പ്രധാനമന്ത്രിയുടെ ഓഫീസ്
2025ലെ ഇന്ത്യ ഊർജ വാരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
Posted On:
11 FEB 2025 12:00PM by PIB Thiruvananthpuram
2025ലെ ഇന്ത്യ എനർജി വീക്ക് വേദിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ തൻ്റെ പരാമർശങ്ങൾ നടത്തി. യശോഭൂമിയിലെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, പങ്കെടുക്കുന്നവർ ഊർജ വാരത്തിൻ്റെ ഭാഗം മാത്രമല്ല, ഇന്ത്യയുടെ ഊർജ്ജ അഭിലാഷങ്ങളുടെ അവിഭാജ്യഘടകങ്ങളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികൾ ഉൾപ്പെടെ പങ്കെടുത്ത എല്ലാവരെയും അദ്ദേഹം ഊഷ്മളമായി സ്വാഗതം ചെയ്തു, ഈ പരിപാടിയിൽ അവരുടെ നിർണായക പങ്ക് എടുത്തുപറഞ്ഞു.
21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ലോകമെമ്പാടുമുള്ള വിദഗ്‌ധർ വാദിക്കുന്നുണ്ടെന്ന് എടുത്തു പറഞ്ഞ ശ്രീ മോദി, " ഇന്ത്യ അതിന്റെ വളർച്ചയെ മാത്രമല്ല, ലോകത്തിന്റെ വളർച്ചയേയും നയിക്കുന്നു, ഊർജ്ജ മേഖല ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു" എന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഊർജ്ജ അഭിലാഷങ്ങൾ അഞ്ച് സ്തംഭങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നത്: വിഭവങ്ങളുടെ വിനിയോഗം, നവീകരണം പ്രോത്സാഹിപ്പിക്കൽ, സാമ്പത്തിക ശക്തിയും രാഷ്ട്രീയ സ്ഥിരതയും, ഊർജ വ്യാപാരത്തെ ആകർഷകവും എളുപ്പവുമാക്കുന്ന തന്ത്രപരമായ ഭൂമിശാസ്ത്രം, ആഗോള സുസ്ഥിരതയോടുള്ള പ്രതിബദ്ധത. ഈ ഘടകങ്ങൾ ഇന്ത്യയുടെ ഊർജ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു വികസിത ഭാരതത്തിന് അടുത്ത രണ്ട് പതിറ്റാണ്ടുകൾ നിർണായകമാണെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിരവധി സുപ്രധാന നാഴികക്കല്ലുകൾ കൈവരിക്കാനാകുമെന്ന് എടുത്തുപറഞ്ഞു. 500 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി കൂട്ടിച്ചേർക്കൽ, ഇന്ത്യൻ റെയിൽവേയ്‌ക്ക് നെറ്റ് സീറോ കാർബൺ പുറംതള്ളൽ കൈവരിക്കുക, പ്രതിവർഷം അഞ്ച് ദശലക്ഷം മെട്രിക് ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കൽ എന്നിവ ഉൾപ്പെടെ, ഇന്ത്യയുടെ പല ഊർജ ലക്ഷ്യങ്ങളും 2030-ലെ സമയപരിധിയുമായി ചേർന്ന്പോകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യങ്ങൾ അതിമോഹമാണെന്ന് തോന്നാമെങ്കിലും കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ ഈ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന ആത്മവിശ്വാസം വളർത്തിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
"കഴിഞ്ഞ ദശകത്തിൽ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ വളർന്നു", ശ്രീ മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ സൗരോർജ്ജ ഉൽപ്പാദന ശേഷി മുപ്പത്തിരണ്ട് മടങ്ങ് വർധിച്ചിട്ടുണ്ടെന്നും ലോകത്തെ മൂന്നാമത്തെ വലിയ സൗരോർജ്ജ ഉൽപ്പാദന രാഷ്ട്രമായി ഇന്ത്യ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഫോസിൽ ഇതര ഇന്ധന ഊർജ്ജ ശേഷി മൂന്നിരട്ടിയായെന്നും പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്ന ആദ്യ ജി20 രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ പത്തൊൻപത് ശതമാനം നിരക്കിലുള്ള എത്തനോൾ ബ്ലെൻഡിങ്ങിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇത് വിദേശനാണ്യം ലാഭിക്കുന്നതിനും കർഷകരുടെ ഗണ്യമായ വരുമാനത്തിനും CO2 ഉദ്‌വമനത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നതിനും ഇടയാക്കി. 