വാര്ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഭൂതലപ്രക്ഷേപകർക്കുള്ള കാര്യനിർവഹണ ചട്ടക്കൂട്
Posted On:
15 JAN 2025 3:29PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ, ടിവി പ്രക്ഷേപണ സേവനങ്ങൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളുന്ന ‘ഇന്ത്യയിലെ ഉപഗ്രഹ ടെലിവിഷൻ ചാനലുകളുടെ അപ്ലിങ്കിങ്ങിനും ഡൗൺലിങ്കിങ്ങിനുമുള്ള മാർഗനിർദേശങ്ങൾ, 2022’, പ്രക്ഷേപകർ അവരുടെ ചാനലുകൾ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോം ഓപ്പറേറ്റർമാർക്ക് (DPO) നൽകുന്നതിന് ഉപഗ്രഹ മാധ്യമം ഉപയോഗിക്കുന്നത് നിർബന്ധമാക്കി. സാങ്കേതികവിദ്യയിലെ പുരോഗതി പ്രക്ഷേപകർക്ക് അവരുടെ ടെലിവിഷൻ ചാനലുകൾ, വയർലൈൻ (ഉദാ. കേബിൾ/ഫൈബർ മുതലായവ) അല്ലെങ്കിൽ വയർലെസ് (ഉദാ. സെല്ലുലാർ/മൈക്രോവേവ്/വൈ-ഫൈ മുതലായവ)/ഇന്റർനെറ്റ്/ക്ലൗഡ് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഭൂതലമായി നൽകുന്നത് സാധ്യമാക്കി. ഇ-ട്രാൻസ്മിഷനുവേണ്ടി ഒരേസമയം വിവിധ ഡിപിഒ ശൃംഖലകളിലേക്കു ഭൂതലപ്രക്ഷേപണം നടത്തുന്ന ചാനലുകൾ എത്തിക്കാൻ കഴിയും. ഈ പുരോഗതി കണക്കിലെടുക്കുമ്പോൾ, സേവനദാതാക്കൾക്ക് സാങ്കേതിക പുരോഗതി പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കുന്ന ചട്ടക്കൂട് സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.
1997 ലെ TRAI നിയമത്തിലെ 11(1)(എ) വകുപ്പുപ്രകാരം ‘ഭൂതല പ്രക്ഷേപകർക്കുള്ള കാര്യനിർവഹണ ചട്ടക്കൂട്’ എന്ന വിഷയത്തിൽ 2024 മെയ് 22 ലെ കത്തിലൂടെ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം TRAI-യുടെ ശുപാർശകൾ തേടിയിട്ടുണ്ട്.
ഇതനുസരിച്ച്, 2024 ഒക്ടോബർ 18ന് ‘ഭൂതല പ്രക്ഷേപകർക്കുള്ള കാര്യനിർവഹണ ചട്ടക്കൂട്’ എന്ന ശീർഷകത്തിൽ TRAI കൂടിയാലോചനാപത്രം പുറത്തിറക്കി. കൂടിയാലോചനാപ്രക്രിയയിൽ ലഭിച്ച അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും TRAI വെബ്സൈറ്റിൽ ലഭ്യമാണ്. കൂടിയാലോചനാപ്രക്രിയയുടെ ഭാഗമായി, 2024 ഡിസംബർ 20ന് അനൗദ്യോഗിക ചർച്ച (OHD) നടന്നു.
അഭിപ്രായങ്ങൾ, എതിരഭിപ്രായങ്ങൾ, OHD സമയത്ത് ശേഖരിച്ച വിവരങ്ങൾ, സ്വന്തം വിശകലനം എന്നിവയുടെ അടിസ്ഥാനത്തിൽ, ‘ഭൂതല പ്രക്ഷേപകർക്കുള്ള കാര്യനിർവഹണ ചട്ടക്കൂട്’ എന്നതിനെക്കുറിച്ചുള്ള ശുപാർശകൾ TRAI അന്തിമമാക്കി. ശുപാർശകളുടെ പ്രധാന വസ്തുതകൾ ചുവടെ:
a. ഭൂതല പ്രക്ഷേപകർക്കുള്ള ചട്ടക്കൂട് ഉപഗ്രഹ ആശയവിനിമയ മാധ്യമവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കി, ഭൂതല പ്രക്ഷേപണ മാതൃകയ്ക്കു ബാധകമായ പരിധി വരെ, പരമ്പരാഗത ഉപഗ്രഹതല പ്രക്ഷേപകർക്കുള്ള ‘ഇന്ത്യയിലെ ഉപഗ്രഹ ടെലിവിഷൻ ചാനലുകളുടെ അപ്ലിങ്കിങ്ങിനും ഡൗൺലിങ്കിങ്ങിനുമുള്ള മാർഗനിർദേശങ്ങൾ, 2022’-ൽ അടങ്ങിയിരിക്കുന്ന ചട്ടക്കൂടിന് സമാനമായിരിക്കും.
