വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വാണിജ്യ വകുപ്പിന്റെ  2024 ലെ വർഷാന്ത്യ അവലോകനം

Posted On: 26 DEC 2024 12:39PM by PIB Thiruvananthpuram
സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ

ഇന്ത്യയും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും (EFTA) 2024 മാർച്ച് 10-ന് ട്രേഡ് ആൻഡ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്റ് (TEPA) ഒപ്പുവച്ചു. സ്വിറ്റ്സർലൻഡ്, ഐസ് ലാൻഡ്, നോർവേ, ലിച്ചെൻസ്റ്റീൻ എന്നീ രാജ്യങ്ങളാണ് EFTA ൽ ഉൾപ്പെടുന്നത്. ഏതെങ്കിലും സുപ്രധാന യൂറോപ്യൻ സാമ്പത്തിക ബ്ലോക്കുമായുള്ള ഇന്ത്യയുടെ ആദ്യ സ്വതന്ത്ര വ്യാപാര കരാറാണ് TEPA. "മെയ്ക്ക് ഇൻ ഇന്ത്യ", ആത്മനിർഭർ ഭാരത് ഉദ്യമങ്ങൾക്ക് ശക്തി പകരും വിധം  അടുത്ത 15 വർഷത്തിനകം 100 ബില്യൺ ഡോളറിൻ്റെ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിൽ 1 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും  കരാർ വിഭാവനം ചെയ്യുന്നു.

2022 ജൂൺ 17-ന് വീണ്ടും ആരംഭിച്ച ഇന്ത്യ-യൂറോപ്യൻ യൂണിയൻ (EU) സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ 23 നയ മേഖലകൾ ഉൾക്കൊള്ളുന്നു. ഒമ്പത് റൗണ്ട് ചർച്ചകൾ 2024 സെപ്തംബർ വരെ നീണ്ടു

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ 2022 ജനുവരി 13-ന് ആരംഭിച്ചു. 2023 ഡിസംബറിൽ 13 റൗണ്ട് ചർച്ചകൾ പൂർത്തിയായി. 2022 ECTA അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-ഓസ്‌ട്രേലിയ CECA ൽ  5 പ്രമേയങ്ങളിലൂന്നിയും 14 പുതിയ മേഖലകളിലൂന്നിയുംചർച്ചകൾ നടന്നു. 10 ഔപചാരിക റൗണ്ടുകൾ പൂർത്തിയായി.

ഇന്ത്യ-ശ്രീലങ്ക ETCA ചർച്ചകൾ പുരോഗതിയുടെ പാതയിലാണ്. 14-ാം റൗണ്ട് ചർച്ചകൾ 2024 ജൂലൈയിൽ സമാപിച്ചു. 2024 ഫെബ്രുവരിയിലും ഏപ്രിലിലും നടന്ന 6-ഉം 7-ഉം റൗണ്ടുകൾക്കൊപ്പം പെറുവുമായും ഇന്ത്യ വ്യാപാര ഉടമ്പടി ചർച്ച ചെയ്യുന്നു. സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 2024 മാർച്ചിൽ ഇന്ത്യ-ഡൊമിനിക്കൻ റിപ്പബ്ലിക് JETCO ഒപ്പുവച്ചു.


ഇന്ത്യ-ആസിയാൻ: ആസിയാൻ-ഇന്ത്യ ധന മന്ത്രിമാരുടെ 21-ാമത് യോഗം 2024 സെപ്റ്റംബർ 20-ന് ലാവോ പിഡിആറിലെ വിയൻ്റിയാനിൽ നടന്നു. 10 ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ധന മന്ത്രിമാരോ, നിയോഗിക്കപ്പെട്ട പ്രതിനിധികളോ യോഗത്തിൽ പങ്കെടുത്തു. 2025-ഓടെ ആസിയാൻ ഇന്ത്യ ട്രേഡ് ഇൻ ഗുഡ്സ് എഗ്രിമെന്റ് (AITIGA) പൂർത്തിയാക്കുന്നത് സംബന്ധിച്ച ചർച്ചയും പുനരഅവലോകനവും നടന്നു.

സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ സേവന വ്യാപാരം മെച്ചപ്പെടുത്തുന്നു

സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ, മലേഷ്യ, മൗറീഷ്യസ്, യുഎഇ, ഓസ്‌ട്രേലിയ, ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഉഭയകക്ഷി വ്യാപാര കരാറുകളുണ്ട്. യുകെ, ഇയു, ഒമാൻ, പെറു, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള സേവന വ്യാപാരവും ഓസ്‌ട്രേലിയയുമായുള്ള സിഇസിഎയും പുരോഗമിക്കുന്ന ചർച്ചകളിൽ ഉൾപ്പെടുന്നു.

സേവന കയറ്റുമതിയിലെ വിപണി പ്രവേശനം, വിവേചനരഹിതമായ പെരുമാറ്റം, സുതാര്യവും വസ്തുനിഷ്ഠവുമായ നിയന്ത്രണ അന്തരീക്ഷം എന്നിവ ഉറപ്പാക്കി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഇന്ത്യ പ്രയോജനപ്പെടുത്തുന്നു.


ബഹുമുഖ ഇടപെടലുകൾ

ലോക വ്യാപാര സംഘടന (WTO)

കൃഷി, സുസ്ഥിര വികസനം, മത്സ്യബന്ധനം എന്നിവയിലെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ലോക വ്യാപാര സംഘടനയുടെ 13-ാമത് മന്ത്രിതല സമ്മേളനത്തിൽ ഇന്ത്യ പങ്കെടുത്തു. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കായി ഇന്ത്യ വാദിക്കുകയും 2026 വരെ ഇ-ട്രാൻസ്മിഷൻ കസ്റ്റംസ് തീരുവകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തു. ചെറുകിട മത്സ്യത്തൊഴിലാളികൾക്കും EEZ കാർവ്-ഔട്ടുകൾക്കും സംരക്ഷണം നൽകിക്കൊണ്ട് ഫിഷറീസ് സബ്‌സിഡികൾക്കുള്ള  ചർച്ചകൾ ഇന്ത്യ തുടരുന്നു.

ഇൻഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് ഫോർ പ്രോസ്പെരിറ്റി (IPEF)

വിതരണ ശൃംഖലാ സുസ്ഥിരത, ക്ലീൻ ഇക്കോണോമി, ഫെയർ ഇക്കോണോമി എന്നിവയിൽ IPEFസ്തംഭങ്ങൾക്ക് കീഴിൽ ഇന്ത്യ കരാറുകളിൽ ഒപ്പുവച്ചു. സപ്ലൈ ചെയിൻ കൗൺസിലിൻ്റെ വൈസ് ചെയർ എന്ന നിലയിൽ, ഫാർമസ്യൂട്ടിക്കൽസിലും നഗര ഇ-മാലിന്യ നിവാരണത്തിലും ഇന്ത്യ മുൻകൈയെടുക്കുന്നു.

ഉഭയകക്ഷി സഹകരണം

ഇന്ത്യ-യുഎസ്എ

2024 ഒക്ടോബറിൽ നടന്ന ആറാമത്  ഇന്ത്യ-യുഎസ്എ വാണിജ്യ സംഭാഷണം, CMPA, IRA എന്നിവയുമായി യോജിച്ച് നിർണായക ധാതുക്കളുടെ വിതരണ ശൃംഖല വിപുലീകരിക്കുന്നതിനുള്ള ധാരണാപത്രത്തിന് വഴിതുറന്നു.

