ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

‘എന്റിറ്റി ലോക്കർ’: ബിസിനസ് രേഖകളുടെ കാര്യക്ഷമമായ  നിര്‍വഹണത്തിന് ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയം വികസിപ്പിച്ചെടുത്ത ഒരു ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം

Posted On: 20 JAN 2025 5:51PM by PIB Thiruvananthpuram
അധികച്ചെലവ് കുറയ്ക്കാനും പ്രക്രിയകൾ വേഗത്തിലാക്കാനും ബിസിനസ് കാര്യക്ഷമത വർധിപ്പിക്കാനും  രേഖകളുടെ തത്സമയ ലഭ്യത, 10GB ഓണ്‍ലൈന്‍ സ്റ്റോറേജ്, ഡിജിറ്റൽ ഒപ്പ് എന്നീ  സേവനങ്ങള്‍

വ്യാപാരികളുടെയും സ്ഥാപനങ്ങളുടെയും വിവിധ രേഖകളുടെ നിര്‍വഹണവും പരിശോധനയും പരിവർത്തനപ്പെടുത്തതുന്നതിന് ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലെ ദേശീയ ഇ-ഗവേണൻസ് വിഭാഗം (NeGD)  രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത നൂതന ഡിജിറ്റൽ സംവിധാനമാണ് എന്റിറ്റി ലോക്കർ.

ബിസിനസുകള്‍ക്ക് സുരക്ഷിത ഓണ്‍ലൈന്‍ പരിഹാരം

വന്‍കിട സ്ഥാപനങ്ങൾ, തൊഴില്‍സംഘങ്ങള്‍, സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSME-കൾ), വ്യാപാര കൂട്ടായ്മകള്‍, സ്റ്റാർട്ടപ്പുകൾ, സൊസൈറ്റികൾ എന്നിവയടക്കം വിവിധ സ്ഥാപനങ്ങളുടെ രേഖകള്‍ സൂക്ഷിക്കല്‍, പങ്കിടൽ, പരിശോധിക്കല്‍ എന്നീ പ്രക്രിയകള്‍ ലളിതമാക്കുന്ന സുരക്ഷിതവും ക്ലൗഡ്-അധിഷ്ഠിതവുമായ സംവിധാനമാണ് എന്റിറ്റി ലോക്കർ. മെച്ചപ്പെട്ട ഡിജിറ്റൽ ഭരണ നിര്‍വഹണത്തിനും പ്രക്രിയകള്‍ എളുപ്പമാക്കുന്നതിനുമുള്ള 2024-25 ലെ കേന്ദ്ര ബജറ്റ് കാഴ്ചപ്പാടുമായി ചേര്‍ന്നുനില്‍ക്കുന്ന ഈ സംവിധാനം ഇന്ത്യന്‍ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ ഒരു നിർണായക ഘടകമാണ്.

ഒന്നിലധികം സർക്കാർ, നിയന്ത്രണ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ശക്തമായ  സാങ്കേതിക ചട്ടക്കൂടില്‍ നിർമിച്ചിരിക്കുന്ന എന്റിറ്റി ലോക്കർ ഇക്കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു:
  • സർക്കാർ വിവരശേഖരങ്ങളുമായി സംയോജിപ്പിച്ച് രേഖകളുടെ തത്സമയ ലഭ്യതയും പരിശോധനയും
  • രഹസ്യവിവരങ്ങള്‍ സുരക്ഷിതമായി പങ്കിടുന്നതിന് സമ്മതാധിഷ്ഠിത സംവിധാനങ്ങൾ
  • ഉത്തരവാദിത്തം ഉറപ്പാക്കാൻ ആധാർ ഉപയോഗിച്ച് സ്ഥിരീകരിച്ച വ്യക്തി-അധിഷ്ഠിത പ്രവേശന നിര്‍വഹണം
  • രേഖകളുടെ സുരക്ഷിത നിര്‍വഹണത്തിന് 10-ജിബി രഹസ്യകോഡ്-അധിഷ്ഠിത ക്ലൗഡ് സൂക്ഷിപ്പ്
  • രേഖകൾ പ്രാമാണീകരിക്കുന്നതിന്  നിയമപരമായി സാധുതയുള്ള ഡിജിറ്റൽ ഒപ്പുകൾ
ഈ സവിശേഷതകൾ ഏകീകരിക്കുന്നതിലൂടെ നിര്‍വഹണപരമായ അധികച്ചെലവ് കുറയ്ക്കാനും നടപടിക്രമങ്ങളുടെ സമയം ലഘൂകരിക്കാനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

