പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

NDTV ലോക ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Posted On: 21 OCT 2024 1:16PM by PIB Thiruvananthpuram

NDTV ലോക ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാ വിശിഷ്ട അതിഥികളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഈ ഉച്ചകോടിയിൽ നിങ്ങൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും, വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളും അവരുടെ കാഴ്ചപ്പാടുകൾ പങ്കിടും.

സുഹൃത്തുക്കളേ,

കഴിഞ്ഞ 4-5 വർഷമായി നമ്മൾ നോക്കുകയാണെങ്കിൽ, മിക്ക ചർച്ചകളിലും ഒരു പൊതു  വിഷയമുണ്ട്. ആശങ്ക-ഭാവിയെക്കുറിച്ചുള്ള ആശങ്കയാണത്. കൊറോണ കാലത്ത് ആഗോള മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നായിരുന്നു നമ്മുടെ ആശങ്ക. കോവിഡ് വ്യാപിച്ചതോടെ ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചു. മഹാമാരി- പണപ്പെരുപ്പം, തൊഴിലില്ലായ്മ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു. പിന്നെ, പൊട്ടിപ്പുറപ്പെട്ട യുദ്ധങ്ങൾ ചർച്ചകൾക്കും ആകുലതകൾക്കും ആക്കം കൂട്ടി. ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളെക്കുറിച്ചും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിനെക്കുറിച്ചും ആശങ്കയുണ്ട്. ഈ പിരിമുറുക്കങ്ങളും സംഘർഷങ്ങളും സമ്മർദ്ദങ്ങളും ആഗോള ഉച്ചകോടികളുടെയും സെമിനാറുകളുടെയും വിഷയങ്ങളായി. ഇന്ന്, ചർച്ചകൾ പ്രധാനമായും ആശങ്കകളിൽ കേന്ദ്രീകരിക്കുമ്പോൾ, എന്ത് തരത്തിലുള്ള ചിന്തയാണ് ഭാരതത്തിൽ നടക്കുന്നത്? ഇത് ശ്രദ്ധേയമായ ഒരു വൈരുദ്ധ്യമാണ്. ഇവിടെ നമ്മൾ സംസാരിക്കുന്നത് ഇന്ത്യൻ നൂറ്റാണ്ടിനെ കുറിച്ചാണ്. ആഗോള പ്രക്ഷുബ്ധതയ്‌ക്കിടയിൽ, ഭാരതം പ്രതീക്ഷയുടെ വിളക്കായി മാറിയിരിക്കുന്നു. ലോകം ആശങ്കയിൽ അമരുമ്പോൾ ഭാരതം പ്രത്യാശ പരത്തുകയാണ്. ആഗോള സാഹചര്യങ്ങൾ നമ്മെ ബാധിക്കുന്നില്ല എന്നല്ല - അവ ബാധിക്കുന്നുണ്ട്. പക്ഷേ. ഭാരതം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്, എന്നാൽ നമുക്കെല്ലാവർക്കും അനുഭവപ്പെടുന്ന പോസിറ്റിവിറ്റിയുടെ ഒരു ബോധം ഇവിടെയുണ്ട്. അതുകൊണ്ടാണ് 'ഇന്ത്യൻ നുൂറ്റാണ്ടിനെക്കുറിച്ച് സംസാരിക്കുന്നത്.

സുഹൃത്തുക്കളേ,

ഭാരതം ഇന്ന് എല്ലാ മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന വേഗതയും വ്യാപ്തിയും അഭൂതപൂർവമാണ്. ഭാരതത്തിൻ്റെ വേഗവും വ്യാപ്തിയും സമാനതകളില്ലാത്തതാണ്. നമ്മുടെ ​ഗവൺമെന്റ് അതിൻ്റെ മൂന്നാം ടേമിൻ്റെ 125 ദിവസങ്ങൾ പൂർത്തിയാക്കി. ഈ 125 ദിവസത്തെ അനുഭവങ്ങൾ ഞാൻ നിങ്ങളുമായി പങ്കിടും. 125 ദിവസം കൊണ്ട് 3 കോടി പുതിയ പക്കാ വീടുകൾ പാവപ്പെട്ടവർക്കായി അനുവദിച്ചു. 125 ദിവസം കൊണ്ട് 9 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഞങ്ങൾ ആരംഭിച്ചു. 125 ദിവസത്തിനുള്ളിൽ ഞങ്ങൾ 15 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ചു, കൂടാതെ 8 പുതിയ വിമാനത്താവളങ്ങളുടെ പ്രവർത്തനം ആരംഭിച്ചു. ഈ 125 ദിവസങ്ങൾക്കുള്ളിൽ, യുവജനങ്ങൾക്കായി 2 ലക്ഷം കോടി രൂപയുടെ പാക്കേജ് ഞങ്ങൾ നൽകി, കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21,000 കോടി രൂപ നേരിട്ട് കൈമാറി, 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യപരിരക്ഷ ഏർപ്പെടുത്തി. ഭാരതത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വ്യാപ്തി നോക്കൂ-125 ദിവസങ്ങൾക്കുള്ളിൽ 5 ലക്ഷം വീടുകളിൽ പുരപ്പുറ സോളാർ പ്ലാൻ്റുകൾ സജ്ജീകരിച്ചു. ‘ഏക് പേഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) കാമ്പെയ്‌നിന് കീഴിൽ 90 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു. അത് മാത്രമല്ല, 125 ദിവസം കൊണ്ട് 12 പുതിയ വ്യവസായ നോഡുകൾക്ക് ഞങ്ങൾ അംഗീകാരം നൽകി. ഈ 125 ദിവസങ്ങളിൽ, നമ്മുടെ സെൻസെക്സും നിഫ്റ്റിയും 6 മുതൽ 7 ശതമാനം വരെ വളർന്നു. നമ്മുടെ വിദേശനാണ്യ കരുതൽ ശേഖരം 650 ബില്യൺ ഡോളറിൽ നിന്ന് 700 ബില്യൺ ഡോളർ കടന്നിരിക്കുന്നു. ഭാരതത്തിൻ്റെ നേട്ടങ്ങളുടെ ഈ ലിസ്റ്റ് വളരെ വലുതാണ്, കഴിഞ്ഞ 125 ദിവസത്തെ കുറിച്ച് മാത്രമാണ് ഞാൻ സംസാരിക്കുന്നത്. ഈ 125 ദിവസങ്ങളിൽ ഭാരതത്തിൽ നടന്ന ആഗോള ചർച്ചകളും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 125 ദിവസങ്ങൾക്കുള്ളിൽ എന്ത് ആഗോള സംഭവങ്ങളാണ് ഭാരതത്തിൽ നടന്നത്? ടെലികോം, ഡിജിറ്റൽ ഭാവി എന്നിവയെ കുറിച്ചുള്ള അന്താരാഷ്ട്ര അസംബ്ലികൾ, ഒരു ആഗോള ഫിൻടെക് ഫെസ്റ്റിവൽ നടന്നു, ആഗോള അർദ്ധചാലക ഇക്കോസിസ്റ്റത്തെക്കുറിച്ചുള്ള ചർച്ചകൾ ഭാരതത്തിൽ നടന്നു, പുനരുപയോഗ ഊർജത്തെയും സിവിൽ ഏവിയേഷൻ്റെ ഭാവിയെയും കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസുകൾ ഭാരതത്തിൽ നടന്നു.

