പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൻ കി ബാത്തിന്റെ' 112-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

Posted On: 28 JUL 2024 11:39AM by PIB Thiruvananthpuram


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,  മൻ കി ബാത്തിലേക്ക്‌ സ്വാഗതം,

നിലവിൽ പാരീസ്‌ ഒളിമ്പിക്സ്‌ ലോകമെമ്പാടും ശ്രദ്ധാകേന്ദ്രമാണ്‌. ലോകവേദിയിൽ ത്രിവർണപതാക ഉയർത്താനും രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനും ഒളിമ്പിക്സ്‌ നമ്മുടെ കായികതാരങ്ങൾക്ക് അവസരം നൽകുന്നു. നമുക്ക്‌ നമ്മുടെ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാം. ഭാരതത്തിന്‌ അഭിവാദ്യങ്ങൾ.

സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന്‌ പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ്‌ ഒരു ഒളിമ്പിക്സ്‌ നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ്‌ ഒളിമ്പ്യാഡ്‌. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചത്‌. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ്‌ ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച്‌ സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ്‌ - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട്‌ ഗണേഷ്‌, പൂനെയിലെതന്നെ സിദ്ധാർത്ഥ്‌ ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ്‌ തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.

സുഹൃത്തുക്കളേ, ഇന്നത്തെ മൻ കി ബാത്തിൽ ഞാൻ ഈ യുവ വിജയികളെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്‌. ഇവരെല്ലാം ഇപ്പോൾ ഫോണിൽ നമ്മളുമായി സംവദിക്കുന്നു.

പ്രധാനമന്ത്രി- നമസ്തേ സുഹൃത്തുക്കളെ, എല്ലാ സുഹൃത്തുക്കളെയും മൻ കി ബാത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു. നിങ്ങൾ എല്ലാവരും എങ്ങനെയുണ്ട്‌? വിദ്യാർത്ഥികൾ- ഞങ്ങൾ സുഖമായിരിക്കുന്നു സർ.

പ്രധാനമന്ത്രി - സുഹൃത്തുക്കളേ, മൻ കി ബാത്തിലൂടെ നിങ്ങളുടെ എല്ലാവരുടെയും അനുഭവങ്ങൾ അറിയാൻ ഭാരതീയർ വളരെ ആകാംക്ഷയിലാണ്‌. ആദിത്യനിലും സിദ്ധാർത്ഥിലും നിന്നാണ്‌ ഞാൻ തുടങ്ങുന്നത്‌. നിങ്ങൾ പൂനെയിലാണ്‌, ആദ്യം ഞാൻ നിങ്ങളിൽ നിന്ന്‌ തുടങ്ങും. ഒളിമ്പ്യാഡിനിടെ നിങ്ങൾക്ക്‌ അനുഭവപ്പെട്ട കാര്യങ്ങൾ ഞങ്ങളോട്‌ എല്ലാവരോടും പങ്കിടുക.

ആദിത്യൻ - എനിക്ക്‌ ഗണിതത്തിൽ കുറച്ചു താല്പര്യമുണ്ടായിരുന്നു. എന്നെ ആറാം ക്ലാസ്സിൽ കണക്ക്‌ പഠിപ്പിച്ചത്‌ എന്റെ ടിച്ചറായ പ്രകാശ്‌ സാറാണ്‌. അദ്ദേഹം എനിക്ക്‌ ഗണിതത്തോടുള്ള താൽപര്യം വർദ്ധിപ്പിച്ചു, എനിക്ക്‌ പഠിക്കാൻ കഴിഞ്ഞു. എനിക്ക്‌ അവസരം ലഭിച്ചു.

പ്രധാനമന്ത്രി - നിങ്ങളുടെ കൂട്ടുകാരൻ എന്താണ്‌ പറയുന്നത്‌?

സിദ്ധാർത്ഥ്‌ - സർ, ഞാൻ സിദ്ധാർത്ഥ്‌ ആണ്‌, ഞാൻ പൂനെയിൽ നിന്നാണ്‌. ഞാൻ പന്ത്രണ്ടാം ക്ലാസ്‌ പാസ്സായതേയുള്ളൂ. ഇത്‌ രണ്ടാം തവണയാണ്‌ ഐ എം ഒ.യിൽ പങ്കെടുക്കുന്നത്. എനിക്ക്‌ ഗണിതത്തിൽ വലിയ താല്പര്യമുണ്ടായിരുന്നു. ഞാൻ ആറിൽ പഠിക്കുമ്പോൾ, പ്രകാശ്‌ സാർ ഞങ്ങളെ രണ്ടുപേരെയും പരിശീലിപ്പിച്ചു. ഞങ്ങളെ വളരെയധികം സഹായിച്ചു. ഇപ്പോൾ ഞാൻ കോളേജിൽ സി എം ഐ പഠിക്കുന്നു. ഞാൻ കണക്കും സി.എസ്സും പഠിച്ചുകൊണ്ടിരിക്കുന്നു.

പ്രധാനമന്ത്രി - ശരി, അർജുൻ ഇപ്പോൾ ഗാന്ധിനഗറിലാണെന്നും, കനവ്‌ ഗ്രേറ്റർ നോയിഡയിൽ നിന്നാണെന്നും എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. അർജുൻ, കനവ്‌ ഞങ്ങൾ ഒളിമ്പ്യാഡിനെ കുറിച്ച്‌ ചർച്ച ചെയ്തു, എന്നാൽ നിങ്ങൾ രണ്ടുപേരും നിങ്ങളുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഞങ്ങളോട്‌ പറയുകയാണെങ്കിൽ, ഒപ്പം നിങ്ങളുടെ പ്രത്യേക അനുഭവം പങ്കിടുകയാണെങ്കിൽ, നമ്മുടെ ശ്രോതാക്കൾക്ക്‌ അത്‌ പ്രിയങ്കരമാകും.

അർജുൻ - ഹലോ സർ, ജയ്‌ ഹിന്ദ്‌, ഞാൻ അർജുനാണ്‌.

പ്രധാനമന്ത്രി - ജയ്‌ ഹിന്ദ്‌ അർജുൻ.

