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ടാപെന്റഡോളിന്റെയും കാരിസോപ്രോഡോളിന്റെയും സംയോജനം ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ല. ഈ മരുന്നുകളൊന്നും ഇന്ത്യയിലെ NDPS (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിച്ച നടപടികൾ:
1. ഓഡിറ്റ്, പരിശോധന : സിഡിഎസ്‌സിഒയിൽ നിന്നും സംസ്ഥാന റെഗുലേറ്ററി അതോറിറ്റിയിൽ നിന്നുമുള്ള ഒരു സംയുക്ത സംഘം 2025 ഫെബ്രുവരി 21 നും 22 നും ഇടയിൽ മെസ്സേഴ്സ് എവിയൊ ഫാർമസ്യൂട്ടിക്കൽസിൽ സമഗ്രമായ ഒരു ഓഡിറ്റ് നടത്തി. ഓഡിറ്റിൽ നിന്നുള്ള കണ്ടെത്തലുകൾ പ്രകാരം കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുന്നതിന് ഉത്തരവ് നൽകി
2. സാമഗ്രികൾ പിടിച്ചെടുക്കൽ: ഓഡിറ്റിനെത്തുടർന്ന്, അന്വേഷണ സംഘം എല്ലാ അസംസ്കൃത വസ്തുക്കളും, സംസ്കരണം ചെയ്ത വസ്തുക്കളും, പൂർത്തിയായ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. അപകടകരമായേക്കാവുന്ന ഈ മരുന്നുകളുടെ തുടർന്നുള്ള വിതരണം തടയുന്നതിനായി ടാപെന്റഡോളിന്റെയും കാരിസോപ്രോഡോളിന്റെയും ഏകദേശം 1.3 കോടി ഗുളികകൾ /കാപ്‌സ്യൂളുകളും 26 ബാച്ച് എപിഐകളും (ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ) പിടിച്ചെടുത്തു
3. ഉൽപ്പാദനം നിർത്തുന്നതിന് ഉത്തരവ്: 2025 ഫെബ്രുവരി 22 ന് മഹാരാഷ്ട്ര എഫ്‌ഡിഎ, മെസ്സേഴ്സ് എവിയൊ ഫാർമസ്യൂട്ടിക്കൽസിന് ഉൽപ്പാദനം നിർത്തുന്നതിന് ഉത്തരവ് നൽകി. ഇത് ബന്ധപ്പെട്ട മരുന്ന് സംയോജന നിർമ്മാണം ഫലപ്രദമായി നിർത്തിവച്ചു.
4. കയറ്റുമതി എൻഒസികൾ പിൻവലിക്കൽ: ടാപെന്റഡോളിന്റെയും കാരിസോപ്രോഡോളിന്റെയും ഏതെങ്കിലും സംയോജന ഉൽപ്പന്നത്തിന് അനുവദിച്ച കയറ്റുമതി എൻഒസികളും നിർമ്മാണ ലൈസൻസുകളും ഉടനടി പിൻവലിക്കാൻ എല്ലാ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അതോറിറ്റികൾക്കും മേഖലാ ഓഫീസുകൾക്കും അറിയിപ്പ് നൽകി . പരാമർശിച്ച ഉൽപ്പന്നങ്ങളുടെ എല്ലാ ചരക്കുകളും സിഡിഎസ്‌സിഒ പോർട്ട് ഓഫീസുകളിലേക്ക് അയക്കുന്നതിന് നിർദിഷ്ട തുറമുഖങ്ങളിലെ എല്ലാ കസ്റ്റംസ് ഓഫീസുകൾക്കും അറിയിപ്പ് കൈമാറി.
5. കയറ്റുമതി ചരക്ക് പിടിച്ചെടുക്കൽ:കൂടുതൽ അന്വേഷണം നടത്തുന്നതിനായി, ഘാനയിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്ന ടാപെന്റഡോൾ 125 മില്ലിഗ്രാം + കാരിസോപ്രോഡോൾ 100 മില്ലിഗ്രാം എന്നിവയുടെ കയറ്റുമതി മുംബൈ എയർ കാർഗോയിൽ പിടിച്ചെടുത്തു.
6. കയറ്റുമതി എൻഒസി ചെക്ക്‌ലിസ്റ്റ് പരിഷ്കരിക്കുന്നു : ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ മരുന്നുകൾക്കും ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ നാഷണൽ റെഗുലേറ്ററി ഏജൻസിയിൽ (എൻആർഎ) നിന്നുള്ള ഉൽപ്പന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇന്ത്യൻ റെഗുലേറ്ററി അതോറിറ്റിയിൽ (സിഡിഎസ്‌സിഒ) നിന്നുള്ള അംഗീകാരം ഉണ്ടെന്ന് ഉറപ്പാക്കാൻ, സിഡിഎസ്‌സിഒ കയറ്റുമതി എൻഒസി ചെക്ക്‌ലിസ്റ്റ് പരിഷ്കരിക്കുന്നു
ചെക്ക്‌ലിസ്റ്റിന്റെ പരിഷ്കരണം ഈ പ്രശ്നത്തിന്റെ മൂലകാരണം പരിഹരിച്ചുകൊണ്ട് പ്രശ്‌നം സ്ഥിരമായി അവസാനിപ്പിക്കുന്നതിന് സഹായിക്കും . ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനായി, നിയമാനുസൃത മരുന്നുകളുടെ സുഗമമായ കയറ്റുമതി കേന്ദ്ര സർക്കാർ ഉറപ്പാക്കുന്നു. അതേ സമയം,ചട്ട ലംഘനങ്ങളെ വേഗത്തിലും ശക്തമായ നടപടികളിലൂടെയും നിയന്ത്രിക്കുമെന്ന് സർക്കാരിന്റെ സമീപകാല തീരുമാനങ്ങളിലൂടെയും നടപടികളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.
സിഡിഎസ്‌സിഒയ്‌ക്കൊപ്പം ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യയിലും വിദേശത്തുമുള്ള പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്. അംഗീകൃതമല്ലാത്തതും ഹാനികരവുമായ മരുന്നുകളുടെ നിയമവിരുദ്ധമോ അധാർമ്മികമോ ആയ കയറ്റുമതിയോടുള്ള സർക്കാരിന്റെ അസഹിഷ്ണുതാ നയത്തെ, ഈ പ്രശ്നപരിഹാരത്തിനായി സ്വീകരിച്ച നടപടികൾ പ്രതിഫലിപ്പിക്കുന്നു.
ഔഷധങ്ങളുടെ ഒരു മുൻനിര ആഗോള വിതരണ രാജ്യം എന്ന നിലയിൽ, മരുന്നിന്റെ സുരക്ഷയിലും നിയന്ത്രണങ്ങൾ പാലിക്കുന്നതിലും ഉയർന്ന നിലവാരം നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യൻ നിർമ്മിത മരുന്നുകളുടെ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം തടയുന്നതിന് സർക്കാർ ഔഷധ കയറ്റുമതി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്കും ആഗോള സമൂഹത്തിനും ഉറപ്പ് നൽകുന്നു.
(Release ID: 2105731)
Visitor Counter : 45