ശാസ്ത്ര സാങ്കേതിക മന്ത്രാലയം
പുരോഗതിയുടെ ഒരു ദശാബ്ദം ആഘോഷിക്കുന്നു
ശാസ്ത്രലോകത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും ആഗോള ദിനം
Posted On:
10 FEB 2025 5:42PM by PIB Thiruvananthpuram
ശാസ്ത്ര ലോകത്തെ രൂപപ്പെടുത്തുന്നതിലും, വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾ നടത്തുന്നതിലും, വിവിധ മേഖലകളിൽ നൂതനാശയങ്ങൾക്ക് നേതൃത്വം നൽകുന്നതിലും വനിതകൾ നിർണായക പങ്ക് വഹിച്ചു പോരുന്നു. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന ശ്രമങ്ങളിലൂടെ, വനിതകൾ ഇപ്പോൾ ശാസ്ത്രലോകത്തെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച് വാർപ്പു മാതൃകകളെ വെല്ലുവിളിക്കുന്നു. ആഗോള ശാസ്ത്ര ഭൂമികയെ അവർ പുനർനിർവ്വചിക്കുന്നു. ഫെബ്രുവരി 11 ശാസ്ത്രലോകത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും ആഗോള ദിനമായി 2015 ൽ ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിക്കുകയുണ്ടായി. STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം ) മേഖലകളിലെ ലിംഗസമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ആഗോള ഓർമ്മപ്പെടുത്തലായി ഈ ദിനം വർത്തിക്കുന്നു. ഈ വർഷം നാം ശാസ്ത്രലോകത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും പത്താമത് ആഗോള ദിനം ആഘോഷിക്കുകയാണ്.
ഇന്ത്യൻ ശാസ്ത്ര ലോകത്തെ വനിതാ മുന്നേറ്റത്തിന്റെ നാൾവഴികൾ
ഇന്ത്യയിൽ ലിംഗപരമായ അസമത്വം കുറയുന്നു
STEM മേഖലകളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ ശ്രദ്ധേയമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) അടുത്തിടെ WISE-KIRAN (Women in Science and Engineering-KIRAN) പദ്ധതി നടപ്പിലാക്കി. ശാസ്ത്ര കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ വനിതകളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സമഗ്ര സംരംഭമാണ് ഇത്. പദ്ധതി പ്രകാരം, സർക്കാർ ഇനിപ്പറയുന്ന സംരംഭങ്ങൾ ആരംഭിച്ചു:
WISE-PhD: അടിസ്ഥാന, പ്രായോഗിക ശാസ്ത്രമേഖലകളിലെ 5 വിഷയങ്ങളിൽ പിഎച്ച്.ഡി. നേടാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പിന്തുണ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
WISE പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പ് (WISE-PDF): പദ്ധതി പ്രകാരമുള്ള സ്വതന്ത്ര ഗ്രാന്റുകൾ മുഖേന അടിസ്ഥാന, പ്രായോഗിക ശാസ്ത്രങ്ങളിൽ പിഎച്ച്.ഡി.ക്ക് ശേഷമുള്ള ഗവേഷണം തുടരാൻ വനിതകൾക്ക് അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ശാസ്ത്രീയ ഉന്നതിയുടെയും നൂതനാശയങ്ങളുടെയും വികസനത്തിനും പുരോഗതിയിലും വനിതകൾക്കുള്ള സഹജാവബോധം (WIDUSHI): സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചവരോ വിരമിക്കാറായവരോ ആയ വനിതാ ശാസ്ത്രജ്ഞരും, സ്ഥിരം തസ്തികയിലല്ലാതെ ജോലി നോക്കുന്ന മികവ് തെളിയിച്ച ഗവേഷകരും, ഗവേഷണ മേഖലയിൽ നിരന്തര മികവ് പുലർത്തുന്ന വനിതാ ശാസ്ത്രജ്ഞർക്കും WIDUSHI പദ്ധതി പിന്തുണ നൽകുന്നു.
WISE-SCOPE: ശാസ്ത്ര സാങ്കേതിക ഇടപെടലുകളിലൂടെ സാമൂഹിക വെല്ലുവിളികളെ നേരിടാൻ വനിതാ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.
ബൗദ്ധിക സ്വത്തവകാശ മേഖലയിലെ WISE ഇന്റേൺഷിപ്പ് (WISE-IPR) - ബൗദ്ധിക സ്വത്തവകാശ മേഖലയിലെ തൊഴിൽപരമായ നിർണ്ണായക വൈദഗ്ദ്ധ്യം വികസിപ്പിക്കുന്നതിനായി വനിതകൾക്ക് ബൗദ്ധിക സ്വത്തവകാശ മേഖലയിലെ ഒരു വർഷത്തെ പരിശീലനം WISE-IPR പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.
