ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഹിന്ദു, സനാതന പരാമർശങ്ങൾ അമ്പരപ്പിക്കുന്ന പ്രതികരണം ഉണർത്തുന്നത് വിരോധാഭാസവും വേദനാജനകവുമാണെന്ന് ഉപരാഷ്ട്രപതി
Posted On:
03 JAN 2025 1:48PM by PIB Thiruvananthpuram
ന്യൂഡൽഹി : ജനുവരി 03, 2025
ഹിന്ദു, സനാതന പരാമർശങ്ങൾ ഭാരതത്തിൽ അമ്പരപ്പിക്കുന്ന പ്രതികരണങ്ങൾ ഉളവാക്കുന്നത് വിരോധാഭാസവും വേദനാജനകവുമാണെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു. ഇന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ കൺവെൻഷൻ സെൻ്ററിൽ 27-ാമത് അന്താരാഷ്ട്ര വേദാന്ത കോൺഗ്രസ്സിൻ്റെ ഉദ്ഘാടന വേളയിൽ സംസാരിക്കവെ , ശ്രീ ധൻഖർ പറഞ്ഞു, “നമ്മൾ ഏറ്റവും പഴയ നാഗരികതകളിലൊന്നാണ്, പല തരത്തിൽ അതുല്യവും സമാനതകളില്ലാത്തതുമാണ് അത് . വിരോധാഭാസമായും വേദനാജനകമായും, ഈ രാജ്യത്ത്, സനാതനത്തെക്കുറിച്ചുള്ള പരാമർശം, ഹിന്ദുവിനെക്കുറിച്ചുള്ള പരാമർശം, അമ്പരപ്പിക്കുന്ന പ്രതികരണങ്ങൾ ഉളവാക്കുന്നു, ഈ വാക്കുകളുടെ ആഴവും ആഴത്തിലുള്ള അർത്ഥവും മനസ്സിലാക്കുന്നതിനുപകരം, ആളുകൾ പെട്ടെന്നുള്ള പ്രതികരണങ്ങൾ നടത്താൻ മുതിരുന്നു.
“ ആത്മീയതയുടെ ഈ നാട്ടിൽ ചിലർ വേദാന്ത, സനാതന ഗ്രന്ഥങ്ങളെ പിന്തിരിപ്പൻ എന്ന് പറഞ്ഞ് തള്ളിക്കളയുന്നു. അവയെ അറിയാതെയും ആ ഗ്രന്ഥങ്ങൾ കാണാതെയുമാണ് അത് ചെയ്യുന്നത്. ഈ തള്ളിക്കളയൽ പലപ്പോഴും വികൃതമായ കൊളോണിയൽ മാനസികാവസ്ഥയിൽ നിന്നും, നമ്മുടെ ബൗദ്ധിക പൈതൃകത്തെക്കുറിച്ച് കാര്യമായ ധാരണയില്ലായ്മയിൽ നിന്നുമാണ് ഉണ്ടാകുന്നത്.
ഈ ഘടകങ്ങൾ ഒരു ദുഷിച്ച രീതിയിൽ പ്രവർത്തിക്കുന്നു. അവരുടെ മാതൃക വിനാശകരമാണ്. മതേതരത്വ സങ്കൽപ്പത്തെ വികൃതമാക്കി അവർ തങ്ങളുടെ വിനാശകരമായ ചിന്താ പ്രക്രിയയെ മറയ്ക്കുന്നു. ഇത് വളരെ അപകടകരമാണ്. ഇത്തരം ഹീനമായ പ്രവൃത്തികളെ സംരക്ഷിക്കാൻ മതേതരത്വം ഒരു കവചമായി ഉപയോഗിക്കുന്നു . ഈ ഘടകങ്ങൾ തുറന്നുകാട്ടേണ്ടത് ഓരോ ഇന്ത്യക്കാരൻ്റെയും കടമയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
വേദാന്തത്തിൻ്റെ സമകാലിക പ്രസക്തിയെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “ കാലാവസ്ഥാ ഭീഷണിയുടെ അസ്തിത്വപരമായ വെല്ലുവിളിയുടെ കാര്യം വരുമ്പോൾ നാം ഉദ്വേഗമുണർത്തുന്ന സാഹചര്യമാണ് അഭിമുഖീകരിക്കുന്നത്.ഈ അഭൂതപൂർവമായ വെല്ലുവിളികൾക്ക് ധാർമ്മിക ജ്ഞാനം, പ്രായോഗിക സമീപനം എന്നിവയിലൂന്നിയ സാങ്കേതിക പരിഹാരങ്ങൾ ആവശ്യമാണ്. വേദാന്ത തത്ത്വചിന്തയുടെ ആഴത്തിലുള്ള ധാരണയിലൂടെ അത്തരം വ്യവഹാരങ്ങളിൽ നിന്നും ആലോചനകളിൽ നിന്നും ധാർമ്മിക ജ്ഞാനവും പ്രായോഗിക സമീപനവും ഉണ്ടാകാം.
“ഇത് ചോദ്യങ്ങൾക്ക് ഉത്തരം മാത്രം നൽകുകയല്ല . അത് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും അപ്പുറമാണ്. അത് നിങ്ങളുടെ സംശയങ്ങളെ ദൂരീകരിക്കുന്നു. അത് നിങ്ങളുടെ അന്വേഷണാത്മകതയുടെ ദാഹം ശമിപ്പിക്കുന്നു. ആധുനിക വെല്ലുവിളികൾക്കൊപ്പം കാലാതീതമായ ജ്ഞാനത്തെ സംയോജിപ്പിച്ച് വേദാന്തത്തിന് ഉത്തേജനം നൽകാൻ കഴിയും," അദ്ദേഹം കൂട്ടിച്ചേർത്തു.നമ്മുടെ സാംസ്കാരിക വേരുകളോട് ചേർന്നു നിൽക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, നമ്മുടെ ദാർശനിക പൈതൃകത്തിൽ നാം ജീവിക്കേണ്ടതുണ്ട് എന്നും, കാരണം ലോകം കൂടുതൽ പരസ്പരബന്ധിതമായിക്കൊണ്ടിരിക്കുകയാണ് എന്നും ചൂണ്ടിക്കാട്ടി .
വേദാന്ത ജ്ഞാനത്തിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “നമുക്ക് ദന്തഗോപുരങ്ങളിൽ നിന്ന് ക്ലാസ് മുറികളിലേക്ക് വേദാന്തിക ജ്ഞാനം കൊണ്ടുവരാം, അത് സമൂഹത്തിൻ്റെ എല്ലാ കോണുകളിലേക്കും എത്തിക്കും . വേദാന്തം ഭൂതകാലത്തിൻ്റെ അവശിഷ്ടമല്ല, ഭാവിയിലേക്കുള്ള ഒരു രൂപരേഖയാണ്.നാം അഭൂതപൂർവമായ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, സുസ്ഥിര വികസനത്തിനും ധാർമ്മിക നവീകരണത്തിനും യോജിപ്പുള്ള സഹവർത്തിത്വത്തിനും ഇത് പ്രായോഗിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു".
പാർലമെൻ്റിലെ അസ്വസ്ഥതകളെയും തടസ്സങ്ങളെയും പരാമർശിച്ച് ശ്രീ ധൻഖർ പറഞ്ഞു, “രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ സംഭാഷണത്തിലേർപ്പെടാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട് . എന്നാൽ അവിടെ ഞങ്ങൾ ഒരിക്കലും സംഭാഷണത്തിലേർപ്പെടുന്നില്ല. പാർലമെൻ്റ് അംഗങ്ങളെ വേദാന്ത തത്വശാസ്ത്രം പഠിക്കാൻ പ്രേരിപ്പിച്ചാൽ, അവർ തീർച്ചയായും കൂടുതൽ സ്വീകാര്യരായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.കൂടാതെ ഏതെങ്കിലും ഒരു വിധത്തിൽ ഞാൻ ജനങ്ങളെയും ഇതിനു ഉത്തരവാദികളായി കണക്കാക്കും . തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നവരുടെ മേൽ അവർ സമ്മർദ്ദം സൃഷ്ടിക്കണം. എന്തുകൊണ്ട് ജനങ്ങൾ തങ്ങളുടെ പ്രതിനിധികൾ അവരുടെ കടമ നിർവഹിക്കാത്തതിനെ എതിർക്കാൻ ഉയർന്ന ഡെസിബെൽ പ്രക്ഷോഭങ്ങളിൽ ഏർപ്പെടുന്നില്ല? അവരുടെ പ്രവർത്തനങ്ങൾ വേദാന്ത തത്ത്വചിന്തയുമായി പൊരുത്തപ്പെടുന്നില്ല", അദ്ദേഹം പറഞ്ഞു .
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ്, യു.എസ്.എ.യിലെ ഹവായ് യൂണിവേഴ്‌സിറ്റിയിലെ എമറിറ്റസ് പ്രൊഫസർ ശ്രീ അരിന്ദം ചക്രബർത്തി, വിദ്യാർത്ഥികൾ, ഫാക്കൽറ്റി അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
SKY
(Release ID: 2089897)
Visitor Counter : 20