ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ഠാണെ ഇന്റഗ്രൽ റിങ് മെട്രോ റെയിൽ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം


2029-ഓടെ പ്രവർത്തനക്ഷമമാകുന്ന പദ്ധതിയുടെ മൊത്തം ചെലവ് 12,200 കോടി രൂപ

22 സ്റ്റേഷനുകൾ ഉൾപ്പെടുന്ന റിങ് ഇടനാഴിയുടെ ആകെ ​​​ദൈർഘ്യം 29 കിലോമീറ്റർ (26 കിലോമീറ്റർ ആകാശപാത, 3 കിലോമീറ്റർ ഭൂഗർഭപാത)

നൗപാഡ, വാഗ്ലെ എസ്റ്റേറ്റ്, ഡോംഗ്രിപാഡ, ഹീരാനന്ദാനി എസ്റ്റേറ്റ്, കോൽശേത്, സാകേത് തുടങ്ങിയ പ്രധാന പ്രദേശങ്ങളെ കൂട്ടിയിണക്കും

Posted On: 16 AUG 2024 8:14PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ​യോഗം ഇന്ന് മഹാരാഷ്ട്രയിലെ ഠാണെ ഇന്റഗ്രൽ റിങ് മെട്രോ റെയിൽ പദ്ധതി ഇടനാഴിക്ക് അംഗീകാരം നൽകി. 29 കിലോമീറ്റർ ഇടനാഴി ഠാണെ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 22 സ്റ്റേഷനുകളിലൂടെ കടന്നുപോകും. ഒരു വശത്ത് ഉല്ലാസ് നദിയും മറുവശത്ത് സഞ്ജയ് ഗാന്ധി ദേശീയോദ്യാനവും (എസ്ജിഎൻപി) ഈ ശൃംഖലയെ ഉൾക്കൊള്ളുന്നു.

ഈ സമ്പർക്കസൗകര്യം സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത മാർഗം പ്രദാനം ചെയ്യും. നഗരത്തിന്റെ സാമ്പത്തിക സാധ്യതകൾ തിരിച്ചറിയാനും  റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സഹായിക്കും. ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതിച്ചെലവും ധനസഹായവും:

12,200.10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെന്റിൽ നിന്നും മഹാരാഷ്ട്ര ഗവൺമെന്റിൽ നിന്നും തുല്യ ഓഹരിയും ഉഭയകക്ഷി ഏജൻസികളിൽ നിന്നുള്ള ഭാഗിക ധനസഹായവും ലഭിക്കും.

സ്റ്റേഷന്റെ നാമകരണം, കോർപ്പറേറ്റ് ആക്‌സസ് അവകാശങ്ങൾ വിൽക്കൽ, ആസ്തി ധനസമ്പാദനം, മൂല്യശേഖരണ ധനകാര്യമാർഗം  തുടങ്ങി നൂതനമായ ധനസഹായ രീതികളിലൂടെയും തുക ശേഖരിക്കും.

പ്രധാന വ്യാവസായിക കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്ന ഇടനാഴി വലിയ വിഭാഗം ജീവനക്കാർക്ക് ഫലപ്രദമായ ഗതാഗതസൗകര്യം ഒരുക്കും.  2029ഓടെ പദ്ധതി പൂർത്തിയാകും. 

അതിലും പ്രധാനമായി, മെട്രോ പാത ആയിരക്കണക്കിന് ദൈനംദിന യാത്രക്കാർക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും ഓഫീസിലേക്കും ജോലിസ്ഥലത്തേക്കും ദിവസവും യാത്ര ചെയ്യുന്നവർക്കും, വേഗതയേറിയതും ചെലവു കുറഞ്ഞതുമായ ഗതാഗത സൗകര്യം നൽകുന്നതിലൂടെ പ്രയോജനപ്രദമാകും. 2029, 2035, 2045 വർഷങ്ങളിൽ മെട്രോ ഇടനാഴികളിൽ യഥാക്രമം 6.47 ലക്ഷം, 7.61 ലക്ഷം, 8.72 ലക്ഷം എന്നിങ്ങനെ മൊത്തം പ്രതിദിന യാത്രക്കാരുണ്ടാകും.

സിവിൽ, ഇലക്ട്രോ മെക്കാനിക്കൽ, മറ്റ് അനുബന്ധ സൗകര്യങ്ങൾ, ജോലികൾ, അനുബന്ധ ആസ്തികൾ എന്നിവയ്ക്കൊപ്പം മഹാ മെട്രോയും പദ്ധതി നടപ്പിലാക്കും. മുൻകൂർ ലേല പ്രവർത്തനങ്ങളും ടെൻഡർ രേഖകൾ തയ്യാറാക്കലും മഹാ-മെട്രോ ഇതിനകം ആരംഭിച്ചു. ലേലത്തിനായി ഉടൻ തന്നെ കരാറുകൾ പുറത്തിറക്കും.

NS



(Release ID: 2046170) Visitor Counter : 10