രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികത്തിൻ്റെ പൂർവ ദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നല്‍കിയ സന്ദേശം

Posted On: 14 NOV 2024 8:41PM by PIB Thiruvananthpuram

എൻ്റെ പ്രിയ സഹ പൗരന്മാരെ,

 നമസ്കാരം!

 ജോഹർ!

 ‘ജൻജാതിയ ഗൗരവ് ദിവസ്’ വേളയിൽ ഇന്ത്യയിലെ ജനങ്ങൾക്ക് ഞാൻ എൻ്റെ ആശംസകൾ അറിയിക്കുന്നു. 'ധർത്തി ആബ' ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ നാം ആഘോഷിക്കുകയാണ്. എല്ലാ സഹ പൗരന്മാർക്കും വേണ്ടി, ഭഗവാൻ ബിർസ മുണ്ടയുടെ പവിത്രമായ സ്മരണയ്ക്ക് മുന്നിൽ ഞാൻ ആദരപൂർവ്വം പ്രണാമം അർപ്പിക്കുന്നു.

 ഗോത്രവർഗ അഭിമാനത്തിനും ഭരണഘടനയുടെ ആദർശങ്ങൾക്കും വേണ്ടി രാജ്യത്തുടനീളം ഒരു പുതിയ അവബോധം വ്യാപിക്കുന്നത് ഞാൻ നിരീക്ഷിക്കുന്നു. ഈ ബോധം പ്രവർത്തനമായി രൂപാന്തരപ്പെടുന്നു. ഗോത്രസമൂഹമുൾപ്പെടെ രാജ്യത്തിൻ്റെ മുഴുവൻ ശോഭനമായ ഭാവിയുടെ അടിത്തറയായി ഈ ആവേശം മാറും.

 രണ്ട് വർഷം മുമ്പ്,  ഭഗവാൻ ബിർസ മുണ്ടയുടെ ഗ്രാമമായ  ഝാർഖണ്ഡിലെ ഉലിഹാതു സന്ദർശിച്ച് അദ്ദേഹത്തിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി.

 കഴിഞ്ഞ വർഷം ‘ജൻജാതിയ ഗൗരവ് ദിവസ്’ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഉലിഹാതു സന്ദർശിച്ച് ഭഗവാൻ ബിർസ മുണ്ടയുടെ അനുഗ്രഹം തേടി. ഒരു പ്രധാനമന്ത്രിയുടെ ആദ്യത്തെ ഉലിഹാതു സന്ദർശനമായിരുന്നു അത്. ഇത് ഗോത്ര സമൂഹത്തിലെ ജനങ്ങളെ ഏറെ സന്തോഷിപ്പിച്ചു. അതേ ദിവസം, 'പിഎം ജൻജാതി ആദിവാസി ന്യായ് മഹാ-അഭിയാൻ' അതായത് പിഎം-ജൻമാൻ ഝാർഖണ്ഡിൽ നിന്ന് ആരംഭിച്ചു.

 പ്രിയ സഹ പൗരന്മാരെ,

 പതിനെട്ടാം നൂറ്റാണ്ട് മുതൽ, ബ്രിട്ടീഷ് ഭരണത്തിൻ്റെ അനീതികൾക്കെതിരെ ഗോത്രസമൂഹം സംഘടിത കലാപം നടത്തി. 1855-ൽ സന്താൽ-ഹൂളിനെ നയിച്ച ധീര സഹോദരന്മാരായ സിദ്ധു-കൻഹു, ചന്ദ്-ഭൈരവ് എന്നിവരോടൊപ്പം ധീര സഹോദരിമാരായ ഫൂലോ-ഝാനോയും അസാധാരണമായ ധൈര്യം പ്രദർശിപ്പിച്ചു. ഞാൻ ഝാർഖണ്ഡ് ഗവർണറായിരിക്കുമ്പോൾ, ഉറി-മാരി ഗ്രാമം സന്ദർശിക്കാനും നേതാക്കളായ സിദ്ധു-കൻഹുവിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യാനും എനിക്ക് അവസരം ലഭിച്ചു.

