രാഷ്ട്രപതിയുടെ കാര്യാലയം
ബെംഗളൂരു നിംഹാൻസ് സുവർണ ജൂബിലിയുടെ സ്മരണാർത്ഥം നടത്തിയ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുത്തു
Posted On:
03 JAN 2025 2:09PM by PIB Thiruvananthpuram
ഇന്ന് (ജനുവരി 3, 2025) ബെംഗളൂരുവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൻ്റെ (നിംഹാൻസ്) സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്മരണാർത്ഥം നടത്തിയ പരിപാടിയിൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു പങ്കെടുത്തു.
നൂതനമായ ഗവേഷണവും കഠിനമായ പാഠ്യപദ്ധതിയും ഒപ്പം അസാമാന്യമായ രോഗീ പരിചരണവും മാനസികാരോഗ്യം, ന്യൂറോ സയൻസ് എന്നീ മേഖലകളിൽ നിംഹാൻസിനെ അനിഷേധ്യ നേതാവാക്കിയതായി ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സമൂഹാധിഷ്ഠിത മാനസികാരോഗ്യ ചികിത്സയുടെ ബെല്ലാരി മാതൃക ചരിത്രം സൃഷ്ടിച്ചു. ഇപ്പോൾ, ടെലി മാനസ് പ്ലാറ്റ്‌ഫോം ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു ആവശ്യക്കാരിലേക്ക് ഈ സേവനം എത്തിക്കുന്നു. രാജ്യത്തുടനീളമുള്ള 53 ടെലി മാനസ് സെല്ലുകൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 17 ലക്ഷം ആളുകൾക്ക് അവർ തിരഞ്ഞെടുത്ത ഭാഷയിൽ സേവനം നൽകി എന്നത് സന്തോഷകരമാണ്.
മുൻകാലങ്ങളിൽ ചില സമൂഹങ്ങളിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും ആശങ്കകൾക്കും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. അടുത്ത കാലത്തായി, മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചുവരികയാണ്. മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട അശാസ്ത്രീയ വിശ്വാസങ്ങളും ദൂഷണവും ഇപ്പോൾ പഴയ കാര്യമാണ്. ഇത് മൂലം വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് സഹായം തേടുന്നത് എളുപ്പമാക്കുന്നു. ഇത് സ്വാഗതാർഹമായ ഒരു കാര്യമാണ്.
വർദ്ധിച്ചുവരുന്ന അവബോധം രോഗികൾക്ക് അവരുടെ പ്രശ്‌നങ്ങൾ തുറന്നുപറയാനും പങ്കിടാനും അവസരമൊരുക്കിയതായി രാഷ്ട്രപതി പറഞ്ഞു. എവിടെയും എപ്പോൾ വേണമെങ്കിലും കൗൺസിലിംഗ് സുഗമമാക്കുന്നതിന് ടെലി മാനസ്, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് SAMVAAD പ്ലാറ്റ്‌ഫോം തുടങ്ങിയ നിരവധി സംരംഭങ്ങൾ നിംഹാൻസ് ഏറ്റെടുക്കുന്നുണ്ട് എന്നതിൽ രാഷ്‌ട്രപതി സന്തോഷം അറിയിച്ചു.
നമ്മുടെ പ്രാചീന ഋഷിമാരിൽ നിന്നും ദർശകരിൽ നിന്നുമുള്ള ജ്ഞാനവും ജീവിതപാഠങ്ങളും മനസ്സിൻ്റെ സന്തുലിതാവസ്ഥയെ തകർക്കുന്ന ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു ആത്മീയ ചട്ടക്കൂട് വികസിപ്പിക്കാൻ നമ്മെ സഹായിക്കുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ലോകത്ത് നാം കാണുന്ന എല്ലാറ്റിൻ്റെയും അടിസ്ഥാനം മനസ്സാണെന്ന് നമ്മുടെ ധർമ്മശാസ്ത്രാദികൾ പറയുന്നു. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ശമിപ്പിക്കുന്നതിന് ആധുനിക ചികിത്സാ സംവിധാനങ്ങളോടൊപ്പം, യോഗ പോലുള്ള പരമ്പരാഗത രീതികൾ വിജയകരമായി ഉൾപ്പെടുത്തിയതിന് അവർ നിംഹാൻസിനെ അഭിനന്ദിച്ചു.
ആരോഗ്യമുള്ള മനസ്സാണ് ആരോഗ്യമുള്ള സമൂഹത്തിൻ്റെ അടിത്തറയെന്ന് രാഷ്ട്രപതി പറഞ്ഞു. അറിവിനും ജ്ഞാനത്തിനും ഒപ്പം അനുകമ്പയും ദയയും ഡോക്ടർമാക്കും മറ്റ് മാനസികാരോഗ്യ വിദഗ്ധർക്കും, എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിചരണം നൽകുന്നതിന് ഒരു വഴികാട്ടിയാകും എന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
(Release ID: 2089851)
Visitor Counter : 35