ഊര്‍ജ്ജ മന്ത്രാലയം
ഉജാല: ഊര്‍ജകാര്യക്ഷമമായ പ്രകാശവിതരണത്തിന്റെ 10 വർഷം
36.87 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തതിലൂടെ പ്രതിവര്‍ഷലാഭം 19,153 കോടി രൂപ
Posted On:
06 JAN 2025 5:54PM by PIB Thiruvananthpuram
ആമുഖം
പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ജനുവരി 5-ന് ആരംഭിച്ച ഉജാല പദ്ധതി അതിന്റെ പത്താം വാര്‍ഷികം ഊര്‍ജ കാര്യക്ഷമതയില്‍ ഒരു ശ്രദ്ധേയ സംരംഭമായി ആഘോഷിച്ചു. ഗാര്‍ഹിക കാര്യക്ഷമ പ്രകാശ വിതരണ പദ്ധതി (ഡിഇഎല്‍പി) എന്ന പേരില്‍ അവതരിപ്പിച്ച്, പിന്നീട് പുനര്‍നാമകരണം ചെയ്ത ഉജാല ദശലക്ഷക്കണക്കിന് ഇന്ത്യന്‍ വീടുകള്‍ക്ക് താങ്ങാനാകുന്ന നിരക്കിൽ ഊര്‍ജകാര്യക്ഷമതയുള്ള എല്‍ഇഡി ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, ഫാനുകള്‍ എന്നിവ നല്‍കി ഗാര്‍ഹിക പ്രകാശവിതരണത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദശകത്തില്‍, ഉയര്‍ന്ന വൈദ്യുതവൽക്കരണ ചെലവ്, കാര്‍ബണ്‍ പുറന്തള്ളൽ തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ തന്നെ ഊര്‍ജ സംരക്ഷണ സാങ്കേതികവിദ്യകള്‍ വീടുകളില്‍ ലഭ്യമാക്കി രാജ്യത്തുടനീളം 36 കോടിയിലധികം എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു. എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡും (ഇഇഎസ്എല്‍) ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള ഡിസ്‌കോമുകളും സംയുക്തമായി നടത്തിയ ഈ ശ്രമം ഉയര്‍ന്ന വൈദ്യുതവൽക്കരണ ചെലവുകളും കാര്‍ബണ്‍ പുറന്തള്ളലും പോലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനൊപ്പം ഊര്‍ജസംരക്ഷണ സാങ്കേതികവിദ്യകള്‍ പ്രാപ്യമാക്കാനും ശ്രമിച്ചു.
കഴിഞ്ഞ ദശകത്തില്‍, ഊര്‍ജഉപഭോഗം കുറയ്ക്കുന്നതിനും പാരിസ്ഥിതിക അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ ഉദാഹരണമായ, ലോകത്തിലെ ഏറ്റവും വലിയ സബ്‌സിഡിരഹിത ആഭ്യന്തര പ്രകാശ വിതരണ പദ്ധതിയായി ഉജാല പരിണമിച്ചു. ഈ സുപ്രധാന നാഴികക്കല്ലിലെത്തുമ്പോള്‍, രാജ്യത്തിന് ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പരിശ്രമത്തിന്റെ ശക്തിയുടെ തെളിവായി ഇത് നിലകൊള്ളുന്നു.
ദീപ്തമായ കാര്യക്ഷമത: ഉജാലയുടെ ആവശ്യകത
പരമ്പരാഗത പ്രകാശവിതരണ സംവിധാനങ്ങള്‍ ഗണ്യമായ വൈദ്യുതി ഉപയോഗിക്കുകയും ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ചെലവ് ചുമത്തുകയും ചെയ്യുന്നതിനാൽ, ഇന്ത്യയിലെ വീടുകളില്‍ ഊര്‍ജ്ജ കാര്യക്ഷമതയുടെ ആവശ്യകത പരിഹരിക്കുന്നതിനാണ് ഉജാല പദ്ധതി വിഭാവനം ചെയ്തത്. 7വാട്ട് എല്‍ഇഡി ബള്‍ബ്, 14 വാട്ട് കോംപാക്റ്റ് ഫ്‌ലൂറസെന്റ് ലാമ്പിന്റെയും (സിഎഫ്എല്‍) 60 വാട്ട് ഇന്‍കാന്‍ഡസെന്റ് ലാമ്പിന്റെയും (ഐസിഎല്‍) തുല്യമായ അളവില്‍ പ്രകാശം നല്‍കുന്നു, അതുവഴി ഐസിഎല്ലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 90% ഊര്‍ജവും സിഎഫ്എല്ലുകളുടെ കാര്യത്തില്‍ 50% ഊര്‍ജവും ലാഭിക്കുന്നു.