ഇന്ത്യ–യുഎഇ

2024 ഒക്ടോബറിൽ നടന്ന രണ്ടാമത്തെ CEPA  ജോയിൻ്റ് കമ്മിറ്റി യോഗം ഡാറ്റാ കൈമാറ്റം, ആഭരണ കയറ്റുമതി, ഹലാൽ സർട്ടിഫിക്കേഷൻ, ഫാർമസ്യൂട്ടിക്കൽ ഉത്പന്ന രജിസ്ട്രേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2030-ന് മുമ്പ് 100 മില്യൺ ഡോളറിൻ്റെ എണ്ണ ഇതര വ്യാപാരം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ശുഭാപ്തിവിശ്വാസം പ്രകടമാക്കി.

ഇന്ത്യ-ഖത്തർ

2024 ജൂലായിൽ, ഖത്തറുമായുള്ള ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് (JWG) യോഗത്തിലെ ചർച്ചകളിലൂടെ, രത്നങ്ങൾ, ഭക്ഷ്യസുരക്ഷ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയുടെ സഹകരണം ലക്ഷ്യമിട്ടുള്ള ഭക്ഷ്യ സുരക്ഷാ ധാരണാപത്രങ്ങളിലും ഉഭയകക്ഷി വ്യാപാര പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇന്ത്യ-ഈജിപ്ത്

2024 സെപ്റ്റംബറിലെ ഇന്ത്യ-ഈജിപ്ത് സംയുക്ത വ്യാപാര സമിതി യോഗം NSIC-യും MSMEDA-യും തമ്മിലുള്ള ധാരണാപത്രത്തിന് മുൻഗണന നൽകി. പുനരുപയോഗ ഊർജം, ഡിജിറ്റൽ പേയ്‌മെൻ്റുകൾ, ഐടി സേവനങ്ങൾ തുടങ്ങിയ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇന്ത്യ-നൈജീരിയ

ഇന്ത്യ-നൈജീരിയ സംയുക്ത വ്യാപാര സമിതി യോഗം 2024 ഏപ്രിൽ 29-30 തീയതികളിൽ നടന്നു. ഇരുപക്ഷവും ഉഭയകക്ഷി വ്യാപാര പുരോഗതി അവലോകനം ചെയ്യുകയും വ്യാപാരം സുഗമമാക്കുന്നതിന് ഒരു ലോക്കൽ കറൻസി സെറ്റിൽമെൻ്റ് സിസ്റ്റം ഉടമ്പടി എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിന്   ധാരണയിലെത്തുകയും ചെയ്തു.

ഇന്ത്യ-ഘാന

ഘാനയുമായുള്ള സംയുക്ത ട്രേഡ് കമ്മിറ്റി മീറ്റിംഗ് 2024 മെയ് 2-3 തീയതികളിൽ നടന്നു. വ്യാപാരവും നിക്ഷേപവും മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ പരിഹാരങ്ങൾക്കുമുള്ള ധാരണാപത്രങ്ങളുടെ സാധ്യതകളും ആഫ്രിക്കൻ കോണ്ടിനെൻ്റൽ ഫ്രീ ട്രേഡ് കരാറിന് കീഴിലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതും കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.

ഇന്ത്യ-സിംബാബ്‌വെ

2024 മെയ് 13-14 തീയതികളിൽ നടന്ന സിംബാബ്‌വെയുമായുള്ള സംയുക്ത ട്രേഡ് കമ്മിറ്റി മീറ്റിംഗ്, ഡിജിറ്റൽ പരിഹാരങ്ങൾ, ടെലിമെഡിസിൻ, അസംസ്കൃത വജ്രം, പരമ്പരാഗത മരുന്നുകൾ എന്നിവയുടെ നിയന്ത്രണ ചട്ടക്കൂടുകൾ ഉൾപ്പെടെ സഹകരണത്തിനുള്ള മേഖലകൾ ആരാഞ്ഞു.