 2021 മുതൽ, ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും നവംബർ 15-ന് 'ജൻജാതിയ ഗൗരവ് ദിവസ്' ആഘോഷിക്കുന്ന പാരമ്പര്യം കേന്ദ്ര ഗവൺമെൻ്റ് ആരംഭിച്ചു. ഗോത്ര സമൂഹങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കാനായുള്ള ഈ തീരുമാനത്തെ പ്രശംസിക്കാൻ വാക്കുകളില്ല. ഗോത്ര സമൂഹങ്ങളുടെ മഹത്തായ സംഭാവനകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് ഗവണ്മെന്റ്നി രവധി നടപടികൾ സ്വീകരിച്ചുവരുന്നു. ഗോത്ര വീരന്മാരുടെ സ്മരണയ്ക്കായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മ്യൂസിയങ്ങൾ നിർമിക്കുന്നുണ്ട്. റാഞ്ചിയിലെ ഭഗവാൻ ബിർസ മുണ്ടയുടെ മ്യൂസിയം തീർത്ഥാടന കേന്ദ്രമായി മാറി. രാഷ്ട്രപതി ഭവനിൽ 'ജൻജാതിയ ദർപൺ ' എന്ന പേരിൽ ഒരു മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട് .


പ്രിയ സഹ പൗരന്മാരെ,

 തിലക മാഞ്ചി, ഭഗവാൻ ബിർസ മുണ്ട തുടങ്ങി ലക്ഷ്മൺ നായക് വരെയുള്ള നിരവധി ഗോത്ര നായകന്മാരുടെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്. പക്ഷേ, ആ മഹാരഥന്മാരെക്കുറിച്ച് പൊതുവെ ആളുകൾക്ക് കാര്യമായ അറിവില്ലായിരുന്നു. ഗവൺമെന്റിന്റെ ശ്രമഫലമായി, ഗോത്ര സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകൾ ജനങ്ങൾക്ക് ഇപ്പോൾ പരിചിതമായി.

 കാലങ്ങളായി, ഗോത്ര സമൂഹത്തിലെ ആളുകൾ നമ്മുടെ രാജ്യത്തിൻ്റെ നാഗരികതയെയും സംസ്കാരത്തെയും സമ്പന്നമാക്കുന്നു. നമ്മുടെ സമൂഹത്തിൻ്റെ ശാശ്വതമായ ജീവിതമൂല്യങ്ങൾ രാമായണ കഥയിൽ ദൃശ്യമാണ്. പ്രഭു ശ്രീരാമൻ തൻ്റെ നീണ്ട പ്രവാസ കാലത്ത് ഗോത്ര സമൂഹത്തിലെ ജനങ്ങളോടൊപ്പം അവരിൽ ഒരാളെപ്പോലെ ജീവിച്ചു. പ്രഭു ശ്രീരാമൻ വനവാസികളെയും, വനവാസികൾ പ്രഭു ശ്രീരാമനെയും ദത്തെടുത്തു. ഗോത്രസമൂഹത്തിൽ കാണപ്പെടുന്ന ഈ അടുപ്പത്തിൻ്റെയും ഐക്യത്തിൻ്റെയും മനോഭാവമാണ് നമ്മുടെ സംസ്കാരത്തിൻ്റെയും നാഗരികതയുടെയും അടിസ്ഥാനം.

 

 പ്രിയ സഹ പൗരന്മാരെ,

 ഗോത്രഭാഷയായ 'സന്താലി'യെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഞാനും പങ്കുവഹിച്ചുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബഹുമാനപ്പെട്ട അടൽ ബിഹാരി വാജ്‌പേയി ജിയുടെ കാലത്താണ് ഇത് സാധ്യമായത്.

 സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, സ്വന്തം വീടും വൈദ്യുതിയും വെള്ളവും റോഡും പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിമിത്തം ഗോത്ര വിഭാഗങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് ജീവിതം നയിച്ചിരുന്നത്.അസുഖം വന്നാൽ ചികിൽസാ ചെലവിൻ്റെ ഭാരം ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. വികസനത്തിലേക്കുള്ള പാതയും അവർക്ക് എളുപ്പമായിരുന്നില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കലാപാരമ്പര്യമുള്ള ഗോത്ര ജനത വളരെ മനോഹരമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.എന്നാൽ  ഗോത്രവർഗക്കാരുടെ ചില സംരംഭങ്ങളെ നിരോധിക്കുന്ന ചില നിയമങ്ങളുണ്ടായിരുന്നു. കൂടാതെ, അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവവും തടസ്സമായി. അങ്ങനെ, ഭവനം, ഗതാഗതം, വൈദ്യസഹായം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ അഭാവം മൂലം ആ ജനത വികസനത്തിൻ്റെ മുഖ്യധാരയിൽ നിന്ന് അകന്നു.
 എന്നാൽ, ഇപ്പോൾ ഈ സൗകര്യങ്ങൾ അവർക്ക് ലഭ്യമായി . അവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടു. ഇതോടൊപ്പം സാമ്പത്തിക വികസനത്തിനുള്ള അവസരങ്ങളും അവർക്ക് വർധിക്കുകയാണ്.

 
ഇപ്പോഴത്തെ ഗവണ്മെന്റ്, ഗോത്ര വികസനത്തിൻ്റെയും ക്ഷേമത്തിൻ്റെയും പ്രവർത്തന യാത്ര അതിവേഗം മുന്നോട്ടുകൊണ്ടുപോകുകയാണ്. നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കിവരുന്നു.

 വികസനത്തിൻ്റെയും ക്ഷേമത്തിൻ്റെയും എല്ലാ ദേശീയ പരിപാടികളിലും ഗോത്ര ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഗോത്ര വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതികളും നടപ്പാക്കുന്നുണ്ട്.

 രാജ്യത്തെ 750 ഓളം ഗോത്രവർഗ വിഭാഗങ്ങളിലെ ജനങ്ങൾക്ക് ഞങ്ങളുടെ ഗവൺമെന്റ് ഒരു പ്രത്യേക സ്ഥാനം നൽകുന്നു . ഇതിൽ പി വി ടി ജി വിഭാഗങ്ങളുടെ എണ്ണം 75 ആണ്. അവർ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നു. കഴിഞ്ഞ വർഷം ജൂണിൽ പിവിടിജി സമുദായത്തിൽപ്പെട്ടവരെ ഞാൻ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ചിരുന്നു. ഞാൻ അവരോടൊപ്പം ധാരാളം സമയം ചിലവഴിക്കുകയും അവരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഞാൻ രാഷ്ട്രപതി ഭവനിൽ എല്ലാ പ്രദേശങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഗോത്ര വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള എൻ്റെ സന്ദർശന വേളയിൽ, അവിടെയുള്ള ഗോത്ര സമൂഹങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടികളിൽ ഞാൻ പങ്കെടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്യുന്നു. ഗോത്ര സഹോദരിമാരെ കാണുന്നതിന് ഞാൻ പ്രത്യേക മുൻഗണന നൽകുന്നു. നമ്മുടെ ഗോത്ര സഹോദരിമാരിൽ വലിയൊരു വിഭാഗം സ്വാശ്രയ സംഘങ്ങളിലൂടെയും മറ്റ് വളർച്ചാ മാർഗങ്ങളിലൂടെയും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വികസനത്തിനുള്ള കൂടുതൽ അവസരങ്ങൾ അവർക്കായി തുറന്നിടുന്നു.

 പ്രധാന ദേശീയ പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ ഗോത്ര ഗുണഭോക്താക്കളിലും സമയബന്ധിതമായി എത്തുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.

