സാംസ്‌കാരിക മന്ത്രാലയം
മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്കു ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം
Posted On:
03 OCT 2024 8:31PM by PIB Thiruvananthpuram
മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്ക് ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. ഓരോ സമൂഹത്തിന്റെയും ചരിത്രപരവും സാംസ്കാരികവുമായ നാഴികക്കല്ലിന്റെ സത്ത ഉൾക്കൊള്ളുന്ന, ഭാരതത്തിന്റെ അഗാധവും പുരാതനവുമായ സാംസ്കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാരായാണു ശ്രേഷ്ഠഭാഷകൾ നിലകൊള്ളുന്നത്.
വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും പശ്ചാത്തലവും:
2004 ഒക്‌ടോബർ 12നു “ശ്രേഷ്ഠഭാഷകൾ” എന്ന പേരിൽ ഭാഷകൾക്കു പുതിയ വിഭാഗം സൃഷ്ടിക്കാൻ കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചു. തമിഴിനു ശ്രേഷ്ഠഭാഷാപദവി നൽകുകയും ശ്രേഷ്ഠഭാഷാപദവി ലഭിക്കാൻ ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്തു:
A. ആദ്യകാല ഗ്രന്ഥങ്ങളുടെ ഉയർന്ന പൗരാണികത/ ആയിരം വർഷക്കാലയളവിനപ്പുറമുള്ള രേഖപ്പെടുത്തപ്പെട്ട ചരിത്രം.
B. ഈ ഭാഷ സംസാരിക്കുന്നവരുടെ വിവിധ തലമുറകൾ വിലപ്പെട്ട പൈതൃകമായി കണക്കാക്കുന്ന പ്രാചീന സാഹിത്യങ്ങളുടെ/ഗ്രന്ഥങ്ങളുടെ ബൃഹദ് ശേഖരം.
C. മറ്റൊരു ഭാഷ സംസാരിക്കുന്ന സമൂഹത്തിൽനിന്നു കടമെടുത്തതല്ലാത്ത മൗലികമായ സാഹിത്യ പാരമ്പര്യം.
ശ്രേഷ്ഠഭാഷാപദവിക്കായി നിർദിഷ്ട ഭാഷകൾ പരിശോധിക്കാൻ 2004 നവംബറിൽ സാഹിത്യ അക്കാദമിയുടെ കീഴിൽ സാംസ്കാരിക മന്ത്രാലയം ഭാഷാ വിദഗ്ധസമിതിക്കു (എൽഇസി) രൂപം നൽകി.
2005 നവംബറിൽ ഇനിപ്പറയുന്ന രീതിയിൽ മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും സംസ്കൃതം ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കുകയും ചെയ്തു:
I. ആദ്യകാല ഗ്രന്ഥങ്ങളുടെ ഉയർന്ന പൗരാണികത/ 1500-2000 വർഷക്കാലയളവിനപ്പുറമുള്ള രേഖപ്പെടുത്തപ്പെട്ട ചരിത്രം
II. ഈ ഭാഷ സംസാരിക്കുന്നവരുടെ വിവിധ തലമുറകൾ വിലപ്പെട്ട പൈതൃകമായി കണക്കാക്കുന്ന പ്രാചീന സാഹിത്യങ്ങളുടെ/ഗ്രന്ഥങ്ങളുടെ ബൃഹദ് ശേഖരം.
III. മറ്റൊരു ഭാഷ സംസാരിക്കുന്ന സമൂഹത്തിൽനിന്നു കടമെടുത്തതല്ലാത്ത മൗലികമായ സാഹിത്യ പാരമ്പര്യം.
IV. ശ്രേഷ്ഠഭാഷയും സാഹിത്യവും ആധുനിക ഭാഷയിൽനിന്നു വ്യത്യസ്തമായതിനാൽ, ശ്രേഷ്ഠഭാഷയും അതിന്റെ പിൽക്കാല രൂപങ്ങളോ അല്ലെങ്കിൽ ശാഖകളോ തമ്മിൽ തുടർച്ചയില്ലായ്മയുണ്ടാകാം.
