സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

ബജറ്റ് 2025-26: എംഎസ്എംഇ വികസനത്തിന് ഊർജം പകരുന്നു

ക്രെഡിറ്റ് ആക്‌സസ്, ഡിജിറ്റൈസേഷൻ, ബിസിനസ് സൗഹൃദ പരിഷ്കാരങ്ങൾ എന്നിവ മുന്‍നിരയില്‍

Posted On: 04 FEB 2025 5:27PM by PIB Thiruvananthpuram
ആമുഖം

കൃഷി, നിക്ഷേപം, കയറ്റുമതി എന്നിവയ്‌ക്കൊപ്പം ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന പ്രവര്‍ത്തന യന്ത്രങ്ങളിലൊന്നായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കിനെ അംഗീകരിക്കുന്ന 2025-26 ലെ കേന്ദ്ര ബജറ്റ് ഈ മേഖലയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നിരവധി നടപടികളാണ് അവതരിപ്പിക്കുന്നത്.  വ്യാപാരസംരംഭങ്ങള്‍ വികസിപ്പിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നതിന് എംഎസ്എംഇ വർഗീകരണത്തിനുള്ള നിക്ഷേപ, വിറ്റുവരവ് പരിധികൾ ഉയർത്തി. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, കയറ്റുമതി കേന്ദ്രീകൃത എംഎസ്എംഇകൾ എന്നിവയുടെ വായ്പാ ഈട് പരിരക്ഷ വർധിക്കുന്നതോടെ വായ്പാ ലഭ്യത മെച്ചപ്പെടും. പിന്നാക്ക പശ്ചാത്തലങ്ങളിലെ ആദ്യ സംരംഭകർക്ക് സാമ്പത്തിക സഹായം നൽകാന്‍  ഒരു പുതിയ പദ്ധതി ആവിഷ്ക്കരിക്കുകയും പാദരക്ഷ, തുകൽ, കളിപ്പാട്ട നിർമാണം തുടങ്ങിയ രംഗങ്ങളില്‍ ഉൽപ്പാദനക്ഷമത വർധിപ്പിക്കാന്‍ മേഖലാധിഷ്ഠിത സംരംഭങ്ങള്‍ സഹായിക്കുകയും ചെയ്യും.
 


 
ഇന്ത്യയുടെ വ്യാവസായിക രംഗത്ത് നിർണായക സംഭാവന നൽകുന്ന മേഖലയെന്ന നിലയിൽ ഉൽപാദനം, കയറ്റുമതി, തൊഴിൽ എന്നിവയിൽ എംഎസ്എംഇ നിർണായക പങ്കുവഹിക്കുന്നു. 25 കോടിയിലധികം പേര്‍ക്ക് തൊഴിൽ നൽകുന്ന 5.93 കോടി രജിസ്റ്റർ ചെയ്ത എംഎസ്എംഇകളാണ് രാജ്യത്തിന്റെ സാമ്പത്തിക ഉൽപാദനത്തിന്റെ സുപ്രധാന പങ്കും സൃഷ്ടിക്കുന്നത്. 2023-24 ൽ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 45.73% എംഎസ്എംഇയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളായിരുന്നുവെന്നത് രാജ്യത്തെ  ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതില്‍ ഈ മേഖലയുടെ  പങ്കിനെ ശക്തിപ്പെടുത്തുന്നു. സുശക്തമായ ഈ അടിത്തറിയലൂന്നി നൂതനാശയങ്ങള്‍ വളർത്തിയെടുക്കുന്നതിലൂടെയും മത്സരശേഷി വർധിപ്പിക്കുന്നതിലൂടെയും വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിലൂടെയും വികസനത്തിലേക്ക് നയിക്കുകയാണ് പുതിയ ബജറ്റ് വ്യവസ്ഥകളുടെ ലക്ഷ്യം. എംഎസ്എംഇകളുടെ വ്യാപ്തി വർധിപ്പിക്കാനും അതുവഴി  ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് മികച്ച സംഭാവന നല്‍കാനും ആവശ്യമായ സാഹചര്യമൊരുക്കി ഈ മേഖലയെ അതിന് സജ്ജമാക്കാനാണ്  സർക്കാർ ശ്രമിക്കുന്നത്.