എന്റിറ്റി ലോക്കറിന്റെ ഗുണങ്ങളില്‍ ചിലത് ഇവയാണ്:  
  • ബിസിനസ് പങ്കാളികളുമായും കൂട്ടായ്മയുമായും രേഖകളുടെ പങ്കിടലും ലഭ്യതയും കാര്യക്ഷമമാക്കുന്നു.
  • എന്റിറ്റി ലോക്കറിന്റേതായ സവിശേഷതകളാല്‍ നിയന്ത്രണങ്ങളും റിപ്പോർട്ടിംഗ് ആവശ്യകതകളും പാലിക്കുന്നത് ലളിതമാക്കുന്നു.
  • രേഖകളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പിന്തുടരുന്നതിലൂടെ   ഉത്തരവാദിത്തം ഉറപ്പാക്കുന്നു.
  • നിര്‍വഹണപരമായ അധികച്ചെലവ്  കുറയ്ക്കുന്നതിന് രേഖകളുടെ സൂക്ഷിപ്പും സുരക്ഷയും ഏകീകരിക്കുന്നു.
  • രേഖകളുടെ നടപടിക്രമങ്ങള്‍ക്ക് സമയവും പ്രവർത്തന തടസ്സങ്ങളും കുറയ്ക്കുന്നു.

സർക്കാർ സ്ഥാപനങ്ങളുമായി സുഗമമായ സംയോജനം

കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ചരക്ക് സേവന നികുതി ശൃംഖല (GSTN), വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (DGFT), മറ്റ് നിയന്ത്രണ സ്ഥാപനങ്ങൾ തുടങ്ങിയ സംവിധാനങ്ങളുമായുള്ള എന്റിറ്റി ലോക്കറിന്റെ സുഗമമായ സംയോജനം ബിസിനസുകൾക്ക് നിർണായക രേഖകളിലേക്ക് തൽക്ഷണ പ്രവേശനം ഉറപ്പാക്കുന്നു. ഈ സംയോജനം ലളിതമായ അനുവര്‍ത്തന പ്രക്രിയകള്‍ സുഗമമാക്കുകയും രേഖകളുടെ കാര്യക്ഷമമായ നിര്‍വഹണം ഉറപ്പാക്കുകയും ചെയ്യുന്നു.

എന്റിറ്റി ലോക്കര്‍ പിന്തുണയ്ക്കുന്ന വിവിധ പ്രായോഗിക തലങ്ങളില്‍ ചിലത് ഇവയാണ്:
  • രേഖകള്‍ സൂക്ഷിക്കുന്ന പോർട്ടലിൽ വില്പനക്കാരുടെ പരിശോധന
  • എംഎസ്എംഇകൾക്കുള്ള വായ്പാ അപേക്ഷകൾ വേഗത്തില്‍
  • ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അനുവര്‍ത്തന രേഖ
  • ജിഎസ്ടിഎൻ, എംസിഎ, ടെൻഡറിംഗ് പ്രക്രിയകളില്‍ രജിസ്ട്രേഷൻ സമയത്ത് വില്പനക്കാരുടെ പരിശോധന
  • ഘടനാപരമായി സജ്ജീകരിച്ച കോർപ്പറേറ്റ് വാർഷിക ഫയലിംഗുകൾ

കേവലം സാങ്കേതിക കണ്ടുപിടുത്തിനപ്പുറം

എന്റിറ്റി ലോക്കർ കേവലം സാങ്കേതിക കണ്ടുപിടുത്തമല്ലെന്ന് MeitY-യിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഭരണപരമായ തര്‍ക്കങ്ങൾ കുറയ്ക്കുന്നതിനും, ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത തന്ത്രപരമായ സംരംഭമാണിത്. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും കാര്യക്ഷമവുമായ ഒരു ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ സംവിധാനം പ്രതിഫലിപ്പിക്കുന്നത്.

ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി ഭരണപരമായ സങ്കീർണ്ണ വെല്ലുവിളികൾ പരിഹരിക്കുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെ നൂതന ഉപയോഗത്തിന് ഉദാഹരണമാണ് എന്റിറ്റി ലോക്കർ. ഘട്ടം ഘട്ടമായുള്ള നടപ്പാക്കലിലൂടെ കൂടുതൽ സർക്കാർ പ്ലാറ്റ്‌ഫോമുകളുമായും ഏജൻസികളുമായും ഇത് സംയോജിപ്പിക്കും.  

പ്രവർത്തന കാര്യക്ഷമതയും വഴക്കവും വർധിപ്പിക്കുന്നതിന് ബിസിനസുകള്‍ക്കും  റെഗുലേറ്റർമാർക്കും മറ്റ് പങ്കാളികൾക്കും പരിവർത്തനാത്മകമായ ഈ ഡിജിറ്റൽ  സംവിധാനം സ്വീകരിക്കാം.  

എന്റിറ്റി ലോക്കർ സന്ദർശിക്കാം: https://entity.digilocker.gov.in/

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: partners@digitallocker.gov.in 

(Release ID: 2094693) Visitor Counter : 21


Read this release in: English , Urdu , Hindi