2014 ല്‍, ഒരു എല്‍ഇഡി ബള്‍ബിന്റെ ചില്ലറ വില്‍പ്പന വില ഏകദേശം 450-500 രൂപയായിരുന്നു, 100-150 രൂപ വിലയുള്ള സിഎഫ്എല്ലിനേക്കാളും 10-15 രൂപ വിലയുളള ഐസിഎല്ലിനേക്കാളും വളരെ കൂടുതലായിരുന്നു. തല്‍ഫലമായി, പ്രകാശവിതരണ വിപണിയില്‍ എല്‍ഇഡികളുടെ പങ്ക് 2013-14 ല്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നു. ഈ ഉയര്‍ന്ന പ്രാരംഭ ചെലവ് എല്‍ഇഡി സ്വീകരിക്കുന്നതിന് പ്രധാന തടസ്സമായി വര്‍ത്തിക്കുകയും എല്‍ഇഡികള്‍ താങ്ങാനാകുന്നതും പ്രാപ്യവുമാക്കുന്നതിനുള്ള ഇടപെടലിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
എല്‍ഇഡി ബള്‍ബിന് 70 രൂപ, എല്‍ഇഡി ട്യൂബ് ലൈറ്റിന് 220 രൂപ, ഊര്‍ജക്ഷമതയുള്ള ഫാനിന് 1110രൂപ എന്നിങ്ങനെ എല്‍ഇഡി ഉപകരണങ്ങള്‍ ഗണ്യമായി കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ ഉജാല പദ്ധതി ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. ഉപകരണങ്ങളുടെ വില, വിതരണം, ബോധവല്‍ക്കരണ യജ്ഞങ്ങള്‍, വാര്‍ഷിക പരിപാലന ചെലവ് (എഎംസി), മൂലധനച്ചെലവ്, ഭരണപരമായ ചെലവുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മത്സരാധിഷ്ഠിത ലേലത്തിലൂടെയാണ് ഈ വിലകള്‍ നിര്‍ണയിച്ചത്.
ഊര്‍ജ ഉപഭോഗത്തിന്റെ കാര്യത്തില്‍, ഒരു എല്‍ഇഡി ബള്‍ബ് 140 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, അതേസമയം ഒരു സിഎഫ്എല്ലും ഒരു ഐസിഎല്ലും ഒരേ കാലയളവില്‍ യഥാക്രമം 2 യൂണിറ്റും 9 യൂണിറ്റും ഉപയോഗിക്കുന്നു. സിഎഫ്എല്ലിന്റെ 8 രൂപയും ഐസിഎല്ലുകളുടെ 36 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഇഡി ബള്‍ബിന്റെ പ്രവര്‍ത്തനച്ചെലവ് 140 മണിക്കൂറിന് വെറും 4 രൂപയായതിനാല്‍ ഇത് ഗണ്യമായ ചിലവ് ലാഭിക്കുന്നു.
12 രൂപയില്‍ നില്‍ക്കുന്ന ഉടമസ്ഥതയുടെ വാര്‍ഷിക ചെലവ് എല്‍ഇഡികളുടെ സാമ്പത്തിക നേട്ടത്തെ കൂടുതല്‍ അടിവരയിടുന്നു. ഇത് ഒരു സിഎഫ്എല്ലിന്റെ മൂന്നിലൊന്നിലും (40 രൂപ) ഐസിഎല്ലിന്റെ പത്തിലൊന്നിലും (108 രൂപ) കുറവാണ്. ഊര്‍ജ കാര്യക്ഷമത, താങ്ങാനാകുന്ന വില, സാമ്പത്തിക ലാഭക്ഷമത എന്നിവയിലെ ഈ വ്യക്തമായ വ്യത്യാസങ്ങള്‍, ഇന്ത്യയുടെ പ്രകാശവിതരണ വിപണിയെ സുസ്ഥിരവും ചെലവ് കുറഞ്ഞതും ഊര്‍ജകാര്യക്ഷമവുമായ ഒന്നാക്കി മാറ്റുന്നതില്‍ ഉജാല പദ്ധതിയുടെ ആവശ്യകത പ്രകടമാക്കുന്നു.
ഉജാലയുടെ സ്വാധീനത്തിന്റെ ദശാബ്ദം
2025 ജനുവരി 6 വരെ, ഉജാല പദ്ധതി 36.87 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു. ഇത് രാജ്യത്ത് ഏറ്റവും വ്യാപകമായി സ്വീകരിച്ച സംരംഭങ്ങളിലൊന്നായി ഇതിനെ മാറ്റി. എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കുന്നത് പരിവര്‍ത്തനപരമായ മാറ്റങ്ങള്‍ വരുത്തി. വാര്‍ഷിക ഗാര്‍ഹിക വൈദ്യുതി ബില്ലുകള്‍ കുറയ്ക്കുകയും ഉപഭോക്താക്കളെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി പണം ലാഭിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തു. ഇ-സംഭരണത്തിലൂടെ സുതാര്യത ഉറപ്പാക്കുന്നതിലൂടെയും മത്സരക്ഷമത പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പദ്ധതി, ഇടപാട് ചെലവും സമയവും ഗണ്യമായി കുറയ്ക്കുകയും പ്രക്രിയകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്തു. വിപണിയെ മാറ്റിമറിച്ച്, ഇതുവരെ ഉജാല പദ്ധതി ഇന്ത്യന്‍ വിപണിയില്‍ 407.92 കോടി എല്‍ഇഡി ബള്‍ബുകള്‍ വിറ്റഴിച്ചു.
സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം, രാജ്യത്തിന്റെ കാർബൺ പാദമുദ്രകൾ കുറച്ച്, പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഈ പദ്ധതി ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഊർജസംരക്ഷണം, കാലാവസ്ഥാ വ്യതിയാന ലഘൂകരണം എന്നിങ്ങനെ ഇന്ത്യയുടെ വലിയ ലക്ഷ്യങ്ങളുമായി ഈ ശ്രമങ്ങൾ യോജിക്കുന്നു.
ഉജാല പദ്ധതിയുടെ പ്രധാന ഫലങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ഇവയാണ്:
ഈ നേട്ടങ്ങൾ സാമ്പത്തിക വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പദ്ധതിയുടെ രണ്ടുതരത്തിലുള്ള സ്വാധീനത്തിന് അടിവരയിടുന്നു. ഇന്ത്യയുടെ ഊർജകാര്യക്ഷമതായാത്രയുടെ ആധാരശിലയായി അതിനെ മാറ്റുന്നു.
ദേശീയ തെരുവുവിളക്ക് പരിപാടി (SLNP)
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി 2015 ജനുവരി 5-ന് ആരംഭിച്ച ദേശീയ തെരുവുവിളക്ക് പരിപാടി (SLNP) ഉജാല പദ്ധതിക്കൊപ്പം അവതരിപ്പിച്ചു. "പ്രകാശപഥം" എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു വിഭാവനം ചെയ്തത്. പരമ്പരാഗത തെരുവുവിളക്കുകൾക്ക് പകരമായി രാജ്യത്തുടനീളം അത്യാധുനികവും ഊർജകാര്യക്ഷമവുമായ LED തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി, ഗണ്യമായ ഊർജസംരക്ഷണത്തിനും പൊതു പ്രകാശവിന്യാസത്തിന്റെ ചെലവ് കുറയ്ക്കുന്നതിനും സംഭാവന നൽകി.
കാലഹരണപ്പെട്ട തെരുവുവിളക്കുകൾക്ക് പകരം നഗരങ്ങളിലും ഗ്രാമങ്ങളിലും എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് ഊർജ ഉപഭോഗവും പൊതു പ്രകാശവിന്യാസത്തിനുള്ള പ്രവർത്തനച്ചെലവും കുറയ്ക്കുക എന്നതാണ് SLNP-യുടെ ലക്ഷ്യം. ഇന്ത്യയിൽ ഊർജകാര്യക്ഷമതയ്‌ക്കായുള്ള വിശാലമായ മുന്നേറ്റത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സംരംഭം, ഊർജകാര്യക്ഷമമായ വീട്ടുപകരണങ്ങൾക്ക് വിപണിയിൽ മാറ്റം വരുത്തുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിനെ (EESL) ആണ് പരിപാടിയുടെ നിർവഹണ ഏജൻസിയായി നിയമിച്ചട്ടത്. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (യുഎൽബികൾ), മുനിസിപ്പൽ സ്ഥാപനങ്ങൾ, ഗ്രാമപഞ്ചായത്തുകൾ (ജിപികൾ), കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ എന്നിവയുമായി സഹകരിച്ച്, ഇന്ത്യയിലുടനീളം SLNP നടപ്പിലാക്കുന്നതിൽ EESL മുൻപന്തിയിലാണ്.