കഴിഞ്ഞ വർഷം ‘ജൻജാതിയ ഗൗരവ് ദിവസ്’ ആചരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി തുടക്കം കുറിച്ച പിഎം-ജൻമൻ അഭിയാൻ PVTG ജനവിഭാഗങ്ങളുടെ (ഗോത്രസമൂഹത്തിലെ അതിദുർബല വിഭാഗങ്ങളാണ് PVTG -ൽ ഉൾപ്പെടുന്നത്) സമഗ്രമായ ക്ഷേമം ലക്ഷ്യമിടുന്നു. ഈ പ്രചാരണത്തിന് കീഴിൽ, മൂന്ന് വർഷത്തെ സമയപരിധിയിൽ 24,000 കോടി രൂപയിലധികം ചിലവഴിച്ച് PVTG  ജനവിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒട്ടേറെ സൗകര്യങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.

ഈ വർഷം, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ന്, 'ധർത്തി അബ ജൻ ജാതി ഗ്രാം ഉത്കർഷ് അഭിയാൻ' എന്ന സംരംഭത്തിന് ഭഗവാൻ ബിർസ മുണ്ടയുടെ നാട്ടിൽ കേന്ദ്ര സർക്കാർ തുടക്കമിടുകയുണ്ടായി. ഗോത്രജനവിഭാഗങ്ങളിലെ അവസാന വ്യക്തിയ്ക്കും സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുകയാണ് 80,000 കോടി രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. എല്ലാ ഗോത്ര ഗ്രാമങ്ങളെയും റോഡ്, മൊബൈൽ കണക്ടിവിറ്റിയിലൂടെ ബന്ധിപ്പിക, എല്ലാ ആദിവാസി കുടുംബങ്ങൾക്കും സ്വന്തമായി വീട് തുടങ്ങിയ കാര്യങ്ങൾ പദ്ധതിയുടെ പരിധിയിൽ വരും. വികസനവും ക്ഷേമവും ലക്ഷ്യമിട്ടുള്ള ഈ പ്രചാരണം ഏകദേശം 63,000 ഗോത്രഗ്രാമങ്ങൾക്ക് പ്രയോജനപ്രദമാകും. ദേശീയ തലത്തിൽ അഞ്ച് കോടിയിലധികം ഗോത്രവിഭാഗക്കാർക്ക് പ്രചാരണം ഉപകാരപ്രദമാകും.

പ്രിയ സഹ പൗരന്മാരെ,

ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി രാജ്യത്ത് 700-ലധികം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ നിർമ്മിക്കുകയാണ്. ഒട്ടേറെ ഏകലവ്യ സ്കൂളുകളുടെ ശിലാസ്ഥാപനവും, അനവധി സ്കൂളുകളുടെ ഉദ്ഘാടനവും ഇതിനോടകം ഞാൻ നിർവ്വഹിക്കുകയുണ്ടായി. ഗോത്രവിഭാഗത്തിലെ 30 ലക്ഷത്തിലധികം  വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നു എന്നതും സന്തോഷകരമായ കാര്യമാണ്. വിദേശപഠനത്തിനും സ്കോളർഷിപ്പ് നൽകി വരുന്നു. ഗോത്ര സമൂഹത്തിലെ യുവാക്കൾ ഇപ്പോൾ സിവിൽ സർവീസ്, മെഡിക്കൽ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളും തിരഞ്ഞെടുക്കുന്നു.

 

2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ, ഗോത്ര സമൂഹങ്ങളിൽ കാണപ്പെടുന്ന അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ) പൂർണ്ണമായും നിവാരണം ചെയ്യുകയെന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദശകത്തിൽ പട്ടികവർഗ വികസന കർമപദ്ധതിക്കുള്ള ഫണ്ട് വിഹിതം പതിന്മടങ്ങ് വർധിച്ചുവെന്നത് ശ്രദ്ധേയമാണ്. 2024-25 സാമ്പത്തിക വർഷത്തെ ഗോത്രകാര്യ മന്ത്രാലയത്തിൻ്റെ ബജറ്റ് തുകയായ 13,000 കോടി രൂപ കഴിഞ്ഞ ബജറ്റിനേക്കാൾ 74 ശതമാനം അധികമാണ്.