2025-26 കേന്ദ്ര ബജറ്റിൽ എംഎസ്എംഇകൾക്കു വേണ്ടിയുള്ള പ്രധാന നടപടികൾ

വായ്പാ ലഭ്യത വർധിപ്പിക്കുകയും ആദ്യ സംരംഭകരെ പിന്തുണയ്ക്കുകയും തൊഴിൽ-തീവ്ര വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന നിരവധി നടപടികൾ 2025-26 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു.

പരിഷ്കരിച്ച വർഗീകരണ മാനദണ്ഡങ്ങൾ

എംഎസ്എംഇകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മികച്ച വിഭവങ്ങൾ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനുമായി വർഗീകരണത്തിനുള്ള നിക്ഷേപ പരിധി 2.5 മടങ്ങും വിറ്റുവരവ് പരിധി 2 മടങ്ങും വർധിപ്പിച്ചു. കാര്യക്ഷമത, സാങ്കേതികവിദ്യ സ്വീകരിക്കല്‍,  തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ഇതുവഴി മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.
 
 

 




മെച്ചപ്പെട്ട വായ്പാ ലഭ്യത


സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പാ ഈട് പരിരക്ഷ  5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയാക്കി വർധിപ്പിച്ചതുവഴി  അഞ്ച് വർഷത്തിനകം 1.5 ലക്ഷം കോടി രൂപയുടെ അധിക വായ്പ സാധ്യമാക്കി.

27 മുൻഗണനാ മേഖലകളിലെ വായ്പകൾക്ക് 1% കുറഞ്ഞ ഫീസിൽ സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഈട് പരിരക്ഷ 10 കോടി രൂപയിൽ നിന്ന്  20 കോടി രൂപയായി ഉയര്‍ത്തും.  

മെച്ചപ്പെട്ട ഈട് പരിരക്ഷയോടുകൂടി  20 കോടി രൂപ വരെയുള്ള കാലപരിധി അധിഷ്ഠിത വായ്പകള്‍ കയറ്റുമതി കേന്ദ്രീകൃത എംഎസ്എംഇകൾക്ക് പ്രയോജനപ്പെടും.

സൂക്ഷ്മ വ്യവസായങ്ങള്‍ക്ക്  ക്രെഡിറ്റ് കാർഡുകൾ

ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത സൂക്ഷ്മ വ്യവസായങ്ങള്‍ക്ക്  5 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പ്രത്യേകം തയ്യാറാക്കിയ പുതിയ ക്രെഡിറ്റ് കാർഡ് പദ്ധതി വഴി ആദ്യ വർഷം 10 ലക്ഷം കാർഡുകൾ വിതരണം ചെയ്യും.


സ്റ്റാർട്ടപ്പുകൾക്കും ആദ്യ സംരംഭകര്‍ക്കും പിന്തുണ


സ്റ്റാർട്ടപ്പുകള്‍ക്ക് പിന്തുണ വിപുലീകരിക്കുന്നതിനായി  10,000 കോടി രൂപയുടെ ധനസഹായത്തിന് പുതിയ ഫണ്ട് രൂപീകരിക്കും.

സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് 5 ലക്ഷം  ആദ്യ സംരംഭകരായ സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ സംരംഭകർ എന്നിവർക്കായി അഞ്ചുവർഷത്തിനകം  2 കോടി രൂപ വരെ കാലപരിധി അധിഷ്ഠിത വായ്പ  നൽകുന്ന പദ്ധതി.