സുഹൃത്തുക്കളേ,

ഇത് സംഭവങ്ങളുടെ പട്ടിക മാത്രമല്ല; ഭാരതവുമായി ബന്ധപ്പെട്ട പ്രതീക്ഷകളുടെ ഒരു പട്ടിക കൂടിയാണിത്. ഇത് ഭാരതത്തിൻ്റെ ദിശയെയും ലോകത്തിൻ്റെ പ്രതീക്ഷകളെയും ഉയർത്തിക്കാട്ടുന്നു. ലോകത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്ന വിഷയങ്ങളാണിവ, ഈ വിഷയങ്ങളിൽ ചർച്ചകൾക്കായി ലോകം ഇന്ന് ഭാരതത്തിലേക്ക് തിരിയുകയാണ്.

സുഹൃത്തുക്കളേ,

ഇന്ന് ഭാരതത്തിൽ വളരെയധികം കാര്യങ്ങൾ സംഭവിക്കുന്നതിനാൽ, ഞങ്ങളുടെ മൂന്നാം ടേമിൽ നാം നേടിയ വേഗത, ഭാരതത്തിൻ്റെ വളർച്ചാ പ്രവചനം ഉയർത്താൻ പല റേറ്റിംഗ് ഏജൻസികളെയും പ്രേരിപ്പിച്ചു. ഭാരതത്തിൻ്റെ വളർച്ചയിൽ ആഴത്തിൽ നിക്ഷേപം നടത്തുന്ന മാർക്ക് മൊബിയസിനെപ്പോലുള്ള വിദഗ്ധർ ഭാരതത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് ആവേശഭരിതരാണ്, അതിന് വലിയ പ്രാധാന്യമുണ്ട്. ആഗോള ഫണ്ടുകളെ അവരുടെ മൂലധനത്തിൻ്റെ 50 ശതമാനമെങ്കിലും ഭാരതത്തിൻ്റെ ഓഹരി വിപണിയിൽ നിക്ഷേപിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുമ്പോൾ, അത് ശക്തമായ സന്ദേശമാണ് നൽകുന്നത്.

സുഹൃത്തുക്കളേ,

ഭാരതം ഇന്ന് വികസ്വര രാജ്യവും വളർന്നുവരുന്ന ശക്തിയുമാണ്. ദാരിദ്ര്യത്തിൻ്റെ വെല്ലുവിളികൾ ഞങ്ങൾ മനസ്സിലാക്കുന്നു, പുരോഗതിയുടെ പാത എങ്ങനെ കണ്ടെത്താമെന്ന് ഞങ്ങൾക്കറിയാം. നമ്മുടെ ​ഗവൺമെന്റ് നയങ്ങൾ രൂപീകരിക്കുകയും തീരുമാനങ്ങൾ എടുക്കുകയും പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. പൊതുജീവിതത്തിൽ ഞാൻ പലരെയും കണ്ടുമുട്ടാറുണ്ട്. ചിലർ പറയുന്നു, "മോദി ജി, നിങ്ങൾ തുടർച്ചയായി മൂന്ന് തവണ വിജയിച്ചു, ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചു, എന്നിട്ടും നിങ്ങൾ എന്തിനാണ് വിശ്രമമില്ലാതെ പ്രവർത്തിക്കുന്നത്? എന്താണ് വേണ്ടത്? നിങ്ങൾ ഭാരതത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി, നിരവധി നാഴികക്കല്ലുകൾ മറികടന്നു, അങ്ങനെ ചെയ്തു. തീർപ്പുകൽപ്പിക്കാതെ കിടന്ന നിരവധി കാര്യങ്ങളിൽ തീരുമാനങ്ങളെടുത്തു, ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പിലാക്കി.  എന്തിനാണ് ഇത്ര കഠിനാധ്വാനം ചെയ്യുന്നത്? ഇത് പറയുന്ന പലരെയും ഞാൻ കാണാറുണ്ട്. പക്ഷേ, നമ്മൾ കണ്ട സ്വപ്നങ്ങളും, നിശ്ചയദാർഢ്യവുമായി മുന്നോട്ട് പോകുമ്പോൾ, വിശ്രമത്തിന് ഇടമില്ല.

കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. അത് മതിയോ? പോര. കഴിഞ്ഞ 10 വർഷത്തിനിടെ ഏകദേശം 12 കോടി ടോയ്‌ലറ്റുകൾ നിർമ്മിച്ചു, 16 കോടി ആളുകൾക്ക് ഗ്യാസ് കണക്ഷനുകൾ ലഭിച്ചു. അത് പോരേ? കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 350-ലധികം പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കുകയും 15-ലധികം എയിംസ് സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അത് പോരേ? കഴിഞ്ഞ 10 വർഷത്തിനിടയിൽ, 150,000-ലധികം സ്റ്റാർട്ടപ്പുകൾ ഭാരതത്തിൽ സ്ഥാപിക്കപ്പെട്ടു, കൂടാതെ 8 കോടി യുവാക്കൾ അവരുടെ സംരംഭങ്ങൾ തുടങ്ങാൻ മുദ്ര ലോൺ എടുത്തിട്ടുണ്ട്. പുരോഗതിക്കായുള്ള ആ ദാഹം ശമിക്കുമോ? അത് പോരേ? എൻ്റെ ഉത്തരം : അത് പോരാ എന്നാണ്. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. ഈ യുവജനതയുടെ കഴിവിന് നമ്മെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയും, അതിനായി നമുക്ക് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, അത് വേഗത്തിൽ ചെയ്യണം.

സുഹൃത്തുക്കളേ,

ഭാരതത്തിൻ്റെ ചിന്തയിലും സമീപനത്തിലും വന്ന മാറ്റം നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. പരമ്പരാഗതമായി, മനസ്സിലാക്കാവുന്നതനുസരിച്ച്, ഗവൺമെൻ്റുകൾ അവരുടെ പ്രവർത്തനങ്ങളെ മുൻ ​ഗവൺമെന്റുകളുടേതുമായി താരതമ്യം ചെയ്യുന്നു. അതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. "മുമ്പ് എന്തായിരുന്നു, ഇപ്പോൾ എന്താണ് ഉള്ളത്?" എന്ന് ചോദിച്ചാണ് അവർ അവരുടെ പുരോഗതി അളക്കുന്നത്. മുൻ ഗവൺമെൻ്റുകളേക്കാൾ മികച്ചതായി തങ്ങൾ പ്രവർത്തിച്ചുവെന്ന് അവർക്ക് തോന്നുന്നതിനാൽ ഇത് കുറച്ച് സംതൃപ്തി നൽകുന്നു. പല ഗവൺമെൻ്റുകളും കഴിഞ്ഞ 10-15 വർഷങ്ങളുമായി താരതമ്യപ്പെടുത്തുന്നു, ഇത് അവരുടെ വിജയത്തിൻ്റെ അളവുകോലായി ഉപയോഗിക്കുന്നു. ഞങ്ങളും ഈ പാത പിന്തുടരുകയായിരുന്നു. അത് വളരെ സ്വാഭാവികമായിരുന്നു. എന്നാൽ ഇപ്പോൾ, ഈ പാത ഞങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല. ഇന്നലത്തെ ഇന്നുമായി താരതമ്യപ്പെടുത്തുന്നതിൽ നമ്മൾ ഇപ്പോൾ വിശ്രമിക്കുന്നില്ല. വിജയത്തിനായുള്ള ഞങ്ങളുടെ മാനദണ്ഡം ഇതുവരെ നമ്മൾ നേടിയതല്ല. എവിടേക്ക് പോകണം, എത്ര ദൂരം പോകണം, ഇനി എത്ര ബാക്കിയുണ്ട്, എപ്പോൾ എത്തും എന്നതിലാണ് ഇപ്പോൾ നമ്മുടെ ശ്രദ്ധ. ഈ പുതിയ സമീപനം അനുസരിച്ച് മുഴുവൻ ​ഗവൺമെന്റ് സംവിധാനങ്ങളും ചേർന്ന് എൻ്റെ ജോലിയെ മുന്നോട്ട് നയിക്കുന്നു.

