വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ 2024-ലെ വർഷാന്ത അവലോകനം

ഉല്പന്നാധിഷ്ഠിത പ്രോത്സാഹനം (PLI) മുതല്‍ മുതൽ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതുവരെ പദ്ധതികളിലൂടെയും, ചരക്കു-സേവന നീക്കം കാര്യക്ഷമമാക്കുക,
നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വർധിപ്പിക്കുക തുടങ്ങിയവയിലൂടെയും നാഴികക്കല്ലുകൾ കൈവരിച്ചതുവഴി സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

Posted On: 20 DEC 2024 11:44AM by PIB Thiruvananthpuram

വകുപ്പിന്റെ 2024-ലെ ചില പ്രധാന സംരംഭങ്ങളും നേട്ടങ്ങളും ഇവയാണ്:

ഉല്പന്നാധിഷ്ഠിത പ്രോത്സാഹന (പിഎൽഐ) പദ്ധതികൾ


സ്വയംപര്യാപ്തമാവുക എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഉൽപ്പാദന ശേഷിയും കയറ്റുമതിയും വർധിപ്പിക്കുന്നതിനായി 14 പ്രധാന മേഖലകൾക്ക് 1.97 ലക്ഷം കോടി രൂപ (26 ബില്യൺ യുഎസ് ഡോളറിലധികം) വകയിരുത്തി ഉല്പന്നാധിഷ്ഠിത പ്രോത്സാഹന പദ്ധതികൾ പ്രഖ്യാപിച്ചു. 2020 നവംബര്‍ 11 ന് മന്ത്രിസഭ അംഗീകരിച്ച ഈ പദ്ധതിയില്‍ 1.46 ലക്ഷം കോടി (17.5 ബില്യൺ യുഎസ് ഡോളർ) രൂപയുടെ നിക്ഷേപം,  12.50 ലക്ഷം കോടി (150 ബില്യൺ യുഎസ് ഡോളർ) രൂപയുടെ ഉൽപ്പാദനവും വിൽപ്പനയും,  4 ലക്ഷം കോടി (48 ബില്യൺ യുഎസ് ഡോളർ) രൂപയുടെ കയറ്റുമതി, 9.5 ലക്ഷം വ്യക്തികൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ എന്നിവയുൾപ്പെടെ സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ചു.  9,721 കോടി രൂപയുടെ പ്രോത്സാഹന ധനമാണ്  2023-24 സാമ്പത്തിക വർഷം വരെ വിതരണം ചെയ്തത്. 27 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലായി 10 മന്ത്രാലയങ്ങളുടെയോ വകുപ്പുകളുടെയോ കീഴില്‍  14 മേഖലകളില്‍ 1,300-ലധികം നിർമാണ യൂണിറ്റുകൾസ്ഥാപിച്ചു.


14 പ്രധാന മേഖലകൾ ഇവയാണ്:


മൊബൈൽ നിർമാണവും നിർദ്ദിഷ്ട ഇലക്ട്രോണിക് ഘടകങ്ങളും

മരുന്ന് നിര്‍മാണത്തിനാവശ്യമായ നിർണായക കീ സ്റ്റാർട്ടിംഗ് മെറ്റീരിയലുകൾ/ മരുന്ന് ഇടനിലക്കാരും മറ്റ് ഔഷധനിര്‍മാണ ചേരുവകളും.

മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണം

വാഹനങ്ങളും വാഹന നിര്‍മാണ അനുബന്ധ ഘടകങ്ങളും

മരുന്നുകൾ

പ്രത്യേക തരം സ്റ്റീൽ

ടെലികോം, നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾ

ഇലക്ട്രോണിക്/സാങ്കേതിക ഉൽപ്പന്നങ്ങൾ

വൈറ്റ് ഗുഡ്സ് (എസികളും എൽഇഡികളും)

ഭക്ഷ്യോൽപ്പന്നങ്ങൾ

ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ: എംഎംഎഫ് വിഭാഗവും സാങ്കേതിക തുണിത്തരങ്ങളും

ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പിവി മൊഡ്യൂളുകൾ

അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (എസിസി) ബാറ്ററി

ഡ്രോണുകളും ഡ്രോൺ അനുബന്ധ ഘടകങ്ങളും


രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭക ആവാസവ്യവസ്ഥയിൽ പിഎൽഐ പദ്ധതി വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. എല്ലാ മേഖലകളിലും നിർമിക്കുന്ന അടിസ്ഥാന യൂണിറ്റുകൾക്ക് മുഴുവൻ മൂല്യശൃംഖലയിലും ഒരു പുതിയ വിതരണ അടിത്തറ ആവശ്യമായി വരും. ഈ അനുബന്ധ യൂണിറ്റുകളിൽ ഭൂരിഭാഗവും എംഎസ്എംഇ മേഖലയിലായിരിക്കും നിർമിക്കുക.


വൈറ്റ് ഗുഡ്‌സ് (എസി, എൽഇഡി ലൈറ്റുകൾ) പദ്ധതിക്കുള്ള പിഎൽഐ സ്കീം എസി, എൽഇഡി ലൈറ്റുകള്‍ എന്നിവയ്ക്കാവശ്യമായ ഘടകങ്ങളുടെ നിർമാണത്തിന് മാത്രമാണ് പ്രോത്സാഹനം നൽകുന്നത്. 2021-22 സാമ്പത്തിക വർഷം മുതൽ 2028-29 സാമ്പത്തിക വർഷം വരെ 6,238 കോടി രൂപയുടെ വിഹിതം അംഗീകരിച്ചു. പദ്ധതിയുടെ അവസാനം  20-25 ശതമാനത്തില്‍നിന്ന്  75-80 ശതമാനം  ആഭ്യന്തര മൂല്യവർധനയാണ് കണക്കാക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച  6,962 കോടി രൂപയുടെ നിക്ഷേപത്തിന്റെ 47 ശതമാനവും 48,000 പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങള്‍ പൂര്‍ണമായും 2024 സെപ്റ്റംബറിനകം യാഥാര്‍ഥ്യമായി. വ്യാവസായിക താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ  മൂന്നാം ഘട്ട ഓൺലൈൻ അപേക്ഷാ സംവിധാനം ആരംഭിക്കുകയും  ഇതുവഴി  4,121 കോടി രൂപ നിക്ഷേപിക്കാൻ സാധ്യതയുള്ള 38 അപേക്ഷകരെ ആകർഷിക്കുകയും ചെയ്തു.


പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ


2021 ഒക്ടോബർ 13-ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ (എൻഎംപി) ഉദ്ഘാടനം ചെയ്തത്. റോഡുകൾ, റെയിൽപാതകള്‍, തുറമുഖങ്ങൾ, ഉൾനാടൻ ജലപാതകൾ, ടെലികോം - വൈദ്യുതി ലൈനുകൾ, സാമൂഹ്യമേഖല ആസ്തികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വിവരശേഖരങ്ങളെ സംയോജിപ്പിക്കുന്ന ഈ ജിഐഎസ്-അധിഷ്ഠിത സംവിധാനത്തിലൂടെ ബഹുതല ചരക്കുനീക്ക-സേവന വിതരണത്തിനായി സമഗ്രവും സംയോജിതവുമായ ആസൂത്രണം സാധ്യമാക്കുന്നു. കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഒരു അന്തർ-മന്ത്രാലയ സ്ഥാപന സംവിധാനം രൂപീകരിച്ചിട്ടുണ്ട്.