അർജുൻ - ഞാൻ ഡൽഹിയിലാണ്‌ താമസിക്കുന്നത്‌, എന്റെ അമ്മ ശ്രീമതി ആശാ ഗുപ്ത ഡൽഹി യൂണിവേഴ്സിറ്റിയിൽ ഫിസിക്സ്‌ പ്രൊഫസറാണ്‌. എന്റെ അച്ഛൻ ശ്രീ. അമിത്‌ ഗുപ്ത ഒരു ചാർട്ടേഡ്‌ അക്കൗണ്ടന്റാണ്‌. എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയോട്‌ സംസാരിക്കുന്നതിൽ എനിക്ക്‌ അഭിമാനമുണ്ട്‌. ഒന്നാമതായി, എന്റെ വിജയത്തിന്റെ ക്രെഡിറ്റ്‌ എന്റെ മാതാപിതാക്കൾക്ക്‌ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കുടുംബത്തിലെ ഒരു അംഗം ഇത്തരമൊരു മത്സരത്തിന്‌ തയ്യാറെടുക്കുമ്പോൾ അത്‌ ആ അംഗത്തിന്റെ മാത്രമല്ല, മുഴുവൻ കുടുംബത്തിന്റെയും പോരാട്ടമാണെന്ന്‌ എനിക്ക്‌ തോന്നുന്നു. പ്രധാനമായും നമ്മുടെ പേപ്പറിൽ മൂന്ന്‌ ചോദ്യങ്ങൾക്ക്‌ നാലര മണിക്കൂർ, ഒരു ചോദ്യത്തിന്‌ ഒന്നര മണിക്കൂർ - അതിനാൽ ഒരു ചോദ്യം പരിഹരിക്കാൻ എത്ര സമയമുണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാക്കാൻ കഴിയും. അതിനാൽ, വീട്ടിൽ വളരെ കഠിനാധ്വാനം ചെയ്യണം. ചോദ്യങ്ങളുമായി മണിക്കൂറുകൾ ചിലവഴിക്കേണ്ടിവരുന്നു. ചിലപ്പോൾ ഒരു ദിവസം, അല്ലെങ്കിൽ ഓരോ ചോദ്യത്തിനും മൂന്നു ദിവസം പോലും. അതിനാൽ ഇതിനായി നമ്മൾ ഓൺലൈനിൽ ചോദ്യങ്ങൾ കണ്ടെത്തണം. ഞങ്ങൾ കഴിഞ്ഞവർഷത്തെ ചോദ്യങ്ങൾ പരീശീലിക്കുന്നു. അതുപോലെതന്നെ, ഞങ്ങൾ ക്രമേണ കഠിനാധ്വാനം ചെയ്യുമ്പോൾ, ഞങ്ങളുടെ അനുഭവം വർദ്ധിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ചോദ്യങ്ങൾ പരിഹരിക്കാനുള്ള ഞങ്ങളുടെ കഴിവ്‌ വർദ്ധിക്കുന്നു. ഇത്‌ ഗണിതശാസ്ത്രത്തിൽ മാത്രമല്ല, ജിവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മെ സഹായിക്കുന്നു.

പ്രധാനമന്ത്രി - ശരി, കനവ്‌, എന്തെങ്കിലും പ്രത്യേക അനുഭവം ഉണ്ടെങ്കിൽ എന്നോട്‌ പറയാമോ, ഈ തയ്യാറെടുപ്പിലെല്ലാം പ്രത്യേകമായി എന്തെങ്കിലുമുണ്ടെങ്കിൽ അത്‌ നമ്മുടെ യുവസുഹൃത്തുക്കൾ അറിഞ്ഞാൽ വളരെ സന്തോഷിക്കും.

കനവ്‌ തൽവാർ - എന്റെ പേര്‌ കനവ്‌ തൽവാർ, ഞാൻ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ്‌ താമസിക്കുന്നത്‌, ഞാൻ പതിനൊന്നാം ക്ലാസ്‌ വിദ്യാർത്ഥിയാണ്‌. കണക്ക്‌ എന്റെ പ്രിയപ്പെട്ട വിഷയമാണ്‌. എനിക്ക്‌ കുട്ടിക്കാലം മുതൽ കണക്ക്‌ വളരെ ഇഷ്ടമാണ്‌. കുട്ടിക്കാലത്ത്‌ അച്ഛൻ എന്നെ പസിലുകൾ ചെയ്യിപ്പിക്കുമായിരുന്നു. അതിനാൽ എന്റെ താൽപര്യം വർദ്ധിച്ചു. ഏഴാം ക്ലാസ്‌ മുതൽ ഒളിമ്പ്യാഡിന്‌ തയ്യാറെടുക്കാൻ തുടങ്ങി. എന്റെ സഹോദരിക്ക്‌ ഇതിൽ വലിയ പങ്കുണ്ട്‌. ഒപ്പം എന്റെ മാതാപിതാക്കളും ഏപ്പോഴും എന്നെ പിന്തുണച്ചു. ഈ ഒളിമ്പ്യാഡ്‌ എച്ച്‌ ബി സി എസ്‌ സി നടത്തുന്നു. കൂടാതെ ഇത്‌ അഞ്ച്‌ ഘട്ടങ്ങളുള്ള പ്രക്രിയയാണ്‌. കഴിഞ്ഞവർഷം ഞാൻ ടീമിൽ ഇല്ലായിരുന്നു. പക്ഷേ, ടീമിൽ ഇടം നേടുന്നതിന്‌ വളരെ അടുത്തെത്തിയിരുന്നു. ഇല്ലാതിരുന്നപ്പോൾ വളരെ സങ്കടപ്പെട്ടു. ഒന്നുകിൽ നമ്മൾ ജയിക്കുന്നു അല്ലെങ്കിൽ പഠിക്കുന്നു എന്ന്‌ എന്റെ മാതാപിതാക്കൾ എന്നെ പറഞ്ഞു മനസ്സിലാക്കി. പിന്നെ പ്രധാനം അതിലേക്കുള്ള യാത്രയാണ്‌, വിജയമല്ല. അതുകൊണ്ട്‌ എനിക്ക്‌ പറയാനുള്ളത്‌ ഇതാണ്‌ - 'നിങ്ങൾ ചെയ്യുന്നതിനെ സ്‌നേഹിക്കുക, നിങ്ങൾ ഇഷ്ടപ്പെടുന്നത്‌ ചെയ്യുക'. വിജയത്തിലേക്കുള്ള യാത്രയാണ്‌ പ്രധാനം, വിജയമല്ല. നമുക്ക്‌ വിജയം ലഭിച്ചുകൊണ്ടേയിരിക്കും, നാം നമ്മുടെ വിഷയത്തെ സ്‌നേഹിക്കുന്നുവെങ്കിൽ. ഒപ്പം യാത്ര ആസ്വദിക്കൂ.


പ്രധാനമന്ത്രി - അപ്പോൾ കനവ്‌, നിങ്ങൾക്ക്‌ ഗണിതത്തിലും താൽപ്പര്യമുണ്ട്‌, സാഹിത്യത്തിലും താൽപ്പര്യമുള്ളതുപോലെ നിങ്ങൾ സംസാരിക്കുന്നു!