19-ാമത് CII ഇന്ത്യ-ആഫ്രിക്ക ബിസിനസ് കോൺക്ലേവ്

ന്യൂഡൽഹിയിൽ നടന്ന 19-ാമത് CII ഇന്ത്യ-ആഫ്രിക്ക ബിസിനസ് കോൺക്ലേവിൽ (2024 ഓഗസ്റ്റ് 20-22) 870 ഇന്ത്യൻ പ്രതിനിധികളും 47 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 1200 അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുത്തു.  അഞ്ച് രാഷ്ട്രത്തലവന്മാരും 40 മന്ത്രിമാരും ഇതിൽ ഉൾപ്പെടുന്നു. സുപ്രധാന മേഖലകൾ കേന്ദ്രീകരിച്ച് ചർച്ചകൾ നടന്നു. 380 പ്രോജക്ട് അവസരങ്ങൾ ചർച്ചയായി. 780 B2B മീറ്റിംഗുകളും നടന്നു. ആഫ്രിക്കൻ പങ്കാളികളുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾ സഹകരണം വളർത്തിയെടുക്കുന്നതിലുള്ള കോൺക്ലേവിൻ്റെ വിജയം എടുത്തുകാണിക്കുന്നു.

ഇന്ത്യ-കംബോഡിയ

വ്യാപാരവും നിക്ഷേപവും സംബന്ധിച്ച ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പിൻ്റെ (JWGTI) രണ്ടാമത് യോഗത്തിന് 2024 ജൂൺ 19-ന് ന്യൂഡൽഹി ആതിഥേയത്വം വഹിച്ചു. വ്യാപാര മൂല്യം വർധിപ്പിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുപക്ഷവും ഊന്നൽ നൽകി. പരസ്പര പ്രയോജനം ലക്ഷ്യമിട്ടുള്ള നിരന്തര ഇടപെടലുകൾക്ക് ധാരണയായി.

ഇന്ത്യ-മ്യാൻമർ

2024 സെപ്റ്റംബർ 27-ന് ന്യൂഡൽഹിയിൽ നടന്ന എട്ടാമത് ഇന്ത്യ-മ്യാൻമർ സംയുക്ത വ്യാപാര സമിതി (JTC) യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു. ഷിപ്പിംഗ്, ടെക്‌സ്റ്റൈൽസ്, ആരോഗ്യം, ഊർജ്ജം, കണക്റ്റിവിറ്റി, ICT, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയായി. പാരസ്പര്യത്തിലൂന്നിയുള്ള വളർച്ചയ്ക്കും ദീർഘകാല നേട്ടങ്ങൾക്കും ഈ മേഖലകളെ പ്രയോജനപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും ഊന്നൽ നൽകി.

ഇന്ത്യ-ദക്ഷിണ കൊറിയ

2010 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-കൊറിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA), മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചയികൾ 2016 മുതൽ ആരംഭിച്ചു. 2024 ജൂലൈയിൽ സോളിൽ നടന്ന 11-ാം റൗണ്ട് ചർച്ചകൾ, നിർവചിക്കപ്പെട്ട ഒരു രൂപരേഖയിലൂടെ വ്യാപാര മൂല്യവും അളവും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
 
പുതിയ സംരംഭങ്ങൾ

ഇൻസെന്റ് ലാബ് ഗ്രോൺ ഡയമണ്ട് (എൽജിഡി) പദ്ധതി

ഐഐടി-മദ്രാസിന്റെ നേതൃത്വത്തിലുള്ള ഈ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി വജ്ര നിർമ്മാണത്തിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു.

ദുബൈയിൽ ഭാരത് മാർട്ട്

2026 ൽ ആരംഭിക്കാനിരിക്കുന്ന ഭാരത് മാർട്ട് ഇന്ത്യയുടെ വളർന്നുവരുന്ന ഉൽ‌പാദന മേഖലയ്ക്കും ഇതുവരെ ഉപയോഗപ്പെടുത്താത്ത അന്താരാഷ്ട്ര വിപണികൾക്കുമിടയിലെ വിടവ് നികത്താൻ ശ്രമിക്കുകയും മെയ്ക്ക് ഇൻ ഇന്ത്യ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനം തുടങ്ങിയ  സർക്കാര്‍ സംരംഭങ്ങളുമായി ചേര്‍ന്നുപോവുകയും ചെയ്യുന്നു.