2025 ഒക്‌ടോബറോടെ ഇരുപത് ശതമാനം എത്തനോൾ ബ്ലെൻഡിംഗ് നിർബന്ധമാക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യം അദ്ദേഹം എടുത്തുപറഞ്ഞു. 500 ദശലക്ഷം മെട്രിക് ടൺ സുസ്ഥിര ഫീഡ്‌സ്റ്റോക്കുമായി ഇന്ത്യയുടെ ജൈവ ഇന്ധന വ്യവസായം അതിവേഗ വളർച്ചയ്ക്ക് സജ്ജമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജി 20 അധ്യക്ഷതാ കാലയളവിൽ ആഗോള ജൈവ ഇന്ധന സഖ്യം സ്ഥാപിക്കപ്പെടുകയും തുടർച്ചയായി വികസിപ്പിക്കുകയും ചെയ്തു. ഇപ്പോൾ 28 രാജ്യങ്ങളും 12 അന്താരാഷ്ട്ര സംഘടനകളും ഇതിൽ ഉൾപ്പെടുന്നു. ഈ സഖ്യം മാലിന്യത്തെ സമ്പത്താക്കി മാറ്റുകയും മികവിൻ്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഹൈഡ്രോകാർബൺ വിഭവങ്ങളുടെ സാധ്യതകൾ പൂർണ്ണമായി പര്യവേക്ഷണം ചെയ്യുന്നതിനായി ഇന്ത്യ തുടർച്ചയായി പരിഷ്‌ക്കരണങ്ങൾ നടത്തുകയാണെന്ന് ച ശ്രീ മോദി പറഞ്ഞു. പ്രധാന കണ്ടുപിടിത്തങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപക വിപുലീകരണവും, പ്രകൃതി വാതക മേഖലയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നുവെന്നും ഇന്ത്യയുടെ ഊർജ്ജ മിശ്രിതത്തിൽ പ്രകൃതി വാതകത്തിൻ്റെ പങ്ക് വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഏറ്റവും വലിയ നാലാമത്തെ റിഫൈനിംഗ് ഹബ്ബാണ് ഇന്ത്യയെന്നും അതിൻ്റെ ശേഷി 20 ശതമാനം വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സെഡിമെന്ററി ബേസിനുകളിൽ നിരവധി ഹൈഡ്രോകാർബൺ ഉറവിടങ്ങൾ ഉണ്ടെന്നും അവയിൽ ചിലത് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവ പര്യവേക്ഷണത്തിനായി കാത്തിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ അപ്‌സ്ട്രീം മേഖലയെ കൂടുതൽ ആകർഷകമാക്കാൻ, ഗവൺമെന്റ് ഓപ്പൺ ഏക്കറേജ് ലൈസൻസിംഗ് പോളിസി (OALP) അവതരിപ്പിച്ചതായി എടുത്തുപറഞ്ഞു. എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ തുറക്കുന്നതും ഏകജാലക ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തുന്നതും ഉൾപ്പെടെ ഈ മേഖലയ്ക്ക് ഗവൺമെന്റ് സമഗ്രമായ പിന്തുണ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓയിൽഫീൽഡ് റെഗുലേഷൻ & ഡെവലപ്‌മെൻ്റ് ആക്ടിൽ വരുത്തിയ മാറ്റങ്ങൾ ഇപ്പോൾ ഗുണഭോക്താക്കൾക്ക് നയപരമായ സ്ഥിരത, വിപുലീകൃത പാട്ടങ്ങൾ, മെച്ചപ്പെട്ട സാമ്പത്തിക വ്യവസ്ഥകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ പരിഷ്കാരങ്ങൾ സമുദ്രമേഖലയിലെ എണ്ണ, വാതക വിഭവ പര്യവേക്ഷണം സുഗമമാക്കുകയും, ഉൽപാദനം വർദ്ധിപ്പിക്കുകയും തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ നിലനിർത്താൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പൈപ്പ് ലൈൻ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതും നിരവധി കണ്ടുപിടിത്തങ്ങളും കാരണം പ്രകൃതിവാതകത്തിൻ്റെ വിതരണം വർധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഇത് സമീപഭാവിയിൽ പ്രകൃതിവാതകത്തിൻ്റെ ഉപയോഗം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലകളിൽ നിരവധി നിക്ഷേപ സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"മെയ്ക്ക് ഇൻ ഇന്ത്യയിലും പ്രാദേശിക വിതരണ ശൃംഖലയിലുമാണ് ഇന്ത്യയുടെ പ്രധാന ശ്രദ്ധയെന്ന്", ശ്രീ മോദി ചൂണ്ടിക്കാട്ടി. പിവി മൊഡ്യൂളുകൾ ഉൾപ്പെടെ വിവിധ തരം ഹാർഡ്‌വെയർ ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള സുപ്രധാന സാധ്യതകൾ അദ്ദേഹം എടുത്തുകാട്ടി. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സോളാർ പിവി മൊഡ്യൂൾ നിർമ്മാണ ശേഷി 2 ജിഗാവാട്ടിൽ നിന്ന് ഏകദേശം 70 ജിഗാവാട്ടായി വികസിപ്പിച്ചുകൊണ്ട് ഇന്ത്യ പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി ഈ മേഖലയെ കൂടുതൽ ആകർഷകമാക്കുകയും ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പിവി മൊഡ്യൂളുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബാറ്ററി, സംഭരണ ശേഷി മേഖലയിലെ നവീകരണത്തിനും ഉൽപ്പാദനത്തിനുമുള്ള സുപ്രധാന അവസരങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യ അതിവേഗം ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മുന്നേറുകയാണെന്നും, ഇത്രയും വലിയ രാജ്യത്തിൻ്റെ ഈ മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ദ്രുതഗതിയിലുള്ള നടപടിയുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ഹരിത ഊർജത്തെ പിന്തുണയ്ക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ നടപ്പുവർഷത്തെ ബജറ്റിലുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇവി, മൊബൈൽ ഫോൺ ബാറ്ററികൾ എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നിരവധി ഇനങ്ങളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് ഗവൺമെന്റ് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇതിൽ കോബാൾട്ട് പൗഡർ, ലിഥിയം-അയൺ ബാറ്ററി മാലിന്യങ്ങൾ, ലെഡ്, സിങ്ക്, മറ്റ് നിർണായക ധാതുക്കൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിൽ ശക്തമായ ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷൻ നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലിഥിയം ഇതര ബാറ്ററി ഇക്കോസിസ്റ്റത്തിൻ്റെ പ്രോത്സാഹനവും അദ്ദേഹം എടുത്തുപറഞ്ഞു. നടപ്പുവർഷത്തെ ബജറ്റിൽ ആണവോർജ മേഖല തുറന്നു നൽകിയതായും ഊർജ മേഖലയിലെ ഓരോ നിക്ഷേപവും യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഗ്രീൻ ജോബ്സിനു വേണ്ട സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
“ഇന്ത്യയുടെ ഊർജ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഗവൺമെന്റ് പൊതുജനങ്ങളെ ശാക്തീകരിക്കുകയാണ്”, പ്രധാനമന്ത്രി പറഞ്ഞു. സാധാരണ കുടുംബങ്ങളെയും കർഷകരെയും ഊർജ ദാതാക്കളാക്കി മാറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി സൂര്യഗഡ് സൗജന്യ വൈദ്യുതി പദ്ധതി കഴിഞ്ഞ വർഷമാണ് ആരംഭിച്ചതെന്നും അതിൻ്റെ സാധ്യതകൾ ഊർജ ഉൽപ്പാദനത്തിൽ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗരോർജ്ജ മേഖലയിൽ പുതിയ നൈപുണ്യങ്ങൾ സൃഷ്ടിക്കുന്നതിനും ഒരു പുതിയ സേവന ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വളർച്ചയെ ഊർജസ്വലമാക്കുകയും പ്രകൃതിയെ സമ്പുഷ്ഠിപ്പെടുത്തുകയും ചെയ്യുന്ന ഊർജ പരിഹാര മാർഗ്ഗങ്ങൾ നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ആവർത്തിച്ചു. ഈ ഊർജ്ജ വാരം ഈ ദിശയിൽ മൂർത്തമായ ഫലങ്ങൾ നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയിൽ ഉയർന്നുവരുന്ന എല്ലാ സാധ്യതകളും പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും പങ്കെടുത്ത എല്ലാവർക്കും ശുഭാശംസകൾ നേരുകയും ചെയ്തു.
***
AT
(Release ID: 2102244)
Visitor Counter : 42
Read this release in:
Odia
,
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada