വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ഗ്രാമീണ സ്ക്കൂൾ പ്രവേശനത്തിൽ കുതിച്ചുചാട്ടം വാർഷിക വിദ്യാഭ്യാസ നിലവാര റിപ്പോർട്ട് (ASER) 2024

Posted On: 04 FEB 2025 6:13PM by PIB Thiruvananthpuram

ആമുഖം


ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള 605 ജില്ലകളിലായി 17,997 ഗ്രാമങ്ങളിലെ 649,491 കുട്ടികളിൽ നടത്തിയ രാജ്യവ്യാപക ഗ്രാമീണ ഗാർഹിക സർവ്വേയാണ് വാർഷിക വിദ്യാഭ്യാസ നിലവാര റിപ്പോർട്ട്  (ASER) 2024 ന് ആധാരം. ഇത് കൂടാതെ, പ്രൈമറിവിഭാഗമുള്ള 15,728 സർക്കാർ സ്ക്കൂളുകൾ ASER സർവേയർമാർ സന്ദർശിച്ചു. 8,504 പ്രൈമറി സ്ക്കൂളുകളും 7,224 പ്രൈമറിവിഭാഗമുള്ള, അപ്പർ പ്രൈമറി/ ഹയർ ഗ്രേഡ് സ്ക്കൂളുകളുമാണ് സന്ദർശിച്ചത്.

പ്രീ-പ്രൈമറി വിഭാഗത്തിലെ പ്രധാന കണ്ടെത്തലുകൾ  (3 മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ)

1.  പ്രീ-പ്രൈമറി സ്ഥാപനങ്ങളിലെ പ്രവേശനം

3 മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ,  ഏതെങ്കിലും തരത്തിലുള്ള പ്രീ-പ്രൈമറി സ്ഥാപനങ്ങളിലെ  പ്രവേശനം (അംഗൻവാടി കേന്ദ്രങ്ങൾ, സർക്കാർ പ്രീ-പ്രൈമറി സ്ക്കൂളുകൾ, സ്വകാര്യ എൽകെജി/യുകെജി സ്ഥാപനങ്ങൾ) 2018 നും 2024 നും ഇടയിൽ ക്രമാനുഗതമായി മെച്ചപ്പെട്ടു.

3 വയസ്സുള്ള കുട്ടികളുടെ, പ്രീ-പ്രൈമറി സ്ഥാപനങ്ങളിലെ പ്രവേശനം 2018 ലെ 68.1% ൽ നിന്ന് 2024 ൽ 77.4% ആയി വർദ്ധിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഈ പ്രായത്തിലുള്ളവരുടെ പ്രവേശനം സാർവത്രികമായി വർദ്ധിച്ചു.

4 വയസ്സുള്ള കുട്ടികളിൽ, പ്രീ-പ്രൈമറി സ്ഥാപനങ്ങളിൽ ചേരുന്നവരുടെ എണ്ണം 2018-ൽ അഖിലേന്ത്യാതലത്തിൽ 76% ആയിരുന്നത് 2024-ൽ 83.3% ആയി വർദ്ധിച്ചു. 2024-ൽ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഒഡീഷ സംസ്ഥാനങ്ങളിൽ പ്രീ-പ്രൈമറി സ്ക്കൂളുകളിൽ ചേർന്ന ഈ പ്രായത്തിലുള്ളവരുടെ എണ്ണം 95% കവിഞ്ഞു.

5 വയസ്സുള്ള കുട്ടികളുടെ പ്രവേശനത്തിലും വലിയ വർദ്ധനവ് കാണിക്കുന്നു. 2018-ൽ 58.5% ആയിരുന്നത് 2024-ൽ 71.4% ആയി ഉയർന്നു. പ്രീ-പ്രൈമറി സ്ക്കൂളുകളിൽ ചേരുന്ന  ഈ പ്രായത്തിലുള്ളവരുടെ എണ്ണം 90% കവിഞ്ഞ സംസ്ഥാനങ്ങളിൽ കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു.

2.പ്രീ-പ്രൈമറി സ്ഥാപനത്തിന്റെ തരം

ഇന്ത്യയിൽ, പ്രീ-പ്രൈമറി പ്രായപരിധിയിലുള്ള കുട്ടികളുടെ ഏറ്റവും വലിയ സേവന ദാതാക്കളായി അംഗൻവാടി കേന്ദ്രങ്ങൾ തുടരുന്നു.

2024-ൽ 5 വയസ്സുള്ള കുട്ടികളിൽ ഏകദേശം മൂന്നിലൊന്നും സ്വകാര്യമേഖലയിലെ സ്ക്കൂളുകളിലോ പ്രീ-സ്ക്കൂളുകളിലോ പഠിക്കുന്നു. 2018-ൽ ഈ കണക്ക് 37.3% ആയിരുന്നു.  2022-ൽ 30.8% ആയി കുറഞ്ഞു. 2024-ൽ 37.5% ആയി പൂർവ്വ സ്ഥിതി പ്രാപിച്ചു.

3. ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുന്ന പ്രായം
 
നിശ്ചിത പ്രായം പൂർത്തിയാകാതെ (5 വയസ്സോ അതിൽ താഴെയോ) ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുന്ന കുട്ടികളുടെ അനുപാതം കാലക്രമേണ കുറയുന്നു. 2018-ൽ ഇത് 25.6% ആയിരുന്നു, 2022-ലാകട്ടെ 22.7% ആയിരുന്നു. 2024-ലെ കണക്ക് പ്രകാരം ദേശീയതലത്തിൽ നിശ്ചിത പ്രായം പൂർത്തിയാകാതെ ഒന്നാം ക്ലാസ്സിൽ പ്രവേശിച്ച  കുട്ടികളുടെ ശതമാനം 16.7 ആയിരുന്നു. ഇത് എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശരാശരി അനുപാതം കുറയുകയോ സ്ഥിരത കൈവരിക്കുകയോ  ചെയ്തിട്ടുണ്ട്.

പ്രാഥമിക വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട (6-14 വയസ്സ് പ്രായമുള്ളവർ) പ്രധാന കണ്ടെത്തലുകൾ

1. പ്രവേശനം

ഏകദേശം 20 വർഷമായി 6-14 വയസ്സ് പ്രായമുള്ളവരുടെ സ്ക്കൂൾ പ്രവേശന നിരക്ക്  95% കവിഞ്ഞിട്ടുണ്ട്. ഈ അനുപാതം ഏതാണ്ട് അതേപടി തുടരുന്നു. 2022-ൽ 98.4% ആയിരുന്നത് 2024-ൽ 98.1% ആയി. എല്ലാ സംസ്ഥാനങ്ങളിലും, ഈ പ്രായത്തിലുള്ളവരുടെ പ്രവേശനം 2024-ൽ 95%-ൽ കൂടുതലാണ്.

2018-ൽ, ഇന്ത്യയിലെ 6-14 വയസ്സ് പ്രായമുള്ള കുട്ടികളിൽ 65.5% പേർ സർക്കാർ സ്ക്കൂളുകളിൽ ചേർന്നു. 2024 ആയപ്പോഴേക്കും അഖിലേന്ത്യാതലത്തിൽ ഈ കണക്ക് 66.8% ആയി വർദ്ധിച്ചു.

