ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 152 നഗര തദ്ദേശ സ്ഥാപനങ്ങളിൽ "നാഷണൽ ജിയോസ്പേഷ്യൽ നോളജ്-ബേസ്ഡ് ലാൻഡ് സർവേ ഓഫ് അർബൻ ഹാബിറ്റേഷൻസ്" (NAKSHA) പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും.

നഗര ആവാസ കേന്ദ്രങ്ങളുടെ ദേശീയ ജിയോസ്പേഷ്യൽ നോളജ്-ബേസ്ഡ് ലാൻഡ് സർവേ മധ്യപ്രദേശിലെ റെയ്‌സനിൽ കേന്ദ്ര മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ നാളെ ഉദ്ഘാടനം ചെയ്യും.

Posted On: 17 FEB 2025 1:07PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 17  ഫെബ്രുവരി 2025 
 
26 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 152 നഗര തദ്ദേശ സ്ഥാപനങ്ങളിലെ നാഷണൽ ജിയോസ്പേഷ്യൽ നോളജ്-ബേസ്ഡ് ലാൻഡ് സർവേ ഓഫ് അർബൻ ഹാബിറ്റേഷൻസ് (NAKSHA) കേന്ദ്ര ഗ്രാമവികസന, കൃഷി, കർഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ നാളെ മധ്യപ്രദേശിലെ റെയ്‌സനിൽ ഉദ്ഘാടനം ചെയ്യും.  കേന്ദ്ര സർക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ഭൂവിഭവ വകുപ്പാണ്  പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര ഗ്രാമവികസന-വാർത്താവിനിമയ സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്, മധ്യപ്രദേശ് റവന്യൂ മന്ത്രി ശ്രീ കരൺ സിംഗ് വർമ്മ, പഞ്ചായത്തിരാജ്, ഗ്രാമവികസന മന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ എന്നിവരടക്കമുള്ള  കേന്ദ്ര സർക്കാരിലെയും മധ്യപ്രദേശ് സർക്കാരിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ഡ്രോൺ പറത്തൽ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SoP) കൈപ്പുസ്തകത്തിന്റെ പ്രകാശനം, NAKSHA പദ്ധതിയെക്കുറിച്ചുള്ള വീഡിയോയും വിജ്ഞാപനപത്രികയും, നീർത്തട വികസന ഘടക (WDC) യാത്രയുടെ ഉദ്‌ഘാടനം, WDC വീഡിയോയുടെ പ്രദർശനം, പരിവർത്തന ഗീതം എന്നിവ ചടങ്ങിന്റെ ഭാഗമാകും.

ഭൂമിയുടെ കൃത്യവും വിശ്വസനീയവുമായ ഉടമസ്ഥാവകാശത്തിന്റെ ആധാര രേഖകൾ ഉറപ്പാക്കുന്നതിനായി  നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ സൃഷ്ടിക്കുകയും പുതുക്കുകയും ചെയ്യുക എന്നതാണ് NAKSHA പദ്ധതിയുടെ ലക്ഷ്യം. ഈ സംരംഭം പൗരന്മാരെ ശാക്തീകരിക്കുകയും ജീവിത സൗകര്യവും  നഗര ആസൂത്രണവും മെച്ചപ്പെടുത്തുകയും ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കുകയും ചെയ്യും. പ്രോപ്പർട്ടി റെക്കോർഡ് അഡ്മിനിസ്ട്രേഷനായുള്ള ഐടി അധിഷ്ഠിത സംവിധാനം സുതാര്യത, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുകയും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യും.

മൂന്നാം കക്ഷി വെണ്ടർമാർ (വസ്തു ക്രയവിക്രയങ്ങളിൽ ഏർപ്പെടുന്നവർ) വഴി സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകൾക്ക് വ്യോമ സർവേകൾ നടത്തുന്നതിനും  ജ്യാമിതീയമായി തയ്യാറാക്കിയ  സചിത്ര രേഖകൾ (ഓർത്തോറെക്റ്റൈസ്) ലഭ്യമാക്കുന്നതിനും നടപ്പാക്കുന്ന NAKSHA പദ്ധതിയുടെ സാങ്കേതിക പങ്കാളി സർവേ ഓഫ് ഇന്ത്യയാണ് . മധ്യപ്രദേശ് സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (MPSEDC) ആണ് എൻഡ്-ടു-എൻഡ് വെബ്-ജിഐഎസ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സർവീസസ് ഇൻ‌കോർപ്പറേറ്റഡ് (NICSI) സംഭരണ സൗകര്യമൊരുക്കും. ജ്യാമിതീയമായി തയ്യാറാക്കിയ  സചിത്ര രേഖകൾ  ഉപയോഗിച്ച് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ ഫീൽഡ് സർവേകളും ഗ്രൗണ്ട് ട്രൂത്തിംഗും (ഒരു മേഖലയിൽ നടത്തിയ നിരീക്ഷണങ്ങൾ സ്ഥിരീകരിക്കുന്നതിനായി ഡാറ്റ ശേഖരിച്ച് പരിശോധിക്കുന്ന പ്രക്രിയ)  നടത്തുന്നത്, ആത്യന്തികമായി നഗര, അർദ്ധ നഗര ഭൂരേഖകളുടെ അന്തിമ പ്രസിദ്ധീകരണത്തിലേക്ക് നയിക്കും.

പരീക്ഷണാടിസ്ഥാനത്തിലുള്ള  NAKSHA  പദ്ധതിയ്ക്ക് ഏകദേശം ₹194 കോടി 
 ചെലവ്  വരുമെന്ന് പ്രതീക്ഷിക്കുന്നു. ചെലവ് പൂർണ്ണമായും കേന്ദ്ര സർക്കാർ വഹിക്കും.
 
*****************

(Release ID: 2104067) Visitor Counter : 30