ഇന്ത്യാഗവൺമെന്റ് ഇതുവരെ ശ്രേഷ്ഠഭാഷാപദവി നൽകിയിട്ടുള്ളത് ഇനിപ്പറയുന്ന ഭാഷകൾക്കാണ്:
ഭാഷ
|
വിജ്ഞാപനം പുറപ്പെടുവിച്ച തീയതി
|
തമിഴ്
|
12/10/2004
|
സംസ്കൃതം
|
25/11/2005
|
തെലുങ്ക്
|
31/10/2008
|
കന്നഡ
|
31/10/2008
|
മലയാളം
|
08/08/2013
|
ഒഡിയ
|
01/03/2014
|
മറാഠിക്കു ശ്രേഷ്ഠഭാഷാപദവി നൽകണമെന്ന് ആവശ്യപ്പെട്ട് 2013ൽ മഹാരാഷ്ട്ര ഗവണ്മെന്റിൽനിന്നു മന്ത്രാലയത്തിനു നിർദേശം ലഭിച്ചിരുന്നു. അത് എൽഇസിക്കു കൈമാറി. മറാഠിയെ ശ്രേഷ്ഠഭാഷയാക്കാൻ എൽഇസി ശുപാർശ ചെയ്തു. മറാഠി ഭാഷയ്ക്കു ശ്രേഷ്ഠപദവി നൽകുന്നതിനുള്ള 2017-ലെ മന്ത്രിസഭായോഗത്തിന്റെ കരടുകുറിപ്പിനെക്കുറിച്ചുള്ള അന്തർ-മന്ത്രാലയ കൂടിയാലോചനകളിൽ, മാനദണ്ഡങ്ങൾ പരിഷ്കരിച്ചു കർശനമാക്കാൻ ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. മറ്റ് എത്ര ഭാഷകൾക്കു യോഗ്യത ലഭിക്കാൻ സാധ്യതയുണ്ടെന്നു കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നു പിഎംഒ പ്രസ്താവിച്ചു.
ഇതിനിടെ പാലി, പ്രാകൃത്, അസമീസ്, ബംഗാളി എന്നിവയ്ക്കു ശ്രേഷ്ഠഭാഷാപദവി നൽകുന്നതിനുള്ള നിർദേശം ബിഹാർ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നു ലഭിച്ചു.
അതനുസരിച്ച്, സാഹിത്യ അക്കാദമിയുടെ കീഴിലുള്ള ഭാഷാശാസ്ത്ര വിദഗ്ധസമിതി 25.07.2024ൽ യോഗം ചേർന്നു താഴെപ്പറയുന്ന രീതിയിൽ മാനദണ്ഡങ്ങൾ ഏകകണ്ഠമായി പരിഷ്കരിച്ചു. എൽഇസിയുടെ നോഡൽ ഏജൻസിയായി സാഹിത്യ അക്കാദമിയെ നിയോഗിച്ചു.
I. ആദ്യകാല ഗ്രന്ഥങ്ങളുടെ ഉയർന്ന പൗരാണികത/ 1500-2000 വർഷക്കാലയളവിനപ്പുറമുള്ള രേഖപ്പെടുത്തപ്പെട്ട ചരിത്രം
II. ഈ ഭാഷ സംസാരിക്കുന്നവരുടെ വിവിധ തലമുറകൾ വിലപ്പെട്ട പൈതൃകമായി കണക്കാക്കുന്ന പ്രാചീന സാഹിത്യങ്ങളുടെ/ഗ്രന്ഥങ്ങളുടെ ബൃഹദ് ശേഖരം.