പ്രധാൻ മന്ത്രി ചാ ശ്രമിക് പ്രോത്സാഹൻ യോജന (PMCSPY)

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍  എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ അസമിലെയും പശ്ചിമ ബംഗാളിലെയും 10 ലക്ഷത്തിലധികം തേയിലത്തോട്ട തൊഴിലാളികൾക്ക് ഈ സംരംഭം  പ്രയോജനം ചെയ്യുന്നു.

ജൈവ നിയന്ത്രണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തൽ

2025-26 ആകുമ്പോഴേക്കും ജൈവ കയറ്റുമതി 1 ബില്യൺ യുഎസ് ഡോളറാക്കി ഉയർത്താനാണ് പുതുക്കിയ NPOP ലക്ഷ്യമിടുന്നത്. ഇത് 20 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യും.

എം.എസ്.എം.ഇ. കയറ്റുമതിക്കാർക്കുള്ള മെച്ചപ്പെട്ട ഇൻഷുറൻസ് പരിരക്ഷ

ബാങ്കുകൾക്കുള്ള ആകെ ലാഭവിഹിത കയറ്റുമതി നിക്ഷേപ ഇൻഷുറൻസ് (WT-ECIB) പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ചുകൊണ്ട്  ഇ.സി.ജി.സി. കയറ്റുമതി നിക്ഷേപ ഇൻഷുറൻസ്  80 കോടി രൂപയാക്കി വര്‍ധിപ്പിച്ചത്  9,000 സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പ്രയോജനം ചെയ്യുകയും സമാന്തര ആവശ്യകതകൾ കുറയ്ക്കുകയും ചെയ്തു. ബാങ്കുകളിൽ നിന്ന് മതിയായതും താങ്ങാവുന്നതുമായ കയറ്റുമതി ധനസഹായം ലഭ്യമാക്കുന്നതിലൂടെ നിലവിലെ 8,000-ത്തോളം കയറ്റുമതിക്കാർക്ക് പുറമെ ഏകദേശം 1,000 പുതിയ ചെറുകിട കയറ്റുമതിക്കാർക്കും ഈ പദ്ധതി പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


ഇ-വിപണന കയറ്റുമതി കേന്ദ്രങ്ങള്‍  (ECEHs)

2024-25 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ച ഈ കേന്ദ്രങ്ങള്‍ പ്രാരംഭഘട്ടത്തില്‍ NCR, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ സംഭരണം, പൊതിയല്‍, ചരക്കുനീക്കം തുടങ്ങിയ സേവനങ്ങൾ നൽകും.

ആഭാർ കലക്ഷൻ

2024 ജൂലൈയിൽ ആരംഭിച്ച ഈ GeM സംരംഭം വോക്കല്‍ ഫോര്‍ ലോക്കല്‍ പ്രചാരണത്തിന് കീഴിൽ ഒരു ജില്ല ഒരു ഉല്പന്നം,  GI-ടാഗോടു കൂടിയ ഉല്പന്നങ്ങള്‍, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ അഞ്ച് വിശാല വിഭാഗങ്ങളിലായി പ്രോത്സാഹിപ്പിക്കുന്നു: കൈത്തറി ഉൽപ്പന്നങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, കൈകൊണ്ട് നിര്‍മിച്ച ഭക്ഷ്യവസ്തുക്കൾ, ശരീരസംരക്ഷണ ഉൽപ്പന്നങ്ങൾ, സുസ്ഥിര ഉൽപ്പന്നങ്ങൾ.