b. ഭൂതലപ്രക്ഷേപകരുടെ ലക്ഷ്യം തുടർന്നുള്ള പുനഃപ്രക്ഷേപണത്തിനായി, ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോം ഓപ്പറേറ്റർമാർക്ക് (DPO) ഭൂതല ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ച് ടെലിവിഷൻ ചാനലുകൾ നൽകുക എന്നതാണ്.
c. ഭൂതല പ്രക്ഷേപകർക്ക് ചാനലുകൾ എത്തിക്കുന്നതിന് ഏതെങ്കിലും ഭൂതല ആശയവിനിമയ മാധ്യമം(മാധ്യമങ്ങൾ) ഉപയോഗിക്കാം. ഭൂതല ആശയവിനിമയ സാങ്കേതികവിദ്യകളുടെയോ സംവിധാനങ്ങളുടെയോ ഉപയോഗത്തിന് നിയന്ത്രണമേതും ഉണ്ടായിരിക്കില്ല. മാത്രമല്ല, സ്ഥാപനത്തിന് അതിന്റെ നടപടിക്രമങ്ങൾ അനുസരിച്ച് ഒന്നിലധികം സംവിധാനങ്ങൾ ഉപയോഗിക്കാം.
d. അനുവദനീയമായ ചാനലിന്, കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ, ഭൂതല പ്രക്ഷേപകർക്ക് (GBB) പ്രക്ഷേപണത്തിനായി ഉപഗ്രഹ മാധ്യമത്തിലേക്ക് മാറാനോ അധികമായി ഉപയോഗിക്കാനോ കഴിയും. അതുപോലെ, കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ, ഉപഗ്രഹതല പ്രക്ഷേപകർക്ക് (SBB) പ്രക്ഷേപണത്തിനായി ഭൂതല ആശയവിനിമയ മാധ്യമത്തിലേക്ക് മാറാനോ അധികമായി ഉപയോഗിക്കാനോ കഴിയും.
e. ഭൂതല പ്രക്ഷേപകരുടെ സേവന മേഖല ദേശീയതലത്തിലായിരിക്കും.
f .സൗജന്യ പരസ്യ പിന്തുണയുള്ള സ്ട്രീമിംഗ് ടെലിവിഷൻ (FAST) ചാനലുകൾ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ/നയ ചട്ടക്കൂട് പാലിക്കുന്നുണ്ടോ എന്ന് വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം പരിശോധിച്ചേക്കാം. ആവശ്യമെങ്കിൽ, TRAI-യുമായി കൂടിയാലോചിച്ച് അത്തരം ചാനലുകൾക്ക് ആവശ്യമായ നയ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിക്കുകയും ചെയ്യും.
g.ഭൂതല പ്രക്ഷേപകർക്ക് ബാധകമായ പരിധി വരെ, 'ടെലികോം, പ്രക്ഷേപണ മേഖലയിൽ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കൽ' സംബന്ധിച്ച ശുപാർശകൾ അതോറിറ്റി 2023 മെയ് 2-ന് ആവർത്തിച്ചു വ്യക്തമാക്കി
ശുപാർശകൾ TRAI യുടെ വെബ്സൈറ്റിൽ (www.trai.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കോ വിവരങ്ങൾക്കോ, TRAI യുടെ ഉപദേഷ്ടാവ് (B&CS) ഡോ. ദീപാലി ശർമ്മയെ +91-11-20907774 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടാം.
*****
(Release ID: 2093268)