III. വിജ്ഞാന ഗ്രന്ഥങ്ങൾ, പ്രത്യേകിച്ച് കവിത, ശിലാരേഖ, ലിഖിത തെളിവുകൾ എന്നിവയ്ക്കു പുറമേയുള്ള ഗദ്യഗ്രന്ഥങ്ങൾ.
IV. ശ്രേഷ്ഠഭാഷകളും സാഹിത്യവും നിലവിലെ രൂപത്തിൽനിന്നു വ്യത്യസ്തമായതിനാൽ, ശ്രേഷ്ഠഭാഷയും അതിന്റെ പിൽക്കാല രൂപങ്ങളോ അല്ലെങ്കിൽ ശാഖകളോ തമ്മിൽ തുടർച്ചയില്ലായ്മയുണ്ടാകാം.
ശ്രേഷ്ഠഭാഷയായി പരിഗണിക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങൾ ഇനിപ്പറയുന്ന ഭാഷകൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും സമിതി ശുപാർശ ചെയ്തു.
I. മറാഠി
II. പാലി
III. പ്രാകൃത്
IV. അസമീസ്
V. ബംഗാളി
നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
ശ്രേഷ്ഠഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനു വിദ്യാഭ്യാസ മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്കൃത ഭാഷയുടെ പ്രോത്സാഹനത്തിനായി പാർലമെന്റ് നിയമത്തിലൂടെ 2020-ൽ മൂന്നു കേന്ദ്ര സർവകലാശാലകൾ സ്ഥാപിക്കപ്പെട്ടു. പുരാതന തമിഴ് ഗ്രന്ഥങ്ങളുടെ വിവർത്തനം സുഗമമാക്കുന്നതിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും സർവകലാശാലാവിദ്യാർഥികൾക്കും തമിഴ് ഭാഷാ പണ്ഡിതർക്കും കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനുമായി ശ്രേഷ്ഠ തമിഴ് കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ശ്രേഷ്ഠഭാഷകളുടെ പഠനവും സംരക്ഷണവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, മൈസൂരുവിലെ ഇന്ത്യൻ ഭാഷകൾക്കായുള്ള കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠഭാഷകളായ കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയിലെ പഠനത്തിനായി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഈ സംരംഭങ്ങൾക്കു പുറമേ, ശ്രേഷ്ഠഭാഷാ മേഖലയിലെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രേഷ്ഠഭാഷകൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ, സർവകലാശാലകളിലെ ചെയറുകൾ, ശ്രേഷ്ഠഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ എന്നിവ വിദ്യാഭ്യാസ മന്ത്രാലയം ശ്രേഷ്ഠഭാഷകൾക്കായി നൽകുന്ന വിപുലപ്പെടുത്തിയ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ ഉൾപ്പെടെയുള്ള പ്രധാന ഗുണഫലങ്ങൾ:
ഭാഷകളെ ശ്രേഷ്ഠഭാഷയായി ഉൾപ്പെടുത്തുന്നത് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, പ്രത്യേകിച്ച് അക്കാദമിക-ഗവേഷണ മേഖലകളിൽ. കൂടാതെ, ഈ ഭാഷകളിലെ പുരാതന ഗ്രന്ഥങ്ങളുടെ സംരക്ഷണം, രേഖപ്പെടുത്തൽ, ഡിജിറ്റൽ രൂപത്തിലാക്കൽ എന്നിവ ആർക്കൈവിങ്, പരിഭാഷ, പ്രസിദ്ധീകരണം, ഡിജിറ്റൽ മീഡിയ എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ/ജില്ലകൾ:
മഹാരാഷ്ട്ര (മറാഠി), ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് (പാലി, പ്രാകൃത്), പശ്ചിമ ബംഗാൾ (ബംഗാളി), അസം (അസമീസ്) എന്നിവയാണ് ഉൾപ്പെട്ട പ്രാഥമിക സംസ്ഥാനങ്ങൾ. വിശാലമായ സാംസ്കാരികവും അക്കാദമികവുമായ സ്വാധീനം ദേശീയതലത്തിലും അന്തർദേശീയതലത്തിലും വ്യാപിക്കും.
***
(Release ID: 2062264)
Visitor Counter : 42