44 കേന്ദ്ര മന്ത്രാലയങ്ങളെയും വകുപ്പുകളെയും (അടിസ്ഥാന സൗകര്യ മേഖലയിലെ 8, സാമൂഹ്യരംഗത്തെ 16, സാമ്പത്തിക മേഖലയിലെ 15, മറ്റ് മേഖലകളിലെ  5 എണ്ണം) 36 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളെയും പദ്ധതിയില്‍ ചേര്‍ത്തത് പ്രധാനമന്ത്രി ഗതിശക്തി പദ്ധതിപുരോഗതിയുടെ ഭാഗമാണ്.  ഇതില്‍ കേന്ദ്ര മന്ത്രാലയങ്ങളിലെ  726-ഉം  സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ 888-ഉം അടക്കം  1614 വിവരശേഖര തലങ്ങള്‍ ഉള്‍പ്പെടുന്നു.  കൂടാതെ, സാമൂഹ്യ മേഖലയിലെ 22 മന്ത്രാല - വകുപ്പുകളില്‍നിന്നായി 52-ലധികം വിവരശേഖര തലങ്ങള്‍ (പ്രാഥമിക ആരോഗ്യ സൗകര്യങ്ങൾ, പോസ്റ്റ് ഓഫീസുകൾ, ഹോസ്റ്റലുകൾ, കോളേജുകൾ തുടങ്ങിയവ) പദ്ധതിയുടെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്.


അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട 8-ഉം  സാമൂഹ്യമേഖലയിലെ 15-ഉം മന്ത്രാലയങ്ങൾക്കും/വകുപ്പുകൾക്കും ഡാറ്റാ ഗുണനിലവാര നിര്‍വഹണത്തിനായി മാതൃകാ പ്രവര്‍ത്തന നടപടിക്രമങ്ങള്‍ (SOP) വിജ്ഞാപനം ചെയ്തിട്ടുണ്ട്. 36 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങൾക്കായി ഒരു മാതൃകാ പ്രവര്‍ത്തന നടപടിക്രമം പങ്കുവെച്ചു. ഗോവ SOP വിജ്ഞാപനം ചെയ്തു.


ശൃംഖലാ ആസൂത്രണ സംഘം  81 യോഗങ്ങള്‍ നടത്തുകയും  15.48 ലക്ഷം കോടി രൂപ പദ്ധതി ചെലവുള്ള 213 പദ്ധതികൾ വിലയിരുത്തുകയും ചെയ്തു.  ചരക്കു-സേവന നീക്കത്തിനുള്ള  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള  5,496 കോടി രൂപയുടെ 200-ലധികം പദ്ധതികളാണ് സംസ്ഥാനങ്ങൾ ശിപാർശ ചെയ്തിരിക്കുന്നത്.


ദേശീയ ലോജിസ്റ്റിക്സ് നയം


2022 സെപ്റ്റംബർ 17-ന് ആരംഭിച്ച പ്രധാനമന്ത്രി ഗതി ശക്തിയുടെ പൂര്‍ത്തീകരണത്തിനായി ചെലവ് കുറഞ്ഞ ചരക്കുനീക്ക സേവന വിതരണ ശൃംഖലകളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും വ്യാപാരരംഗത്തെ മത്സരക്ഷമതയും വര്‍ധിപ്പിക്കുക എന്നതാണ് ദേശീയ ലോജിസ്റ്റിക്സ് നയം (NLP) ലക്ഷ്യമിടുന്നത്. പ്രവര്‍ത്തന പരിഷ്കാരങ്ങൾ, ചരക്കുനീക്ക - സേവന വിതരണം മെച്ചപ്പെടുത്തൽ, ഡിജിറ്റല്‍വല്‍ക്കരണം, മാനവ വിഭവശേഷി വികസനം, നൈപുണ്യവികസനം എന്നിവയുൾപ്പെടെ മൃദു അടിസ്ഥാന സൗകര്യ - ലോജിസ്റ്റിക്സ് മേഖലകളുടെ വികസനവശങ്ങളെ ഇത് അഭിസംബോധന ചെയ്യുന്നു.


NLP യുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിന് മൂന്ന് വിശാല ലക്ഷ്യങ്ങളുണ്ട്:


2030-ഓടെ ഇന്ത്യയിലെ ചരക്കുനീക്ക - സേവന വിതരണ ചെലവ് ആഗോള മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്താവുന്ന തരത്തിൽ കുറയ്ക്കുക.

ലോജിസ്റ്റിക്സ് പ്രകടന സൂചികയിലെ റാങ്കിംഗ് മെച്ചപ്പെടുത്തുകയും  2030 ആകുമ്പോഴേക്കും മികച്ച 25 രാജ്യങ്ങളിൽ ഒന്നാകാന്‍ ശ്രമിക്കുകയും ചെയ്യുക.

കാര്യക്ഷമമായ ആവാസവ്യവസ്ഥയ്ക്കായി വിവരശേഖരാധിഷ്ഠിതമായി തീരുമാനം കൈക്കൊള്ളുന്നതിന് പിന്തുണാ സംവിധാനം സൃഷ്ടിക്കുക.


പ്രധാന പ്രവർത്തന മേഖലകൾക്കായി  ഒരു വിശദ പദ്ധതി തയ്യാറാക്കുന്ന  സമഗ്ര ലോജിസ്റ്റിക്സ് ആക്ഷൻ പ്ലാൻ (CLAP) വഴിയാണ് നയം നടപ്പാക്കുന്നത്.


ചരക്കുനീക്ക - സേവന വിതരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍  കാര്യക്ഷമമാക്കുന്നതിന് 10 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട 37  ഡിജിറ്റൽ സംവിധാനങ്ങൾ/പോർട്ടലുകൾ സംയോജിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ കണ്ടെയ്നര്‍വല്‍കൃത EXIM കാർഗോ പിന്തുടരലും പരിശോധനയും നടക്കുന്നു.  


വിജ്ഞാന നവീകരണം: 115 സർവകലാശാലകളിൽ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട കോഴ്‌സുകൾ ആരംഭിച്ചു. ഗതിശക്തി വിശ്വവിദ്യാലയവുമായി ധാരണാപത്രം ഒപ്പുവച്ചു. 2024 മെയ് 8 ന് ഭോപ്പാലിലെ SPA-യില്‍ (സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ)  സെന്റർ ഓഫ് എക്സലൻസ് ഫോർ സിറ്റി ലോജിസ്റ്റിക്സ് (CoE) സ്ഥാപിക്കുകയും 100-ലേറെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയും ചെയ്തു. നൈപുണ്യ വികസനത്തിനായി 7 യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചു.


