വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭമേള 2025: ഭക്തരുടെ ആകർഷക കേന്ദ്രമായി  സാഹിത്യവും സംസ്കാരവും അറിവും സംഗമിക്കുന്ന നാഷണൽ ബുക്ക് ട്രസ്റ്റിന്റെ വായനാമുറി

ഭക്തർക്ക് വൈവിധ്യമാർന്ന പുസ്തക ശേഖരം പ്രാപ്യമാക്കി  മൊബൈൽ പുസ്തക പ്രദര്‍ശനവും ദേശീയ ഇ-ലൈബ്രറി ആപ്പും

Posted On: 04 FEB 2025 7:52PM by PIB Thiruvananthpuram
2025-ലെ മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് പുണ്യസ്നാനം നടത്തുന്നത്. ഇതിനൊപ്പം സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അറിവിന്റെയും തുടർച്ചയായ  പ്രവാഹത്തിന് സാക്ഷ്യം വഹിക്കുകയാണ് മേളയിലെ വിവിധ പ്രദർശനകേന്ദ്രങ്ങൾ. പൊതുജനങ്ങൾക്ക് സർക്കാർ പദ്ധതികളെയും നേട്ടങ്ങളെയും കുറിച്ച് പഠിക്കാൻ മാത്രമല്ല, ആധുനിക സാങ്കേതികവിദ്യകളിലൂടെ ഈ പദ്ധതികളെ കൂടുതല്‍ അടുത്തറിയാനും സഹായിക്കുന്ന തരത്തില്‍ ഭക്തരുടെ ബൗദ്ധിക പരിപോഷണത്തിന് കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ മഹാകുംഭമേളയിൽ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഈ പശ്ചാത്തലത്തില്‍ ഭക്തർക്ക് സൗജന്യമായി പുസ്തകങ്ങൾ വായിക്കാനും മഹത്തായ വിജ്ഞാനമേളയുടെ സാഹിത്യ അനുഭൂതി അനുഭവിച്ചറിയാനും കഴിയുംവിധം മേളയിൽ വായനാമുറി സ്ഥാപിച്ചുകൊണ്ട്  നൂതന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നാഷണൽ ബുക്ക് ട്രസ്റ്റ് (എന്‍ബിടി).


പ്രയാഗ്‌രാജ് പരേഡ് ഗ്രൗണ്ടിലെ സെക്ടർ-1 നമാമി ഗംഗ പ്രദര്‍ശനകേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന വായനാമുറി ഭക്തർക്കിടയിൽ ഏറെ പ്രചാരം നേടിവരുന്നു.  ഇന്ത്യൻ തത്വചിന്ത, ഭാരതീയ സംസ്കാരം, കുംഭമേള എന്നിവയെ അടിസ്ഥാനമാക്കി സാഹിത്യം ഉൾപ്പെടെ 619 ശീര്‍ഷകങ്ങളില്‍ പുസ്തകങ്ങള്‍ ഈ വായനാമുറിയില്‍ ലഭ്യമാണ്. ഭക്തരുടെ താൽപര്യം കണക്കിലെടുത്ത്, 'കുംഭ് കേ മേള മേം മംഗൾവാസി', 'ഭാരത് മേം കുംഭ്', 'എ വിസിറ്റ് ടു കുംഭ്' തുടങ്ങിയ പുസ്തകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമെ ഇതരഭാഷകളിലും പുസ്തകങ്ങള്‍ ലഭ്യമായതിനാല്‍ ഹിന്ദി സംസാരിക്കാത്ത ഭക്തർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. പ്രത്യേകിച്ച് പുതിയ എഴുത്തുകാര്‍ക്ക് പ്രചോദനമായി പ്രധാനമന്ത്രി യുവ യോജനയ്ക്ക് കീഴിൽ യുവ എഴുത്തുകാർ രചിച്ച പുസ്തകങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സംസ്കാരം അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങൾക്ക് മഹാകുംഭമേളയിൽ ആവശ്യക്കാരേറെയാണെന്ന് എൻബിടി മാർക്കറ്റിംഗ് ഓഫീസർ ആശിഷ് റായ് പറഞ്ഞു. അതിനാൽ ഈ വായനാമുറിയില്‍ സാംസ്കാരിക സാഹിത്യത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു. ഹിന്ദി സംസാരിക്കാത്ത ഭക്തർക്ക് ഗംഗാ നദിയെക്കുറിച്ച് രചിക്കപ്പെട്ട 'ദി ഗംഗ', 'വേദ കൽപ്പതരു', 'പുരാതന തമിഴ് ഇതിഹാസം' തുടങ്ങിയ പുസ്തകങ്ങളിൽ പ്രത്യേക താൽപര്യമുണ്ട്. ഭക്തര്‍ക്ക് ഇഷ്ടപുസ്തകങ്ങള്‍‌ 25% കിഴിവിൽ വാങ്ങാമെന്നത്  വായനാമുറിയുടെ മറ്റൊരു സവിശേഷതയാണ്.

2025-ലെ മഹാകുംഭമേളയിൽ 1,150 ശീര്‍ഷകങ്ങളിലെ പുസ്തകങ്ങളുമായി 'എൻ‌ബി‌ടി പുസ്തക പരിക്രമ' (മൊബൈൽ പുസ്തക പ്രദർശനം)  ഒരുക്കിയിട്ടുണ്ട്. കുംഭമേള പരിസരത്ത് ചുറ്റിനടന്ന് ഭക്തർക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ കാണാനും വാങ്ങാനും കഴിയുംവിധമാണ് മൊബൈൽ പുസ്തക പ്രദർശന ബസ് സർവീസ് നടത്തുന്നത്. കൂടാതെ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ ഇ-ലൈബ്രറിയെക്കുറിച്ച് വിവരങ്ങൾ നൽകുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ഇ-ബുക്കുകൾ ലഭിക്കുന്നതിന് മൊബൈൽ ഫോണുകളിൽ ദേശീയ ഇ-ലൈബ്രറി ആപ്പ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്നും ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതെങ്ങനെയെയന്നും ഭക്തരെ പരിചയപ്പെടുത്തുന്നു.

മേളയിലെ എന്‍ബിടി വായനാമുറി ഭക്തർക്ക് സമ്പന്നമായ ഒരു ബൗദ്ധിക അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം  സാഹിത്യം, സംസ്കാരം, ഡിജിറ്റൽ അറിവ് എന്നിവയുടെ പുതിയ ദിശ നല്‍കുകയും ചെയ്യുന്നു.   മതപരവും ആത്മീയവും സമകാലികവുമായ സാഹിത്യത്തിലേക്ക് ഭക്തരെ അടുപ്പിക്കുന്ന ഈ സംരംഭം  മഹാകുംഭമേളയെ വിശ്വാസത്തിന്റെ കേന്ദ്രമെന്നതിലുപരി അറിവിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും അസാധാരണ സംഗമസ്ഥാനമാക്കി മാറ്റുന്നു.

(Release ID: 2099921) Visitor Counter : 28