വിമൻ ഇന്റർനാഷണൽ ഗ്രാന്റ് സപ്പോർട്ട് (WINGS): അന്താരാഷ്ട്ര ഗവേഷണ ലാബുകളിലും അക്കാദമിക സ്ഥാപനങ്ങളിലും ഗവേഷണം നടത്താൻ ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞർക്ക് അവസരം നൽകുന്ന പദ്ധതിയാണിത്.
നൂതനാശയങ്ങളും മികവും ലക്ഷ്യമിട്ട് സർവ്വകലാശാലാ ഗവേഷണങ്ങളുടെ ഏകീകരണം (CURIE): ശാസ്ത്ര സാങ്കേതിക (S&T) മേഖലകളിലെ മികവിനും, ഗവേഷണ സൗകര്യങ്ങളും ഗവേഷണ വികസന പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനും, അത്യാധുനിക ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുമാവശ്യമായ പിന്തുണ CURIE പദ്ധതിയിലൂടെ വനിതാ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നു.
വിജ്ഞാൻ ജ്യോതി: വനിതാ പങ്കാളിത്തം കുറവുള്ള മേഖലകളിൽ, ലിംഗാനുപാതം സന്തുലിതമാക്കുന്നതിന്, STEM മേഖലകളിലെ (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകൾ) ഉന്നത വിദ്യാഭ്യാസവും കരിയറും പിന്തുടരാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് വിജ്ഞാൻ ജ്യോതി പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ 34 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ 250 ജില്ലകളിൽ വിജ്ഞാൻ ജ്യോതി (സ്കൂൾ ഘടകം) നടപ്പിലാക്കി.
ജെൻഡർ അഡ്വാൻസ്മെന്റ് ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്സ്ടിട്യൂഷൻസ് (GATI): സ്ഥാപനതലത്തിൽ ഗണ്യമായ പരിവർത്തനം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, STEMM മേഖലകളിലെ (ശാസ്ത്ര സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം, വൈദ്യം) ലിംഗസമത്വത്തിനായുള്ള തദ്ദേശീയ അവകാശപത്രം വികസിപ്പിക്കുക എന്നതാണ് GATI ലക്ഷ്യമിടുന്നത്.
ലിംഗപരമായ വിടവ് നികത്തുക, STEM മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ശാക്തീകരിക്കുക, ഇന്ത്യയിൽ ഒരു സംയോജിത ശാസ്ത്ര ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നിവയാണ് ഈ ശ്രമങ്ങളുടെ കൂട്ടായ ലക്ഷ്യം.
ചില്ലു മേടകൾ തകർക്കുന്നു
ചരിത്രത്തിലുടനീളം, ശാസ്ത്രമേഖലയിലെ അഗ്രഗാമികളായ വനിതകൾ സാമൂഹിക ചട്ടക്കൂടുകളെ ലംഘിക്കുകയും, മാമൂലുകളെ വെല്ലുവിളിക്കുകയും, മാനുഷിക വിജ്ഞാനത്തിന് വിപ്ലവകരമായ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. സാമൂഹിക മാനദണ്ഡങ്ങളുടെ പരിധികൾക്കപ്പുറത്തേക്ക് സ്വപ്നം കാണാൻ ധൈര്യപ്പെടുകയും, മറ്റുള്ളവർക്ക് പ്രചോദനാത്മകമായ പാരമ്പര്യം സൃഷ്ടിക്കുകയും ചെയ്ത വനിതകളെ നമുക്ക് സ്മരിക്കാം!
ഉപസംഹാരം: ശാസ്ത്രമേഖലയിൽ തുല്യ അവസരങ്ങളുടെ ഭാവികാലം
ശാസ്ത്രലോകത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും ആഗോള ദിനത്തിന്റെ പത്താം വാർഷികം ആഘോഷിക്കുമ്പോൾ, വനിതകൾ STEM മേഖലകളിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നതും, തടസ്സങ്ങളെ മറികടന്ന് ശാസ്ത്ര ഭൂമികയെ പുനർനിർമ്മിച്ചിട്ടുണ്ടെന്നതും സുവ്യക്തമാണ്. നയങ്ങൾ, പരിപാടികൾ, സ്ഥാപനപരമായ പിന്തുണ എന്നിവയിലൂടെയുള്ള ഇന്ത്യയുടെ സമർപ്പിത ശ്രമങ്ങൾ ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൂതനത്വം എന്നീ മേഖലകളിൽ വനിതാ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
(Release ID: 2101650)
Visitor Counter : 10