രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഭുവനേശ്വറിൽ പുതിയ നീതിന്യായ കോടതി സമുച്ചയം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

Posted On: 05 DEC 2024 6:43PM by PIB Thiruvananthpuram

ഒഡീഷയിലെ ഭുവനേശ്വറിൽ പുതിയ നീതിന്യായ കോടതി സമുച്ചയം ഇന്ന് (ഡിസംബർ 5, 2024) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു.


കൃത്യസമയത്ത് നീതി ലഭിച്ചില്ലെങ്കിൽ അത് നീതി ലഭിക്കാത്തതിന് തുല്യമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. കേസുകള്‍ മാറ്റിവെയ്ക്കുന്ന സംസ്കാരം മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. ഇടയ്ക്കിടെ കോടതിയിൽ വരാനുള്ള പണമോ ആൾബലമോ അവർക്കില്ല. സാധാരണക്കാരുടെ താൽപ്പര്യം കണക്കിലെടുത്ത് ഈ മാറ്റിവെയ്ക്കൽ സംസ്കാരം ഒഴിവാക്കാനുള്ള വഴി കണ്ടെത്താന്‍ എല്ലാ തല്പരകക്ഷികളും മുൻകൈയ്യെടുക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


ഭാഷയും സാധാരണക്കാര്‍ക്ക് ഒരു തടസ്സമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അഭിഭാഷകൻ തങ്ങൾക്കുവേണ്ടി എന്താണ് വാദിക്കുന്നതെന്നോ ന്യായാധിപന്‍ എന്ത് അഭിപ്രായമാണ് പറയുന്നതെന്നോ അവർക്ക് മനസ്സിലാകുന്നില്ല. കോടതി വിധികൾ ഇപ്പോൾ ഒറിയ, സന്താലി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നുണ്ടെന്നും പരിഭാഷപ്പെടുത്തിയ വിധികൾ സുപ്രീം കോടതിയുടെയും ഒഡീഷ ഹൈക്കോടതിയുടെയും വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്നും രാഷ്ട്രപതി സന്തോഷപൂര്‍വം അറിയിച്ചു. 


സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് ഇന്ന് ഊന്നൽ നൽകുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. മറ്റ് മേഖലകളിലെന്നപോലെ നീതിന്യായ രംഗങ്ങളിലും സ്ത്രീ പങ്കാളിത്തം വർധിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. നിലവിൽ ഒഡീഷ ജു‍ഡീഷ്യല്‍ സർവീസിൽ 48 ശതമാനം വനിതാ ഓഫീസർമാരുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


സാധാരണ പൗരന്മാർക്ക് നീതിന്യായ സംവിധാനവുമായി എങ്ങനെ പേടികൂടാതെ ഇടപഴകാനാകുമെന്നത് ഒരു പ്രധാന പ്രശ്നമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പലപ്പോഴും അഭിഭാഷകരുടെയും ന്യായാധിപന്മാരുടെയും മുന്നിൽ  ജനങ്ങള്‍ പരിഭ്രമിക്കാറുണ്ട്. സാധാരണക്കാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ അനുയോജ്യമായ അന്തരീക്ഷം കോടതികളിൽ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. 


പുതിയ കോടതി സമുച്ചയം നിലവിലെയും ഭാവിയിലെയും ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തില്‍  രൂപകൽപന ചെയ്തതില്‍ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.  നീതിന്യായ പ്രക്രിയ വേഗത്തിലാക്കുന്നതിന് ഇന്ന് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുവരുന്നു. കോടതി സമുച്ചയത്തിലെ ആധുനിക സൗകര്യങ്ങൾ നീതിന്യായ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

******************


(Release ID: 2081389) Visitor Counter : 11


Read this release in: Odia , English , Urdu , Hindi , Tamil