കനവ്‌ തൽവാർ - അതെ സർ, കുട്ടിക്കാലത്ത്‌ ഞാനും സംവാദങ്ങളും പ്രസംഗങ്ങളും ചെയ്യുമായിരുന്നു.

പ്രധാനമന്ത്രി - ശരി, നമുക്ക്‌ ആനന്ദോമിനോട്‌ സംസാരിക്കാം. ആനന്ദോ, നിങ്ങൾ ഇപ്പോൾ ഗുവാഹത്തിയിലാണ്‌, നിങ്ങളുടെ പങ്കാളി റുഷിൽ, മുംബൈയിലാണ്‌. നിങ്ങൾ രണ്ടുപേരോടും എനിക്ക്‌ ഒരു ചോദ്യമുണ്ട്‌. നോക്കൂ, ഞാൻ പരീക്ഷയെക്കുറിച്ച്‌ ചർച്ചചെയ്യുന്നത്‌ തുടരുന്നു. പരീക്ഷയെക്കുറിച്ച്‌ ചർച്ചചെയ്യുന്നതിനു പുറമേ, മറ്റ്‌ പ്രോഗ്രാമുകളിലും ഞാൻ വിദ്യാർത്ഥികളുമായി ഇടപഴകുന്നു. പല വിദ്യാർത്ഥികളും ഗണിതത്തെ ഭയക്കുന്നതിനാൽ അതിന്റെ പേര്‌ കേൾക്കുമ്പോൾ തന്നെ അവർ പരിഭ്രാന്തരാകുന്നു. ഗണിതവുമായി എങ്ങനെ ചങ്ങാത്തം കൂടാമെന്ന്‌ പറയാമോ?


റുഷിൽ മാത്തൂർ - സർ, ഞാൻ റുഷിൽ മാത്തൂർ. നമ്മൾ ചെറുതായിരിക്കുമ്പോൾ, ആദ്യം സങ്കലനം പഠിക്കുന്നു. ക്യാരി ഫോർവേർഡിനെ കുറിച്ച്‌ പഠിപ്പിക്കുന്നു. എന്നാൽ ക്യാരീ ഫോർവേർഡ്‌ എന്തുകൊണ്ട്‌ എന്നതിനെ കുറിച്ച്‌ ഞങ്ങൾക്ക്‌ വിശദീകരിച്ചു തരുന്നില്ല. കൂട്ടുപലിശയെക്കുറിച്ച്‌ പഠിക്കുമ്പോൾ കൂട്ടുപലിശ എന്ന സൂത്രവാക്യം എവിടെ നിന്ന്‌ വരുന്നു എന്നത്‌ നാം ഒരിക്കലും ചോദിക്കില്ല. ഗണിതശാസ്ത്രം യഥാർത്ഥത്തിൽ ചിന്തിക്കുന്നതിനും പ്രശ്നപരിഹാരത്തിനുമുള്ള ഒരു കലയാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട്‌ നമ്മൾ എല്ലാവരും ഗണിതത്തിലേക്ക്‌ ഒരു പുതിയ ചോദ്യം ഉന്നയിച്ചാൽ, അത്‌ എന്തുകൊണ്ടാണ്‌ നമ്മൾ ഇത്‌ ചെയ്യുന്നത്‌ എന്നതാണ്‌ ചോദ്യം. എന്തുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌? ഞാൻ കരുതുന്നു, ചിന്തിക്കുന്നത്‌ ആളുകളുടെ ഗണിതശാസ്ത്രത്തിലുള്ള താൽപ്പര്യം വളരെയധികം വർദ്ധിപ്പിക്കും. കാരണം, നമുക്ക്‌ എന്തെങ്കിലും മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ നമുക്ക്‌ ഭയം തോന്നാൻ തുടങ്ങും. ഇതുകൂടാതെ, കണക്ക്‌ വളരെ യുക്തിസഹമായ ഒരു വിഷയമാണെന്ന്‌ എല്ലാവരും കരുതുന്നുവെന്നും ഞാൻ ചിന്തിക്കുന്നു. എന്നാൽ ഇത്‌ കൂടാതെ, സർഗ്ലാത്മകതയും ഗണിതത്തിൽ വളരെ പ്രധാനമാണ്‌. കാരണം സർഗ്ലാത്മകതയിലൂടെ മാത്രമേ ഒളിമ്പ്യാഡിൽ വളരെ ഉപയോഗപ്രദമായ പരിഹാരങ്ങൾ നമുക്ക്‌ ചിന്തിക്കാൻ കഴിയൂ. അതിനാൽ ഗണിതത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിന്‌ ഗണിത ഒളിമ്പ്യാഡിനും വളരെ പ്രധാനപ്പെട്ട പ്രസക്തിയുണ്ട്‌.

പ്രധാനമന്ത്രി - ആനന്ദോ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നോ?


ആനന്ദോ ഭാദുരി - നമസ്തേ പ്രധാനമന്ത്രി, ഞാൻ ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരിയാണ്‌. ഞാൻ പന്ത്രണ്ടാം ക്ലാസ്‌ പാസ്സായതേയുള്ളൂ. ആറിലും ഏഴിലും ഞാൻ ഇവിടെ ലോക്കൽ ഒളിമ്പ്യാഡിൽ പങ്കെടുത്തു. അതിൽ നിന്നാണ്‌ താൽപ്പര്യമുണ്ടായത്‌. ഇത്‌ എന്റെ രണ്ടാമത്തെ ഐ എം ഒ ആയിരുന്നു. രണ്ടും മികച്ച ഐ എം ഒ ആയി കാണപ്പെടുന്നു. റുഷിൽ പറഞ്ഞതിനോട്‌ ഞാൻ യോജിക്കുന്നു. കൂടാതെ ഗണിതത്തെ ഭയപ്പെടുന്നവർക്ക്‌ വളരെയധികം ധൈര്യം ആവശ്യമാണെന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം നമ്മളെ കണക്ക്‌ പഠിപ്പിക്കുന്നത്‌ എങ്ങനെയാണെന്നുവച്ചാൽ, ഒരു ഫോർമുല നൽകി, അത്‌ മനഃപാഠമാക്കുന്നു. തുടർന്ന്‌ ആ ഫോർമുല ഉപയോഗിച്ച്‌ 100 ചോദ്യങ്ങൾ പഠിക്കുന്നു. ഫോർമുല മനസ്സിലായോ ഇല്ലയോ, അത്‌ വ്യക്തമല്ല. ചോദ്യങ്ങൾ ചോദിക്കുക, അത്‌ തുടരുക.
ഫോർമുലയും മനഃപാഠമാക്കും. പിന്നെ പരീക്ഷയിൽ ഫോർമുല മറന്നാൽ എന്ത്‌ ചെയ്യും? അതിനാൽ, റുഷിൽ പറഞ്ഞ സൂത്രവാക്യം മനസിലാക്കുക. തുടർന്ന്‌ ധൈര്യത്തോടെ കാണുക. നിങ്ങൾ ഫോർമുല ശരിയായി മനസ്സിലാക്കിയാൽ 100 ചോദ്യങ്ങൾ ചോദിക്കേണ്ടിവരില്ല, മറിച്ച്‌ ഒന്നോ രണ്ടോ ചോദ്യങ്ങൾ മതിയാകും. കണക്കിനെ ഭയപ്പെടേണ്ടതില്ല.


