ഉപരാഷ്ട്രപതിയുടെ കാര്യാലയം
കർപൂരി താക്കൂർ സാമൂഹിക നീതിയുടെ മിശിഹ: ഉപരാഷ്ട്രപതി
നൂറ്റാണ്ടുകൾ പഴക്കമുള്ള സ്തംഭനാവസ്ഥയെ തകർക്കുകയും വലിയൊരു ജനതയ്ക്ക് വിശാലമായ അവസരങ്ങൾ തുറക്കുകയും ചെയ്ത സമത്വത്തിന്റെ യുഗത്തിന് കർപൂരി താക്കൂർ തുടക്കമിട്ടു എന്ന് ഉപരാഷ്ട്രപതി
Posted On:
24 JAN 2025 1:43PM by PIB Thiruvananthpuram
ന്യൂഡൽഹി, 24 ജനുവരി 2025
ശ്രീ കർപൂരി താക്കൂർ സാമൂഹിക നീതിയുടെ മിശിഹയായിരുന്നുവെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് പ്രസ്താവിച്ചു. അദ്ദേഹം സംവരണം നടപ്പിലാക്കി, വലിയൊരു ജനതയ്ക്ക് വിശാലമായ അവസരങ്ങൾ തുറന്നുകൊടുത്തു, ഉപരാഷ്ട്രപതി പറഞ്ഞു.
ബിഹാറിലെ സമസ്തിപൂരിൽ ശ്രീ കർപൂരി താക്കൂറിന്റെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കവേ ഉപരാഷ്ട്രപതി പറഞ്ഞു, "ഇന്ത്യയുടെ മഹാനായ പുത്രൻ ശ്രീ കർപൂരി താക്കൂർ സാമൂഹിക നീതിയുടെ മിശിഹയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ, ശ്രീ കർപൂരി താക്കൂർ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനത്തിന്റെ ഒരു പുതിയ ചരിത്രം രചിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്തംഭനാവസ്ഥയെ അദ്ദേഹം തകർത്തു, ഒരു വലിയ ജനതയ്ക്ക് അനന്തമായ സാധ്യതകളുടെ വാതിലുകൾ തുറന്നു. സമത്വത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട മഹാനായിരുന്നു അദ്ദേഹം. എല്ലാവരാലും അവഗണിക്കപ്പെട്ട, സമൂഹത്തിന്റെ അരികുകളിൽ ജീവിച്ചവർക്കായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു."
ശ്രീ കർപൂരി താക്കൂറിന്റെ മാതൃകാപരമായ വ്യക്തിത്വത്തെ എടുത്തുകാണിക്കുന്നതിനിടെ, ഉപരാഷ്ട്രപതി തുടർന്നു പറഞ്ഞു, "ഒരു ആദർശ വ്യക്തിത്വം എന്താണെന്ന് മനസ്സിലാക്കാൻ, ശ്രീ കർപൂരി താക്കൂറിന്റെ ജീവിതം നാം പരിശോധിക്കണം. അദ്ദേഹത്തിന്റെ ത്യാഗം, സമർപ്പണം. പരമ്പരാഗത രാഷ്ട്രീയത്തെ അദ്ദേഹം ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. ജാതി, മതം, വർഗ്ഗം എന്നിവയ്ക്ക് അതീതമായി സമത്വത്തിലും വികസനം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച ദേശീയ നേതാവായിരുന്നു അദ്ദേഹം. സാമൂഹിക നീതി മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ ഭാരത രത്ന കർപൂരി താക്കൂർ രാജ്യത്ത് ഒരു വേറിട്ട മുദ്ര പതിപ്പിച്ചു. പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു അന്തരീക്ഷത്തിൽ, അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരിക്കലും ഒരു സമ്പത്തും സമാഹരിക്കാത്ത, തന്റെ ജീവിതം മുഴുവൻ പൊതുജനങ്ങൾക്കായി സമർപ്പിച്ച വ്യക്തി."
ശ്രീ കർപൂരി താക്കൂറിന്റെ ദീർഘവീക്ഷണത്തെ എടുത്തുകാണിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, "കർപൂരി താക്കൂർ ഒരു 'രാഷ്ട്രതന്ത്രജ്ഞൻ' ആണ്. വർത്തമാനത്തെയും ഭാവിയെയും കുറിച്ച് അദ്ദേഹം ചിന്തിച്ചു. എതിർപ്പുകളെ അവഗണിച്ചു അദ്ദേഹം സംവരണം നടപ്പിലാക്കി. ഇതൊരു പുതിയ അധ്യായമായിരുന്നു. ബഹുമാനപ്പെട്ട കൃഷി മന്ത്രി പറഞ്ഞതുപോലെ, അദ്ദേഹം ഇംഗ്ലീഷിൻറെ നിർബന്ധമായ ഉപയോഗം അവസാനിപ്പിക്കുകയും സർക്കാർ ഓഫീസുകളിൽ ഹിന്ദി ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതിന്റെ പേരിൽ അദ്ദേഹം പരിഹാസം നേരിട്ടു. ഇപ്പോൾ, അദ്ദേഹം എത്ര ദീർഘവീക്ഷണമുള്ളവനാണെന്ന് നമ്മൾ മനസിലാക്കുന്നു. വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയും സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കിയ ആദ്യ വ്യക്തിയുമായിരുന്നു അദ്ദേഹം."
ബീഹാർ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര കൃഷി, കർഷകക്ഷേമ-ഗ്രാമവികസന മന്ത്രി, ശ്രീ ശിവരാജ് സിംഗ് ചൗഹാൻ, രാജ്യസഭാ ഉപാധ്യക്ഷൻ ഡോ. ഹരിവംശ്, കേന്ദ്ര കൃഷി, കർഷകക്ഷേമ സഹമന്ത്രി ശ്രീ റാം നാഥ് താക്കൂർ, കേന്ദ്ര കൃഷി, കർഷകക്ഷേമ സഹമന്ത്രി ശ്രീ ഭഗീരഥ് ചൗധരി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, മറ്റ് പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
(Release ID: 2095772)
Visitor Counter : 22