ഇപ്പോൾ, ഭാരതം മുന്നോട്ടുള്ള സമീപനത്തിലൂടെ മുന്നേറുകയാണ്. 2047-ലെ 'വികസിത ഭാരത്' (വികസിത ഇന്ത്യ) പ്രമേയം ഈ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നു. ഒരു 'വികസിത് ഭാരത്' എന്ന ഈ ദൃഢനിശ്ചയം കൈവരിക്കുന്നതിന് നമ്മൾ എത്രത്തോളം എത്തിയിരിക്കുന്നു, നമ്മൾ എത്രമാത്രം ചെയ്യേണ്ടതുണ്ട്, ഏത് വേഗതയിലും സ്കെയിലിലും നമ്മൾ പ്രവർത്തിക്കണം എന്ന് ഇപ്പോൾ വിലയിരുത്തേണ്ടതുണ്ട്. ഇത് നിശ്ചിത ലക്ഷ്യങ്ങളോടെയുള്ള ​ഗവൺമെന്റ് തീരുമാനമല്ല-ഇന്ന്, ഭാരതത്തിലെ 140 കോടി ജനങ്ങൾ 'വികസിത് ഭാരത്' എന്ന ഈ ദൃഢനിശ്ചയത്തിൻ്റെ ഭാഗമാണ്, അവർ തന്നെ അത് നയിക്കുന്നു. ഇത് കേവലം പൊതുജനപങ്കാളിത്തത്തിൻ്റെ പ്രചാരണമല്ല, ഭാരതത്തിൻ്റെ ആത്മവിശ്വാസത്തിൻ്റെ മുന്നേറ്റം കൂടിയാണ്. 'വികസിത് ഭാരത്' എന്നതിനായുള്ള വിഷൻ ഡോക്യുമെൻ്റിൽ ​ഗവൺമെന്റ് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ, ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ നിർദ്ദേശങ്ങൾ അയച്ചുവെന്നറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. സ്കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും സംവാദങ്ങളും ചർച്ചകളും നടന്നു. ​ഗവൺമെന്റും സാമൂഹിക സംഘടനകളും സംവാദങ്ങൾ നടത്തി. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാരതം അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ നിശ്ചയിച്ചത്. ‘വികസിത് ഭാരത’ത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ നമ്മുടെ ബോധത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു. 'ജനശക്തി' (ജനശക്തി) വഴി 'രാഷ്ട്ര ശക്തി' (ദേശീയ ശക്തി) കെട്ടിപ്പടുക്കുന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ഭാരതത്തിന് മറ്റൊരു നേട്ടമുണ്ട്, ഈ നൂറ്റാണ്ട് ഭാരതത്തിൻ്റെ നൂറ്റാണ്ട് ആക്കുന്നതിൽ നിർണായകമായ ഒന്ന്. ഇത് AI യുടെ കാലഘട്ടമാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ലോകത്തിൻ്റെ വർത്തമാനവും ഭാവിയും AI യുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇരട്ടി AI പവർ എന്ന നേട്ടം ഭാരതത്തിനുണ്ട്. ഇപ്പോൾ, നിങ്ങൾ ചിന്തിച്ചേക്കാം, "ലോകത്തിന് ഒരു AI മാത്രമേയുള്ളൂ, അപ്പോൾ മോദിക്ക് ഈ ഇരട്ട AI എവിടെ നിന്ന് ലഭിച്ചു?" ലോകത്തിൻ്റെ വീക്ഷണത്തിൽ, AI എന്നാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നാണ് അർത്ഥമാക്കുന്നത്, എന്നാൽ നമുക്ക് മറ്റൊരൂ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കൂടിയുണ്ട്  നമ്മുടെ AI-എന്നാൽ അഭിലാഷ ഭാരതം (Aspirational Bharat) കൂടിയുണ്ട്. അഭിലാഷ ഭാരതത്തിൻ്റെ ശക്തി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി സംയോജിപ്പിക്കുമ്പോൾ, വികസനത്തിൻ്റെ വേഗത സ്വാഭാവികമായും ത്വരിതപ്പെടുന്നു.

സുഹൃത്തുക്കളേ,

ഞങ്ങളെ സംബന്ധിച്ചിടത്തോളം AI ഒരു സാങ്കേതികവിദ്യ മാത്രമല്ല; ഭാരതത്തിൻ്റെ യുവാക്കൾക്കുള്ള അവസരങ്ങളിലേക്കുള്ള ഒരു പുതിയ കവാടമാണിത്. ഈ വർഷം ഭാരത് ഭാരത് എഐ മിഷൻ ആരംഭിച്ചു. അത് ആരോഗ്യ സംരക്ഷണമോ വിദ്യാഭ്യാസമോ സ്റ്റാർട്ടപ്പുകളോ ആകട്ടെ, ഭാരതം എല്ലാ മേഖലകളിലും AI യുടെ ഉപയോഗം വർദ്ധിപ്പിക്കുകയാണ്. ലോകത്തിന് മികച്ച AI പരിഹാരങ്ങൾ നൽകാനും ഞങ്ങൾ പ്രവർത്തിക്കുന്നു. ക്വാഡ് തലത്തിൽ ഭാരതം നിരവധി സംരംഭങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. മറ്റൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച്- അഭിലാഷ ഭാരതത്തെ കുറിച്ച് ഭാരതം  ഗൗരവത്തോടെയാണ് സമീപിക്കുന്നത്. അത് ഇടത്തരക്കാരോ, സാധാരണക്കാരോ, അവരുടെ ജീവിത സൗകര്യമോ, അവരുടെ ജീവിതനിലവാരമോ, ചെറുകിട സംരംഭകരോ, എംഎസ്എംഇയോ, യുവാക്കളോ, ഭാരതത്തിലെ സ്ത്രീകളോ ആകട്ടെ, എല്ലാവരുടെയും അഭിലാഷങ്ങളെ മുൻനിർത്തിയാണ് ഞങ്ങൾ നയങ്ങൾ രൂപീകരിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും.

