ധനകാര്യ മന്ത്രാലയം
2024-25 നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ (ഏപ്രിൽ-ഡിസംബർ) പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) ശക്തമായ പ്രകടനം കാഴ്ചവച്ചു
Posted On:
06 FEB 2025 7:40PM by PIB Thiruvananthpuram
2024-25 നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ പൊതുമേഖലാ ബാങ്കുകൾ, പ്രധാന സാമ്പത്തിക മാനദണ്ഡങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. 31.12.2024 വരെയുള്ള പ്രധാന നേട്ടങ്ങൾ ചുവടെ കൊടുക്കുന്നു:
- സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ മുൻവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായ വളർച്ച 31.3% രേഖപ്പെടുത്തി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മൊത്ത അറ്റാദായമായ 1,29,426 കോടി രൂപയും മൊത്തം പ്രവർത്തന ലാഭമായ 2,20,243 കോടി രൂപയും കൈവരിച്ചു.
- 0.59% എന്ന ഗണ്യമായ താഴ്ന്ന മൊത്ത നിഷ്ക്രിയ ആസ്തി അനുപാതത്തിൽ(NPA ratio) നിന്ന് മെച്ചപ്പെട്ട ആസ്തി ഗുണനിലവാരം ദൃശ്യമാണ് (മൊത്തം അറ്റ നിഷ്ക്രിയ ആസ്തി കുടിശ്ശിക 61,252 കോടി രൂപ).
- മൊത്തം ബിസിനസ് വളർച്ച 11.0% (മുൻവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ)വും മൊത്ത നിക്ഷേപ വളർച്ച 9.8% (മുൻവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ) വും ആയി മെച്ചപ്പെട്ട നിലയിലായി. പൊതുമേഖലാ ബാങ്കുകളുടെ ആകെ ബിസിനസ് 242.27 ലക്ഷം കോടി രൂപയിലെത്തി.
- വായ്പാ വളർച്ച 12.4% എന്ന ശക്തമായ നിലയിൽ എത്തി. ഇതിൽ 16.6% റീട്ടെയിൽ വായ്പാ വളർച്ച, 12.9% കാർഷിക വായ്പാ വളർച്ച, 12.5% സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ വായ്പാ വളർച്ച എന്നിവ ഉൾപ്പെടുന്നു.
- മതിയായ മൂലധന ബഫറുകളുടെ വർദ്ധനയോടെ മൊത്തo മൂലധന-റിസ്ക് വെയ്ഡ് അസറ്റ് അനുപാതം 14.83% ആയി . ഇത് ഏറ്റവും കുറഞ്ഞ ആവശ്യകതയായ 11.5%-നേക്കാൾ വളരെ കൂടുതലാണ്.
പൊതുമേഖലാ ബാങ്കുകൾ മതിയാംവണ്ണം മൂലധനവൽക്കരിക്കപ്പെട്ടവയും സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളുടെയും വായ്പാ ആവശ്യങ്ങൾ നിറവേറ്റാൻ സജ്ജവുമാണ്. കൃഷി, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ , അടിസ്ഥാന സൗകര്യ മേഖല എന്നിവയിൽ ഇത് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
വായ്പാ അച്ചടക്കം, സമ്മർദ്ദത്തിലായ ആസ്തികളുടെ തിരിച്ചറിയലും പരിഹാരവും, ഉത്തരവാദിത്വത്തോടെ വായ്പ നൽകൽ , മെച്ചപ്പെട്ട ഭരണം, സാമ്പത്തിക ഉൾപ്പെടുത്തൽ സംരംഭങ്ങൾ, സാങ്കേതികവിദ്യയുടെ സ്വീകരണം തുടങ്ങിയവയ്‌ക്കുള്ള മെച്ചപ്പെട്ട സംവിധാനങ്ങളും നടപടികളും സൃഷ്ടിക്കുന്നതിന് നയ-പ്രവർത്തന പരിഷ്കാരങ്ങൾ കാരണമായി . ഈ നടപടികൾ പൊതുമേഖലാ ബാങ്കുകളുടെ സുസ്ഥിര സാമ്പത്തിക ആരോഗ്യത്തിനും ബാങ്കിംഗ് മേഖലയുടെ മൊത്തത്തിലുള്ള കരുത്തിനും കാരണമായി. ഇത് പൊതുമേഖല ബാങ്കുകളുടെ നിലവിലെ പ്രകടനത്തിൽ പ്രതിഫലിക്കുന്നു.
*****
(Release ID: 2100551)
Visitor Counter : 33