ഉപരാഷ്ട്രപതിയുടെ കാര്യാലയം
കാലാവധി ദീർഘിപ്പിക്കുന്നത് ജോലിക്കായി കാത്തിരിക്കുന്നവർക്കു തിരിച്ചടിയാണ്; അത് പ്രതീക്ഷയെന്ന യുക്തിസഹമായ തത്വത്തിനു വിഘാതമാകുന്നു: ഉപരാഷ്ട്രപതി
Posted On:
11 JAN 2025 2:25PM by PIB Thiruvananthpuram
“ഒരു പ്രത്യേക തസ്തികയിൽ ഏതെങ്കിലും രൂപത്തിലുള്ള ദീർഘിപ്പിക്കലുകൾ ജോലി കാത്തിരിക്കുന്നവർക്കു തിരിച്ചടിയാണ്. അവ പ്രതീക്ഷയെന്ന യുക്തിസഹമായ തത്വത്തിനു വിഘാതമാകുന്നു. നമുക്ക് പ്രതീക്ഷയുടെ സിദ്ധാന്തമുണ്ട്. ഒരു പ്രത്യേക ദിനചര്യയിൽ തുടരാൻ ജനങ്ങൾ പതിറ്റാണ്ടുകൾ ചെലവഴിക്കുന്നു. ദീർഘിപ്പിക്കലുകൾ സൂചിപ്പിക്കുന്നത് ചില വ്യക്തികൾ ഒഴിച്ചുകൂടാൻ കഴിയാത്തവരാണെന്നാണ്. അനിവാര്യത എന്നത് മിഥ്യയാണ്. വൈദഗ്ധ്യം ധാരാളമുള്ള രാജ്യമാണിത്. ആരും ഒഴിച്ചുകൂടാനാകാത്തവരല്ല. ഇത്തരം കാര്യങ്ങളിൽ പങ്കുവഹിക്കാനാകുന്നത് സംസ്ഥാന-കേന്ദ്ര തലങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷനുകൾക്കാണ്. അതിനാൽ, അത്തരം സാഹചര്യങ്ങൾ വരുമ്പോൾ അവർ ഉറച്ചുനിൽക്കണം” - ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു.
കർണാടകയിലെ ബെംഗളൂരുവിൽ എല്ലാ സംസ്ഥാനങ്ങളിലെയും പബ്ലിക് സർവീസ് കമ്മീഷൻ അധ്യക്ഷരുടെ 25-ാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “അങ്ങേയറ്റം സംയമനത്തോടെയാണ് ഞാൻ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. പബ്ലിക് സർവീസ് കമ്മീഷനുകൾക്ക്, നിയമനം രക്ഷാകർതൃത്വത്തിലൂടെയോ പക്ഷപാതത്തിലൂടെയോ കൊണ്ടുപോകാൻ കഴിയില്ല. ചില പ്രവണതകൾ കാണുന്നു. അവയെക്കുറിച്ച് ചർച്ചചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അവയിൽ ചിലത് വളരെ വേദനാജനകമാണ്. നമ്മുടെ മനസ്സാക്ഷിയോട് നാം കണക്കു പറയണം. ഒരു പ്രത്യേക പ്രത്യയശാസ്ത്രവുമായോ വ്യക്തിയുമായോ ബന്ധമുള്ള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനോ അംഗമോ നമുക്ക് ഉണ്ടാകാൻ പാടില്ല. അത് ഭരണഘടനയുടെ ചട്ടക്കൂടിന്റെ സത്തയും ചൈതന്യവും ഇല്ലാതാക്കും.” – അദ്ദേഹം പറഞ്ഞു.
വിരമിക്കലിനു ശേഷമുള്ള നിയമനങ്ങൾ ചൂണ്ടിക്കാട്ടി ശ്രീ ധൻഖർ പറഞ്ഞതിങ്ങനെ: “വിരമിക്കലിനു ശേഷമുള്ള നിയമനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കും . ചില സംസ്ഥാനങ്ങളിൽ ഇത് ഘടനാപരമാണ്. ഒരിക്കലും വിരമിക്കാത്ത ജീവനക്കാരുണ്ട്; പ്രത്യേകിച്ച് സുപ്രധാന സേവനങ്ങളിലുള്ളവർ. അവർക്ക് പ്രത്യേക ആവശ്യങ്ങൾക്കായുള്ള നിരവധി നിയമനങ്ങൾ ലഭിക്കുന്നു. ഇത് നല്ലതല്ല. രാജ്യത്തെ എല്ലാവർക്കും അർഹത ഉണ്ടായിരിക്കണം. ആ അർഹത നിയമപ്രകാരം നിർവചിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതൊരു ഔദാര്യവും ഭരണഘടനാ സ്രഷ്ടാക്കൾ വിഭാവനം ചെയ്തതിനു വിരുദ്ധമാണ്.”
ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ശ്രീ ധൻഖർ “ഇതൊരു ഭീഷണിയാണ്. നിങ്ങൾ നിയന്ത്രണം കൊണ്ടുവരണം. ചോദ്യപ്പേപ്പർ ചോർച്ചയുണ്ടെങ്കിൽ നിങ്ങൾ നടത്തുന്നതു ന്യായമായ തെരഞ്ഞെടുപ്പാണെന്നു പറയുന്നതിൽ അർഥമില്ല. ചോദ്യപ്പേപ്പർ ചോർച്ച കച്ചവടമായി മാറിയിരിക്കുന്നു. എത്ര ബുദ്ധിമുട്ടുള്ള ചോദ്യമായിരിക്കും? നാമത് എങ്ങനെ നേരിടും? എന്ന തരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും പരീക്ഷകളെ ഭയപ്പെട്ടിരുന്നു. ഇപ്പോൾ അവർക്ക് രണ്ടു ഭയങ്ങളുണ്ട്. ഒന്ന് പരീക്ഷയെക്കുറിച്ചുള്ള ഭയം. രണ്ടാമത്തേത് ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ചുള്ള ഭയം. അതിനാൽ, പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ നിരവധി ആഴ്ചകളും മാസങ്ങളുമെടുത്ത് പരമാവധി ശ്രമിക്കുന്ന അവർക്ക് ചോദ്യപ്പേപ്പർ ചോർച്ചയും തിരിച്ചടിയാകുന്നു.” ഉപരാഷ്ട്രപതി പറഞ്ഞു
“നമ്മുടെ ഭരണ സംവിധാനം ഇപ്പോൾ വളരെ വിഭജനപരവും ഏറെ ധ്രുവീകരിക്കപ്പെട്ടതുമാണ്. രാഷ്ട്രീയ സംഘടനകളിൽ സുപ്രധാന തലത്തിൽ ഇടപെടൽ നടക്കുന്നില്ല. രാഷ്ട്രത്തിന്റെ കാര്യമെടുത്താൽ, ലോകം പരിവർത്തന ഘട്ടത്തിലായിരിക്കെ, ഇത് ഇന്ത്യയുടെ നൂറ്റാണ്ടാണെന്നു കാണാം. ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം ഉള്ളപ്പോൾ മാത്രമേ ആ നൂറ്റാണ്ട് ജനങ്ങളുടെ നേട്ടത്തിനായി പൂർണമായും ഫലവത്താക്കാൻ കഴിയൂ. നമുക്ക് രാഷ്ട്രീയാഗ്നി കെടുത്തുന്നതിനുള്ള സങ്കേതങ്ങൾ ആവശ്യമാണ്. രാഷ്ട്രീയ വിഭജനം, ദുഷിച്ച രാഷ്ട്രീയ കാലാവസ്ഥ എന്നിവ നാം നേരിടുന്ന കാലാവസ്ഥാവ്യതിയാനത്തേക്കാൾ വളരെ അപകടകരമാണ്.” – ഭരണസംവിധാനത്തിന്റെ വിഭജനപരവും ധ്രുവീകരിക്കപ്പെട്ടതുമായ സ്വഭാവം എടുത്തുകാട്ടി ഉപരാഷ്ട്രപതി പറഞ്ഞു.
“ഭരണസംവിധാനത്തിലെ ഐക്യം വെറും വ്യാമോഹമല്ല; അഭികാമ്യമായ ഒരു വശമാണ്. ഐക്യം അനിവാര്യമാണ്. നിങ്ങൾ ഒരു ഭൂകമ്പത്തിനിരയായെന്നു സങ്കൽപ്പിക്കുക, നിങ്ങൾക്കു വഴിതെറ്റിപ്പോകുകയും പുറം ലോകവുമായി നിങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും കരുതുക. ഭരണസംവിധാനത്തിൽ ഐക്യമില്ലെങ്കിൽ, ഭരണസംവിധാനം ധ്രുവീകരിക്കപ്പെട്ടാൽ, ആഴത്തിൽ ഭിന്നിപ്പിക്കപ്പെട്ടാൽ, ആശയവിനിമയ മാർഗങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ, കാര്യങ്ങൾ നിങ്ങൾക്ക് ഭയാനകമായിരിക്കും" - അദ്ദേഹം കൂട്ടിച്ചേർത്തു.
കരുത്തുറ്റ സ്ഥാപനങ്ങളുടെ പ്രാധാന്യവും ശ്രീ ധൻഖർ ചൂണ്ടിക്കാട്ടി. “സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നു. ഏതൊരു സ്ഥാപനവും ദുർബലപ്പെടുകയാണെങ്കിൽ, അതിന്റെ നാശനഷ്ടം രാജ്യത്തിനാകെയാണ്. ഒരു സ്ഥാപനത്തെ ദുർബലപ്പെടുത്തുന്നത് ശരീരത്തിൽ കുത്തുന്നത് പോലെയാണ്. ശരീരമാകെ വേദന തോന്നും . അതിനാൽ, സ്ഥാപനങ്ങൾക്കു കരുത്തേകണമെന്നു ഞാൻ അഭ്യർഥിക്കുന്നു. സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവർത്തിക്കണം. അവ ഒന്നിച്ച് സഹകരണമനോഭാവത്തോടെ നിലകൊള്ളണം. ദേശീയ താൽപ്പര്യത്തിന്റെ കാര്യത്തിൽ അവ പരസ്പരം സമന്വയിപ്പിക്കണം” – അദ്ദേഹം പറഞ്ഞു.
രാഷ്ട്രം നേരിടുന്ന പ്രശ്‌നങ്ങൾ അവഗണിക്കുന്നതിനുപകരം സംഭാഷണത്തിലൂടെയും ചർച്ചയിലൂടെയും പരിഹരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ശ്രീ ധൻഖർ ഊന്നൽ നൽകി. “വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ ഭരണനിർവഹണം ഉണ്ടായിരിക്കേണ്ട രാജ്യമാണ് നമ്മുടേത്. എന്തുകൊണ്ടാണ് അങ്ങനെ? അതു നമ്മുടെ സമൂഹത്തിലെ ഉൾച്ചേർക്കലിന്റെ ആവിർഭാവമാണ്. അതുകൊണ്ട്, ഭരണസമിതിയിലുള്ള ഏവരും, എല്ലാതലങ്ങളിലും സംഭാഷണം മെച്ചപ്പെടുത്തണമെന്നും, സമവായത്തിൽ വിശ്വസിക്കണമെന്നും, എപ്പോഴും ചർച്ചകൾക്ക് തയ്യാറായിരിക്കണമെന്നും ഞാൻ ഈ വേദിയിൽ നിന്ന് അഭ്യർഥിക്കുന്നു. രാഷ്ട്രം നേരിടുന്ന പ്രശ്നങ്ങൾ പിന്നിലേക്ക് തള്ളിക്കളയരുത്. പ്രശ്നങ്ങൾ മാറ്റിവയ്ക്കുന്നത് നമുക്ക് ഇനി താങ്ങാനാകില്ല. ഇവ എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്. സംഭാഷണം, ചർച്ച, ഔപചാരികം, അനൗപചാരികം എന്നിവ സൃഷ്ടിക്കാൻ കഴിയുന്ന ആവാസവ്യവസ്ഥയും കാലാവസ്ഥയും സൃഷ്ടിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മുതിർന്ന നേതൃത്വത്തോട് ഞാൻ അഭ്യർഥിക്കുന്നു. സമവായ സമീപനവും ചർച്ചയും നമ്മുടെ നാഗരികതയുടെ ധാർമികതയിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇതാണു നാം ലോകത്തിന് നൽകുന്ന സന്ദേശം. ഈ സന്ദേശം നാം സ്വയം പിന്തുടരേണ്ട സമയമാണിത്” – അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ ധിഷണാശാലികളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ധിഷണാശാലികളുടെ നമ്മെ നയിക്കേണ്ടത്. സാമൂഹിക അസ്വാരസ്യങ്ങൾ ഉണ്ടാകുമ്പോൾ, ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതു കെടുത്തുന്നവരായി അവർ മാറണം. ധിഷണാശാലികൾ സംഘങ്ങളായി രൂപപ്പെടുന്നതായി ഞാൻ കാണുന്നു. അവർ വായിച്ചിട്ടില്ലാത്ത പ്രാതിനിധ്യങ്ങളിൽ ഒപ്പിടുന്നു. ഒരു പ്രത്യേക ഭരണകൂടം അധികാരത്തിൽ വന്നാൽ, ഒപ്പിടൽ പ്രാതിനിധ്യം, സ്ഥാനം നേടുന്നതിനുള്ള പാസ്‌വേഡാണെന്ന് അവർ കരുതുന്നു. ധിഷണാശാലികൾ , മുൻ ഉദ്യോഗസ്ഥർ, മുൻ നയതന്ത്രജ്ഞർ എന്നിവരെ നോക്കൂ. മറ്റുള്ളവർ അനുകരിക്കേണ്ട ഒരു പൊതുസേവന നിലവാരം നിങ്ങൾ നേടിയിട്ടുണ്ട്. പ്രാതിനിധ്യങ്ങൾ നടത്തുന്നതിൽ നിങ്ങൾ വസ്തുനിഷ്ഠമായിരിക്കണം. രാഷ്ട്രീയ വിന്യാസങ്ങളിൽ മാറ്റം വരുത്തി, നിങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി നിങ്ങൾക്ക് ഒരു സംഘം സൃഷ്ടിക്കാൻ കഴിയില്ല” – അദ്ദേഹം പറഞ്ഞു.
കർണാടക ഗവർണർ ശ്രീ താവർചന്ദ് ഗെഹ്‌ലോത്, കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ, യുപിഎസ്‌സി ചെയർമാൻ ശ്രീമതി പ്രീതി സൂദൻ, ഹരിയാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ശ്രീ അലോക് വർമ, കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ശ്രീ ശിവശങ്കരപ്പ എസ്. സാഹുക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
*****************
(Release ID: 2092244)
Visitor Counter : 17