ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
2025ലെ റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച ടാബ്ലോയ്ക്കുള്ള പുരസ്‌കാരം ഗോത്ര വര്‍ഗ്ഗകാര്യ മന്ത്രാലയം കരസ്ഥമാക്കി
ഭഗവാന്‍ ബിര്‍സ മുണ്ടയ്ക്കും 'ആദിവാസി' (ജനജാതിയത)യുടെ ആത്മാവിനോടുമുള്ള ആദരവ്
Posted On:
29 JAN 2025 4:26PM by PIB Thiruvananthpuram
ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 15-ാം ജന്മ വാര്‍ഷികത്തെ അനുസ്മരിച്ച് ഗോത്ര വര്‍ഗ്ഗകാര്യ മന്ത്രാലയം ' ആദിവാസി ജനതയുടെ അഭിമാനത്തിന്റെ വര്‍ഷം' (Janjatiya Gaurav Varsh) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച പ്രചോദനാത്മകവും സാസ്‌കാരിക സമ്പന്നവുമായ ടാബ്ലോ, 76-ാമതു റിപ്പബ്ലിക് ദിന പരേഡ് 2025 ല്‍, കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും വിഭാഗത്തില്‍ മികച്ച നിശ്ചല ദൃശ്യത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. ശക്തി, സുസ്ഥിരത, ആദിവാസി സമൂഹങ്ങ്ളും പ്രകൃതിയും തമ്മിലുള്ള അഗാധ ബന്ധം എന്നിവയുടെ പ്രതീകമായ ഗാംഭീര്യമുള്ള സാല്‍ വൃക്ഷത്തെ അവതരിപ്പിച്ചതിലൂടെ ഗോത്ര വര്‍ഗ്ഗ ധാര്‍മ്മികതയെ മനോഹരമായി ടാബ്ലോ ചിത്രീകരിച്ചിരിക്കുന്നു. മുഖ്യ പ്രമേയമായ, ' ജലം, വനം, ഭൂമി', ഇന്ത്യയുടെ ഗോത്ര വര്‍ഗ്ഗ പാരമ്പര്യത്തിന്റെ കാലാതീതമായ അറിവും സ്വാതന്ത്ര്യ സമരത്തിലും രാഷ്ട്ര നിര്‍മ്മിതിയിലും അവര്‍ നല്‍കിയ അമൂല്യ സംഭാവനകളും എടുത്തുകാട്ടുന്നു.

ജാര്‍ഖണ്ഡില്‍ നിന്നുള്ള പൈതൃക നൃത്തത്തിന്റെ ചടുലതയും ഛത്തീസ്ഗഡില്‍ നിന്നുള്ള നാഗദയുടെ താളവും കാണികളെ വിസ്മയിപ്പിക്കുന്നതും ആത്മനിര്‍ഭര്‍ ഭാരതിന്റെ ആഹ്വാനവും ശ്രേഷ്ഠ ഭാരതത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നതുമായിരുന്നു. ഈ ചരിത്ര നേട്ടത്തില്‍ കേന്ദ്ര ഗോത്രവര്‍ഗ്ഗ കാര്യ മന്ത്രി ജുവല്‍ ഓറം നന്ദി രേഖപ്പെടുത്തിക്കൊണ്ടു പ്രസ്താവിച്ചു: ' ഭഗവാന്‍ ബിര്‍സ മുണ്ടയുടെ പാരമ്പര്യത്തോടും ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തോടുമുള്ള ആദരവാണ് ഈ ബഹുമതി. ആദിവാസി സമൂഹങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന പിഎം-ജന്‍മന്‍ ധര്‍ത്തി ആബ അഭിയാന്‍, ഏകലവ്യ സ്‌കൂള്‍ തുടങ്ങിയ സംരഭങ്ങളിലൂടെ അവരുടെ ശാക്തീകരണത്തിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഓരോ ഗോത്ര വര്‍ഗ്ഗ ശബ്ദവും കേള്‍ക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന വികസിത ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നതാണ് ഈ അംഗീകാരം.'
ഗോത്ര വര്‍ഗ്ഗകാര്യ സഹമന്ത്രി ശ്രീ ദുര്‍ഗ്ഗ ദാസ് ഉയിക്കെ അവാര്‍ഡിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു: ' ഈ അവാര്‍ഡ് നമ്മുടെ രാഷ്ട്രത്തിനു ഗോത്ര വര്‍ഗ്ഗ സമുദായം നല്‍കിയ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുന്നു. അവരുടെ പാരമ്പര്യം തലമുറകളെ തുടര്‍ന്നും പ്രചോദിപ്പിക്കുകയും അവരുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള നമ്മുടെ പ്രതിബദ്ധത തുടരുകയും ചെയ്യും.
ഗോത്ര വര്‍ഗ്ഗകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ വിഭു നയ്യാര്‍ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടു പറഞ്ഞു: ' മികച്ച ടാബ്ലോയ്ക്കുള്ള പുരസ്‌കാരനേട്ടം ഗോത്ര വര്‍ഗ്ഗ കാര്യാലയത്തിന് അഭിമാനത്തിന്റെ നിമിഷമാണ്. നമ്മുടെ ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെ പ്രതിബദ്ധതയും സംഭാവനകളും പ്രതിഫലിപ്പിക്കുന്ന, ആദിവാസി ജനതയുടെ അഭിമാനത്തിന്റെ വര്‍ഷത്തിന്റെ സത്തയെ ടാബ്ലോ സ്വാംശീകരിച്ചിരിക്കുന്നു. സമ്പന്നമായ ഗോത്രകല, സം,സ്‌കാരം, പൈതൃകം എന്നിവ ദേശീയ, ആഗോള തലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ഈ അംഗീകാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.'
ഇന്ത്യയിലെ ജനങ്ങളുടെ വലിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഗോത്ര വര്‍ഗ്ഗകാര്യ മന്ത്രാലയം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. കഥകളിലൂടെയും പോരാട്ടങ്ങളിലൂടെയും വിജയങ്ങളിലൂടെയും തലമുറകളെ പ്രചോദിപ്പിക്കുന്നതു തുടരുന്ന ഓരോ ആദിവാസി സമൂഹത്തിനും അവകാശപ്പെട്ടതാണ് ഈ ബഹുമതി.
*********************
(Release ID: 2097486)
Visitor Counter : 60