സേവനം മെച്ചപ്പെടുത്തുന്നതിനുള്ള സംഘം  (SIG): 2022 ലെ ദേശീയ ലോജിസ്റ്റിക്‌സ് നയത്തിന് അനുസൃതമായി ചരക്കുനീക്ക സേവന വിതരണ മേഖലയുമായി ബന്ധപ്പെട്ട വ്യവസ്ഥാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു അന്തർ-മന്ത്രാലയ ഉപദേശകസംഘം രൂപീകരിച്ചു.


കാര്യക്ഷമമായ ലോജിസ്റ്റിക്സിന് മേഖലാ പദ്ധതികൾ (SPEL): 2022 ലെ ദേശീയ ലോജിസ്റ്റിക്സ് നയത്തിന്റെ അടിസ്ഥാനത്തിൽ  ചരക്കുനീക്ക സേവന വിതരണ കാര്യക്ഷമത കൈവരിക്കുന്നതിന് മേഖലാ നിർദ്ദിഷ്ട പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കൽക്കരി, സിമന്റ്  മേഖലകൾക്കുള്ള SPEL അന്തിമമാക്കി. ഭക്ഷ്യ-പൊതുവിതരണം, ഭക്ഷ്യ സംസ്കരണ വ്യവസായം, ഔഷധ നിര്‍മാണം, വളങ്ങൾ, ഉരുക്ക് എന്നീ മേഖലകൾക്കുള്ള SPEL പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം

നിക്ഷേപം സുഗമമാക്കുക,  നവീകരണം പ്രോത്സാഹിപ്പിക്കുക,  മികച്ച അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക, ഉൽപ്പാദനം, രൂപകൽപ്പന, നവീകരണം എന്നിവയുടെ കേന്ദ്രമാക്കി  ഇന്ത്യയെ മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ 2014 ഓഗസ്റ്റ് 15 ന്  പ്രധാനമന്ത്രി  പ്രഖ്യാപിച്ച "മെയ്ക്ക് ഇൻ ഇന്ത്യ" സംരംഭം  2014 സെപ്റ്റംബർ 25-നാണ് ഔപചാരികമായി ആരംഭിച്ചത്.  


ഇന്ത്യൻ വ്യവസായങ്ങളുടെ ശക്തിയും മത്സരശേഷിയും, ഇറക്കുമതി ബദലിന്റെ ആവശ്യകത, കയറ്റുമതി സാധ്യത, വർധിച്ച തൊഴിൽക്ഷമത എന്നിവ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത 24 ഉപമേഖലകളിൽ 2014 സെപ്റ്റംബറിൽ മെയ്ക്ക് ഇൻ ഇന്ത്യ (എംഐഐ) സംരംഭം ആരംഭിച്ചതിനുശേഷം സർക്കാർ സൂക്ഷ്മമായി പ്രവർത്തിച്ചുവരികയാണ്.


ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടി


ആവശ്യത്തിന് മുന്നോടിയായി ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക, വ്യാവസായികാവശ്യങ്ങള്‍ക്കായി വികസിപ്പിച്ച  ഭൂമി അനുവദിച്ചു നല്‍കാന്‍ തയ്യാറാക്കുക, ഉൽപ്പാദനത്തിലേക്ക് നിക്ഷേപം ആകർഷിക്കുക, ആഗോള മൂല്യ ശൃംഖലയിൽ ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനകം അംഗീകരിച്ച 8 പദ്ധതികൾക്ക് പുറമെ ഇൻഡസ്ട്രി 4.0 മാനദണ്ഡങ്ങൾക്ക് വിധേയമായി 12 പുതിയ വ്യാവസായിക നഗരങ്ങൾ വികസിപ്പിക്കുന്നതിലാണ് 5 വർഷത്തെ കർമപദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശക്തമായ ഭൗതിക - സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക, സാമൂഹ്യ - ലിംഗ തുല്യതയിലെ വിടവുകൾ പരിഹരിക്കുക, നാട്ടുകാർക്കും യുവാക്കൾക്കും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’  കാഴ്ചപ്പാടുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ സംരംഭങ്ങള്‍.


2024 ജൂൺ വരെ, ധോലേര, ശെന്ദ്ര ബിഡ്കിൻ, ഗ്രേറ്റർ നോയിഡ, വിക്രം ഉദ്യോഗ്പുരി എന്നീ നാല് നഗരങ്ങളിലായി 308 പ്ലോട്ടുകൾ (1789 ഏക്കർ) അനുവദിച്ചു. നിലവിൽ 2,104 ഏക്കർ വികസിപ്പിച്ച വ്യാവസായിക ഭൂമിയും 2,250 ഏക്കർ വാണിജ്യ - പാർപ്പിട ഉപയോഗത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാവുന്ന ഭൂമിയും ഉടനടി അനുവദിക്കാന്‍ ലഭ്യമാണ്. 68 കമ്പനികളിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ നഗരങ്ങളിൽ 83 പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്.


2024 ഓഗസ്റ്റ് 28-ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച 25,975 ഏക്കർ വിസ്തൃതിയിൽ ₹28,602 കോടി രൂപയുടെ 12 പുതിയ ഗ്രീൻഫീൽഡ് പദ്ധതികളുടെ വികസനം ഭാവിയിലെ വിപുലീകരണ പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ 9,39,416 തൊഴിലവസരങ്ങളും ₹1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതകളും നല്‍കുന്നു. സേവനങ്ങള്‍ വേണ്ടവിധം എത്തിച്ചേരാത്ത രാജ്യത്തുടനീളമുള്ള വിവിധ വ്യാവസായിക മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഈ 12 പദ്ധതികൾക്ക്  ആസൂത്രിത വ്യവസായവൽക്കരണം ആവശ്യമാണ്. പ്രധാന അടിസ്ഥാനസൗകര്യ വികസന ചെലവുകളും ഭൂമി ചെലവുകളും (സംസ്ഥാനങ്ങളുടെ പങ്ക്)  ഉൾപ്പെടുന്ന ഈ പദ്ധതികള്‍ക്കാവശ്യമായ ഭൂമി ഇതിനകം  അതത് സംസ്ഥാനങ്ങളുടെ കൈവശമുണ്ട്.

ബൗദ്ധിക സ്വത്തവകാശങ്ങൾ

ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥ ശക്തിപ്പെടുത്തൽ: മുൻഗണനാ രേഖകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിന് ഭരണപരമായ പ്രക്രിയയും നടപടിക്രമങ്ങളും ലളിതമാക്കി. രേഖകളുടെ ഇ-ഫയലിങ്, ഇ-ഹിയറിംങ് സൗകര്യങ്ങള്‍ - പേറ്റന്റുകളുടെയും ട്രേഡ്മാര്‍ക്ക്, ഡിസൈന്‍ എന്നിവയുടെയും ഇ-ഫയലിംഗിന് 10% റിബേറ്റ് നടപ്പാക്കി.  AI-ML-അധിഷ്ഠിതമായി TM തിരയാനുള്ള സംവിധാനവും  Gen AI അധിഷ്ഠിത പൊതുചാറ്റ്ബോട്ടും (IP സാർത്ഥി) അവതരിപ്പിച്ചു. 2019-2024 കാലയളവിൽ 770 പേറ്റന്റ് & ഡിസൈൻ പരിശോധകരെ പുതുതായി നിയമിക്കുകയും 2022-23 കാലയളവിൽ പേറ്റന്റ് ഓഫീസിലെ ഫീഡർ തസ്തികകളിൽ നിന്ന്  470 ഉദ്യോഗസ്ഥര്‍ക്ക് കൺട്രോളർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.  