തൊഴിൽ പ്രാധാന്യമുള്ള മേഖലകളിൽ ശ്രദ്ധ  


പാദരക്ഷ, തുകൽ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഉൽപന്ന രൂപരേഖ, അനുബന്ധ ഘടകങ്ങളുടെ നിർമാണം, തുകൽ-ഇതര പാദരക്ഷ നിർമാണം എന്നിവയെ പിന്തുണയ്ക്കുകയും  22 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അതുവഴി 4 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കളിപ്പാട്ട മേഖലയ്ക്കായുള്ള  പുതിയ പദ്ധതി ഈ മേഖലയുടെ വികസനവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയെ ആഗോള കളിപ്പാട്ട നിർമാണ കേന്ദ്രമാക്കി മാറ്റുകയും ചെയ്യും.

കിഴക്കൻ മേഖലയിലെ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ബീഹാറിൽ  ദേശീയ ഭക്ഷ്യ സാങ്കേതികവിദ്യ, സംരംഭക നിര്‍വഹണ പഠനകേന്ദ്രം സ്ഥാപിക്കും.


നിര്‍മാണ, ക്ലീൻ-ടെക് സംരംഭങ്ങൾ

മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ദേശീയ നിർമാണ ദൗത്യത്തിന് കീഴില്‍ ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങൾക്ക് നയ പിന്തുണയും മാർഗനിർദേശങ്ങളും നൽകും.

സോളാർ പിവി സെല്ലുകൾ, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ, കാറ്റാടിയന്ത്രങ്ങള്‍, ഉയർന്ന വൈദ്യുതശേഷി പ്രസരണ ഉപകരണങ്ങൾ എന്നിവയുടെ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ക്ലീൻ-ടെക് നിർമാണ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകും.

എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം

(കോടി രൂപയിൽ)

 

Financial Year

Budget Estimates

Revised Estimates

2019-20

7,011.29

7,011.29

2020-21

7,572.20

5,664.22

2021-22

15,699.65

15,699.65

2022-23

21,422.00

23,628.73

2023-24

22,137.95

22,138.01

2024-25

22,137.95

17,306.70

2025-26

23,168.15

-

 

ഇന്ത്യയിലെ എം‌എസ്‌എം‌ഇകളുടെ നിലവിലെ സാഹചര്യം

തൊഴിൽ, ഉൽപാദനം, കയറ്റുമതി എന്നിവയിൽ ഗണ്യമായ സംഭാവന നൽകുന്ന എം‌എസ്‌എം‌ഇ മേഖല ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ മൂലക്കല്ലായി തുടരുന്നു. രാജ്യത്തിന്റെ ആകെ മൂല്യവർധനയിൽ  എംഎസ്എംഇ മേഖലയുടെ പങ്ക് (ജിവി‌എ) 2020-21 ലെ  27.3 ശതമാനത്തില്‍നിന്ന് 2021-22 ൽ 29.6 ശതമാനമായും 2022-23 ൽ 30.1 ശതമാനമായും വർധിച്ചത് സമീപവർഷങ്ങളിലെ  ഈ മേഖലയുടെ ശ്രദ്ധേയമായ പ്രതിരോധശേഷിയും ദേശീയ സാമ്പത്തിക ഉൽ‌പാദനത്തില്‍ കൂടിവരുന്ന പങ്കും എടുത്തുകാണിക്കുന്നു.

 


 

എംഎസ്എംഇകളില്‍നിന്നുള്ള കയറ്റുമതി വരുമാനം 2020-21 ലെ 3.95 ലക്ഷം കോടി രൂപയിൽ നിന്ന് 2024-25 ൽ  12.39 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. കയറ്റുമതി ചെയ്യുന്ന എംഎസ്എംഇകളുടെ എണ്ണവും 2020-21 ലെ 52,849 ൽ നിന്ന് 2024-25 ൽ 1,73,350 ആയി ഉയര്‍ന്നു.


ഇന്ത്യയുടെ ആകെ കയറ്റുമതിയിൽ എംഎസ്എംഇകളുടെ സംഭാവനയിലും  ക്രമാനുഗത വളർച്ചയുണ്ടായി. 2022-23 ൽ 43.59 ശതമാനമായിരുന്നത്  2023-24 ൽ 45.73 ശതമാനമായും  2024-25 ൽ (2024 മെയ് വരെ) 45.79 ശതമാനമായും ഉയര്‍ന്നു.  ആഗോള വ്യാപാരത്തിൽ ഈ മേഖലയുടെ വർധിച്ചുവരുന്ന സംയോജനത്തെയും ഒരു നിർമാണ - കയറ്റുമതി കേന്ദ്രമായി ഇന്ത്യയുടെ നിലയുയര്‍ത്താനുള്ള അതിന്റെ സാധ്യതയെയും ഈ പ്രവണത അടിവരയിടുന്നു.