2. വായന

മൂന്നാം ക്ലാസ്: രണ്ടാം ക്ലാസ് നിലവാരത്തിലുള്ള പാഠപുസ്തകം വായിക്കാൻ കഴിയുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ശതമാനം 2018 ൽ 20.9% ആയിരുന്നു. 2024 ൽ ഇത് 23.4% ആയി വർദ്ധിച്ചു. സ്വകാര്യ സ്ക്കൂളുകളെ അപേക്ഷിച്ച് സർക്കാർ സ്ക്കൂളുകളിൽ കൂടുതൽ പുരോഗതി ദൃശ്യമാണ്. 2022 ൽ മിക്ക സംസ്ഥാനങ്ങളിലെയും സർക്കാർ സ്ക്കൂളുകളിലെ മൂന്നാം ക്ലാസ് വായനാ നിലവാരത്തിൽ കുറവുണ്ടായെങ്കിലും, 2024 ൽ എല്ലാ സംസ്ഥാനങ്ങളിലും പുരോഗതിയുണ്ടായി. 2022 നും 2024 നും ഇടയിൽ സർക്കാർ സ്ക്കൂളുകളിൽ ഈ അനുപാതത്തിൽ 10 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കേരളം, ഉത്തർപ്രദേശ്, ഹരിയാന, ഒഡീഷ, മഹാരാഷ്ട്ര എന്നിവ ഉൾപ്പെടുന്നു.

അഞ്ചാം ക്ലാസ്: അഞ്ചാം ക്ലാസ് കുട്ടികളിൽ വായനാ നിലവാരം ഗണ്യമായി മെച്ചപ്പെട്ടു. സർക്കാർ സ്ക്കൂളുകളിൽ ചേരുന്നവരിൽ കൂടുതൽ പുരോഗതി ദൃശ്യമാണ്. സർക്കാർ സ്ക്കൂളുകളിലെ രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാൻ കഴിയുന്ന അഞ്ചാം ക്ലാസ് കുട്ടികളുടെ അനുപാതം 2018-ൽ 44.2% ആയിരുന്നത് 2022-ൽ 38.5% ആയി കുറഞ്ഞു. എന്നാൽ 2024-ൽ 44.8% ആയി വീണ്ടെടുത്തു. 2024-ൽ മിസോറാമിലും (64.9%) ഹിമാചൽ പ്രദേശിലും (64.8%) സർക്കാർ സ്ക്കൂളുകളിലെ രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാൻ കഴിയുന്ന അഞ്ചാം ക്ലാസ് കുട്ടികളുടെ അനുപാതം ഏറ്റവും കൂടുതലായിരുന്നു. സർക്കാർ സ്ക്കൂളുകളിൽ ഈ അനുപാതത്തിൽ 10 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് എന്നിവ ഉൾപ്പെടുന്നു.

എട്ടാം ക്ലാസ്: സർക്കാർ സ്ക്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ വായനാ നിലവാരം വർദ്ധിച്ചു. 2018-ൽ 69% ആയിരുന്നത് 2022-ൽ 66.2% ആയി കുറഞ്ഞു. പക്ഷേ പിന്നീട് 2024-ൽ 67.5% ആയി ഉയർന്നു. ഗുജറാത്ത്, ഉത്തർപ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാർ സ്ക്കൂളുകൾ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.

3. ഗണിതം

മൂന്നാം ക്ലാസ്: കണക്കിലെ വ്യവകലനം പരിഹരിക്കാൻ കഴിയുന്ന മൂന്നാം ക്ലാസിലെ കുട്ടികളുടെ അഖിലേന്ത്യാ നിരക്ക് 28.2% ആയിരുന്നു. 2024 ൽ ഇത് 33.7% ആയി വർദ്ധിച്ചു. സർക്കാർ സ്‌ക്കൂളുകളിലെ വിദ്യാർത്ഥികളിൽ, ഈ കണക്ക് 2018 ൽ 20.9% ൽ നിന്ന് 2024 ൽ 27.6% ആയി ഉയർന്നു. സ്വകാര്യ സ്‌ക്കൂൾ വിദ്യാർത്ഥികളിൽ, 2022 മുതൽ ഈ സംഖ്യയിൽ ചെറിയ പുരോഗതി ദൃശ്യമായി. 2022 മുതൽ മിക്ക സംസ്ഥാനങ്ങളിളെയും സർക്കാർ സ്ക്കൂളുകൾ നേട്ടം കൈവരിച്ചിട്ടുണ്ട്, തമിഴ്‌നാട്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 15 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി.