വ്യാപാരമേഖലയിലെ ഡിജിറ്റൽ പരിവർത്തനം

വ്യാപാരം കാര്യക്ഷമമാക്കുന്നതിന് വാണിജ്യ വകുപ്പ് നിരവധി ഡിജിറ്റൽ സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്:

ട്രേഡ് കണക്ട് ഇ-പ്ലാറ്റ്‌ഫോം: 2024 സെപ്റ്റംബറിൽ ആരംഭിച്ച ഈ ഏകജാലക സംവിധാനം തത്സമയ വ്യാപാര വിവരങ്ങളും പിന്തുണയും നല്‍കി കയറ്റുമതിക്കാരെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഗുണം ചെയ്യുന്നു.  

ഓൺലൈൻ ജന്‍സുന്‍വായി  സൗകര്യം: ഉദ്യോഗസ്ഥരുമായുള്ള തത്സമയ ആശയവിനിമയത്തിനായി അവതരിപ്പിച്ച ഈ സംവിധാനം സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നു.

സ്വയം സാക്ഷ്യപ്പെടുത്തിയ ഇ-ബിആർസി സംവിധാനം: ഈ കടലാസ് രഹിത സംവിധാനം അനുവര്‍ത്തന ചെലവുകൾ കുറയ്ക്കുകയും ചെറുകിട കയറ്റുമതിക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഐഇസിയുടെ 24x7 സ്വയംപ്രേരിത സൃഷ്ടി: ഇറക്കുമതി കയറ്റുമതി കോഡുകളുടെ തൽക്ഷണ സാധൂകരണം പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നു.

ട്രേഡ് ഫെസിലിറ്റേഷൻ മൊബൈൽ ആപ്പ്: വ്യാപാര നയങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ, വെർച്വൽ സഹായം എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നൽകുന്നു.

പ്ലാന്റേഷൻ ബോർഡ് സംരംഭങ്ങൾ

കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതി 2024-25 ൽ ഗണ്യമായി വര്‍ധിച്ചു. കാപ്പി കയറ്റുമതി 46% വർധിച്ച് 1,047 മില്യൺ യുഎസ് ഡോളറിലും  തേയില കയറ്റുമതി 13.43% വർധിച്ച് 525.96 മില്യൺ യുഎസ് ഡോളറിലും സുഗന്ധവ്യഞ്ജന കയറ്റുമതി 10.4% വർധിച്ച് 2,476.5 മില്യൺ യുഎസ് ഡോളറിലുമെത്തി. ഇൻറോഡ് പദ്ധതിയുടെ കീഴിൽ വടക്കുകിഴക്കൻ മേഖലയിൽ സ്ഥാപിച്ച 125,722 ഹെക്ടർ റബർ തോട്ടങ്ങൾ  140,000 ചെറുകിട കർഷകർക്ക് പ്രയോജനം ചെയ്തു. സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സുഗന്ധവ്യഞ്ജന കൃഷി വ്യാപിപ്പിക്കുന്നതിനുമായി സുഗന്ധവ്യജ്ഞന ബോർഡ് ഉത്തരാഖണ്ഡ് സർക്കാരിന്റെ ഹോർട്ടികൾച്ചർ ആൻഡ് ഫുഡ് പ്രോസസ്സിംഗ് കാര്യാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.


ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിന്‍ ട്രേഡ്  (ഡിജിഎഫ്ടി)

കയറ്റുമതി പ്രോത്സാഹന മൂലധന സാമഗ്രി (ഇപിസിജി) പദ്ധതി

ഇപിസിജി പദ്ധതിക്ക് കീഴിലെ ലളിതവൽക്കരിച്ച പ്രക്രിയകൾ സേവന വിതരണവും നിർമാണ മത്സരക്ഷമതയും വർധിപ്പിച്ചു.

