ന്യൂനപക്ഷകാര്യ മന്ത്രാലയം
'ഹജ്ജ് സുവിധ ആപ്പ്', തീർത്ഥാടകർക്കുള്ള സമഗ്ര ആരോഗ്യ സംരക്ഷണ പിന്തുണ എന്നിവയിലൂടെ ഹജ്ജ് തീർത്ഥാടന സൗകര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തുന്നു.
Posted On:
04 FEB 2025 2:36PM by PIB Thiruvananthpuram
വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഹജ്ജ് തീർത്ഥാടന അനുഭവം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് 'ഹജ്ജ് സുവിധ ആപ്പ്' ആരംഭിച്ചത്. പരിശീലന ഉള്ളടക്കം, താമസം, വിമാന വിശദാംശങ്ങൾ, ബാഗേജ് വിവരങ്ങൾ, അടിയന്തര ഹെൽപ്പ്‌ലൈൻ (എസ്‌ഒഎസ്), പരാതി പരിഹാരം, അഭിപ്രായം, ഭാഷാ വിവർത്തനം, തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവ ആപ്പ് ഉപയോഗിച്ച് തീർത്ഥാടകർക്ക് ലഭ്യമാകും.തത്സമയ നിരീക്ഷണത്തിനും അടിയന്തര പ്രതികരണത്തിനും സഹായകരമാകുന്ന വിധത്തിൽ, സൗദി അറേബ്യയിലെ ഹജ്ജ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിയോഗിച്ചിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു ഭരണപരമായ ഇടം ആപ്പ് നൽകുന്നു.
കൂടാതെ മികച്ച ഏകോപനവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നു.
2024 ലെ ഹജ്ജ് കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള ആകെ 1,75,025 തീർത്ഥാടകരിൽ 78,000 ത്തിലധികം പേർ ആപ്പിൽ രജിസ്റ്റർ ചെയ്തു. 8,500 ലധികം പരാതികളും 2,100 ലധികം എസ്‌ഒഎസ് കോളുകളും ആപ്പ് വഴി പരിഹരിച്ചു.കൂടാതെ, ആപ്പ് വഴി ബാഗേജ് തിരിച്ചറിയുന്നതിനുള്ള ക്യുആർ കോഡ് സംവിധാനം അവതരിപ്പിച്ചതിന്റെ ഫലമായി 2024 ലെ ഹജ്ജിൽ ബാഗേജ് കാണാതായ കേസുകൾ ഗണ്യമായി കുറഞ്ഞു.
2024 ൽ ആകെ 4558 സ്ത്രീ തീർത്ഥാടകർ മെഹ്‌റം (പുരുഷ കൂട്ടാളി) ഇല്ലാതെ തീർത്ഥാടനം നടത്തി. 2018 ലെ ഹജ്ജിൽ മെഹ്‌റം ഇല്ലാത്ത സ്ത്രീകൾക്ക് തീർഥാടനത്തിനുള്ള സംവിധാനം ആരംഭിച്ചതിനുശേഷമുള്ള എക്കാലത്തെയും ഉയർന്ന നിരക്കാണിത്.
ഇന്ത്യൻ തീർത്ഥാടകരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. പ്രായമായവർ ഉൾപ്പെടെയുള്ള ഇന്ത്യൻ തീർത്ഥാടകർക്ക് മികച്ച നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഹജ്ജ് കാലയളവിൽ സൗദി അറേബ്യയിൽ നിരവധി താൽക്കാലിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ സ്ഥാപിച്ചു .
സൗദി അറേബ്യയിൽ,ഹജ്ജ് തീർത്ഥാടകരുടെ ചികിത്സയ്ക്ക് ആവശ്യമായ പിന്തുണ ഇന്ത്യൻ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ വഴിയും, സൗദി നിയമപ്രകാരമുള്ള തൃതീയ പരിചരണ സംവിധാനം വഴിയും കേന്ദ്രഗവൺമെന്റ് സാധ്യമാക്കി.
ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പായി തിരിച്ചറിഞ്ഞ പ്രായമായ തീർഥാടകരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രത്യേക ഊന്നൽ നൽകി. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്ന മെഡിക്കൽ സംഘങ്ങൾ തീർഥാടകർ താമസിക്കുന്ന കെട്ടിടങ്ങൾ ദിവസേന സന്ദർശിച്ച് ആരോഗ്യ നിരീക്ഷണം, കൺസൾട്ടേഷനുകൾ, ഏതെങ്കിലും തരം രോഗ ആശങ്കകളുണ്ടെങ്കിൽ ഉടനടി ചികിത്സ എന്നിവ ഉറപ്പാക്കി. എല്ലാ തീർഥാടകരുടെയും, പ്രത്യേകിച്ച് പ്രായമായവരുടെയും ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, മക്കയിലെ നാല് മെഡിക്കൽ കേന്ദ്രങ്ങളും മദീനയിലെ ഒരു കേന്ദ്രവും 17 ഡിസ്പെൻസറികളും 24 മണിക്കൂറും പ്രവർത്തനക്ഷമമായിരുന്നു. എല്ലാ ഇന്ത്യൻ തീർഥാടകർക്കും സൗജന്യ കൺസൾട്ടേഷനുകൾ, മരുന്നുകൾ, ചികിത്സ എന്നിവ നൽകിക്കൊണ്ട് ആരോഗ്യ സംരക്ഷണം ഉറപ്പാക്കി.
അടിയന്തര ഘട്ടങ്ങളിൽ, പ്രത്യേകിച്ച് തീവ്ര കാലാവസ്ഥയിൽ ശാരീരിക അസ്വസ്ഥതകൾക്ക് കൂടുതൽ സാധ്യതയുള്ള പ്രായമായവർക്ക്, വേഗത്തിലുള്ള പരിചരണം ഉറപ്പാക്കാൻ മക്ക, മദീന, മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ 24 ആംബുലൻസുകളുടെ ഒരു ശൃംഖല തന്ത്രപരമായി വിന്യസിച്ചു. ആംബുലൻസ് സേവനങ്ങൾ സുഗമമാക്കുന്നതിനും മെഡിക്കൽ സേവനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നിർദ്ദേശങ്ങളും പരാതികളും കൈകാര്യം ചെയ്യുന്നതിനും പ്രത്യേക സമ്പർക്ക നമ്പറുകൾ നൽകി . വലിയ ഒത്തുചേരലുകൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രായമായ തീർഥാടകർക്ക് ഉടനടി സഹായം ഉറപ്പാക്കുന്നതിന്, മെഡിക്കൽ സംഘവും ആംബുലൻസുകളും സജ്ജ്മായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമുള്ള ഗുരുതരാവസ്ഥയിലുള്ള വൃദ്ധ തീർഥാടകരെ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിലേക്ക് മാറ്റി. സൗദിയിലെ ആശുപത്രികളിൽ ഇന്ത്യൻ തീർത്ഥാടകരുമായി ഫലപ്രദമായ ആശയവിനിമയം, മാർഗ്ഗനിർദ്ദേശം എന്നിവ ഉൾപ്പെടെ പിന്തുണ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ ഭാഷ വിവർത്തകരെ വിന്യസിച്ചു .
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരൺ റിജിജു ഇന്നലെ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ നൽകിയത്.
SKY
(Release ID: 2099620)
Visitor Counter : 23