അഞ്ചാം ക്ലാസ്: അഖിലേന്ത്യാ തലത്തിൽ, കണക്കിലെ ഭിന്നക്രിയ പരിഹരിക്കാൻ കഴിയുന്ന അഞ്ചാം ക്ലാസിലെ കുട്ടികളുടെ അനുപാതവും മെച്ചപ്പെട്ടിട്ടുണ്ട്. 2018 ൽ ഇത്  27.9% ആയിരുന്നു. തുടർന്ന് 2024 ൽ 30.7% ആയി ഉയർന്നു. സർക്കാർ കണക്കിലെ ളുകളിലാണ് ഈ പരിവർത്തനം പ്രധാനമായും ദൃശ്യമാകുന്നത്. സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ പുരോഗതി (10 ശതമാനത്തിൽ കൂടുതൽ) കാണിക്കുന്ന സംസ്ഥാനങ്ങളിൽ പഞ്ചാബും ഉത്തരാഖണ്ഡും ഉൾപ്പെടുന്നു.

എട്ടാം ക്ലാസ്: അടിസ്ഥാന ഗണിതത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രകടനം മുൻ നിലവാരത്തിന് സമാനമാണ്. 2018 ൽ 44.1% ൽ നിന്ന് 2024 ൽ 45.8% ആയി.

മുതിർന്ന കുട്ടികളുടെ വിഭാഗത്തിലെ (15-16 വയസ്സ് പ്രായമുള്ളവർ) പ്രധാന കണ്ടെത്തലുകൾ

1. സ്ക്കൂൾ പ്രവേശനം

സ്കൂളിൽ ചേരാത്ത 15-16 വയസ്സ് പ്രായമുള്ള കുട്ടികളുടെ അനുപാതം അഖിലേന്ത്യാ തലത്തിൽ 2018-ലെ 13.1% ൽ നിന്ന് 2024-ൽ 7.9% ആയി കുത്തനെ കുറഞ്ഞു.

2. ഡിജിറ്റൽ സാക്ഷരത

14-16 പ്രായപരിധിയിലുള്ള കുട്ടികളിൽ സ്മാർട്ട്‌ഫോണുകളുടെ ലഭ്യത ഏതാണ്ട് സാർവത്രികമാണ്. പെൺകുട്ടികളിലും ആൺകുട്ടികളിലും ഏകദേശം 90% പേർക്കും വീട്ടിൽ സ്മാർട്ട്‌ഫോൺ ഉണ്ടെന്ന് സർവ്വേ വ്യക്തമാക്കുന്നു. 80%-ത്തിലധികം കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമെന്നും വ്യക്തമായിട്ടുണ്ട്.

സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ കഴിയുന്ന കുട്ടികളിൽ, 14 വയസ്സുകാരിൽ  27% പേർക്കും 16 വയസ്സുകാരിൽ  37.8% പേർക്കും സ്വന്തമായി ഫോൺ ഉണ്ട് .

14-16 പ്രായപരിധിയിലുള്ള കുട്ടികളിൽ 82.2% പേർ സ്മാർട്ട്‌ഫോൺ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമെന്ന് പറഞ്ഞു. ഇതിൽ 57% പേർ കഴിഞ്ഞ ആഴ്ചയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഇത് ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്‌തപ്പോൾ 76% പേർ ഇതേ കാലയളവിൽ സാമൂഹിക മാധ്യമങ്ങൾ    ഉപയോഗിച്ചതായി വെളിപ്പെടുത്തി. പെൺകുട്ടികളിലും ആൺകുട്ടികളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് ഒരുപോലെയാണെങ്കിലും. പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ സാമൂഹിക മാധ്യമങ്ങൾ  ഉപയോഗിക്കുന്നത് കുറവാണ് (73.4% പെൺകുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ 78.8% ആൺകുട്ടികൾ). ഈ കാര്യത്തിൽ കേരളം വേറിട്ടുനിൽക്കുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി 80% കുട്ടികളും സാമൂഹിക മാധ്യമങ്ങൾക്കായി 90% കുട്ടികളും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നു.