കയറ്റുമതിക്കാർക്ക് ശിക്ഷരഹിത പദ്ധതി

ഈ ഒറ്റത്തവണ പദ്ധതി കയറ്റുമതിക്കാരെ പഴയ അനുമതികള്‍ തീർപ്പാക്കാൻ പ്രാപ്തരാക്കിയതിലൂടെ തീരുവയിലും പലിശയിലും 954 കോടി രൂപ തിരിച്ചുപിടിച്ചു.

കയറ്റുമതി പരിശോധനാ കൗൺസിൽ (ഇഐസി)

ഉയർന്ന മൂല്യമുള്ള മത്സ്യ ഇനങ്ങൾക്ക് ചൈനയിലേക്ക് വിപണി പ്രവേശം ഉറപ്പാക്കുന്നതിനും റഷ്യയിലേക്കുള്ള പാല്‍ - മുട്ട ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിനും ഇഐസിയുടെ ശ്രമങ്ങൾ സഹായിച്ചു. നവീകരിച്ച പരിശോധനാ സൗകര്യങ്ങൾ ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് (ഡിജിടിആർ)

ഉരുക്ക്, ഇലക്ട്രോണിക്സ്, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്ക് സംരക്ഷണ തീരുവ ചുമത്തിക്കൊണ്ട് അന്യായ വ്യാപാര രീതികൾക്കെതിരെ ഡിജിടിആർ 50-ലധികം അന്വേഷണങ്ങൾ ആരംഭിച്ചു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണങ്ങൾ ആഭ്യന്തര വ്യവസായങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കി.

പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ)

RoDTEP ആനുകൂല്യങ്ങൾ


ICEGATE യുടെ പ്രവർത്തനം  24/7 RoDTEP പദ്ധതി ആപ്ലിക്കേഷനുകൾ ലഭ്യമാക്കുന്നതുവഴി ഐടി, ഐടിഇഎസ് ഇതര പ്രത്യേക സാമ്പത്തിക മേഖലാ യൂണിറ്റുകളുടെ ബിസിനസ് പ്രവർത്തനങ്ങൾ ലളിതവല്‍ക്കരിക്കുന്നു.

‌കാപ്‌ജെമിനി നൈപുണ്യ വികസന കേന്ദ്രം

2024 ജൂണിൽ നോയിഡയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ആരംഭിച്ച ഈ കേന്ദ്രം അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ 1,000 യുവാക്കളെ പ്രതിവർഷം AI, STEM, വ്യക്തിഗത നൈപുണ്യം എന്നിവയിൽ പരിശീലിപ്പിക്കുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (IIFT)

മികച്ച പ്രശസ്തിയും റാങ്കിംഗും  

എം‌ബി‌എ പ്രോഗ്രാമുകളിൽ ആഗോളതലത്തിൽ  51-ാം സ്ഥാനത്തെത്തിയ ഐ‌ഐ‌എഫ്‌ടി  2024 ൽ എൻ‌ഐ‌ആർ‌എഫ് റാങ്കിംഗ് 15-ാം സ്ഥാനത്തേക്ക് ഉയർത്തി.

ദുബൈയിലെ ആദ്യ വിദേശ കാമ്പസ്

തുറക്കാനിരിക്കുന്ന ഐ‌ഐ‌എഫ്‌ടിയുടെ ദുബൈ കാമ്പസ് ഇന്ത്യ-യു‌എ‌ഇ വ്യാപാരവും നിക്ഷേപവും വളർത്തും.

അന്താരാഷ്ട്ര വ്യാപാര ക്രയവിക്രയ കേന്ദ്രം  

ആഗോള വ്യാപാര ചർച്ചകളിൽ ഉദ്യോഗസ്ഥർക്കും കോർപ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും പരിശീലനം നൽകുന്നതിനായാണ് ഐ‌ഐ‌എഫ്‌ടി ഈ കേന്ദ്രം സ്ഥാപിക്കുന്നത്.