പ്രധാനമന്ത്രി - ആദിത്യൻ, സിദ്ധാർത്ഥ്‌, ആദ്യം സംസാരിക്കുമ്പോൾ നിങ്ങൾക്ക്‌ ശരിയായി സംസാരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഈ സുഹൃത്തുക്കളെയെല്ലാം കേട്ട്‌, നിങ്ങൾക്കും എന്തെങ്കിലും പറയാൻ തീർച്ചയായും ആഗ്രഹമുണ്ടാകും. നിങ്ങളുടെ അനുഭവം നല്ല രീതിയിൽ പങ്കുവെക്കാമോ?


സിദ്ധാർത്ഥ്‌- മറ്റ്‌ പല രാജ്യങ്ങളുമായി ഇടപെടാൻ കഴിഞ്ഞു. അവിടെ നിരവധി സംസ്‌കാരങ്ങൾ ഉണ്ടായിരുന്നു, മറ്റ്‌ വിദ്യാർത്ഥികളുമായി ഇടപഴകുന്നതും ബന്ധപ്പെടുന്നതും വളരെ നല്ലതാണ്‌, കൂടാതെ നിരവധി പ്രശസ്ത ഗണിതശാസ്ത്രജ്ഞരും ഉണ്ടായിരുന്നു.

പ്രധാനമന്ത്രി. അതെ ആദിത്യ

ആദിത്യ - ഇത്‌ വളരെ നല്ല അനുഭവമായിരുന്നു, അവർ ഞങ്ങളെ ബാത്ത്‌ സിറ്റി കാണിച്ചുതന്നു, വളരെ നല്ല കാഴ്ചകൾ കണ്ടു, ഞങ്ങളെ പാർക്കുകളിൽ കൊണ്ടുപോയി, ഓക്സ്ഫോർഡ്‌ യൂണിവേഴ്‌സിറ്റിയിലേക്കും കൊണ്ടുപോയി. അതിനാൽ അത്‌ വളരെ നല്ല അനുഭവമായിരുന്നു.

പ്രധാനമന്ത്രി - സുഹൃത്തുക്കളേ, നിങ്ങളോട്‌ സംസാരിക്കുന്നത്‌ ഞാൻ ശരിക്കും ആസ്വദിച്ചു. നിങ്ങൾക്ക്‌ എല്ലാ ആശംസകളും നേരുന്നു. കാരണം ഇത്തരത്തിലുള്ള ഗെയിമിന്‌ വളരെയധികം ശ്രദ്ധ ആവശ്യമാണെന്നും ഒരാളുടെ മസ്തിഷ്ക്കം എത്രമാത്രം ഇതിൽ ഉപയോഗിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. കുടുംബാംഗങ്ങളും ഒരുപക്ഷേ ചിന്തിച്ചു തുടങ്ങും ഇത്‌ എന്താണ്‌? ഗുണിച്ചും ഹരിച്ചും, ഗുണിച്ചും ഹരിച്ചും കൊണ്ടേയിരിക്കുന്നു. എങ്കിലും നിങ്ങൾക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങൾ രാജ്യത്തിന്‌ അഭിമാനവും പേരും കൊണ്ടുവന്നു. നന്ദി സുഹൃത്തുക്കളെ.

വിദ്യാർത്ഥികൾ - നന്ദി

പ്രധാനമന്ത്രി - നന്ദി.

വിദ്യാർത്ഥികൾ - നന്ദി സർ, ജയ്‌ ഹിന്ദ്‌.

പ്രധാനമന്ത്രി - ജയ്‌ ഹിന്ദ്‌ - ജയ്‌ ഹിന്ദ്‌.


നിങ്ങൾ വിദ്യർത്ഥികളോടു സംസാരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. മൻ കി ബാത്തിൽ പങ്കെടുത്തതിന്‌ എല്ലാവർക്കും വളരെ നന്ദി. ഈ യുവ ഗണിതവിദഗ്ധരുടെ വാക്കുകൾ കേട്ട്‌ മറ്റ്‌ യുവാക്കൾക്കും ഗണിതം ആസ്വദിക്കാൻ പ്രചോദനം ലഭിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ‘മൻ കി ബാത്തിൽ', ഓരോ ഭാരതീയനും അഭിമാനിക്കുന്ന ഒരു വിഷയം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അതിനുമുൻപ്‌, ഞാൻ നിങ്ങളോട്‌ ഒരുകാര്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ചരായിദോ മൈദാം എന്ന പേര്‌ കേട്ടിട്ടുണ്ടോ? ഇതുവരെ കേട്ടിട്ടില്ലെങ്കിൽ നിങ്ങൾ ഈ പേര്‌ വീണ്ടും വീണ്ടും കേൾക്കും. അത്‌ വളരെ ആവേശത്തോടെ മറ്റുള്ളവരോട്‌ പറയും. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റിൽ അസമിലെ ചരായ്ദോ മൈദാം എന്ന പേര്‌ ഉൾപ്പെടുത്താൻ പോകുകയാണ്‌. ഈ പട്ടികയിൽ, ഇത്‌ ഭാരതത്തിന്റെ  43-ാമത്തെയും  വടക്കു കിഴക്കൻ ഭാരതത്തിന്റെ ആദ്യത്തെ സൈറ്റുമായിരിക്കും.

