സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

​വർഷാന്ത്യ അവലോകനം-2024: സാംസ്കാരിക മന്ത്രാലയം


ചരിത്രപരമായ 46-ാമത് ലോക പൈതൃകസമിതി സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു

യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇന്ത്യ​യുടെ 43-ാമത് ലോക പൈതൃക പ്രദേശമായി അഹോം രാജവംശത്തിന്റെ കുന്നുകളിലെ ശ്മശാന സമ്പ്രദായം ‘മൊയ്‌ദാം’ ഉൾപ്പെടുത്തി

സാംസ്കാരിക സ്വത്തുക്കളുടെ അനധികൃത കടത്ത് തടയുന്നതിനും പുരാതന വസ്തുക്കൾ അവയുടെ ഉത്ഭവ സ്ഥലത്തേക്ക് വീണ്ടെടുക്കുന്നതിനുമുള്ള ആദ്യ ‘സാംസ്കാരിക സ്വത്ത് ഉടമ്പടി’യിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു


Posted On: 31 DEC 2024 3:49PM by PIB Thiruvananthpuram

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2024 ജൂലൈ 21 മുതൽ 31 വരെ ഡൽഹിയിൽ ലോക പൈതൃകസമിതിയുടെ 46-ാമത് സമ്മേളനം സംഘടിപ്പിച്ചു. 140-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2900 പ്രതിനിധികൾ പങ്കെടുത്തു. ഡൽഹിയിലെ പ്രധാന മേഖലകളിൽ 200-ലധികം കലാകാരന്മാരും 300-ലധികം വിദ്യാർഥികളും കലാസൃഷ്ടികൾ സജ്ജമാക്കുന്ന പ്രൊജക്റ്റ് പരി (പബ്ലിക് ആർട്ട് ഓഫ് ഇന്ത്യ) എന്ന പദ്ധതിയും മന്ത്രാലയം ആരംഭിച്ചു. അസമിൽ നിന്നുള്ള ഇന്ത്യയുടെ നിർദേശമായ, “അ​ഹോം രാജവംശത്തിന്റെ കുന്നുകളിലെ ശ്മശാന സമ്പ്രദായ”മായ ‘മൊയ്‌ദാം’ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഇത് മൊത്തം പൈതൃക സ്വത്തുക്കളുടെ എണ്ണം 43 ആയി ഉയർത്തി.

പുരാവസ്തുക്കളുടെ അനധികൃത കടത്ത് തടയുന്നതിനായി 2024 ജൂലൈ 26-ന് ഇന്ത്യയും അമേരിക്കയും “സാംസ്കാരിക സ്വത്തവകാശ കരാർ” ഒപ്പുവച്ചു. ഇതുവരെ, വീണ്ടെടുക്കപ്പെട്ട 358 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് അയച്ചു. 297 എണ്ണം കൂടി അമേരിക്കയിൽ നിന്ന് എത്തിക്കാനുണ്ട്.

ഫ്രാൻസ് മ്യൂസിയം ഡെവലപ്‌മെന്റുമായി സഹകരിച്ച്, 1,55,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ യുഗ യുഗീൻ ഭാരത് രാഷ്ട്രീയ സംഗ്രഹാലയ, ന്യൂഡൽഹിയിലെ നോർത്ത്, സൗത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിൽ വികസിപ്പിക്കുന്നു.

മനുഷ്യന്റെ അസ്ഥികൂട അവശിഷ്ടങ്ങളെക്കുറിച്ചുള്ള ജൈവപുരാവസ്തു ഗവേഷണത്തിനായി ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ലണ്ടനിലെ യുസിഎൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസുമായുള്ള മറ്റൊരു ധാരണാപത്രം, പുരാതനവും ആധുനികവുമായ ജന‌ിതകഘടന ഉപയോഗിച്ച് ദക്ഷിണേഷ്യയുടെ ജനസംഖ്യാ ചരിത്രം പുനർനിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2024 ഒക്‌ടോബർ 3-ന് ഗവണ്മെന്റ് അസമീസ്, മറാഠി, പാലി, പ്രാകൃത്, ബംഗാളി എന്നിവയെ ശ്രേഷ്ഠ ഭാഷകളായി അംഗീകരിച്ച്, അവയുടെ എണ്ണം 11 ആയി വർധിപ്പിച്ചു. ഈ അംഗീകാരം ഇന്ത്യയുടെ ഭാഷാ പൈതൃകം സംരക്ഷിക്കാനും സാംസ്‌കാരിക അഭിമാനവും അക്കാദമിക പര്യവേഷണവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഭഗവാൻ ബുദ്ധന്റെയും ശിഷ്യരുടെയും ആദരണീയമായ തിരുശേഷിപ്പുകൾ 26 ദിവസത്തെ പ്രദർശനത്തിനായി തായ്‌ലൻഡിലേക്ക് കൊണ്ടുപോയി; 4 ദശലക്ഷത്തിലധികം ഭക്തർ പ്രണാമം അർപ്പിച്ചു.