എം.എസ്.എം.ഇ.കൾക്കായുള്ള സർക്കാർ സംരംഭങ്ങൾ

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് അവയെ ശക്തിപ്പെടുത്തുന്നതിനായി ഭാരതസര്‍ക്കാര്‍ നിരവധി സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്.   സാമ്പത്തിക പിന്തുണയും സംഭരണ നയങ്ങളും മുതൽ ശേഷിവർധനയും  വിപണി സംയോജനവും വരെ ഈ ശ്രമങ്ങളിൽ ഉൾപ്പെടുന്നു. സംരംഭകത്വം വളർത്താനും തൊഴിലവസരങ്ങള്‍ വർധിപ്പിക്കാനും അനൗപചാരിക മേഖലകളെ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേക്ക് സംയോജിപ്പിക്കാനും ലക്ഷ്യമിടുന്ന ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ, പി.എം. വിശ്വകർമ പദ്ധതി, പി.എം.ഇ.ജി.പി, എസ്.എഫ്.യു.ആർ.ടി.ഐ, എം.എസ്.എം.ഇ.കൾക്ക് പൊതു സംഭരണ നയം എന്നിവയാണ് പ്രധാന സംരംഭങ്ങൾ. എം.എസ്.എം.ഇ.കളെ പിന്തുണയ്ക്കുന്നതിനും രാജ്യവ്യാപകമായി സമഗ്ര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

പിഎം വിശ്വകർമ

കരകൗശല കലാകാരന്മാരെയും വിദഗ്ധരെയും ആഭ്യന്തര, ആഗോള മൂല്യശൃംഖലകളുമായി സംയോജിപ്പിക്കാനും അവരുടെ  ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരവും വ്യാപനവും വർധിപ്പിക്കാനുമാണ്  ഭാരതസര്‍ക്കാര്‍ ആരംഭിച്ച 'പിഎം വിശ്വകർമ' പദ്ധതി ലക്ഷ്യമിടുന്നത്. 2023-24 ബജറ്റിൽ പ്രഖ്യാപിച്ച് 2023 സെപ്റ്റംബർ 17 ന് ആരംഭിച്ച ഈ പദ്ധതി  വിശ്വകർമ വിഭാഗക്കാര്‍ക്ക് സമഗ്ര പിന്തുണ നൽകാനും അവരുടെ സാമൂഹ്യ-സാമ്പത്തിക നിലയും ജീവിത നിലവാരവും മെച്ചപ്പെടുത്താനും ശ്രമിക്കുന്നു.

2023-24 മുതൽ 2027-28 വരെ 13,000 കോടി രൂപയുടെ പ്രാരംഭ വിഹിതത്തോടെ ഭാരതസര്‍ക്കാര്‍ പിഎം വിശ്വകർമയ്ക്ക് സമ്പൂർണ ധനസഹായം നൽകുന്നു

പദ്ധതിയുടെ തുടക്കം മുതല്‍  സമർപ്പിക്കപ്പെട്ട 2.65 കോടിയിലധികം അപേക്ഷകളില്‍  27.13 ലക്ഷം അപേക്ഷകൾ വിജയകരമായി രജിസ്റ്റർ ചെയ്തുകൊണ്ട്  വിശ്വകർമ പദ്ധതി ശ്രദ്ധേയമായ നാഴികക്കല്ലുകൾ സൃഷ്ടിച്ചു. രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് 5 ദിവസത്തെ 'അടിസ്ഥാന പരിശീലന’വും  വായ്പാ പിന്തുണ തിരഞ്ഞെടുക്കുന്നവർക്ക് ഈടുരഹിത വായ്പയും നല്‍കും. രാജ്യമെങ്ങുമുള്ള കരകൗശല കലാകാരന്മാരെയും വിദഗ്ധരെയും ശാക്തീകരിക്കുന്നതിൽ പദ്ധതി വളരെ നേരത്തെ കൈവരിച്ച വിജയമാണ്  ഈ നേട്ടങ്ങൾ എടുത്തുകാണിക്കുന്നത്.


ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ

2020 ജൂലൈ 1 ന് ആരംഭിച്ച ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ രാജ്യത്തെ സംരംഭങ്ങളുടെ രജിസ്ട്രേഷൻ സുഗമമാക്കാനുള്ള ഒരു നിർണായക സംവിധാനമായി പ്രവർത്തിക്കുന്നു. ഉദ്യോഗ് ആധാർ ധാരണാപത്രം, സംരംഭകത്വ ധാരണാപത്രം-II എന്നിവയ്ക്ക് കീഴിൽ നേരത്തെ രജിസ്റ്റർ ചെയ്ത സംരംഭങ്ങള്‍ പുതിയ സംവിധാനത്തിലേക്ക് മാറാൻ പോർട്ടൽ പ്രോത്സാഹിപ്പിക്കുന്നു. സൗജന്യവും കടലാസ് രഹിതവും സത്യവാങ്മൂലം അധിഷ്ഠിതവുമായ ഈ രജിസ്ട്രേഷൻ പ്രക്രിയ രേഖകള്‍ സമര്‍പ്പിക്കേണ്ട ആവശ്യകത ഒഴിവാക്കുകയും അതുവഴി  വ്യാപാരസംരംഭങ്ങളുടെ ഔപചാരികവൽക്കരണം ലളിതമാക്കുകയും ചെയ്യുന്നു.


 

അനൗപചാരിക സൂക്ഷ്മ സംരംഭങ്ങളെ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള  സുപ്രധാന ചുവടുവെയ്പ്പിന്റെ ഭാഗമായാണ്2023 നവംബർ 11-ന് ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം സർക്കാർ  അവതരിപ്പിച്ചത്. സൂക്ഷ്മ സംരംഭങ്ങളെ ഔപചാരിക മേഖലയ്ക്ക് കീഴിൽ കൊണ്ടുവരാനും അവയുടെ വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും ആവശ്യമായ മുൻഗണനാ മേഖലാ വായ്പ ഉള്‍പ്പെടെ ആനുകൂല്യങ്ങൾ  ലഭ്യമാക്കുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

2025 ഫെബ്രുവരി 4-ലെ കണക്കനുസരിച്ച് ഉദ്യം പോർട്ടലിലെ ആകെ 5,93,38,604 രജിസ്റ്റർ ചെയ്ത എംഎസ്എംഇ-കളില്‍  ഭൂരിഭാഗവും സൂക്ഷ്മ സംരംഭങ്ങളായി പട്ടികപ്പെടുത്തിയവയാണ്. സാമ്പത്തിക സംഭാവനകൾക്കപ്പുറം ഈ എംഎസ്എംഇകൾ 25.18 കോടിയിലധികം പേര്‍ക്ക് ജോലി നല്‍കിക്കൊണ്ട് ഗണ്യമായ തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗ്ഗം നൽകിക്കൊണ്ട് സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും സാമൂഹ്യ സുസ്ഥിരത വർധിപ്പിക്കുന്നതിലും ഈ മേഖലയുടെ നിർണായക പങ്കാണ് ഇത് അടയാളപ്പെടുത്തുന്നത്.  