സുഹൃത്തുക്കളേ, എന്താണ്‌ ചരായിദോ മൈദാം? എന്താണ്‌ ഇതിനു ഇത്രയേറെ പ്രത്യേകത? എന്ന ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ തീർച്ചയായും വരുന്നുണ്ടാകും. ചരായ്ദോ എന്നാൽ കുന്നുകളിലെ തിളങ്ങുന്ന നഗരം (shining city on the hill) എന്നാണർത്ഥം. അഹോം രാജവംശത്തിന്റെ ആദ്യ തലസ്ഥാനമായിരുന്നു ഇത്‌. അഹോം രാജവംശത്തിലെ ജനങ്ങൾ പരമ്പരാഗതമായി തങ്ങളുടെ പൂർവ്വികരുടെ മൃതദേഹങ്ങളും അവരുടെ വിലപിടിപ്പുള്ള വസ്തുക്കളും മൈദാമിൽ സൂക്ഷിച്ചിരുന്നു. മൈദാം ഒരു കുന്ന്‌ പോലെയുള്ള ഘടനയാണ്‌. അതിനുമുകളിൽ മണ്ണ്‌ മൂടിയിരിക്കുന്നു. താഴെ ഒന്നോ അതിലധികമോ മുറികളുണ്ട്‌. അഹോം രാജ്യത്തിലെ അന്തരിച്ച രാജാക്കന്മാരോടും വിശിഷ്ടാതിഥികളോടുമുള്ള ആദരവിന്റെ പ്രതീകമാണ്‌ ഈ മൈദാം. നമ്മുടെ പൂർവികരോട്‌ ആദരവ്‌ പ്രകടിപ്പിക്കുന്ന ഈ രീതി വളരെ സവിശേഷമാണ്‌. ഇവിടെ സമൂഹാരാധനയും നടന്നുവന്നിരുന്നു.

സുഹൃത്തുക്കളേ, അഹോം സാമ്രാജ്യത്തെക്കുറിച്ചുള്ള മറ്റ്‌ വിവരങ്ങൾ നിങ്ങളെ കൂടുതൽ ആശ്ചര്യപ്പെടുത്തും. 13-ാം നൂറ്റാണ്ട്‌ മുതൽ 29-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഈ സാമ്രാജ്യം നിലനിന്നിരുന്നു. ഒരു സാമ്രാജ്യം ഇത്രയും കാലം നിലനിൽക്കുക എന്നത്‌ വലിയ കാര്യമാണ്‌. ഒരുപക്ഷേ, അഹോം സാമ്രാജ്യത്തിന്റെ തത്വങ്ങളും വിശ്വാസങ്ങളും വളരെ ശക്തമായിരുന്നു. അതാകാം ഈ രാജവംശത്തെ ഇത്രയും കാലം നിലനിർത്തിയത്‌. ഈ വർഷം മാർച്ച്‌ ഒമ്പതിന്‌, മഹാനായ അഹോം യോദ്ധാവ്‌ ലസിത്‌ ബോർഫുകന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായതായി ഞാൻ ഓർക്കുന്നു. ഈ പരിപാടിയിൽ, അഹോം സമുദായത്തിന്റെ ആത്മീയപാരമ്പര്യം പിന്തുടർന്നപ്പോൾ എനിക്ക്‌ വൃത്യസ്തമായ അനുഭവമുണ്ടായി. ലസിത്‌ മൈദാമിൽ അഹോം സമുദായത്തിന്റെ പൂർവ്വികർക്ക്‌ ശ്രദ്ധാഞ്ജലി അർപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായത്‌ വലിയ കാര്യമാണ്‌. ഇപ്പോൾ ചരായ്ദോ മൈദാം ലോക പൈതൃക സ്ഥലമായി മാറുന്നത്‌ കൂടുതൽ വിനോദസഞ്ചാരികൾ ഇവിടെയെത്തുമെന്നാണ്‌ അർത്ഥമാക്കുന്നത്‌. നിങ്ങളുടെ ഭാവി യാത്രാപദ്ധതികളിൽ തീർച്ചയായും ഈ സൈറ്റ്‌ ഉൾപ്പെടുത്തുക.

സുഹൃത്തുക്കളേ, ഒരു രാജ്യത്തിന്‌ തന്റെ സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നതിലൂടെ മാത്രമേ മുന്നോട്ട്‌ പോകാനാവൂ. ഭാരതത്തിലും ഇത്തരം നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്‌. അത്തരത്തിലുള്ള ഒരു ശ്രമമാണ്‌ - പ്രൊജക്റ്റ്‌ പരി... ഇപ്പോൾ പരി എന്നുകേട്ട്‌ നിങ്ങൾ ആശയക്കുഴപ്പത്തിലാകണ്ട... ഈ PARI സ്വർഗ്ലീയഭാവനയല്ല. മറിച്ച്‌ ഭൂമിയെ ഒരു സ്വർഗ്ഗമാക്കുകയാണ്‌. PARI എന്നാൽ Public Art of India. Public Art നെ ജനകീയമാക്കുന്നതിന്‌ വളർന്നുവരുന്ന കലാകാരന്മാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതിനുള്ള ഒരു പ്രധാന മാധ്യമമായി പ്രൊജക്റ്റ്‌ PARI മാറുകയാണ്‌. നിങ്ങൾ കണ്ടിട്ടുണ്ടാവും, വഴിയോരങ്ങളിലും ചുവരുകളിലും അടിപ്പാതകളിലും അതിമനോഹരമായ ചിത്രങ്ങൾ കാണാം. PARI യുമായി ബന്ധപ്പെട്ട അതേ കലാകാരന്മാരാണ്‌ ഈ ചിത്രങ്ങളും ഈ കലാരൂപങ്ങളും നിർമ്മിച്ചിരിക്കുന്നത്‌. ഇത്‌ നമ്മുടെ പൊതുസ്ഥലങ്ങളുടെ ഭംഗി വർദ്ധിപ്പിക്കുമ്പോൾ, നമ്മുടെ സംസ്‌കാരത്തെ കൂടുതൽ ജനകീയമാക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന്‌ ഡൽഹിയിലെ ഭാരത്‌ മണ്ഡപം എടുക്കാം. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള അതിശയകരമായ കലാസൃഷ്ടികൾ ഇവിടെ നിങ്ങൾക്ക്‌ കാണാൻ കഴിയും. ഡൽഹിയിലെ ചില അണ്ടർപാസുകളിലും ഫ്ളൈ ഓവറുകളിലും ഇത്തരം മനോഹരമായ പൊതു കലകൾ കാണാം. പൊതുകലയിൽ കൂടുതൽ പ്രവർത്തിക്കാൻ കല-സാംസ്‌കാരിക പ്രേമികളോട്‌ ഞാൻ അഭ്യർത്ഥിക്കുന്നു. ഇത്‌ നമ്മുടെ വേരുകളിൽ അഭിമാനിക്കുന്ന സുഖകരമായ ഒരനുഭവം നൽകും.


