ഉപരാഷ്ട്രപതിയുടെ കാര്യാലയം
18-ാമത് ലോക ചെസ്സ് ചാമ്പ്യൻ എന്ന നേട്ടം കൈവരിച്ച ഡി ഗുകേഷിനെ അഭിനന്ദിച്ച് രാജ്യസഭാധ്യക്ഷൻ സഭയിൽ നടത്തിയ അഭിസംബോധന
Posted On:
13 DEC 2024 12:29PM by PIB Thiruvananthpuram
ന്യൂഡൽഹി : 13 ഡിസംബർ 2024
ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ഡി ഗുകേഷിനെ രാജ്യസഭാധ്യക്ഷൻ ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് ഉപരിസഭയിൽ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ പരാമർശങ്ങളുടെ പൂർണരൂപം ചുവടെ:
“ബഹുമാനപ്പെട്ട അംഗങ്ങളേ, അഗാധമായ ആഹ്ളാദത്തോടെ , ഇന്ത്യൻ കായിക ചരിത്രത്തിൽ മഹത്തായ നാഴികക്കല്ല്, ഒരു ആഗോള മാനദണ്ഡം, സ്ഥാപിക്കപ്പെട്ട വിവരം ഞാൻ നിങ്ങളുമായി പങ്കിടുന്നു. 2024 ഡിസംബർ 12ന് സിംഗപ്പൂരിൽ നടന്ന അതിശയകരമായ ബൗദ്ധികമത്സരത്തിൽ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് നമ്മുടെ പതിനെട്ടുകാരനായ ചെസ്സ് പ്രതിഭ ഡി ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യൻ എന്ന നേട്ടം കൈവരിച്ച് ചിരപ്രതിഷ്ഠ നേടി.
ഈ തിളങ്ങുന്ന വിജയം ചതുരംഗപ്പലകയ്ക്കപ്പുറം പ്രതിധ്വനിക്കുന്നതാണ്. ആഗോള ചക്രവാളത്തിലെ എല്ലാ മേഖലകളിലും ഇന്ത്യയുടെ ഉജ്വലമായ മുന്നേറ്റത്തെ ഇത് പരിപൂർണമാക്കുന്നു. ഗുകേഷിന്റെ അതിശയകരമായ വിജയം നമ്മുടെ കായിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നു മാത്രമല്ല, ലോക വേദിയിൽ ആധിപത്യം സ്ഥാപിക്കാൻ യുവപ്രതിഭകൾ ഉയർന്നുവരുന്ന ഇന്ത്യയിലെ ഗവേഷണങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഇത് കരുത്തേകുന്നു.
ഇന്ന് സിംഗപ്പൂരിൽ നമ്മുടെ മഹത്തായ ത്രിവർണപതാക പാറിപ്പറക്കുമ്പോൾ നമ്മുടെ മഹത്തായ സഭയ്ക്കും നമ്മുടെ വിശിഷ്ട രാഷ്ട്രത്തിനും വേണ്ടി ഞാൻ ഡി ഗുകേഷിനെ നമ്മുടെ ആഴത്തിലുള്ള അഭിനന്ദനം അറിയിക്കുന്നു. ഇത് 140 കോടി ഇന്ത്യക്കാരുടെ അചഞ്ചലമായ ചൈതന്യത്തെയും കുതിച്ചുയരുന്ന സ്വപ്നങ്ങളെയും പുതിയ തലങ്ങളിലേക്കു കൊണ്ടുപോകുന്നു."
SKY
(Release ID: 2084111)
Visitor Counter : 38