ഊര്‍ജ്ജ മന്ത്രാലയം

വടക്കുകിഴക്കന്‍ മേഖലയിലെ ജലവൈദ്യുത പദ്ധതികളുടെ വികസനത്തിനായി വടക്കുകിഴക്കന്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഓഹരി പങ്കാളിത്തത്തിനുള്ള കേന്ദ്ര സാമ്പത്തിക സഹായത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി

Posted On: 28 AUG 2024 3:31PM by PIB Thiruvananthpuram


സംസ്ഥാന സ്ഥാപനങ്ങളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത സംരംഭ (JV) സഹകരണത്തിലൂടെ വടക്ക് കിഴക്കന്‍ മേഖലയിലെ ജലവൈദ്യുത പദ്ധതികളുടെ വികസനത്തിന് ഓഹരി പങ്കാളിത്തത്തിനായി വടക്കു കിഴക്കന്‍ മേഖലയിലെ (NER) സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സാമ്പത്തിക സഹായം (സിഎഫ്എ) നല്‍കുന്നതിനുള്ള ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 

2024-25 സാമ്പത്തിക വര്‍ഷം മുതല്‍ 2031-32 സാമ്പത്തിക വര്‍ഷത്തിനുളളില്‍ നടപ്പാക്കുന്ന ഈ സ്‌കീമിനായി 4136 കോടി രൂപയാണ് അടങ്കല്‍ നിശ്ചയിച്ചിട്ടുള്ളത്. ഏകദേശം 15000 മെഗാവാട്ടിന്റെ സഞ്ചിത ജലവൈദ്യുത ശേഷിയാണ് പദ്ധതിക്കുളളത്. ഊര്‍ജ മന്ത്രാലയത്തിന്റെ മൊത്തം വിഹിതത്തില്‍ നിന്ന് വടക്ക് കിഴക്കന്‍ മേഖലയ്ക്കുള്ള 10% ഗ്രോസ് ബഡ്ജറ്ററി സപ്പോര്‍ട്ട് (ജിബിഎസ്) വഴിയാണ് പദ്ധതിക്ക് ധനസഹായം ലഭിക്കുക.

സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ എല്ലാ പ്രോജക്ടുകള്‍ക്കുമായി ഒരു ജോയിന്റ് വെഞ്ച്വര്‍ (ജെവി) കമ്പനി രൂപീകരിക്കുന്നതിന് ഊര്‍ജ മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതി വ്യവസ്ഥ ചെയ്യുന്നു.

വടക്കു കിഴക്കന്‍ മേഖലയിലെ സംസ്ഥാന ഗവണ്‍മെന്റിന്റെ ഓഹരി വിഹിതം ഒരു പ്രോജക്റ്റിന് പരമാവധി 750 കോടി രൂപ എന്ന നിലയില്‍ മൊത്തം പ്രോജക്റ്റ് ഓഹരിയുടെ 24% ആയി നിജപ്പെടുത്തും. ഓരോ പ്രോജക്റ്റിനും 750 കോടി രൂപ എന്ന പരിധി, ആവശ്യം വരുന്ന ഘട്ടത്തില്‍ പദ്ധതിക്ക് അനുസൃതമായി പുനഃപരിശോധിക്കും. ഗ്രാന്റ് വിതരണം ചെയ്യുന്ന സമയത്ത് സിപിഎസ്‌യുവിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും സംയുക്ത സംരംഭ ഓഹരി അനുപാതം നിലനിര്‍ത്തും.

കേന്ദ്ര ധനസഹായം പ്രായോഗികമായ ജലവൈദ്യുത പദ്ധതികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. പദ്ധതി പ്രാപ്യമാക്കുന്നതിന് സംസ്ഥാനങ്ങള്‍ സൗജന്യ വൈദ്യുതി ഒഴിവാക്കണം / അസ്ഥിരപ്പെടുത്തണം കൂടാതെ/അല്ലെങ്കില്‍ എസ് ജി എസ് ടി തിരികെ നല്‍കണം.

ഈ സ്‌കീം നിലവില്‍ വരുന്നതോടെ ജലവൈദ്യുത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കപ്പെടുകയും അപകടസാധ്യതകളും ഉത്തരവാദിത്തങ്ങളും കൂടുതല്‍ നീതിപൂര്‍വകമായ രീതിയില്‍ പങ്കിടുകയും ചെയ്യും. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, പ്രാദേശിക ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങൾ  സംസ്ഥാന സര്‍ക്കാരുകള്‍ പങ്കാളികളാകുന്നതോടെ കുറയും. ഇത് പദ്ധതികളുടെ സമയവും അധിക ചെലവും ഒഴിവാക്കും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജലവൈദ്യുത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഈ പദ്ധതിക്ക് വലിയ പങ്കുണ്ട്. ഇത് വടക്ക് കിഴക്കന്‍ മേഖലയില്‍ വന്‍ നിക്ഷേപം കൊണ്ടുവരികയും ഗതാഗതം, ടൂറിസം, ചെറുകിട വ്യവസായം എന്നിവയിലൂടെ പരോക്ഷമായ തൊഴില്‍/സംരംഭക അവസരങ്ങള്‍ക്കൊപ്പം പ്രാദേശിക ജനങ്ങള്‍ക്ക് നേരിട്ടുള്ള വലിയൊരു തൊഴില്‍ അവസരവും നല്‍കുകയും ചെയ്യും. ജലവൈദ്യുത പദ്ധതികളുടെ വികസനം, 2030ഓടെ 500 GW പുനരുപയോഗ ഊര്‍ജ്ജ ശേഷി സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ ദേശീയമായി നിശ്ചയിക്കപ്പെട്ട സംഭാവന (INDC) സാക്ഷാത്കരിക്കുന്നതിനും ദേശീയ ഗ്രിഡിന്റെ  സുരക്ഷയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിന് ഗ്രിഡില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളുടെ സംയോജനത്തിന് സഹായകമാകും.

ജലവൈദ്യുത വികസനത്തിന് തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് നിരവധി നയപരമായ സംരംഭങ്ങള്‍ കൈക്കൊള്ളുന്നുണ്ട്. ജലവൈദ്യുത മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ ലാഭകരമാക്കുന്നതിനുമായി, 2019 മാര്‍ച്ച് 7ന് ചേര്‍ന്ന മന്ത്രിസഭായോഗം, വന്‍കിട ജലവൈദ്യുത പദ്ധതികളെ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളായി പ്രഖ്യാപിക്കല്‍, ജലവൈദ്യുത പര്‍ച്ചേസ് ബാധ്യതകള്‍ (എച്ച്പിഒകള്‍), താരിഫ് യുക്തിസഹമാക്കല്‍ നടപടികള്‍ എന്നിവ കൂടാതെ വര്‍ദ്ധിച്ചുവരുന്ന താരിഫ്, സംഭരണ ജലവൈദ്യുത പദ്ധതിയിലെ വെള്ളപ്പൊക്ക മോഡറേഷനുള്ള ബജറ്റ് പിന്തുണ, റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം പോലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രാപ്തമാക്കുന്നതിനുള്ള ബജറ്റ് പിന്തുണ അംഗീകരിച്ചു.

-NS-



(Release ID: 2049411) Visitor Counter : 23