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മൻ കി ബാത്തിൽ, ഇനി നമുക്ക്‌ 'നിറങ്ങളെക്കുറിച്ച്‌ സംസാരിക്കാം - ഹരിയാനയിലെ റോഹ്തക്‌ ജില്ലയിലെ 250 ലധികം സ്ത്രീകളുടെ ജീവിതത്തിൽ സമൃദ്ധിയുടെ വർണ്ണങ്ങൾ നിറച്ച നിറങ്ങൾ. കൈത്തറിവ്യവസായവുമായി ബന്ധപ്പെട്ടിരുന്ന ഈ സ്ത്രീകൾ ചെറുകിട കടകൾ നടത്തിയും കൂലിപ്പണി ചെയ്തും ഉപജീവനം നടത്തിയിരുന്നു. എന്നാൽ എല്ലാവർക്കും മുന്നോട്ട്‌ പോകാനുള്ള ആഗ്രഹമുണ്ടാവുമല്ലോ. ഇതിനായി ഇവർ — 'UNNATI സ്വയംസഹായസംഘത്തിൽ ചേരാൻ തീരുമാനിച്ചു. ഈ ഗ്രൂപ്പിൽ ചേർന്ന്‌ ബ്ലോക്ക്‌ പ്രിന്റിംഗിലും ഡൈയിംഗിലും പരിശീലനം നേടി. വസ്ത്രങ്ങളിൽ നിറങ്ങളുടെ മാസ്മരികത വിതറുന്ന ഈ സ്ത്രീകൾ ഇന്ന്‌ ലക്ഷക്കണക്കിന്‌ രൂപയാണ്‌ സമ്പാദിക്കുന്നത്‌. ഇവർ നിർമിച്ച ബെഡ്‌ കവറുകൾ, സാരികൾ, ദുപ്പട്ട എന്നിവയ്ക്ക്‌ വിപണിയിൽ ആവശ്യക്കാരേറെയാണ്‌.


സുഹൃത്തുക്കളേ, റോഹ്തക്കിൽ നിന്നുള്ള ഈ സ്ത്രീകളെപ്പോലെ, രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള കരകൗശല വിദഗ്ധർ കൈത്തറിയെ ജനകീയമാക്കുന്ന തിരക്കിലാണ്‌. അത്‌ ഒഡീഷയിലെ 'സംബൽപുരി സാരി ആയിക്കോട്ടെ, മധ്യപ്രദേശിലെ മഹേശ്വരി സാരിയോ, മഹാരാഷ്ട്രയിലെ 'പൈതാനിയോ അതുമല്ലെങ്കിൽ വിദർഭയുടെ 'ഹാൻഡ്‌ ബ്ലോക്ക്‌ പ്രിന്റുകളോ', ഹിമാചലിലെ 'ബൂട്ടിക്കോ'യുടെ ഷാളുകളോ കമ്പിളിവസ്ത്രങ്ങളോ, അല്ലെങ്കിൽ ജമ്മു-കാശ്മീരിലെ കനി ഷാളുകളോ ആകട്ടെ. കൈത്തറി കരകശല വിദഗ്ധരുടെ സൃഷ്ടികൾ രാജ്യത്തിന്റെ എല്ലാ കോണിലും ദൃശ്യമാണ്‌. നിങ്ങൾ ഇത്‌ അറിഞ്ഞിരിക്കണം. കുറച്ച്‌ ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ്‌ ഏഴിന്‌ നാം 'ദേശീയ കൈത്തറിദിനം' ആഘോഷിക്കും. ഇക്കാലയളവിൽ കൈത്തറി ഉൽപന്നങ്ങൾ വളരെ വിജയകരമായി തന്നെ ജനങ്ങളുടെ ഹൃദയത്തിൽ ഇടംനേടി. ഇപ്പോൾ പല സ്വകാര്യ കമ്പനികളും Al വഴി കൈത്തറി ഉൽപ്പന്നങ്ങളും സുസ്ഥിര ഫാഷനും പ്രോത്സാഹിപ്പിക്കുന്നു. Kosha Al, Handloom India, D-Junk, Novatax, Brahmaputra Fables തുടങ്ങി നിരവധി സ്റ്റാർട്ടപ്പുകളും കൈത്തറി ഉൽപന്നങ്ങൾ ജനകീയമാക്കുന്നതിൽ തിരക്കിലാണ്‌. ഇത്തരം നാടൻ ഉൽപന്നങ്ങൾ ജനകീയമാക്കാൻ പലരും ശ്രമിക്കുന്നത്‌ കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി. നിങ്ങളുടെ പ്രാദേശിക ഉൽപ്പന്നങ്ങൾ 'ഹാഷ്ടാഗ്‌ മൈ പ്രൊഡക്റ്റ്‌ മൈ പ്രൈഡ്‌' (#MyProductMyPride) എന്ന പേരിൽ  സമൂഹമാധ്യമത്തിൽ അപ്പ്ലോഡ്‌ ചെയ്യുക. നിങ്ങളുടെ ഈ ചെറിയ ശ്രമം ഒരുപാട്‌ പേരുടെ ജീവിതം മാറ്റിമറിക്കും.


സുഹൃത്തുക്കളേ, കൈത്തറിക്കൊപ്പം, ഖാദിയെക്കുറിച്ച്‌ സംസാരിക്കാൻ കൂടി ഞാൻ ആഗ്രഹിക്കുന്നു. മുമ്പൊരിക്കലും ഖാദി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്ത, എന്നാൽ ഇന്ന്‌ അഭിമാനത്തോടെ ഖാദി ധരിക്കുന്ന നിരവധി ആളുകൾ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കണം. ഖാദി ഗ്രാമവ്യവസായത്തിന്റെ വിറ്റുവരവ്‌ ആദ്യമായി ഒന്നരലക്ഷം കോടി കടന്നിരിക്കുന്നു എന്ന കാര്യത്തിലും സന്തോഷമുണ്ട്‌. സങ്കൽപ്പിക്കുക, ഒന്നരലക്ഷം കോടി രൂപ - ഖാദിയുടെ വിൽപന എത്രമാത്രം വർധിച്ചുവെന്ന്‌ നിങ്ങൾക്കറിയാമോ? 400 ശതമാനം. ഖാദിയുടെയും കൈത്തറിയുടെയും ഈ വർദ്ധിച്ചുവരുന്ന വിൽപ്പന പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഭൂരിഭാഗം സ്ത്രീകളും ഈ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവർക്കാണ്‌ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത്‌. എനിക്ക്‌ നിങ്ങളോട്‌ വീണ്ടും ഒരു അഭ്യർത്ഥനയുണ്ട്‌, നിങ്ങൾക്ക്‌ വൃത്യസ്ത തരം വസ്ത്രങ്ങൾ ഉണ്ടായിരിക്കണം. നിങ്ങൾ ഇതുവരെ ഖാദിവസ്ത്രങ്ങൾ വാങ്ങിയിട്ടില്ലെങ്കിൽ, ഈവർഷം മുതൽ ആരംഭിക്കുക. ഓഗസ്റ്റ്‌ മാസം വന്നിരിക്കുന്നു, ഇത്‌ സ്വാതന്ത്ര്യത്തിന്റെ മാസമാണ്‌, വിപ്ലവത്തിന്റെ മാസമാണ്‌. ഖാദി വാങ്ങാൻ ഇതിലും നല്ല അവസരം മറ്റെന്താണ്‌.