​2024 നവംബറിൽ 32 രാജ്യങ്ങളിൽ നിന്നുള്ള 160-ലധികം അന്തരാഷ്ട്ര പങ്കാളികൾ ഒത്തുചേർന്ന ആദ്യ ഏഷ്യൻ ബുദ്ധ ഉച്ചകോടി സംഘടിപ്പിച്ചു. ബുദ്ധന്റെ അടിസ്ഥാന ശിക്ഷണങ്ങളിലും അവയുടെ ആധുനികകാല പ്രയോഗങ്ങളിലും ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിച്ചു.

​ഇന്ത്യയുടെ ശ്രേഷ്ഠ ഭാഷയെന്ന നിലയിൽ പാലിയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകി‌, സാംസ്കാരിക മന്ത്രാലയം 2024 ഒക്ടോബർ 17ന് ഏകദേശം 1500 പ്രതിനിധികളുമായി അന്താരാഷ്ട്ര അഭിധമ്മ ദിവസ് ആചരിച്ചു.

2024 ലെ മെമ്മറി ഓഫ് ദി വേൾഡ് കമ്മിറ്റി ഫോർ ഏഷ്യ ആൻഡ് പസഫിക് റീജിയണൽ രജിസ്റ്ററിൽ മൂന്ന് സാഹിത്യ കൃതികൾ ആലേഖനം ചെയ്‌ത്, ഇന്ത്യ സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ‘ഹർ ഘർ തിരംഗ’ യജ്ഞം ഓഗസ്റ്റ് 9 മുതൽ 15 വരെ ഇന്ത്യയുടെ ഡിജിറ്റൽ ഭൂപടത്തിൽ ദേശസ്‌നേഹവും ഐക്യവും പ്രോത്സാഹിപ്പിക്കുംവിധം 5 കോടിയിലധികം പേരുടെ സെൽഫികൾ അപ്‌ലോഡ് ചെയ്തു.

ബിസി 800 മുതലുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ പ്രദർശിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പുരാവസ്തു പരീക്ഷണ മ്യൂസിയം ഗുജറാത്തിലെ വഡ്നഗറിൽ വികസിപ്പിക്കുന്നു. ചർച്ചകൾ, ശിൽപ്പശാലകൾ, സ്റ്റാളുകൾ എന്നിവ ഉൾക്കൊള്ളുന്ന രണ്ടാമത് അന്താരാഷ്ട്ര മ്യൂസിയം എക്‌സ്‌പോ കൊൽക്കത്തയിലെ ശാസ്ത്രനഗരത്തിൽ നടന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രദർശനം ജൂണിൽ സംഘടിപ്പിച്ചു.

കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ 'ഗ്രേറ്റ് ഇന്ത്യൻ റിഫോർമേഴ്സ്' എന്ന പേരിൽ പുതിയ ഗാലറി ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ ഹുമയൂണിന്റെ ശവകുടീരത്തിന്റെ ലോകപൈതൃക പ്രദേശ മ്യൂസിയം തുറന്നു. ഓഗസ്റ്റ് 14-ന് ന്യൂഡൽഹിയിൽ സാംസ്കാരിക മന്ത്രാലയം 'വിഭജന ഭീതിയുടെ അനുസ്മരണ ദിനാ'ചരണം സംഘടിപ്പിച്ചു.

സൗത്ത് സോൺ കൾച്ചറൽ സെന്റർ 850 കലാകാരന്മാരെ ഉൾപ്പെടുത്തി ഓഗസ്റ്റ് 22 ന് ലോക ഫോക്‌ലോർ ദിനം ആഘോഷിച്ചു. നോർത്ത് ഈസ്റ്റ് സോൺ കൾച്ചറൽ സെന്റർ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 6 വരെ ഹൈദരാബാദിൽ ഭാരതീയ കലാ മഹോത്സവം സംഘടിപ്പിച്ചു. 250 കലാകാരന്മാർ പങ്കെടുത്തു.

ഗായകൻ മുകേഷിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കുറിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു.

9 ദിവസം നീണ്ടുനിൽക്കുന്ന പരാക്രം ദിവസ് പരിപാടി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 127-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ചുവപ്പുകോട്ടയിൽ വിവിധ പ്രദർശനങ്ങളും പ്രവർത്തനങ്ങളും നടത്തി. ഫെബ്രുവരിയിൽ ശ്രീമദ് ഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമി പ്രഭുപാദ ജിയുടെ സ്മരണാർത്ഥം നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി.

എല്ലാ മതങ്ങളിൽ നിന്നുമുള്ള ആത്മീയ നേതാക്കളെ ഒരുമിപ്പിച്ച് സാംസ്‌കാരിക മന്ത്രാലയം ഹൈദരാബാദിൽ ആഗോള ആത്മീയ മഹോത്സവം നടത്തി. ഏപ്രിലിൽ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ 2550-ാമത് നിർവാൺ മഹോത്സവവും മന്ത്രാലയം സംഘടിപ്പിച്ചു. 10,000-ത്തിലധികം പേർ പങ്കെടുത്തു.

ഒക്ടോബറിൽ, മീരാ ബായിയുടെ ജന്മസ്ഥലമായ രാജസ്ഥാനിലെ മെർത്തയിൽ മീരയുടെ 525-ാം ജന്മവാർഷികം 'മീരാ മഹോത്സവ്' എന്ന പേരിൽ മന്ത്രാലയം ആഘോഷിച്ചു.

***

SK


(Release ID: 2090538) Visitor Counter : 7


Read this release in: English , Urdu , Hindi