രാഷ്ട്രപതിയുടെ കാര്യാലയം
വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ സ്റ്റുഡൻ്റ് ഓഫീസർമാരെ രാഷ്‌ട്രപതി അഭിസംബോധന ചെയ്തു
Posted On:
28 NOV 2024 2:17PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (നവംബർ 28, 2024) തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലുള്ള ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ സ്റ്റുഡൻ്റ് ഓഫീസർമാരെയും ഫാക്കൽറ്റികളെയും അഭിസംബോധന ചെയ്തു.
ഇന്ത്യയുടെയും സൗഹൃദ വിദേശ രാജ്യങ്ങളിലെയും സായുധ സേനാ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുത്ത സിവിലിയൻ ഓഫീസർമാരെയും പരിശീലിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് പ്രശംസനീയമായ സംഭാവന നൽകുന്നതായി ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി,മധ്യനിര ഉദ്യോഗസ്ഥരെ പ്രൊഫഷണലായി വളർത്തുന്നതിൽ ഈ സ്ഥാപനം ഒരു പ്രധാന പങ്ക് വഹിച്ചു. വിവിധ സേന വിഭാഗങ്ങളിലെയും വിവിധ രാജ്യങ്ങളിലെയും സ്റ്റുഡൻ്റ് ഓഫീസർമാരും പ്രൊഫഷണലായി സമ്പന്നരായ അധ്യാപകരും ഇവിടുത്തെ സവിശേഷതയാണ്.
ഇന്ത്യൻ സായുധ സേനയെ എല്ലാവരും ബഹുമാനിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ രാജ്യത്തിൻ്റെ അതിരുകളും പ്രദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ അവർ മുൻപന്തിയിലാണ്. നമ്മുടെ ദേശീയ താൽപ്പര്യങ്ങൾ നിരന്തരം സുരക്ഷിതമാക്കുന്നതിൽ നമ്മുടെ പ്രതിരോധ സേനയെക്കുറിച്ച് രാജ്യം അഭിമാനിക്കുന്നു. രാഷ്ട്രം ആദ്യം എന്ന മനോഭാവത്തോടെ എപ്പോഴും സേവനമനുഷ്ഠിക്കുന്ന നമ്മുടെ പ്രതിരോധ ഉദ്യോഗസ്ഥർ ഏറെ പ്രശംസ അർഹിക്കുന്നു.
മൂന്ന് സേനകളിലും വനിതാ ഓഫീസർമാരാണ് ഇപ്പോൾ വിവിധ യൂണിറ്റുകളുടെ ചുമതല വഹിക്കുന്നത് എന്നതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി . എല്ലാ മേഖലകളിലും സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന ശക്തിയും പങ്കും എല്ലാവർക്കും, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രോത്സാഹനവും പ്രചോദനവുമാണെന്ന് അവർ പറഞ്ഞു. കൂടുതൽ സ്ത്രീകൾ സായുധ സേനയിൽ ചേരുമെന്ന്അവർ പ്രത്യാശ പ്രകടിപ്പിച്ചു. അവിടെ അവർക്ക് അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കാനും അറിയപ്പെടാത്ത പുതിയ മേഖലകളിൽ കഴിവ് പ്രദർശിപ്പിക്കാനും കഴിയും.
ഇന്ത്യ ഉയർന്നു വരികയാണെന്നും പ്രതിരോധം ഉൾപ്പെടെ വിവിധ മേഖലകളിലെ നമ്മുടെ വളർച്ചയെ ലോകം അംഗീകരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ സായുധ സേനയെ സജ്ജരാക്കുന്നതിനായി, ഇന്ത്യ സ്വദേശിവത്കരണത്തിലേക്കും സ്വാശ്രയത്തിലേക്കും നീങ്ങുകയാണ്. നമ്മുടെ രാജ്യം ഒരു പ്രധാന പ്രതിരോധ ഉൽപ്പാദന കേന്ദ്രമായി വികസിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ വിശ്വസനീയമായ ഒരു പ്രതിരോധ പങ്കാളിയും വലിയ പ്രതിരോധ കയറ്റുമതിക്കാരനുമായി മാറിക്കൊണ്ടിരിക്കുകയാണ്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ അന്തരീക്ഷത്തിൽ, ഏത് സാഹചര്യത്തെയും നേരിടാൻ നാം തയ്യാറെടുക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ ദേശീയ താൽപ്പര്യങ്ങൾ സുരക്ഷിതമാക്കുക മാത്രമല്ല, സൈബർ യുദ്ധം, തീവ്രവാദം തുടങ്ങിയ പുതിയ ദേശീയ സുരക്ഷാ വെല്ലുവിളികൾക്കായി തയ്യാറെടുക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രശ്നം മനസ്സിലാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ട തരത്തിൽ പുതിയ തരത്തിലേയ്ക്ക് മാറിയിട്ടുണ്ട് . ഗവേഷണത്തെ അടിസ്ഥാനമാക്കി നവീകരിച്ച അറിവും അത്യാധുനിക സാങ്കേതികവിദ്യകളും പ്രയോഗിക്കേണ്ടതുണ്ട്. ഈ കോഴ്‌സ് വിദ്യാർത്ഥി ഓഫീസർമാരെ എല്ലാവരെയും ഉയർന്ന ഉത്തരവാദിത്തങ്ങൾക്കായി സജ്ജരാക്കുമെന്നും സങ്കീർണ്ണമായ സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്ന തന്ത്രജ്ഞരാക്കുമെന്നും രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
SKY
(Release ID: 2078511)
Visitor Counter : 8