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മയക്കുമരുന്നിന്റെ വെല്ലുവിളിയെക്കുറിച്ച്‌ ഞാൻ നിങ്ങളുമായി മൻ കി ബാത്തിൽ പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട്‌. തങ്ങളുടെ കുട്ടി മയക്കുമരുന്നിന്‌ ഇരയാകുമോ എന്ന ആശങ്കയിലാണ്‌ ഓരോ കുടുംബവും. ഇത്തരക്കാരെ സഹായിക്കാൻ സർക്കാർ 'മാനസ്‌' എന്ന പേരിൽ ഒരു പ്രത്യേകകേന്ദ്രം തുറന്നിട്ടുണ്ട്‌. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിലെ വലിയൊരു ചുവടുവയ്പാണിത്‌. 'മാനസ്‌' എന്ന ഹെൽപ്പ്‌ ലൈനും പോർട്ടൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ്‌ ആരംഭിച്ചത്‌. സർക്കാർ 1933 എന്ന ടോൾഫ്രീ നമ്പർ നൽകിയിട്ടുണ്ട്‌. ഇതിൽ വിളിച്ചാൽ ആർക്കും ആവശ്യമായ ഉപദേശം അല്ലെങ്കിൽ പുനരധിവാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റ്‌ വിവരങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ, ഈ നമ്പറിൽ വിളിച്ച്‌ "നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ'യുമായി പങ്കിടാം. മാനസുമായി പങ്കിടുന്ന വിവരങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കും. ഭാരതത്തെ മയക്കുമരുന്ന്‌ വിമുക്തമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ജനങ്ങളോടും കുടുംബങ്ങളോടും സംഘടനകളോടും മാനസ്‌ ഹെൽപ്പ്‌ ലൈൻ പരമാവധി ഉപയോഗപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാളെ ലോകമെമ്പാടും കടുവ ദിനം ആഘോഷിക്കും. കടുവകൾ നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്‌. നമ്മളെല്ലാവരും കടുവയുമായി ബന്ധപ്പെട്ട കഥകൾ കേട്ട്‌ വളർന്നവരാണ്‌. കാടിന്റെ ചുറ്റുപാടുമുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കെല്ലാം കടുവയുമായി ഇണങ്ങി ജീവിക്കുന്നത്‌ എങ്ങനെയെന്ന്‌ അറിയാം. നമ്മുടെ രാജ്യത്ത്‌ മനുഷ്യരും കടുവകളും തമ്മിൽ ഒരിക്കലും സംഘർഷമുണ്ടാകാത്ത നിരവധി ഗ്രാമങ്ങളുണ്ട്‌. എന്നാൽ, ഇവിടങ്ങളിലും കടുവകളുടെ സംരക്ഷണത്തിനായി അഭൂതപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്‌. ജനപങ്കാളിത്തത്തിന്റെ ഇത്തരമൊരു ശ്രമമാണ്‌ 'കുൽഹാഡി ബന്ദ്‌ പഞ്ചായത്ത്‌”. രാജസ്ഥാനിലെ രൺധമ്പോറിലാണ്‌ രസകരമായ ഈ കാമ്പയിൻ ആരംഭിച്ചത്‌. കോടാലിയുമായി കാട്ടിൽ കയറില്ലെന്നും മരം മുറിക്കില്ലെന്നും പ്രാദേശിക സമൂഹങ്ങൾ സ്വമേധയാ പ്രതിജ്ഞയെടുത്തു. ഈയൊരു തീരുമാനത്തോടെ ഇവിടുത്തെ കാടുകൾ വീണ്ടും ഹരിതാഭമാവുകയും കടുവകൾക്ക്‌ മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.


സുഹൃത്തുക്കളേ, കടുവകളുടെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നാണ്‌ മഹാരാഷ്ട്രയിലെ തഡോബ-അന്ധാരി ടൈഗർ റിസർവ്‌. ഇവിടുത്തെ പ്രാദേശിക സമുദായങ്ങൾ, പ്രത്യേകിച്ച്‌ ഗോണ്ട്‌, മാന ഗോത്രങ്ങളിലെ നമ്മുടെ സഹോദരീ സഹോദരന്മാർ ഇക്കോ- ടൂറിസത്തിലേക്ക്‌ അതിവേഗ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്‌. ഇവിടെ കടുവകളുടെ സ്വൈരവിഹാരം വർധിക്കുന്നതിന്‌ അവർ വനത്തെ ആശ്രയിക്കുന്നത്‌ കുറച്ചു. ആന്ധ്രാപ്രദേശിലെ നല്ലാമലായിലെ കുന്നുകളിൽ താമസിക്കുന്ന 'ചേഞ്ചു' ഗോത്രത്തിന്റെ പ്രയത്നവും നിങ്ങളെ അത്ഭുതപ്പെടുത്തും. ടൈഗർ ട്രാക്കേഴ്‌സ്‌ എന്നനിലയിൽ, വന്യമൃഗങ്ങളുടെ സഞ്ചാരത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർ ശേഖരിച്ചു. ഇതോടൊപ്പം പ്രദേശത്ത്‌ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും നിരീക്ഷിച്ചുവരുന്നു. അതുപോലെ, ഉത്തർപ്രദേശിലെ പീലിഭീത്തിൽ നടക്കുന്ന 'ബാഘ്‌ മിത്ര പരിപാടിയും  ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്‌. ഇതിന്‌ കിഴിൽ, 'ബാഘ്‌ മിത്ര' ആയി പ്രവർത്തിക്കാൻ പ്രദേശവാസികൾക്ക്‌ പരിശീലനം നൽകുന്നു. കടുവകളും മനുഷ്യരും തമ്മിൽ ഒരു സംഘട്ടനവും ഉണ്ടാകാതിരിക്കാൻ ഈ 'ബാഘ്‌ മിത്ര്‌” പൂർണശ്രദ്ധ ചെലുത്തുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഇത്തരം നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്‌. ഇവയിൽ ചില ശ്രമങ്ങൾ മാത്രമേ ഞാൻ ഇവിടെ ചർച്ച ചെയ്തിട്ടുള്ളൂ. എന്നാൽ പൊതുജനപങ്കാളിത്തം കടുവകളുടെ സംരക്ഷണത്തിൽ വളരെയധികം സഹായിക്കുന്നു എന്നതിൽ എനിക്ക്‌ സന്തോഷമുണ്ട്‌. ഇത്തരം ശ്രമങ്ങൾ മൂലം ഭാരതത്തിൽ ഓരോവർഷവും കടുവകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ലോകത്തിലെ കടുവകളിൽ 70 ശതമാനവും നമ്മുടെ രാജ്യത്താണെന്നറിയുമ്പോൾ നിങ്ങൾക്ക്‌ സന്തോഷവും അഭിമാനവും തോന്നും. ചിന്തിക്കുക, 70 ശതമാനം കടുവകൾ. അതുകൊണ്ടാണ്‌ നമ്മുടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ധാരാളം കടുവ സങ്കേതങ്ങൾ ഉള്ളത്‌.