സുഹൃത്തുക്കളേ,

കണക്റ്റിവിറ്റിയിൽ നടക്കുന്ന മികച്ച പ്രവർത്തനമാണ് അഭിലാഷ ഭാരതത്തിൻ്റെ ഒരു ഉദാഹരണം. ഫാസ്റ്റ് ഫിസിക്കൽ കണക്റ്റിവിറ്റിയിലും സമ​ഗ്ര കണക്റ്റിവിറ്റിയിലും ഞങ്ങൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു. വികസന അഭിലാഷങ്ങളുള്ള ഒരു സമൂഹത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇത് കൂടുതൽ നിർണായകമാണ്. ഇത്രയും വൈവിധ്യമാർന്ന ഭൂമിശാസ്ത്രമുള്ള ഒരു വലിയ രാജ്യം, അതിൻ്റെ സാധ്യതകൾ യഥാർത്ഥത്തിൽ തിരിച്ചറിയാൻ അതിവേഗം ബന്ധിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ വിമാന യാത്രയിലും ശ്രദ്ധ കേന്ദ്രീകരിച്ചത്. ചെരിപ്പിടുന്നവർക്ക് വിമാനയാത്ര പ്രാപ്യമാക്കണമെന്ന് ഞാൻ ആദ്യം പറഞ്ഞപ്പോൾ, “ഭാരതത്തിൽ ഇതെങ്ങനെ സാധ്യമാകും?” എന്നായിരുന്നു പ്രതികരണം. എന്നാൽ ഞങ്ങൾ മുന്നോട്ട് നീങ്ങി ഉഡാൻ പദ്ധതി ആരംഭിച്ചു. ഇന്ന് ഉഡാൻ എട്ട് വർഷം പൂർത്തിയാക്കി. UDAN ന് കീഴിൽ ഞങ്ങൾ രണ്ട് സ്തംഭങ്ങളിൽ പ്രവർത്തിച്ചു. ആദ്യം, ഞങ്ങൾ ടയർ-2, ടയർ-3 നഗരങ്ങളിൽ വിമാനത്താവളങ്ങളുടെ ഒരു പുതിയ ശൃംഖല നിർമ്മിച്ചു. രണ്ടാമതായി, ഞങ്ങൾ വിമാന യാത്ര താങ്ങാവുന്നതും എല്ലാവർക്കും പ്രാപ്യമാവുന്നതുമാക്കി. ഇതുവരെ, ഏകദേശം 300,000 വിമാനങ്ങൾ UDAN-ന് കീഴിൽ പറന്നുയർന്നു, 1.5 കോടി സാധാരണ പൗരന്മാർ യാത്ര ചെയ്യുന്നു. ഇന്ന്, 600-ലധികം റൂട്ടുകൾ UDAN-ന് കീഴിൽ പ്രവർത്തിക്കുന്നു, അവയിൽ മിക്കതും ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുന്നു. 2014ൽ ഭാരതത്തിന് ഏകദേശം 70 വിമാനത്താവളങ്ങളുണ്ടായിരുന്നു; ഇന്ന് വിമാനത്താവളങ്ങളുടെ എണ്ണം 150 കവിഞ്ഞു. ഉഡാൻ പദ്ധതി സാമൂഹിക അഭിലാഷം വികസനത്തിന് ഊർജം പകരുന്നത് എങ്ങനെയെന്ന് കാണിച്ചുതന്നു.

സുഹൃത്തുക്കളേ,

രാജ്യത്തെ യുവജനങ്ങളുമായി ബന്ധപ്പെട്ട ഏതാനും ഉദാഹരണങ്ങൾ ഞാൻ നിങ്ങൾക്ക് നൽകാം. ഭാരതത്തിൻ്റെ യുവാക്കളെ ആഗോള വളർച്ചയെ നയിക്കാൻ കഴിയുന്ന ശക്തിയാക്കി മാറ്റാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഗവേഷണം, തൊഴിൽ എന്നിവയ്ക്ക് ഞങ്ങൾ ശക്തമായ ഊന്നൽ നൽകുന്നത്. കഴിഞ്ഞ 10 വർഷമായി ഈ മേഖലകളിൽ ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങളുടെ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ടൈംസ് ഉന്നത വിദ്യാഭ്യാസ റാങ്കിംഗ് പുറത്തിറങ്ങി, ഗവേഷണ നിലവാരത്തിൽ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച രാജ്യമാണ് ഭാരതം. കഴിഞ്ഞ 8-9 വർഷങ്ങളിൽ, ഇന്ത്യൻ സർവ്വകലാശാലകളുടെ പങ്കാളിത്തം 30-ൽ നിന്ന് 100-ലധികമായി വർദ്ധിച്ചു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഭാരതത്തിൻ്റെ സാന്നിധ്യം 300% വർദ്ധിച്ചു. ഇന്ന്, പേറ്റൻ്റുകളുടെയും വ്യാപാരമുദ്രകളുടെയും എണ്ണം എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഭാരതം ലോകത്തിൻ്റെ ഗവേഷണ-വികസനത്തിൻ്റെ പ്രധാന കേന്ദ്രമായി മാറുകയാണ്. ഏകദേശം 2,500 കമ്പനികൾക്ക് ഭാരതത്തിൽ ഗവേഷണ കേന്ദ്രങ്ങളുണ്ട്. ഭാരതത്തിൻ്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും അഭൂതപൂർവമായ വളർച്ച കൈവരിച്ചു.

സുഹൃത്തുക്കളേ,

ഭാരതത്തിലെ ഈ വ്യാപകമായ മാറ്റങ്ങൾ ലോകത്തിൻ്റെ വിശ്വാസത്തിൻ്റെ അടിത്തറയായി മാറുകയാണ്. ഇന്ന്, പല മേഖലകളിലും ആഗോള ഭാവി രൂപപ്പെടുത്തുന്നതിൽ ഭാരതം നേതൃത്വം നൽകുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വസ്ത പങ്കാളിയായാണ് ലോകം ഭാരതത്തെ കാണുന്നത്. കൊവിഡിൻ്റെ നാളുകൾ ഓർക്കുക - അവശ്യ മരുന്നുകളും വാക്‌സിനുകളും ഉത്പാദിപ്പിക്കാനുള്ള നമ്മുടെ കഴിവിന് കോടിക്കണക്കിന് ഡോളർ നമുക്ക് സമ്പാദിക്കാമായിരുന്നു, അത് ഭാരതത്തിന് ഗുണം ചെയ്യുമായിരുന്നു, പക്ഷേ മനുഷ്യരാശിക്ക് നഷ്ടമാകുമായിരുന്നു. അത് നമ്മുടെ ധാർമ്മികതയല്ല. നൂറുകണക്കിന് രാജ്യങ്ങൾക്ക് ആവശ്യമായ സമയത്ത് ഞങ്ങൾ മരുന്നുകളും ജീവൻരക്ഷാ വാക്സിനുകളും നൽകി. പ്രയാസകരമായ സമയങ്ങളിൽ ഭാരതത്തിന് ലോകത്തിന് സംഭാവന നൽകാൻ കഴിയുമെന്നതിൽ ഞാൻ സംതൃപ്തനാണ്.

സുഹൃത്തുക്കളേ,

നിസ്സാരമായി കരുതുന്ന ബന്ധങ്ങൾ ഭാരതം കെട്ടിപ്പടുക്കുന്നില്ല. നമ്മുടെ ബന്ധങ്ങൾ വിശ്വാസത്തിലും വിശ്വാസ്യതയിലും അധിഷ്ഠിതമാണ്, ലോകം ഇത് മനസ്സിലാക്കുന്നു. ഭാരതത്തിന്റെ പുരോ​ഗതി ലോകത്തിന് സന്തോഷം പ്രദാനം ചെയ്യുന്നു. അതു പോലെ ഭാരതം വിജയിക്കുമ്പോൾ, ലോകത്തിനും അത് നല്ല കാര്യമായി തോന്നുന്നു. ഉദാഹരണത്തിന് സമീപകാല ചന്ദ്രയാൻ ദൗത്യം എടുക്കുക. ലോകം മുഴുവൻ അത് ഒരു ഉത്സവം പോലെ ആഘോഷിച്ചു. ഭാരതം പുരോഗമിക്കുമ്പോൾ അത് അസൂയയുടെയോ സന്ദേഹത്തിന്റേയോ വികാരങ്ങൾ ഉളവാക്കുന്നില്ല. പകരം, ഭാരതത്തിൻ്റെ പുരോഗതി ലോകത്തിനാകെ ഗുണം ചെയ്യുന്നതിനാൽ ലോകം സന്തോഷിക്കുന്നു. കഴിഞ്ഞ കാലത്ത് ആഗോള വളർച്ചയെ നയിക്കുന്ന ഒരു നല്ല ശക്തിയായി ഭാരതം എങ്ങനെ വർത്തിച്ചു എന്നും, ഭാരതത്തിൻ്റെ ആശയങ്ങളും നവീനത്വവും ഉൽപന്നങ്ങളും നൂറ്റാണ്ടുകളോളം ലോകത്ത് സ്വാധീനം ചെലുത്തിയതെങ്ങനെ എന്നും നമുക്കേവർക്കും അറിയാം. എന്നാൽ പിന്നീട് കാലം മാറി, ഭാരതം കോളനിവൽക്കരണത്തിൻ്റെ ഒരു നീണ്ട കാലഘട്ടത്തിൽ അകപ്പെട്ടു, അത് നമ്മെ പിന്നിലാക്കി.  വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് ഭാരതവും കോളനിവൽക്കരിക്കപ്പെട്ടു, ഇത് വ്യാവസായിക വിപ്ലവത്തിൽ നിന്നുള്ള പ്രയോജനം നേടുന്നതിൽ നിന്ന് നമ്മെ തടഞ്ഞു. ആ കാലം ഭാരതത്തിൻ്റെ കൈകളിൽ നിന്ന് വഴുതിപ്പോയിരുന്നു, എന്നാൽ ഇന്ന് ഇത് ഭാരതത്തിൻ്റെ സമയമാണ്. ഇത് ഇൻഡസ്ട്രി 4.0 യുഗമാണ്. ഭാരതം ഇനി അടിമയല്ല; 75 വർഷമായി ഞങ്ങൾ സ്വതന്ത്രരാണ്. അതിനാൽ, ഞങ്ങൾ ഇപ്പോൾ പൂർണ്ണമായും സജ്ജരാണ്.

സുഹൃത്തുക്കളേ,

വ്യവസായം 4.0 ന് ആവശ്യമായ വൈദഗ്ധ്യവും അടിസ്ഥാന സൗകര്യങ്ങളും ഭാരതം അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, നിരവധി ആഗോള പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെടാൻ എനിക്ക് അവസരം ലഭിച്ചു. ലോകമെമ്പാടുമുള്ള ജി-20, ജി-7 ഉച്ചകോടികളിൽ ഞാൻ ഭാഗമായിരുന്നു. 10 ദിവസം മുമ്പ് ഞാൻ ആസിയാൻ ഉച്ചകോടിക്കായി ലാവോസിൽ പോയിരുന്നു. ഭാരതത്തിൻ്റെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) മിക്കവാറും എല്ലാ ഉച്ചകോടികളിലും ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നറിയുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ട്. ഇന്ന് ലോകം ഭാരതത്തിൻ്റെ ഡിപിഐയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നമ്മുടെ പ്രിയ സുഹൃത്തും ഭാരതത്തിൻ്റെ ആരാധകനുമായ മിസ്റ്റർ പോൾ റോമർ ഞങ്ങളോടൊപ്പം ഇവിടെയുണ്ട്. യുഎസിൽ ഉൾപ്പെടെ നിരവധി ആശയങ്ങൾ അദ്ദേഹവുമായി മുമ്പ് വിശദമായി ചർച്ച ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്, ഞങ്ങളുടെ സംഭാഷണങ്ങളിൽ പോൾ ഭാരതിൻ്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെയും ആധാർ, ഡിജിലോക്കർ പോലുള്ള നൂതനത്വങ്ങളെയും പ്രശംസിച്ചിട്ടുണ്ട്. പ്രധാന ഉച്ചകോടികളിൽ, ഭാരതം എങ്ങനെയാണ് ഇത്രയും അവിശ്വസനീയമായ DPI വികസിപ്പിച്ചെടുത്തതെന്ന് ആളുകൾ പലപ്പോഴും ആശ്ചര്യം പ്രകടിപ്പിക്കാറുണ്ട്.