മുൻകൂർ നിക്ഷേപങ്ങളുടെ ഭാരത്തിൽ നിന്ന് മുനിസിപ്പാലിറ്റികളെ ഒഴിവാക്കുന്ന സവിശേഷ വ്യാവസായിക മാതൃക ഈ പരിപാടി അവതരിപ്പിച്ചു. EESL പ്രാരംഭ ചെലവുകൾ കൈകാര്യം ചെയ്യുകയും പദ്ധതികാലയളവിലുടനീളം മുനിസിപ്പാലിറ്റികൾ അടയ്‌ക്കുന്ന പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ വാർഷിക വരുമാനങ്ങളിലൂടെ നിക്ഷേപം തിരിച്ചുപിടിക്കുകയും ചെയ്യുന്നു. കൂടാതെ, EESL എൽഇഡി തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നു. ഇത് 95% പ്രവർത്തനസമയവും നൽകുന്നു. ഇത് പൊതു സുരക്ഷ ഗണ്യമായി വർധിപ്പിക്കുകയും പ്രാദേശിക ബജറ്റുകൾക്ക് ബാധ്യതയേതും വരുത്താതെ വിശ്വസനീയമായ മുനിസിപ്പൽ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.
2025 ജനുവരി 6 വരെ, EESL നഗര തദ്ദേശ സ്ഥാപനങ്ങളിലും (ULB) ഗ്രാമപഞ്ചായത്തുകളിലുമായി 1.34 കോടി എൽഇഡി തെരുവു വിളക്കുകൾ വിജയകരമായി സ്ഥാപിച്ചു. ഇത് പ്രതിവർഷം 9001 ദശലക്ഷം യൂണിറ്റിലധികം (MUs) വൈദ്യുതി ലാഭിക്കുന്നതിന് കാരണമായി. ഈ നേട്ടം, ഉയർന്ന ആവശ്യകത 1500 മെഗാവാട്ടിലധികം കുറയ്ക്കുന്നതിനും പ്രതിവർഷം CO₂ പുറന്തള്ളൽ 6.2 ദശലക്ഷം ടൺ കുറയ്ക്കുന്നതിനും കാരണമായി. ഇത് ഊർജകാര്യക്ഷമതയിലും പരിസ്ഥിതി സുസ്ഥിരതയിലും പരിപാടിയുടെ മികച്ച സ്വാധീനം എടുത്തുകാണിക്കുന്നു.
ദേശീയ തെരുവുവിളക്ക് പരിപാടി കാര്യക്ഷമമായ പൊതുപ്രകാശവിതരണസംവിധാനത്തിനുള്ള മാതൃകയായി ഉയർന്നു. ഇന്ത്യയുടെ ഊർജകാര്യക്ഷമതാശ്രമങ്ങൾക്ക് അർഥവത്തായ സംഭാവനയേകി, ചെലവു കുറയ്ക്കാനും പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും ഇതു മുനിസിപ്പാലിറ്റികളെ സഹായിക്കുന്നു.
ഉപസംഹാരം
ഉജാല പദ്ധതി അതിന്റെ പത്താം വാർഷികം ആഘോഷിക്കുമ്പോൾ, താങ്ങാനാകുന്നതും ഊർജക്ഷമതയുള്ളതുമായ LED ബൾബുകൾ, ട്യൂബ് ലൈറ്റുകൾ, ഫാനുകൾ എന്നിവ നൽകി ഗാർഹിക പ്രകാശവിതരണ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച്, ഇന്ത്യയുടെ ഊർജകാര്യക്ഷമതാശ്രമങ്ങളുടെ ആധാരശിലയായി മാറി. 36 കോടിയിലധികം എൽഇഡി ബൾബുകൾ വിതരണം ചെയ്‌തതോടെ, ദശലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബില്ലിൽ കാര്യമായ ലാഭമുണ്ടാക്കാൻ ഉജാല വഴിയൊരുക്കുക മാത്രമല്ല, കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ഉജാലയ്‌ക്കൊപ്പം, അതേ വർഷം ആരംഭിച്ച ദേശീയ തെരുവുവിളക്ക് പരിപടി (SLNP), പരമ്പരാഗത തെരുവുവിളക്കുകൾക്ക് പകരം ഊർജകാര്യക്ഷമമായ LED-കൾ ഉപയോഗിച്ച് സുസ്ഥിര വികസനത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വർദ്ധിപ്പിക്കുന്നു. ഈ സംരംഭങ്ങൾ ഒന്നിച്ച്, പരിവർത്തനപരമായ മാറ്റങ്ങൾ കൊണ്ടുവരികയും ഊർജ ഉപഭോഗവും പ്രവർത്തനച്ചെലവും കുറയ്ക്കുകയും പരിസ്ഥിതി സുസ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉജാലയും എസ്എൽഎൻപിയും സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഗവൺമെന്റ് നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ കരുത്തിന് ഉദാഹരണമാണ്. ഇത് ഇന്ത്യയുടെ ശോഭനവും കൂടുതൽ ഊർജകാര്യക്ഷമവുമായ ഭാവിയിലേക്കുള്ള പാതയിലേക്കു വെളിച്ചം വീശുകയും ചെയ്യുന്നു.
References:
Kindly find the pdf file
SK
***
(Release ID: 2090771)
Visitor Counter : 46