ശക്തമായ നിയമനിർമാണ ചട്ടക്കൂട് കെട്ടിപ്പടുക്കൽ: സ്റ്റാർട്ടപ്പുകൾ, SME-കൾ, വനിതാ അപേക്ഷകർ, സർക്കാർ വകുപ്പുകൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയുടെ പേറ്റന്റുകളുടെ പരിശോധന നടപടിക്രമങ്ങള്‍ പരിഷ്കരിച്ചതിലൂടെ വേഗത്തിലാക്കി. ഫോം 27 (പേറ്റന്റുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പ്രസ്താവന) ലളിതമാക്കുകയും, ഫോം 8-ന്റെ ഫീസ് ഒഴിവാക്കുകയും, നൂതനാശയ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ഫോം 8A അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് കാര്യങ്ങൾ നടപ്പാക്കുന്നത് വേഗത്തിലാക്കി . വ്യാപാരമുദ്രകളുമായി ബന്ധപ്പെട്ട് 74 ഫോമുകൾ 8 ആയി കുറയ്ക്കുകയും GI അംഗീകൃത ഉപയോക്താക്കളെ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്തു. സ്റ്റാർട്ടപ്പുകൾ, MSME-കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പേറ്റന്റ് ഫയലിങിന് 80% റിബേറ്റ്, ഡിസൈൻ ഫയലിങുകളിൽ സ്റ്റാർട്ടപ്പുകൾക്ക് 75% റിബേറ്റ്, സ്റ്റാർട്ടപ്പുകളുടെ TM ഫയലിങുകൾക്ക് 50% കിഴിവ് എന്നിവ ഫീ റിബേറ്റുകളിൽ ഉൾപ്പെടുന്നു.


വിജ്ഞാന വിപുലീകരണവും ശേഷി - നൈപുണ്യ വികസനവും: 27 കേന്ദ്ര, സംസ്ഥാന സർവകലാശാലകളിൽ ഐപിആർ ചെയറുകൾ രൂപീകരിച്ചു. സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ,  എംഎസ്എംഇ - ഡിപിഐഐടി  മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിലായി ഇന്ത്യയിലെ 5 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി 1200-ലധികം ബോധവൽക്കരണ -  പ്രചാരണ പരിപാടികള്‍  സംഘടിപ്പിച്ചു.  പോലീസ്, കസ്റ്റംസ്, ജുഡീഷ്യൽ പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ നിയമ നിർവഹണ ഏജൻസികൾക്കായി  359 അവബോധ പരിപാടികൾ നടത്തി.


IPR രൂപീകരിക്കല്‍: 2014-15 നെ അപേക്ഷിച്ച് 2023-24 ൽ അനുവദിച്ച പേറ്റന്റുകൾ (1,03,057) പതിനേഴ് മടങ്ങ് വർധിച്ചു. വ്യാപാരമുദ്ര രജിസ്ട്രേഷനുകൾ 2014-15 നെ അപേക്ഷിച്ച് 2023-24 ൽ ഏഴ് മടങ്ങ് വർധിച്ചു. രജിസ്റ്റർ ചെയ്ത ഭൂമിശാസ്ത്ര സൂചകങ്ങളുടെ എണ്ണം 2023-24-ൽ 635 ആയി ഉയര്‍ന്നു. വിദ്യാർത്ഥികൾക്കിടയിലും  അക്കാദമിക - വ്യവസായ രംഗങ്ങളിലും  ബൗദ്ധിക സ്വത്തവകാശ അവബോധം വർധിപ്പിക്കുന്നതിന് തുടർച്ചയായ ശ്രമങ്ങൾ നടത്തി. ആഗോള നൂതനാശയ സൂചികയിൽ (GII) ഇന്ത്യയുടെ റാങ്ക് 2024-ൽ 39-ാം സ്ഥാനത്തേക്ക് ഉയർന്നു.


നേരിട്ടുള്ള വിദേശ  നിക്ഷേപ (FDI) നിയന്ത്രണ ചട്ടക്കൂട്

നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ  നടപ്പാക്കിയ നിക്ഷേപക സൗഹൃദ നയമനുസരിച്ച് ചില തന്ത്രപ്രധാന മേഖലകള്‍ ഒഴികെ മിക്ക മേഖലകളും സർക്കാർ അനുമതിയില്ലാതെ തന്നെ നേരിട്ട് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നു.  90 ശതമാനം എഫ്ഡിഐയും   ഇത്തരത്തില്‍ ഓട്ടോമാറ്റിക് റൂട്ടിലാണ് ലഭിക്കുന്നത്.


ഡിപിഐഐടിയുടെ പങ്ക്: സാമ്പത്തിക കാര്യ വകുപ്പിന്റെ (ഡിഇഎ) നിര്‍വഹണത്തില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിയന്ത്രിക്കുന്ന  1999-ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) പ്രകാരം വിജ്ഞാപനം ചെയ്ത നിയമങ്ങൾ വഴി നടപ്പാക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ നയ രൂപീകരണത്തിന്റെ ഉത്തരവാദിത്തം വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിനാണ്.  സർക്കാർ വഴി ലഭിക്കുന്ന നിർദ്ദേശങ്ങൾ വിദേശ നിക്ഷേപ ഫെസിലിറ്റേഷന്‍ പോർട്ടൽ (എഫ്ഐഎഫ്പി) കൈകാര്യം ചെയ്യുകയും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് അയയ്ക്കുകയും ചെയ്യുന്നു.


അനുവദനീയമായ നേരിട്ടുള്ള വിദേശനിക്ഷേപം: ഓട്ടോമാറ്റിക്, സര്‍ക്കാര്‍ എന്നിങ്ങനെ രണ്ട് മാര്‍ഗങ്ങളിലൂടെ എഫ്ഡിഐ അനുവദനീയമാണ്. മിക്ക മേഖലകളിലും ഓട്ടോമാറ്റിക് രീതിയില്‍ സർക്കാരിൽ നിന്നോ ആർബിഐയിൽ നിന്നോ മുൻകൂർ അനുമതി ആവശ്യമില്ലാതെ തന്നെ 100% എഫ്ഡിഐ സാധ്യമാണ്. 2023-24 സാമ്പത്തിക വർഷം എഫ്ഡിഐ ഓഹരിയുടെ 98 ശതമാനത്തിലധികം ഇത്തരത്തിലാണ് ലഭിച്ചത്.  സര്‍ക്കാര്‍ മാര്‍ഗത്തിലൂടെയുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് എഫ്ഐഎഫ്പി വഴി അതത് മേഖലാ മന്ത്രാലയങ്ങളിൽ നിന്നോ വകുപ്പുകളിൽ നിന്നോ മുൻകൂർ അനുമതി ആവശ്യമാണ്. ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്കും പ്രത്യേകം  വിജ്ഞാപനം ചെയ്ത മേഖലകലെയും പ്രവർത്തനങ്ങളിലെയും നിക്ഷേപങ്ങള്‍ക്കും  ഇത്  ബാധകമാണ്.