സുഹൃത്തുക്കളേ,

ഇൻറർനെറ്റ് യുഗത്തിൽ ഭാരതത്തിന് ആദ്യ നേട്ടം ഉണ്ടായിരുന്നില്ല. ഈ നേട്ടമുള്ള രാജ്യങ്ങളിൽ, സ്വകാര്യ പ്ലാറ്റ്‌ഫോമുകളും നവീകരണങ്ങളും ഡിജിറ്റൽ ഇടത്തെ നയിച്ചു, ലോകത്തിന് ഒരു വിപ്ലവം കൊണ്ടുവന്നു. എന്നിരുന്നാലും, ആനുകൂല്യങ്ങൾ പരിമിതമായിരുന്നു. മറിച്ച്, ഭാരതം ലോകത്തിന് ഒരു പുതിയ മാതൃക അവതരിപ്പിച്ചു. ഭാരതം സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിച്ചു, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലൂടെ ഒരു പുതിയ പാത കാണിക്കുന്നു. ഇന്ന് ഭാരതത്തിൽ, ​ഗവൺമെന്റ് ഒരു പ്ലാറ്റ്ഫോം നിർമ്മിക്കുന്നു, ദശലക്ഷക്കണക്കിന് പുതിയ കണ്ടുപിടുത്തങ്ങൾ അതിൽ സംഭവിക്കുന്നു. ഞങ്ങളുടെ JAM കണക്റ്റിവിറ്റി-ജൻ ധൻ, ആധാർ, മൊബൈൽ- സേവനങ്ങൾ വേഗത്തിലും ചോർച്ച രഹിതമായും ഡെലിവറി ചെയ്യുന്നതിനുള്ള ഒരു മികച്ച സംവിധാനമായി മാറിയിരിക്കുന്നു. ഉദാഹരണത്തിന് ഞങ്ങളുടെ UPI എടുക്കുക. യു പി ഐ കാരണം ഫിൻടെക്ക് ഭാരതത്തിൽ വൻ വളർച്ച കൈവരിച്ചു. ഓരോ ദിവസവും, 500 ദശലക്ഷത്തിലധികം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നു, ഇതിനു പിന്നിൽ കോർപ്പറേഷനുകളല്ല, മറിച്ച് നമ്മുടെ ചെറുകിട കച്ചവടക്കാരും വഴിയോര കച്ചവടക്കാരുമാണ്. നമ്മുടെ പി എം ഗതി ശക്തി പ്ലാറ്റ്ഫോം മറ്റൊരു ഉദാഹരണമാണ്. അടിസ്ഥാന സൗകര്യ പദ്ധതികളുടെ സമയത്ത് ഉയർന്നുവന്ന ചങ്ങലകളെ മറികടക്കാൻ ഞങ്ങൾ പി എം ഗതി ശക്തി സൃഷ്ടിച്ചു. ഇന്ന്, അത് നമ്മുടെ ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റത്തെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നു. അതുപോലെ, ഞങ്ങളുടെ ഒഎൻഡിസി പ്ലാറ്റ്‌ഫോം ജനാധിപത്യവൽക്കരിക്കുകയും ഓൺലൈൻ റീട്ടെയിലിന് സുതാര്യത കൊണ്ടുവരുകയും ചെയ്യുന്ന ഒരു നവീകരണമാണെന്ന് തെളിയിക്കുകയാണ്. ഡിജിറ്റൽ നവീകരണവും ജനാധിപത്യ മൂല്യങ്ങളും ഒരുമിച്ച് നിലനിൽക്കുമെന്ന് ഭാരതം തെളിയിച്ചു. സാങ്കേതികവിദ്യ ഉൾപ്പെടുത്തൽ, സുതാര്യത, ശാക്തീകരണം എന്നിവയ്ക്കുള്ള ഉപകരണമാണ്, നിയന്ത്രണത്തിനും വിഭജനത്തിനും വേണ്ടിയല്ലെന്ന് ഭാരത് തെളിയിച്ചു.