സാമൂഹിക മാധ്യമങ്ങൾ  ഉപയോഗിക്കുന്ന കുട്ടികളിൽ, ഓൺലൈനിലെ സ്വയം പരിരക്ഷയ്ക്കുള്ള അടിസ്ഥാന മാർഗങ്ങളെക്കുറിച്ചുള്ള അറിവ് താരതമ്യേന ഉയർന്നതായിരുന്നു. 62% പേർക്ക് ഒരു പ്രൊഫൈൽ എങ്ങനെ ബ്ലോക്ക് ചെയ്യാമെന്നോ റിപ്പോർട്ട് ചെയ്യാമെന്നോ അറിയാമായിരുന്നു. 55.2% പേർക്ക് ഒരു പ്രൊഫൈൽ എങ്ങനെ സ്വകാര്യമാക്കാമെന്നും 57.7% പേർക്ക് പാസ്‌വേഡ് എങ്ങനെ മാറ്റാമെന്നും അറിയാമായിരുന്നു.

 

image.png


സ്ക്കൂൾ നിരീക്ഷണങ്ങളിലെ പ്രധാന കണ്ടെത്തലുകൾ

1. അടിസ്ഥാന സാക്ഷരത, സംഖ്യാത്മക (FLN) പ്രവർത്തനങ്ങൾ

കഴിഞ്ഞ അധ്യയന വർഷത്തിലും ഈ അധ്യയന വർഷത്തിലും  I-II/III ക്ലാസ്സുകളിൽ ഉള്ളവർക്കായി
അടിസ്ഥാന സാക്ഷരതാ, സംഖ്യാത്മക (FLN) പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ 80%-ത്തിലധികം സ്ക്കൂളുകൾക്കും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. സമാനമായ അനുപാതത്തിൽ, FLN-ൽ നേരിട്ട് പരിശീലനം നേടിയ ഒരു അധ്യാപകനെങ്കിലും ഉണ്ടായിരുന്നു.

75%-ത്തിലധികം സ്ക്കൂളുകൾക്കും FLN പ്രവർത്തനങ്ങൾക്കായി ടീച്ചിംഗ് ലേണിംഗ് മെറ്റീരിയൽ (TLM)   നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള ഫണ്ട് ലഭിച്ചു.

 ഒന്നാം ക്ലാസിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികളെ പ്രവേശനത്തിന് സജ്ജമാക്കുന്ന തരത്തിലുള്ള പ്രവേശന പൂർവ്വ പരിപാടി കഴിഞ്ഞ അധ്യയന വർഷവും ഈ വർഷവും നടത്തിയതായി 75%-ത്തിലധികം സ്ക്കൂളുകളും റിപ്പോർട്ട് ചെയ്തു.

സ്ക്കൂളിലെ എല്ലാ ക്ലാസ്സുകളിലേക്കും പാഠപുസ്തകങ്ങൾ വിതരണം ചെയ്തതായി 95%-ത്തിലധികം സ്ക്കൂളുകൾ  റിപ്പോർട്ട് ചെയ്തു. ഇത് 2022 നെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവാണിത്.

2. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഹാജർനില

2018 മുതൽ സർക്കാർ പ്രൈമറി സ്ക്കൂളുകളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഹാജർനില കുറവാണെങ്കിലും നിരന്തരമുള്ള  പുരോഗതി ദൃശ്യമാണ്. വിദ്യാർത്ഥികളുടെ ശരാശരി ഹാജർനില 2018 ൽ 72.4% ൽ നിന്ന് 2024 ൽ 75.9% ആയി വർദ്ധിച്ചു.