നിരോധിത എഫ്ഡിഐ: ലോട്ടറി വ്യാപാരം, ചൂതാട്ടം, വാതുവെയ്പ്പ്, റിയൽ എസ്റ്റേറ്റ്, പുകയില ഉല്പന്നങ്ങളുടെ ഉല്പാദനം, ആണവോർജം, സ്വകാര്യ നിക്ഷേപത്തിന് അനുമതിയില്ലാത്ത മറ്റ് മേഖലകൾ എന്നിവയടക്കം വിജ്ഞാപനം ചെയ്ത മേഖലകളിലും പ്രവർത്തനങ്ങളിലും എഫ്ഡിഐ നിരോധിച്ചിരിക്കുന്നു.


ഇന്ത്യയിലെ എഫ്ഡിഐ പരിഷ്കാരങ്ങൾ: 2019 നും 2024 നും ഇടയിൽ സർക്കാർ വിവിധ മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയങ്ങൾ ക്രമാനുഗതമായി ഉദാരവൽക്കരിച്ചു. 2019 ൽ കൽക്കരി, കരാർ നിർമാണ മേഖലകളില്‍  ഓട്ടോമാറ്റിക് റൂട്ടിൽ 100 ശതമാനം എഫ്ഡിഐ അനുവദിച്ചപ്പോൾ, ഡിജിറ്റൽ മീഡിയയിൽ 26 ശതമാനം എഫ്ഡിഐ സർക്കാർ റൂട്ടിൽ അനുവദിച്ചു. 2020 ൽ ഇൻഷുറൻസ് ഇടനിലക്കാരിൽ ഓട്ടോമാറ്റിക് റൂട്ടിൽ 100 ശതമാനം എഫ്ഡിഐ അനുവദിക്കുകയും വ്യോമ ഗതാഗത, പ്രതിരോധ മേഖലകൾക്ക് പുതുക്കിയ പരിധികൾ നിശ്ചയിക്കുകയും ചെയ്തു. 2021 ൽ ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ 74 ശതമാനമായി ഉയർത്തുകയും ടെലികോം മേഖലയെ ഓട്ടോമാറ്റിക് റൂട്ടിൽ ഉൾപ്പെടുത്തുകയും പെട്രോളിയം, പ്രകൃതി വാതക മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ എഫ്ഡിഐക്ക് തുറന്നുകൊടുക്കുകയും ചെയ്തു. 2022 ൽ എൽഐസിയിൽ 20 ശതമാനം എഫ്ഡിഐ ഓട്ടോമാറ്റിക് റൂട്ടിൽ അനുവദിക്കുകയും 2024 ൽ ബഹിരാകാശ മേഖല ഉദാരവൽക്കരിക്കുകയും ചെയ്തു.


എഫ്ഡിഐ വരവിന്റെ പ്രവണതകൾ: 2000 മുതൽ 2024 വരെ ആകെ  991 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം  രേഖപ്പെടുത്തിയതില്‍ കഴിഞ്ഞ പത്ത് സാമ്പത്തിക വർഷങ്ങളിൽ മാത്രം (2014-2024) 67 ശതമാനം (667 ബില്യൺ യുഎസ് ഡോളർ) ലഭിച്ചു. നിർമാണ മേഖലയിലെ എഫ്ഡിഐ ഓഹരി 69% വർധിച്ച് 2004-2014 ലെ 98 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2014-2024 ൽ 165 ബില്യൺ യുഎസ് ഡോളറായി ഉയർന്നു.


2024-25 സാമ്പത്തിക വർഷത്തിലെ എഫ്ഡിഐ വരവ് (2024 ജൂൺ വരെ): 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം എഫ്ഡിഐ വരവ് 22.5 ബില്യൺ യുഎസ് ഡോളറിലെത്തി.  2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ 17.8 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 26% വർധനയാണിത്.


സ്റ്റാർട്ടപ്പ് ഇന്ത്യ


2016 ജനുവരി 16-ന്  പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച   സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം രാജ്യത്തുടനീളം നൂതന ആശയങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. സംരംഭകരെ പിന്തുണയ്ക്കുന്നതിനും ശക്തമായ ഒരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും അതുവഴി ഇന്ത്യയെ തൊഴിലന്വേഷകരുടെ രാജ്യമെന്ന നിലയില്‍നിന്ന് തൊഴിൽദാതാക്കളുടെ രാജ്യമാക്കി മാറ്റുന്നതിനുമായി ഈ സംരംഭത്തിന് വർഷങ്ങളായി കീഴിൽ നിരവധി പരിപാടികൾ നടപ്പാക്കിവരുന്നു.


ഈ സംരംഭത്തിന് കീഴിൽ അംഗീകരിച്ച 1,49,000-ത്തിലധികം സ്റ്റാർട്ടപ്പുകളില്‍  ഏകദേശം 48 ശതമാനത്തിലും  കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ടെന്നതും ഏകദേശം 50 ശതമാനം സ്റ്റാര്‍ട്ടപ്പുകളും രണ്ടും മൂന്നും തലങ്ങളിലെ നഗരങ്ങളിലാണെന്നതും ശ്രദ്ധേയമാണ്. എല്ലാ സംസ്ഥാന -  കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 95% ജില്ലകളിലും അംഗീകൃത സ്റ്റാർട്ടപ്പുകളുണ്ട്. ഈ സ്റ്റാർട്ടപ്പുകൾ 16 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (സ്വയം റിപ്പോർട്ട് ചെയ്തത്)


ബിസിനസ് എളുപ്പമാക്കല്‍

കാര്യങ്ങൾ നടപ്പാക്കുന്നതിലെ  പ്രയാസങ്ങൾ   കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഇതിനകം 42,028 നിയന്ത്രണങ്ങള്‍ കുറയ്ക്കുകയും 2,875 എണ്ണം അവലോകനം ചെയ്തു വരികയും നിലനിർത്തിയ 7,204 എണ്ണത്തിലെ നടപ്പാക്കൽ    നിരീക്ഷിച്ചുവരികയുമാണ്. ആകെ തിരിച്ചറിഞ്ഞവയില്‍ 2021-22-ൽ 93 ശതമാനവും  2023 ൽ 5 ശതമാനവും 2024 ൽ , 2 ശതമാനവും (2024 സെപ്റ്റംബർ 26 വരെ) നേടിയെടുത്തു.


മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാന -  കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ ചേർന്ന് ആകെ 3,765 വ്യവസ്ഥകൾ കുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2023 ലെ ജൻ വിശ്വാസ് നിയമ പ്രകാരം 19 മന്ത്രാലയങ്ങളും വകുപ്പുകളും  നിയന്ത്രിക്കുന്ന 42 കേന്ദ്രനിയമങ്ങളെയും കുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിവാക്കി. മുന്‍ നിയമത്തില്‍നിന്ന് പഠനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ജന്‍ വിശ്വാസ് 2.0 സംരംഭത്തിനും തുടക്കം കുറിച്ചു.  


ദേശീയ ഏകജാലക സംവിധാനം (NSWS): നിലവിൽ NSWS സംവിധാനത്തില്‍ പ്രവർത്തിക്കുന്ന 32 കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ  277 ഗവണ്മെന്റ്-ടു-ബിസിനസ് അംഗീകാരങ്ങൾ നൽകുന്നു. 2024 ഒക്ടോബർ 14 വരെ  ഏകജാലക സംവിധാനം വഴി ലഭിച്ച 7.10 ലക്ഷം അപേക്ഷകളില്‍ 4.81 ലക്ഷം അംഗീകാരങ്ങൾ   അനുവദിച്ചു. ഈ സംവിധാനം 29 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളുടെ ഏകജാലക അനുമതി സംവിധാനവുമായി  (SWCs) സംയോജിപ്പിച്ചിരിക്കുന്നു, കൂടാതെ നോ യുവർ അപ്രൂവൽസ് (KYA) സേവനം 33 സംസ്ഥാന -  കേന്ദ്രഭരണപ്രദേശങ്ങളില്‍ ലഭ്യമാണ്.


ഒരു ജില്ല ഒരു ഉൽപ്പന്നം (ODOP)


തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിച്ചും കരകൗശല വിദഗ്ധരെ പിന്തുണച്ചും ഇന്ത്യയിലെ ജില്ലകളിലെ സന്തുലിത പ്രാദേശിക വികസനം വളർത്തിയെടുക്കുക എന്നതാണ് ഒരു ജില്ല ഒരു ഉൽപ്പന്നം (ODOP) സംരംഭത്തിന്റെ ലക്ഷ്യം. ഇത് കൈവരിക്കുന്നതിനായി 36 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെയും 780-ലധികം ജില്ലകളിൽ നിന്നുള്ള 1256 ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്.


തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ വിപണി ലഭ്യത മെച്ചപ്പെടുത്തുകയും  ഉൽപ്പന്നങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഉൽപ്പാദകരുടെ പ്രത്യേക പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ  തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഓരോന്നിന്റെയും വിതരണ ശൃംഖലയിലെ എല്ലാ ഘട്ടങ്ങളിലും അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയാനും മനസ്സിലാക്കാനും പരിഹരിക്കാനും ODOP പരിപാടി ലക്ഷ്യമിടുന്നു.


ODOP ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക, തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യത വർധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ "മൂലധന നിക്ഷേപത്തിന് സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായ പദ്ധതി" പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും പിഎം ഏകതാ മാളുകൾ സ്ഥാപിക്കുന്നതിന് 2023-24 ലെ കേന്ദ്ര ബജറ്റില്‍ തുക അനുവദിച്ചു. വികസന പദ്ധതി റിപ്പോർട്ടുകൾ (DPR) സമർപ്പിച്ച 28 സംസ്ഥാനങ്ങളില്‍ 27 എണ്ണം DPIIT-യും ചെലവുവകുപ്പും അംഗീകരിച്ചതോടെ  ഈ 27 സംസ്ഥാനങ്ങൾക്ക് തുക അനുവദിച്ചു. ഒമ്പത് സംസ്ഥാനങ്ങൾ ഇതിനകം പിഎം ഏകതാ മാളുകളുടെ ശിലാസ്ഥാപനം പൂർത്തിയാക്കി.


2024 ലെ ദേശീയ ODOP പുരസ്കാരങ്ങളുടെ രണ്ടാം പതിപ്പിൽ 587 ജില്ലകളിൽ നിന്നും 31 സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തെ 23 ഇന്ത്യൻ ദൗത്യങ്ങളിൽനിന്നുമുള്ള  പങ്കാളിത്തത്തോടെ രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിൽ ആകെ 641 അപേക്ഷകൾ ലഭിച്ചു.

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC)


ഇന്ത്യയിൽ ഇലക്ട്രോണിക് വ്യാപാരത്തെ ജനാധിപത്യവൽക്കരിക്കുന്നതിനായി DPIIT ആരംഭിച്ച ഒരു ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ (DPI) സംരംഭമാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC). ഏതെങ്കിലും പ്രത്യേക സംവിധാനത്തില്‍നിന്ന് സ്വതന്ത്രമായി എല്ലാവര്‍ക്കും ലഭ്യമായ സവിശേഷതകളും ഓപ്പണ്‍ നെറ്റ്‌വർക്ക് പ്രോട്ടോക്കോളുകളും ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര  രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണിത് പ്രവര്‍ത്തിക്കുന്നത്. കാറ്റലോഗിംഗ്, ഇൻവെന്ററി മാനേജ്‌മെന്റ്, ഓർഡർ മാനേജ്‌മെന്റ്, ഓർഡർ പൂർത്തീകരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളെ ONDC പ്രോട്ടോക്കോളുകൾ ഏകീകരിക്കുന്നു.  സ്വതന്ത്രത, പ്രവർത്തന വികേന്ദ്രികരണം , പരസ്പര പ്രവർത്തനക്ഷമത എന്നിവയാണ് ONDC-യുടെ പ്രധാന തത്വങ്ങൾ.


2021-ൽ സെക്ഷൻ-8 പ്രകാരം ലാഭരഹിത കമ്പനിയായി സ്ഥാപനവൽക്കരിക്കപ്പെട്ട ONDC 2024 സെപ്റ്റംബറിൽ 12.8 ദശലക്ഷം ഓർഡറുകളെന്ന റെക്കോഡ് സൃഷ്ടിക്കുകയും  ഇതുവരെ ആകെ 113.4 ദശലക്ഷം ഓര്‍ഡറുകളുമായി  മികച്ച വളര്‍ച്ച കൈവരിക്കുകയും ചെയ്തു.  ഉല്പന്നങ്ങള്‍ വാങ്ങുന്ന 26 പങ്കാളികളും 80 വിൽപ്പനക്കാരും 18 ചരക്കുനീക്ക സേവന ദാതാക്കളുമടക്കം നിലവില്‍  115 സജീവ ശൃംഖലാ പങ്കാളികൾ ഈ സംവിധാനത്തിലുണ്ട്. 1,100-ലധികം നഗരങ്ങളിലായി 7.01 ലക്ഷത്തിലധികം വിൽപ്പനക്കാരുടെയും സേവന ദാതാക്കളുടെയും ശൃംഖലയുമായാണ്  ONDC പ്രവർത്തിക്കുന്നത്.

