രാജ്യരക്ഷാ മന്ത്രാലയം
പ്രതിരോധ മന്ത്രി കേരളത്തിലെ ആലപ്പുഴയില്‍ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു
അച്ചടക്കം, അര്‍പ്പണബോധം, ആത്മനിയന്ത്രണം, രാഷ്ട്രസേവനം എന്നീ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഈ സ്‌കൂള്‍ സുപ്രധാന പങ്ക് വഹിക്കും: ശ്രീ രാജ്നാഥ് സിങ്
“‘പ്രതിരോധ’ത്തിന്റെയും ‘വിദ്യാഭ്യാസ’ത്തിന്റെയും സംഗമം രാഷ്ട്രനിര്‍മാണത്തിൽ നിര്‍ണായകമാണ്”
“2047-ഓടെ ഇന്ത്യയെ ‘വികസിത ഭാരത’മാക്കുന്നതില്‍ യുവാക്കള്‍ പ്രധാന പങ്കുവഹിക്കും”
Posted On:
22 JAN 2025 4:47PM by PIB Thiruvananthpuram
പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ് 2025 ജനുവരി 22നു കേരളത്തിലെ ആലപ്പുഴ ജില്ലയില്‍ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. പഴയ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന നിലവിലുള്ള 33 സ്‌കൂളുകള്‍ക്കു പുറമേ, എന്‍ജിഒകള്‍/ട്രസ്റ്റുകള്‍/സ്വകാര്യ സ്‌കൂളുകള്‍/സംസ്ഥാന ഗവണ്‍മെന്റ് സ്‌കൂളുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ഗ്രേഡ് ചെയ്യപ്പെട്ട രീതിയില്‍ സ്ഥാപിക്കുന്ന 100 പുതിയ സൈനിക് സ്‌കൂളുകളില്‍ ഒന്നാണിത്.
അച്ചടക്കം, അര്‍പ്പണബോധം, ആത്മനിയന്ത്രണം, രാജ്യസേവനം എന്നീ മൂല്യങ്ങള്‍ വിദ്യാർഥികളില്‍ വളര്‍ത്തുന്നതില്‍ സ്‌കൂള്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത്, പ്രതിരോധ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സമഗ്രവികസനത്തിനായി അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് 100 പുതിയ സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
“സംശുദ്ധ വിദ്യാഭ്യാസത്തില്‍നിന്ന് വ്യത്യസ്തമായ പരിശീലനമാണ് സൈനിക് സ്‌കൂളുകള്‍ നല്‍കുന്നത്. ഇവിടെ വിദ്യാർഥികള്‍ക്ക് അക്കാദമികവും ശാരീരികവുമായ പരിശീലനം നല്‍കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമികവുമായ വികാസമാണ് ലക്ഷ്യം. ഇക്കാരണത്താൽ, സായുധ സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ലക്ഷ്യം എളുപ്പത്തില്‍ കൈവരിക്കുന്നു. അതിനാല്‍, ‘പ്രതിരോധ’ത്തിന്റെയും ‘വിദ്യാഭ്യാസ’ത്തിന്റെയും ഈ സംഗമം രാഷ്ട്രനിർമാണത്തിൽ നിര്‍ണായകമാണ്- ''ശ്രീ രാജ്നാഥ് സിങ് പറഞ്ഞു.
2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും, വെല്ലുവിളികളെ അതിജീവിച്ച്, അതിന്റെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നതിനും ഓരോ ഇന്ത്യക്കാരനും കൈകോര്‍ക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനം പ്രതിരോധ മന്ത്രി ആവര്‍ത്തിച്ചു. ഇന്ത്യയെ വികസ്വര രാഷ്ട്രമെന്ന നിലയില്‍നിന്ന് വികസിത രാഷ്ട്രമെന്ന നിലയിലേക്കുയർത്തുന്നതില്‍ യുവാക്കള്‍ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“2025 ജനുവരി ഒന്നിനു ശേഷം ജനിച്ചവരെ ‘ബീറ്റാ ജനറേഷന്‍’ എന്ന് വിളിക്കുമെന്നും പുതിയ കാര്യങ്ങളും പുതിയ സാങ്കേതികവിദ്യകളും പഠിക്കാനുള്ള ഉയര്‍ന്ന ശേഷി ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നു. വരുംവര്‍ഷങ്ങളില്‍, ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിനുള്ള ചവിട്ടുപടിയായി ഈ സ്‌കൂള്‍ മാറും. അക്കാദമിക രംഗത്തു മികവ് പുലര്‍ത്തുന്നതിലൂടെയും സ്വഭാവസവിശേഷതകള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെയും നമ്മുടെ വിദ്യാർഥികള്‍ 21-ാം നൂറ്റാണ്ടിന് മാത്രമല്ല, അടുത്ത നൂറ്റാണ്ടിനും നേതൃത്വം നല്‍കും” - ശ്രീ രാജ്നാഥ് സിങ് പറഞ്ഞു.