അധ്യാപകരുടെ ശരാശരി ഹാജർനില 2018 ലെ 85.1% ൽ നിന്ന് 2024 ൽ 87.5% ആയി വർദ്ധിച്ചു. ഉത്തർപ്രദേശിലെ അധ്യാപക-വിദ്യാർത്ഥി ഹാജരിലെ പരിവർത്തനമാണ് ഇതിൽ ശ്രദ്ധേയം.  

3. ചെറിയ സ്ക്കൂളുകളും സംയുക്ത ക്ലാസ് മുറികളും

60-ൽ താഴെ വിദ്യാർത്ഥികളുള്ള സർക്കാർ പ്രൈമറി സ്ക്കൂളുകളുടെ അനുപാതം കുത്തനെ വർദ്ധിച്ചു. 2022 ലെ 44% ൽ നിന്ന് 2024 ൽ 52.1% ആയാണ് ഉയർന്നത്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, കർണാടക സ്ഥാനങ്ങളിലെ 80% ത്തിലധികം പ്രൈമറി സ്കൂളുകളും ചെറിയ സ്ക്കൂളുകളാണ്:  ചെറിയ അപ്പർ പ്രൈമറി സ്ക്കൂളുകളുടെ ഏറ്റവും ഉയർന്ന അനുപാതം ഹിമാചൽ പ്രദേശിലാണ്, 75%.

പ്രൈമറി സ്ക്കൂളുകളിലെ ഒന്ന്, രണ്ട് ക്ലാസ്സുകളുടെ മൂന്നിൽ രണ്ട് ഭാഗവും സംയുക്ത ക്ലാസ് മുറികളായിരുന്നു. ഒന്നിലധികം ക്ലാസുകളിലെ വിദ്യാർത്ഥികൾ ഒരുമിച്ച് ഇരിക്കുന്നതായിരുന്നു സംവിധാനം.

4. സ്ക്കൂളിലെ സൗകര്യങ്ങൾ

ദേശീയതലത്തിൽ, ASER-ൽ ഉൾപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ അവകാശവുമായി ബന്ധപ്പെട്ട എല്ലാ സൂചകങ്ങളിലും 2018 നും 2024 നും ഇടയിൽ പുരോഗതി ദൃശ്യമാണ്. ഉദാഹരണത്തിന്, പെൺകുട്ടികളുടെ ഉപയോഗയോഗ്യമായ ശൗചാലയങ്ങൾ ഉള്ള സ്‌കൂളുകളുടെ അനുപാതം 2018 ലെ 66.4% ൽ നിന്ന് 2024 ൽ 72% ആയി വർദ്ധിച്ചു.

കുടിവെള്ള ലഭ്യതയുള്ള സ്ക്കൂളുകളുടെ അനുപാതം 74.8% ൽ നിന്ന് 77.7% ആയി വർദ്ധിച്ചു. പഠ്യേതര പുസ്തകങ്ങൾ വായിക്കുന്ന വിദ്യാർത്ഥികളുള്ള സ്ക്കൂളുകളുടെ അനുപാതം ഇതേ കാലയളവിൽ 36.9% ൽ നിന്ന് 51.3% ആയി വർദ്ധിച്ചു.

കായികമേഖലയുമായി ബന്ധപ്പെട്ട സൂചകങ്ങൾ 2018 ൽ നിരീക്ഷിച്ച നിലവാരത്തിൽ തുടരുന്നു. ഉദാഹരണത്തിന്, 2024 ൽ 66.2% സ്കൂളുകളിൽ കളിസ്ഥലമുണ്ടായിരുന്നു. 2018 ൽ ഇത് 66.5% ആയി.

അവലംബം


(Release ID: 2103946) Visitor Counter : 14


Read this release in: English , Urdu , Hindi , Bengali