വ്യാവസായിക പാർക്ക് റേറ്റിംഗ് സംവിധാനം (IPRS)


മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വ്യാവസായിക പാർക്കുകളെ അംഗീകരിക്കുന്നതിനും ഇടപെടലുകൾ തിരിച്ചറിയുന്നതിനും നിക്ഷേപകർക്കും നയരൂപകര്‍ത്താക്കള്‍ക്കും തീരുമാനങ്ങളെടുക്കുന്നതിന് ഒരു പിന്തുണാ സംവിധാനമായി പ്രവർത്തിക്കുന്നതിനുമുള്ള ഒരു രീതിയാണ് വ്യാവസായിക പാര്‍ക്കുകളുടെ  റേറ്റിംഗ് സംവിധാനം (IPRS). DPIIT, ഇൻവെസ്റ്റ് ഇന്ത്യ, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) എന്നിവയാണ് ഈ പ്രവര്‍ത്തനം  ഏറ്റെടുത്തു നടത്തുന്നത്. വ്യാവസായിക മത്സരശേഷി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള വ്യാവസായിക പാര്‍ക്കുകളുടെ റേറ്റിംഗ് സംവിധാനത്തെക്കുറിച്ച് 2018 ൽ DPIIT  ആദ്യഘട്ട റിപ്പോർട്ട് പുറത്തിറക്കി.


ഡിപിഐഐടി  ഇതിന്റെ പ്രവര്‍ത്തനമേഖല വിപുലീകരിക്കുകയും ഗുണപരമായ വിലയിരുത്തൽ ആദ്യഘട്ടത്തിലേക്ക് കൂടുതലായി കൊണ്ടുവരാൻ ലക്ഷ്യമിട്ട് ‘വ്യാവസായിക പാർക്കുകളുടെ റേറ്റിംഗ് സംവിധാനം 2.0' വികസിപ്പിച്ചെടുക്കുകയും ചെയ്തു.   29 സ്വകാര്യ മേഖലകള്‍ ഉൾപ്പെടെ 51 പ്രത്യേക സാമ്പത്തിക മേഖലകളെ ഐപിആർഎസ് 2.0 യിലേക്ക് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നാമനിർദേശം ചെയ്തു. സ്വകാര്യ മേഖലയിലെ 24  വ്യാവസായിക പാർക്കുകളെയും നാമനിർദ്ദേശം ചെയ്തു.


ലഭിച്ച 478 നാമനിർദ്ദേശങ്ങളിൽ 449-ഉം റേറ്റിംഗിനായി പരിഗണിച്ചു. പ്രതികരണ സർവേയിൽ 5,700 കുടിയാന്മാരുടെ  പ്രതികരണങ്ങൾ രേഖപ്പെടുത്തി. വ്യാവസായിക പാര്‍ക്കുകളുടെ റേറ്റിംഗ് സംവിധാനത്തിന്റെ ഭാഗമായി പുറത്തിറക്കിയ റിപ്പോർട്ടിൽ 41 വ്യാവസായിക പാർക്കുകളെ "നേതൃത്വ പാര്‍ക്കുകളാ”യി വിലയിരുത്തി. 90 വ്യാവസായിക പാർക്കുകളെ "വെല്ലുവിളി സൃഷ്ടിക്കുന്നവ" എന്ന വിഭാഗത്തിലും 185 എണ്ണം "അഭിലഷണീയ" വിഭാഗത്തിലും ഉള്‍പ്പെടുത്തി. നിലവിലെ പ്രധാന ഘടകങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ റേറ്റിംഗുകൾ നൽകിയിരിക്കുന്നത്.

ദേശീയ ഏകജാലക സംവിധാനം (NSWS)


ഇന്ത്യൻ സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിലവിലെ അനുമതി സംവിധാനങ്ങളെ ദേശീയ ഏകജാലക സംവിധാനം സംയോജിപ്പിക്കുന്നു. നിലവിൽ 32 മന്ത്രാലയ - വകുപ്പുകളുടെയും 29 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഏകജാലക സംവിധാനങ്ങൾ NSWS പോർട്ടലുമായി സംയോജിപ്പിച്ചിരിക്കുന്നു. NSWS വഴി ആകെ 277 കേന്ദ്ര അംഗീകാരങ്ങള്‍ക്കും 2,977 സംസ്ഥാന അംഗീകാരങ്ങള്‍ക്കും അപേക്ഷിക്കാനാവും. നോ യുവർ അപ്രൂവൽ (KYA) സംവിധാനത്തിലൂടെ 660 കേന്ദ്ര അംഗീകാരങ്ങളെയും 6,294 സംസ്ഥാന അംഗീകാരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ വ്യാപാരസംരംഭങ്ങള്‍ക്ക് ലഭ്യമാണ്.


എഫ്ഡിഐ അംഗീകാരങ്ങൾ, പെട്രോളിയവുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഹാൾമാർക്കിംഗ്, സ്റ്റാർട്ടപ്പ് രജിസ്ട്രേഷൻ എന്നിവയടക്കം 7.10 ലക്ഷം അംഗീകാരങ്ങള്‍ക്കായി 2024 ഒക്ടോബർ 14 വരെ  ഈ ഏകജാലക സംവിധാനം വഴി അപേക്ഷ ലഭിക്കുകയും  4.81 ലക്ഷം അംഗീകാരങ്ങൾ അനുവദിക്കുകയും ചെയ്തു.


വ്യാപാര സംരംഭങ്ങള്‍ക്കും പൗരന്മാർക്കും നിയന്ത്രണ ചട്ടക്കൂടുകളുടെ ഭാരം കുറയ്ക്കൽ


വ്യാപാര സംരംഭങ്ങള്‍ക്കും പൗരന്മാർക്കും മേലുള്ള നിയന്ത്രണ ചട്ടക്കൂടുകളുടെ ഭാരം കുറയ്ക്കുന്നതിനായി ആരംഭിച്ച സംരംഭത്തിലൂടെ വിവിധ മന്ത്രാലയങ്ങളിലെയും സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവൺമെന്റ്-ടു-ബിസിനസ്, പൊതുജന സമ്പര്‍ക്ക സംവിധാനങ്ങള്‍ ലളിതമാക്കുക, യുക്തിസഹമാക്കുക, ഡിജിറ്റല്‍വല്‍ക്കരിക്കുക, കുറ്റകൃത്യങ്ങൾ ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ ലളിതവല്‍ക്കരിക്കുക, നിയമ വ്യവസ്ഥകൾ യുക്തിസഹമാക്കുക, സർക്കാർ പ്രക്രിയകൾ ഡിജിറ്റല്‍വല്‍ക്കരിക്കുക, ചെറിയ തോതിലുള്ള സാങ്കേതികമോ നടപടിക്രമപരമോ ആയ വീഴ്ചകൾ കുറ്റകൃത്യങ്ങളില്‍നിന്ന് ഒഴിവാക്കുക എന്നിവയിലാണ് ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മന്ത്രാലയങ്ങളിലും വകുപ്പുകളിലും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി  42,028 നിയന്ത്രണ ചട്ടക്കൂടുകള്‍ കുറയ്ക്കുകയും 3,765 വ്യവസ്ഥകൾ കുറ്റകൃത്യങ്ങളില്‍നിന്ന്  ഒഴിവാക്കുകയും ചെയ്തുകൊണ്ട് ഈ സംരംഭം  ഗണ്യമായ പുരോഗതി കൈവരിച്ചു.

ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) നിയമം  2023


19 മന്ത്രാലയങ്ങളും  വകുപ്പുകളും നിയന്ത്രിക്കുന്ന 42 കേന്ദ്രനിയമങ്ങളിലെ  183 വ്യവസ്ഥകളെ ക്രിമിനൽ കുറ്റമല്ലാതാക്കുന്ന ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) നിയമം പാസാക്കി.


നിയമങ്ങൾ യുക്തിസഹമാക്കുന്നതിലും അനാവശ്യ  തടസ്സങ്ങൾ നീക്കം ചെയ്യുന്നതിലും വ്യാപാര വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും ഒരു നാഴികക്കല്ലായ ചുവടുവയ്പ്പാണ് 2023-ലെ ജൻ വിശ്വാസ് നിയമം . 'വിശ്വാസാധിഷ്ഠിത ഭരണം' എന്നതിലേക്കുള്ള സർക്കാരിന്റെ നീക്കത്തെ പ്രതിഫലിപ്പിക്കുന്ന ഈ നടപടിയിലൂടെ ചെറുതോ നടപടിക്രമപരമോ ആയ വീഴ്ചകൾക്ക് പൗരന്മാർക്ക് ക്രിമിനൽ ശിക്ഷകൾ നല്‍കില്ല. ദോഷകരമല്ലാത്ത കുറ്റകൃത്യങ്ങളും നയന്ത്രണ ചട്ടക്കൂടുകളിലെ വീഴ്ചകളും വേർതിരിക്കുന്നതിനും കുറ്റകരമല്ലാതാക്കുന്നതിനുമുള്ള നിയമങ്ങളുടെ സമഗ്രമായ അവലോകനം ജനജീവിതം കൂടുതൽ സുഗമമാക്കും. നിയന്ത്രണ ചട്ടക്കൂടുകളുടെ ലംഘനത്തില്‍ തടവുശിക്ഷ ഉള്‍പ്പെടെ നടപടികള്‍ക്ക് പകരം ഇവ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിജ്ഞാപന സംവിധാനവും പിഴയും നടപ്പാക്കുന്ന തരത്തില്‍ ബദല്‍മാര്‍ഗങ്ങളിലേക്ക് ഇത് വഴിതുറക്കും.


അപ്പീല്‍ സംവിധാനത്തോടൊപ്പം ഭരണപരമായ വിധിനിർണ്ണയ സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ഈ നിയമം നീതിന്യായ വ്യവസ്ഥയിലെ സമ്മർദവും   കേസ് കെട്ടിക്കിടക്കുന്നതും കുറയ്ക്കാന്‍ സഹായിക്കുകയും കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായ നീതിന്യായ സേവനം ഉറപ്പാക്കുകയും ചെയ്യുന്നു.


ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശത്തിന്റെ വ്യാവസായിക വികസനത്തിന് പുതിയ കേന്ദ്ര മേഖലാപദ്ധതി 2021


2021-22 മുതൽ 2036-37 വരെ  കാലയളവിൽ 28,400 കോടി രൂപയുടെ ആകെ സാമ്പത്തിക വിഹിതത്തോടെ ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശത്തിന്റെ വ്യാവസായിക വികസനത്തിന് ഒരു സുപ്രധാന പരിപാടിയായി  2021-ലെ പുതിയ കേന്ദ്ര മേഖലാ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.  മൂലധന നിക്ഷേപ പ്രോത്സാഹനം, മൂലധന പലിശ ധനസഹായം, ജിഎസ്ടി അനുബന്ധ പ്രോത്സാഹനം, പ്രവര്‍ത്തന മൂലധന പലിശ ധനസഹായം എന്നിങ്ങനെ നാലുതരം പ്രോത്സാഹനങ്ങൾ  ഈ പദ്ധതി പ്രകാരം വിഭാവനം ചെയ്തിട്ടുണ്ട്. 2024 മാർച്ച് 31 വരെ JKNIS പോർട്ടൽ വഴി 1209 അപേക്ഷകൾ ലഭിച്ചത് പദ്ധതിയോടുള്ള ഗണ്യമായ പ്രതികരണത്തെയാണ് കാണിക്കുന്നത്.  ഈ അപേക്ഷകളിൽ 787 യൂണിറ്റുകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുകയും  ഇതുവരെ 204.30 കോടി രൂപയുടെ ആകെ 680 പ്രോത്സാഹനത്തുകകള്‍ വിതരണം ചെയ്യുകയും ചെയ്തു.

ഉത്തരപൂർവ പരിവർത്തന വ്യവസായവൽക്കരണ (UNNATI) പദ്ധതി, 2024


2024 മാർച്ച് 9 ന് വിജ്ഞാപനം ചെയ്ത വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള ഉത്തരപൂർവ പരിവർത്തന വ്യവസായവൽക്കരണ പദ്ധതി വിജ്ഞാപന തീയതി മുതൽ 10 വർഷവും തുടർന്ന് പ്രതിജ്ഞാബദ്ധമായ ബാധ്യതകൾ നിറവേറ്റുന്നതിന് എട്ട് വർഷവും കാലാവധിയോടെയാണ് പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം, പുതിയ/നിലവിലുള്ള വ്യാവസായിക യൂണിറ്റുകൾക്ക് മൂലധന നിക്ഷേപ പ്രോത്സാഹനം, കേന്ദ്ര മൂലധന പലിശ ധനസഹായം, നിർമാണ - സേവന അനുബന്ധ പ്രോത്സാഹനം (എംഎസ്‌എൽഐ) എന്നീ മൂന്ന് വിഭാഗങ്ങൾക്ക് മേഖല-എ (വ്യാവസായികമായി മുന്നേറിയ ജില്ലകൾ‌) ,മേഖല-ബി (വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന ജില്ലകൾ) എന്നിവയ്ക്ക് കീഴിലെ  യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രോത്സാഹനങ്ങൾ നൽകും. ഈ പദ്ധതിയുടെ ആകെ വിഹിതം രണ്ട് ഭാഗങ്ങളിലായി 10,037 കോടി രൂപയാണ്. ആദ്യഭാഗത്ത് യോഗ്യരായ യൂണിറ്റുകൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതിന് 9,737 കോടി രൂപയുടെ ബജറ്റുണ്ട്.  300 കോടി രൂപയുടെ ബജറ്റിൽ വ്യവസായവൽക്കരണത്തിനായുള്ള പ്രവർത്തനങ്ങൾ പ്രാപ്തമാക്കുന്നതിലും ആവാസവ്യവസ്ഥ വികസനത്തിലുമാണ് രണ്ടാംഭാഗം  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

***********************


(Release ID: 2087875) Visitor Counter : 75