 

ഗോത്രജനവിഭാഗങ്ങൾ വികസനത്തിന്റെ മുഖ്യധാരയിലേക്ക് ആനയിക്കപ്പെടുമ്പോൾ മാത്രമേ രാജ്യം ശരിയായ അർത്ഥത്തിൽ പുരോഗതി കൈവരിച്ചുവെന്ന് പറയാനാകൂ. ഗോത്രജനവിഭാഗങ്ങളുടെ അതിവേഗ പുരോഗതിയായിരിക്കണം നമ്മുടെ ദേശീയ മുൻഗണന.

ഗോത്ര സമൂഹങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള തനത് ആചാരങ്ങൾ ശാശ്വതമായി നിലനിൽക്കണമെന്നും, അവർ ആധുനികമായ വികസന പാതയിൽ മുന്നേറണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.

പ്രിയ സഹ പൗരന്മാരെ,


ഞാൻ  ഗോത്ര ജനവിഭാഗങ്ങളുടെ വേദനയും കഷ്ടപ്പാടും കണ്ടറിയുക മാത്രമല്ല, സ്വയം അത് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഗോത്രകാര്യ ഉപദേശക സമിതി (ട്രൈബ്സ് അഡ്വൈസറി കൗൺസിൽ) അംഗമെന്ന നിലയിലാണ് പൊതുജനസേവന രംഗത്ത് ഞാൻ പ്രയാണം ആരംഭിച്ചത്. ഇപ്പോൾ, ഗോത്ര സമൂഹങ്ങളുടെ ജീവിത പുരോഗതി കണ്മുന്നിൽ കാണാനാകുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

ഗോത്ര സമൂഹങ്ങളിലെ പ്രതിഭകൾക്ക് അർഹിക്കുന്ന അംഗീകാരം ഇപ്പോൾ ലഭിക്കുന്നു. ഗോത്ര വിഭാഗങ്ങളിലെ  നൂറോളം പേരാണ് കഴിഞ്ഞ 10 വർഷത്തിനിടെ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾ നൽകി ആദരിക്കപ്പെട്ടത്.

പല സംസ്ഥാനങ്ങളിലെയും ഗവർണർമാരും മുഖ്യമന്ത്രിമാരും കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മന്ത്രിമാരും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരും ഗോത്ര വിഭാഗങ്ങളിൽപെട്ടവരാണ്.

ഗോത്ര വിഭാഗക്കാരടക്കം എല്ലാ സഹപൗരന്മാരിൽ നിന്നും എനിക്ക് ലഭിക്കുന്ന അളവറ്റ സ്നേഹം എന്നെ വികാരഭരിതയാക്കുന്നു. ഇന്ന് ഗോത്ര വിഭാഗങ്ങളുടെ സ്വപ്നങ്ങൾക്ക് ആകാശമാണ് അതിരെന്ന സന്തോഷകരമായ സത്യം എൻ്റെ ഈ ചേതോവികാരത്തിന് പിന്നിലുണ്ട്. അവർ എത്ര ഉയരത്തിൽ പറക്കാൻ കൊതിച്ചാലും അവരെ പിന്തുണയ്ക്കാൻ സമൂഹവും സർക്കാരും പൂർണമായും പ്രതിജ്ഞാബദ്ധരാണ്.

ഈ ശുഭപ്രതീക്ഷയും ആത്മവിശ്വാസവും പങ്കുവച്ചുകൊണ്ട് ഞാൻ എല്ലാ സഹ പൗരന്മാർക്കും 'ജൻജാതിയ ഗൗരവ് ദിവസ്' ആശംസകൾ നേരുന്നു.

നന്ദി!

ജയ് ഹിന്ദ്!

ജയ് ഭാരത്!

 

***************************

 


(Release ID: 2073618) Visitor Counter : 33


Read this release in: English , Urdu , Hindi