‘സൈനിക്’ എന്ന വാക്ക് യോദ്ധാവ് അഥവാ യുദ്ധകലയില്‍ പ്രാവീണ്യം നേടുന്നയൾ എന്നതിനെ മാത്രമല്ല സൂചിപ്പിക്കുന്നതെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. സൈനികന് അച്ചടക്കം, അര്‍പ്പണബോധം, ആത്മനിയന്ത്രണം, രാഷ്ട്രത്തിനായുള്ള നിസ്വാർഥ സേവനം തുടങ്ങിയ നിരവധി ഗുണങ്ങള്‍ ഉണ്ടെന്ന് അത് ചൂണ്ടിക്കാട്ടുന്നു. സ്വാമി വിവേകാനന്ദന്‍, ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരു, രാജാ രവി വര്‍മ തുടങ്ങിയ മഹാന്മാര്‍ക്ക് ഈ ഗുണങ്ങളുണ്ടായിരുന്നുവെന്നും, സമൂഹത്തില്‍, പ്രത്യേകിച്ച് യുവാക്കളില്‍ ഈ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ സൈനിക് സ്‌കൂളുകള്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂർവികർ കാട്ടിത്തന്ന പാത പിന്തുടരുകയും, അവരുടെ ഗുണങ്ങൾ സ്വീകരിക്കുകയും, ലോകമെമ്പാടും രാജ്യത്തിനു മഹത്വം കൊണ്ടുവരികയും ചെയ്യുന്ന ഇന്ത്യ സൃഷ്ടിക്കുന്നതിനാണ് ഗവണ്മെന്റ് സൈനിക് സ്കൂളുകൾ സ്ഥാപിക്കുന്നതെന്ന് ശ്രീ രാജ്നാഥ് സിങ് പറഞ്ഞു. സാമൂഹ്യപരിഷ്കർത്താവായ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ പേരാണു സ്കൂളിന് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസത്തെ സ്വന്തം നേട്ടത്തിനും മാതൃരാജ്യത്തിന്റെ സേവനത്തിനുമുള്ള സങ്കേതമാക്കി മാറ്റുന്നതിന് അദ്ദേഹത്തിന്റെ കൃതികളും സാമൂഹിക പരിഷ്കരണത്തിനായുള്ള തീക്ഷ്ണതയും പ്രചോദനമായി വർത്തിക്കുന്നുവെന്നും ശ്രീ രാജ്നാഥ് സിങ് പറഞ്ഞു. വിദ്യാർഥികളിൽ ആധുനിക വിദ്യാഭ്യാസവും ശരിയായ മൂല്യങ്ങളും ഉൾച്ചേർക്കുന്നതിനുള്ള സ്കൂൾ മാനേജ്മെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
സൈനിക് സ്കൂളുകൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക മാത്രമല്ല, പെൺകുട്ടികൾക്ക് തുല്യ അവസരങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. “കുട്ടികളുടെ വികസനത്തിൽ സൈനിക് സ്കൂളുകൾ നിർണായക പങ്ക് വഹിക്കുമ്പോൾ, പെൺകുട്ടികളെ അവഗണിക്കാനാകില്ലെന്ന് ഞങ്ങളുടെ ഗവണ്മെന്റ് വിശ്വസിക്കുന്നു. സ്ത്രീകൾക്ക് സായുധ സേനയിൽ സ്ഥിരം നിയമനം നൽകുമ്പോൾ, സൈനിക് സ്കൂളുകൾ സ്ത്രീകൾക്ക് വലിയ തോതിൽ സൈന്യത്തിൽ ചേരാനുള്ള കരുത്തുറ്റ അടിത്തറ സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ സ്വത്തായ ശക്തരും, ദേശസ്‌നേഹികളും, അഭിമാനികളും, അച്ചടക്കമുള്ളവരുമായ യുവ പൗരന്മാരെ ഭാരതത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാട് ഇത് സാക്ഷാത്കരിക്കും” - അദ്ദേഹം പറഞ്ഞു.
സ്വയംപര്യാപ്തതയുടെ പാതയിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി എടുത്തുകാട്ടി, പൊതു-സ്വകാര്യ മേഖലകളുടെ മെച്ചപ്പെട്ട സഹകരണത്തിലൂടെ ആരോഗ്യം, ആശയവിനിമയം, വ്യവസായം, ഗതാഗതം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പുതിയ ഉയരങ്ങൾ കൈവരിക്കുകയാണെന്ന് ശ്രീ രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കി, യുവാക്കൾക്ക് അവരുടെ അഭിലാഷങ്ങൾക്കനുസൃതമായി ജീവിതത്തിൽ മുന്നേറാൻ സാഹചര്യമൊരുക്കുന്ന ഗവണ്മെന്റിന്റെ ശ്രമത്തെക്കുറിച്ചും അദ്ദേഹം ആവർത്തിച്ചു.
***
NK
(Release ID: 2095211)
Visitor Counter : 29