പ്രധാനമന്ത്രി തൊഴിൽദായക പരിപാടി (പിഎംഇജിപി)

കാർഷികേതര മേഖലയിൽ സൂക്ഷ്മ സംരംഭങ്ങൾ സ്ഥാപിച്ച് തൊഴിലവസരങ്ങൾ നൽകുന്ന വായ്പാ അനുബന്ധ സബ്‌സിഡി പദ്ധതിയാണ് പ്രധാനമന്ത്രി തൊഴിൽദായക പരിപാടി (പിഎംഇജിപി).  സംരംഭങ്ങൾ തുടങ്ങാന്‍ ബാങ്കുകളിൽ നിന്ന് വായ്പ നേടുന്ന ഗുണഭോക്താക്കൾക്ക്  പദ്ധതി പ്രകാരം അധികതുക (സബ്‌സിഡി) നൽകുന്നു. പുതിയ പദ്ധതിയ്ക്ക് അനുവദനീയമായ പരമാവധി പദ്ധതി ചെലവ് ഉൽപ്പാദന മേഖലയിൽ 50 ലക്ഷം രൂപയും സേവന മേഖലയിൽ 20 ലക്ഷം രൂപയുമാണ്.

പിഎംഇജിപി സബ്‌സിഡികൾ വിഭാഗമനുസരിച്ച് വ്യത്യസ്തമാണ്:

പട്ടികജാതി, പട്ടികവർഗം, ഒബിസി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, മുൻ സൈനികർ, ട്രാൻസ്‌ജെൻഡറുകൾ, ഭിന്നശേഷിക്കാർ, വടക്കുകിഴക്കൻ മേഖല, അഭിലഷണീയ ജില്ലകൾ, മലയോരപ്രദേശങ്ങളും അതിര്‍ത്തിമേഖലകളും എന്നിവയടക്കം പ്രത്യേക വിഭാഗങ്ങൾക്ക് നഗരപ്രദേശങ്ങളിൽ 25 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 35 ശതമാനവും സബ്‌സിഡിക്ക് അർഹതയുണ്ട്.

പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് നഗരപ്രദേശങ്ങളിൽ 15 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 25 ശതമാനവും സബ്‌സിഡിക്ക് അർഹതയുണ്ട്.

ശ്രദ്ധേയമായ ഒരു നടപടിയെന്നോണം അഭിലഷണീയ ജില്ലകളെയും ട്രാൻസ്‌ജെൻഡറുകളെയും പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ കേന്ദ്രങ്ങളില്‍നിന്നുള്ള ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവയ്‌ക്കായി വിപണി ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി പിഎംഇജിപി യൂണിറ്റുകളുടെ ജിയോ-ടാഗിംഗ് ആരംഭിച്ചിട്ടുണ്ട്. ഒപ്പം ഭാവി സംരംഭകർക്ക് ഈ മേഖലയില്‍ വിജയിക്കുന്നതിന് ആവശ്യമായ അറിവും നൈപുണ്യവും നൽകുന്നതിന് 2 ദിവസത്തെ സൗജന്യ  സംരംഭകത്വ വികസന പരിപാടി (ഇഡിപി) പരിശീലനവും നല്‍കുന്നു.  

2023-24 ൽ  പ്രധാനമന്ത്രി  തൊഴിൽദായക പരിപാടി (പിഎംഇജിപി) 89,118 സംരംഭങ്ങളെ പിന്തുണച്ചത്  വിവിധ മേഖലകളില്‍ സംരംഭകത്വം സുഗമമാക്കി. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത  3,093.87 കോടി രൂപയുടെ അധികതുക സബ്‌സിഡി ചെറുകിട വ്യാപാര സംരംഭങ്ങള്‍ക്ക് പ്രവർത്തനം മെച്ചപ്പെടുത്താനും വളർച്ച നിലനിർത്താനും സഹായകമായി. തല്‍ഫലമായി ഏകദേശം 7,12,944 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഇത് രാജ്യമെങ്ങും സ്വയംതൊഴിലും തൊഴിലവസര സൃഷ്ടിയും ശക്തിപ്പെടുത്തുന്നതിൽ PMEGP യുടെ പങ്ക് വ്യക്തമാക്കുകയും ചെയ്തു.  

പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് ധനസഹായ പദ്ധതി (എസ്.എഫ്.യു.ആര്‍.ടി.ഐ)

2005-06 ൽ ആരംഭിച്ച പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള ധനസഹായ പദ്ധതി (എസ്.എഫ്.യു.ആര്‍.ടി.ഐ)  പദ്ധതി പരമ്പരാഗത കരകൗശല വിദഗ്ധരെ കൂട്ടായ്‌മകളായി സമൂഹങ്ങളായോ സംഘടിപ്പിക്കാനും അതുവഴി ഉൽപന്ന വികസനം, വൈവിധ്യവൽക്കരണം, മൂല്യവർധന എന്നിവ സാധ്യമാക്കാനും ലക്ഷ്യമിടുന്നു.  പരമ്പരാഗത മേഖലകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി  കരകൗശല വിദഗ്ധരുടെ വരുമാനം സുസ്ഥിരമായി വർധിപ്പിക്കാന്‍ ശ്രമിക്കുന്നു.  എസ്.എഫ്.യു.ആര്‍.ടി.ഐ-യുടെ സ്വാധീനവും വ്യാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിന് 2014-15-ൽ പദ്ധതി നവീകരിച്ചു.


മത്സരശേഷി മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും  ഉൽപ്പന്നങ്ങളുടെ വിപണനക്ഷമത വർധിപ്പിക്കുന്നതിനുമായി  കരകൗശല വിദഗ്ധരെയും പരമ്പരാഗത വ്യവസായങ്ങളെയും പ്രത്യേക വിഭാഗങ്ങളായി സംഘടിപ്പിക്കുകയാണ് എസ്.എഫ്.യു.ആര്‍.ടി.ഐ യുടെ പ്രാഥമിക ലക്ഷ്യം. കരകൗശല വിദഗ്ധരെ ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ  വിഭവങ്ങളും കഴിവുകളും കൂട്ടായി പ്രയോജനപ്പെടുത്താൻ  പദ്ധതി അവരെ സഹായിക്കുന്നതുവഴി മികച്ച വരുമാന സാധ്യതകളിലേക്കും സുസ്ഥിര വളർച്ചയിലേക്കും നയിക്കുന്നു.

 

നേട്ടങ്ങൾ:

2014-15 മുതൽ 513 സംഘങ്ങളുടെ രൂപീകരണത്തിന് എസ്.എഫ്.യു.ആര്‍.ടി.ഐ അംഗീകാരം നൽകുകയും ഇതില്‍ 376 സംഘങ്ങള്‍ വിജയകരമായി പ്രവർത്തനക്ഷമമാവുകയും ചെയ്തു.

ഈ സംഘങ്ങളെ പിന്തുണയ്ക്കുന്നതിന് ആകെ ₹1,336 കോടിയുടെ ധനസഹായം അനുവദിച്ചു.

2024 ഡിസംബർ 12 വരെയുള്ള കണക്കനുസരിച്ച് പ്രവർത്തനക്ഷമമായ 376 സംഘങ്ങളിലായി ഏകദേശം 2,20,800 കരകൗശല തൊഴിലാളികൾക്ക് സുസ്ഥിര  തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.


സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കായുള്ള പൊതു സംഭരണ നയം

2012-ൽ ഭാരതസര്‍ക്കാറിന്റെ എംഎസ്എംഇ മന്ത്രാലയം സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കായി (എംഎസ്ഇ) പൊതു സംഭരണ നയം വിജ്ഞാപനം ചെയ്തു. കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, കേന്ദ്ര പൊതുമേഖലാ സംരംഭങ്ങൾ (സിപിഎസ്ഇ) എന്നിവയുടെ വാർഷിക സംഭരണത്തിന്റെ 25% എംഎസ്ഇകളിൽ നിന്ന് വാങ്ങണമെന്ന് ഈ നയം അനുശാസിക്കുന്നു. ഈ 25 ശതമാനത്തിൽ, 4 ശതമാനം പട്ടികജാതി/പട്ടികവർഗ (എസ്‌സി/എസ്ടി) ഉടമസ്ഥതയിലുള്ള എംഎസ്ഇകൾക്കും 3 ശതമാനം വനിതാ സംരംഭകരുടെ ഉടമസ്ഥതയിലുള്ള എംഎസ്ഇകൾക്കും സംവരണം ചെയ്തിരിക്കുന്നു. കൂടാതെ 358 ഇനങ്ങൾ എംഎസ്ഇകളിൽ നിന്നുള്ള സംഭരണത്തിന് മാത്രമായും നീക്കിവെച്ചിട്ടുണ്ട്.