വിദേശ വ്യാപാര പഠനകേന്ദ്രം

ആഗോളതലത്തിൽ ആഭ്യന്തര നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള ഇന്ത്യൻ ഉദാഹരണങ്ങളിലെ പഠനങ്ങൾ വികസിപ്പിക്കുക എന്നതാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം.

ഗവൺമെന്റ് ഇലക്ട്രോണിക് വിപണന കേന്ദ്രം (GeM)

2016 മുതൽ  11 ലക്ഷം കോടി രൂപയുടെ രണ്ടര കോടിയിലധികം ഓർഡറുകൾ GeM വഴി ലഭ്യമാക്കിയതില്‍ 4.84 ലക്ഷം കോടി രൂപയുടെ സേവനങ്ങളും ഉൾപ്പെടുന്നു. 97% ഓർഡറുകളും ഇടപാടിന് പ്രത്യേക തുകയില്ലാതെ നല്‍കുന്നതിനാല്‍ ഇത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രയോജനകരമാണ്. സ്ത്രീകൾ നയിക്കുന്ന 1.69 ലക്ഷം എംഎസ്എംഇകൾ രജിസ്റ്റർ ചെയ്തതിലൂടെ വനിതാ സംരംഭകരെയും  GeM  പിന്തുണയ്ക്കുന്നു.


ഇന്ത്യൻ വ്യാപാര പ്രോത്സാഹന സംഘടന (ഐടിപിഒ)

ആഹാർ, ഐഐടിഎഫ് തുടങ്ങിയ പ്രധാന വ്യാപാരമേളകൾക്ക് ആതിഥേയത്വം വഹിച്ചതിലൂടെ 2023-24 സാമ്പത്തിക വർഷം ഐടിപിഒ  670 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവും 168 കോടി രൂപ ലാഭവും നേടി.

വ്യാപാര പ്രകടനം

2024 ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇന്ത്യയുടെ ആകെ കയറ്റുമതി (ചരക്കുകളും സേവനങ്ങളും) 7.3% വർധിച്ച് 468.5 ബില്യൺ യുഎസ് ഡോളറിലെത്തി. 2023-ല്‍ ഇതേ കാലയളവിൽ കയറ്റുമതി മൂല്യം 436.5 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇറക്കുമതി 7.1% വർധിച്ച് 531.6 ബില്യൺ യുഎസ് ഡോളറായി. ചരക്ക് കയറ്റുമതി 3.1% വർധിച്ചപ്പോൾ സേവന കയറ്റുമതിയിൽ 12.7% വർധനയുണ്ടായി. ഇതിൽ പ്രധാന പങ്കുവഹിച്ച കമ്പ്യൂട്ടർ സേവനങ്ങൾ ആകെ സേവന കയറ്റുമതിയുടെ 47.4 ശതമാനമായിരുന്നു.

കൃഷി: സുഗന്ധവ്യഞ്ജന കയറ്റുമതി 10% വർധിച്ച് 2.47 ബില്യൺ ഡോളറിലെത്തി; ബസുമതി അരിയുടെ കയറ്റുമതി 14.28% വർധിച്ച് 3.38 ബില്യൺ ഡോളറായി.

എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ: കയറ്റുമതി 9.73% വര്‍ധിച്ച് 67.48 ബില്യൺ ഡോളറിലെത്തി.

ഇലക്ട്രോണിക്സ്: കയറ്റുമതി 23.69% വർധിച്ച് 19.07 ബില്യൺ ഡോളറിലെത്തി; സ്മാർട്ട്‌ഫോൺ കയറ്റുമതി 36.85% വർധിച്ചു.

ഔഷധവ്യവസായം: കയറ്റുമതി 17.05 ബില്യൺ ഡോളറിലെത്തി; 8% വളർച്ച.

തുണിത്തരങ്ങൾ: റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 11.59% വർധിച്ച് 8.73 ബില്യൺ ഡോളറിലെത്തി.
 
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
SKY

(Release ID: 2089738) Visitor Counter : 25