സുഹൃത്തുക്കളെ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ കാലഘട്ടം മനുഷ്യചരിത്രത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടങ്ങളിലൊന്നാണ്. അത്തരം സമയങ്ങളിൽ, പ്രധാന ആവശ്യങ്ങൾ സ്ഥിരത, സുസ്ഥിരത, പരിഹാരങ്ങൾ എന്നിവയാണ്-ഇവ മനുഷ്യരാശിയുടെ മെച്ചപ്പെട്ട ഭാവിക്ക് അത്യന്താപേക്ഷിതമാണ്. ഇന്ന്, ഭാരതത്തിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയോടെ ഭാരതം ഈ മേഖലകളിൽ പരിശ്രമിക്കുന്നു. ആറ് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് രാജ്യത്തെ ജനങ്ങൾ തുടർച്ചയായി മൂന്നാം തവണയും ഒരു ​ഗവൺമെന്റിന് അധികാരം നൽകുന്നത്. ഇത് സ്ഥിരതയുടെ സന്ദേശമാണ് നൽകുന്നത്. അടുത്തിടെ ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടന്നു, ഈ തെരഞ്ഞെടുപ്പുകളിലും ഭാരതത്തിലെ ജനങ്ങൾ ഈ സ്ഥിരതയെ ശക്തിപ്പെടുത്തി.

സുഹൃത്തുക്കളേ,

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രതിസന്ധി മനുഷ്യരാശിയുടെ മുഴുവൻ പ്രതിസന്ധിയായി മാറിയിരിക്കുന്നു. ഈ മേഖലയിലും ഭാരതം നയിക്കാനാണ് ശ്രമിക്കുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിനുള്ള നമ്മുടെ സംഭാവന വളരെ കുറവാണ്, എന്നിട്ടും ഹരിത പരിവർത്തനത്തെ നമ്മുടെ വളർച്ചയ്ക്ക് ഇന്ധനമാക്കിയിരിക്കുന്നു. ഇന്ന്, സുസ്ഥിരതയാണ് നമ്മുടെ വികസന ആസൂത്രണത്തിൻ്റെ കാതൽ. നമ്മുടെ പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന, വയലുകളിൽ സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി, നമ്മുടെ ഇവി വിപ്ലവം, അല്ലെങ്കിൽ എത്തനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം എന്നിവ നോക്കൂ-അത് വലിയ കാറ്റാടി ഫാമുകളായാലും, എൽഇഡി ലൈറ്റ് ചലനങ്ങളായാലും, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളായാലും, ബയോഗ്യാസ് പ്ലാൻ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യമാണെങ്കിലും ഞങ്ങളുടെ ഏതെങ്കിലും പ്രോഗ്രാമുകളോ സ്കീമുകളോ നിങ്ങൾ നോക്കുകയാണെങ്കിൽ, എല്ലാ പ്രോഗ്രാമുകളിലും സ്കീമുകളിലും ഹരിത ഭാവിക്കും ഹരിത ജോലികൾക്കുമുള്ള ശക്തമായ പ്രതിബദ്ധത നിങ്ങൾ കണ്ടെത്താനാകും.

സുഹൃത്തുക്കളേ,

സ്ഥിരതയ്ക്കും സുസ്ഥിരതയ്ക്കും ഒപ്പം, ഭാരതം ഇപ്പോൾ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ആവശ്യമായ നിരവധി പരിഹാരങ്ങളിൽ ഭാരതം  പ്രവർത്തിച്ചിട്ടുണ്ട്. ഇൻ്റർനാഷണൽ സോളാർ അലയൻസ്, ഡിസാസ്റ്റർ റസിലൻ്റ് ഇൻഫ്രാസ്ട്രക്ചർ, ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴി, ആഗോള ജൈവ ഇന്ധന സഖ്യം, യോഗ, ആയുർവേദം, മിഷൻ ലൈഫ്, അല്ലെങ്കിൽ മിഷൻ മില്ലറ്റ്സ് എന്നിങ്ങനെയുള്ള എല്ലാ സംരംഭങ്ങളും ലോകത്തിന്റെ വെല്ലുവിളികൾക്ക് പരിഹാരം നൽകുന്നു. .

സുഹൃത്തുക്കളേ,

ഭാരതത്തിൻ്റെ വർദ്ധിച്ചുവരുന്ന കഴിവുകളിലൂടെ ലോകത്തിൻ്റെ പുരോഗതി ഉറപ്പാക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഭാരതം എത്രത്തോളം പുരോഗമിക്കുന്നുവോ അത്രത്തോളം ലോകത്തിന് പ്രയോജനപ്പെടും. ഭാരതത്തിൻ്റെ നൂറ്റാണ്ട് ഭാരതത്തിൻ്റെ വിജയം മാത്രമല്ല, എല്ലാ മനുഷ്യരാശിയുടെയും വിജയമായിരിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാവരുടെയും കഴിവുകളിലൂടെ മുന്നേറുന്ന ഒരു നൂറ്റാണ്ട്, എല്ലാവരുടെയും നവീനതളാൽ സമ്പന്നമായ ഒരു നൂറ്റാണ്ട്, ദാരിദ്ര്യത്തിൽ നിന്ന് മുക്തമായ ഒരു നൂറ്റാണ്ട്, എല്ലാവർക്കും പുരോഗമിക്കാൻ അവസരങ്ങളുള്ള ഒരു നൂറ്റാണ്ട്, ഭാരതത്തിൻ്റെ പ്രയത്നങ്ങൾ ലോകത്തിന് സ്ഥിരതയും സമാധാനവും നൽകുന്ന നൂറ്റാണ്ട്. ഈ ഉർജ്ജത്തോടെ, എന്നെ ഇങ്ങോട്ട് ക്ഷണിച്ചതിനും ഈ അവസരം തന്നതിനും എൻഡിടിവിയോട് ഞാൻ വീണ്ടും നന്ദി രേഖപ്പെടുത്തുന്നു. ഈ ഉച്ചകോടിയുടെ വിജയത്തിന് ഞാൻ ആശംസകൾ നേരുന്നു.

വളരെ നന്ദി.

***


(Release ID: 2094725) Visitor Counter : 28