 

നേട്ടങ്ങൾ:
 

  • കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സി‌പി‌എസ്‌ഇകൾ എന്നിവ 2023-24 ൽ എം‌എസ്‌ഇകളിൽ നിന്ന് സംഭരിച്ച ആകെ  74,717 കോടി രൂപ മൂല്യമുള്ള ഉല്പന്നങ്ങളും സേവനങ്ങളും ആകെ  സംഭരണത്തിന്റെ 43.71 ശതമാനമായിരുന്നു.
  • 2,58,413 എം‌എസ്‌ഇകൾക്ക് പ്രയോജനം ചെയ്ത ഈ നയം സർക്കാർ സംഭരണത്തിലൂടെ അവര്‍ക്ക് മികച്ച ബിസിനസ് അവസരങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.


ഉപസംഹാരം

ഉയര്‍ന്ന വായ്പാ ലഭ്യത, സംരംഭക പിന്തുണ, മേഖലാധിഷ്ഠിത സംരംഭങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന 2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു തന്ത്രപരമായ സമീപനത്തെ രൂപപ്പെടുത്തുന്നു.  മെച്ചപ്പെട്ട വായ്പാ ഈടുകള്‍ക്കും സൂക്ഷ്മ വ്യവസായങ്ങള്‍ക്കുള്ള ക്രെഡിറ്റ് കാർഡുകൾ ഉള്‍പ്പെടെ പ്രത്യേകം തയ്യാറാക്കിയ സാമ്പത്തിക ഉൽപ്പന്നങ്ങള്‍ക്കുമൊപ്പം വർഗീകരണ മാനദണ്ഡങ്ങളിലെ ഗണ്യമായ പരിഷ്കാരങ്ങള്‍ വളർച്ചയെയും നവീകരണത്തെയും ഉത്തേജിപ്പിക്കാൻ സജ്ജമാണ്. പാദരക്ഷകൾ, തുകൽ, കളിപ്പാട്ടങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തൊഴിലവസരങ്ങള്‍ വർധിപ്പിക്കുന്നതിനൊപ്പം  ആഗോള വിപണികളിൽ ഇന്ത്യയെ ഒരു മത്സരാധിഷ്ഠിത രാജ്യമാക്കി മാറ്റുകയും ചെയ്യുന്നു. കൂടാതെ ഉദ്യം രജിസ്ട്രേഷൻ, പിഎം വിശ്വകർമ, പിഎംഇജിപി, എസ്എഫ്‌യുആർടിഐ, പൊതു സംഭരണ നയം  തുടങ്ങിയ സർക്കാരിന്റെ തുടർച്ചയായ സംരംഭങ്ങൾ എംഎസ്എംഇകളെ സംയോജിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും പ്രതിബദ്ധതയോടെ ശ്രമം തുടരുന്നു. ക്ലീന്‍ ടെക് രംഗത്തും നിര്‍മാണമേഖലയിലും പുതിയ സ്ഥാപനങ്ങളുടെയും ദൗത്യങ്ങളുടെയും രൂപീകരണം  രാജ്യത്തെ സാമ്പത്തിക വളർച്ച, തൊഴിൽ, സമഗ്ര വികസനം എന്നിവയിൽ എംഎസ്എംഇകളുടെ പങ്ക് നിലനിർത്തുക മാത്രമല്ല, ഗണ്യമായി വർധിപ്പിക്കാനുള്ള  സമഗ്ര തന്ത്രത്തെയാണ്  പ്രതിഫലിപ്പിക്കുന്നത്.

 

References:

Budget 2025-26: Fuelling MSME Expansion

 
SKY
 
***************

(Release ID: 2100390) Visitor Counter : 13


Read this release in: English , Hindi