സുഹൃത്തുക്കളെ, കടുവകൾ പെരുകുന്നതിനൊപ്പം നമ്മുടെ നാട്ടിലെ വനമേഖലയും അതിവേഗം വർധിച്ചുവരികയാണ്‌. ഇതിലും സമൂഹത്തിന്റെ പ്രയത്നത്താൽ വൻവിജയമാണ്‌ കൈവരിക്കുന്നത്‌. കഴിഞ്ഞ ‘മൻ കി ബാത്ത്" പരിപാടിയിൽ ഏക്‌ പേട്‌ മാ കേ നാം' എന്ന പരിപാടിയെ കുറിച്ച്‌ ഞാൻ നിങ്ങളുമായി ചർച്ച ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വലിയൊരു വിഭാഗം ആളുകൾ ഈ കാമ്പയിന്‌ ചേരുന്നതിൽ എനിക്ക്‌ സന്തോഷമുണ്ട്‌. കുറച്ച്‌ ദിവസങ്ങൾക്കുമുമ്പ്‌, ശുചിത്വത്തിന്‌ പേരുകേട്ട ഇൻഡോറിൽ ഒരു അത്ഭുതകരമായ പരിപാടി നടന്നു. 'ഏക്‌ പേട്‌ മാ കേ നാം'എന്ന പരിപാടിയിൽ ഒറ്റദിവസം കൊണ്ട്‌ രണ്ടുലക്ഷത്തിലധികം വൃക്ഷത്തൈകളാണ്‌ ഇവിടെ നട്ടത്‌. സ്വന്തം അമ്മയുടെ പേരിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ഈ കാമ്പെയ്‌നിൽ നിങ്ങളും പങ്കാളിയാകണം. ഒരു സെൽഫി എടുത്ത്‌ സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്യുക. ഈ കാമ്പെയ്‌നിൽ ചേരുന്നതിലൂടെ, തങ്ങളുടെ അമ്മയ്ക്കും ഭൂമാതാവിനും - ഇവരിരുവർക്കും - വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്തുവെന്ന്‌ നിങ്ങൾക്ക്‌ അനുഭവപ്പെടും.


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഓഗസ്റ്റ്‌ 15 വിദൂരമല്ല. ഓഗസ്റ്റ്‌ 15 നോട്‌ ഇപ്പോൾ 'ഹർ ഘർ തിരംഗ അഭിയാൻ' എന്ന ഒരു കാമ്പെയ്‌ൻ കൂടി ബന്ധപ്പെട്ടു കിടക്കുന്നു. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി, എല്ലാവരുടെയും ആവേശം ഹർ ഘർ തിരംഗ അഭിയാൻ' രാജ്യമെമ്പാടും ഉയർന്നതാണ്‌. ദരിദ്രനോ, പണക്കാരനോ, ചെറിയ വീടോ, വലിയ വീടോ ആകട്ടെ, ത്രിവർണപതാകയുയർത്തി എല്ലാവർക്കും അഭിമാനിക്കാം. ത്രിവർണപതാകയ്ക്കൊപ്പം സെൽഫിയെടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നതിലും ആവേശം കണ്ടുവരുന്നു. ഒരു കോളനിയിലോ സൊസൈറ്റിയിലോ ഉള്ള എല്ലാ വീട്ടിലും ത്രിവർണ്ണപതാക പാറിക്കളിക്കുമ്പോൾ, താമസിയാതെ മറ്റ്‌ വീടുകളിലും ത്രിവർണ്ണപതാക പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത്‌ നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. അതായത്‌, 'ഹർ ഘർ തിരംഗ അഭിയാൻ - ത്രിവർണ്ണപതാകയുടെ പ്രൗഢിയിൽ ഒരു അതുല്യമായ ഉത്സവം സൃഷ്ടിച്ചു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട്‌ പലതരം നൂതനാശയങ്ങളും വന്നുതുടങ്ങിയിരിക്കുന്നു. ഓഗസ്റ്റ്‌ 15 അടുക്കുമ്പോൾ, ത്രിവർണ്ണപതാക പ്രദർശിപ്പിക്കുന്നതിനുള്ള വിവിധതരം ഉൽപ്പന്നങ്ങൾ വീടുകളിലും ഓഫീസുകളിലും കാറുകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ചില ആളുകൾ 'തിരംഗ' അവരുടെ സുഹൃത്തുക്കൾക്കും അയൽക്കാർക്കും വിതരണം ചെയ്യുന്നു. ത്രിവർണ്ണപതാകയെക്കുറിച്ചുള്ള ഈ സന്തോഷം, ഈ ആവേശം നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നു.


സുഹൃത്തുക്കളേ, മുമ്പത്തെപ്പോലെ ഈ വർഷവും നിങ്ങൾ തീർച്ചയായും ത്രിവർണ്ണപതാകയ്ക്കൊപ്പമുള്ള നിങ്ങളുടെ സെൽഫി 'harghartiranga.com' ൽ അപ്ലോഡ് ചെയ്യുമല്ലോ. ഒരുകാര്യം കൂടി നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർഷവും ആഗസ്റ്റ് 15 ന്‌ മുമ്പ്‌ നിങ്ങൾ എനിക്ക്‌ ധാരാളം നിർദ്ദേശങ്ങൾ അയക്കാറുണ്ട്‌. ഈ വർഷവും നിങ്ങളുടെ നിർദ്ദേശങ്ങൾ തീർച്ചയായും അയക്കണം. MyGov അല്ലെങ്കിൽ NaMo ആപ്പിലും നിങ്ങളുടെ നിർദ്ദേശങ്ങൾ അയയ്ക്കാം. ഓഗസ്റ്റ്‌ 15 ന്‌ ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കഴിയുന്നത്ര നിർദ്ദേശങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തിന്റെ' നിങ്ങളോടൊപ്പമുള്ള ഈ അദ്ധ്യായം എനിക്ക്‌ വളരെയധികം ഇഷ്ടപ്പെട്ടു. രാജ്യത്തിന്റെ പുതിയ നേട്ടങ്ങളും പൊതുജന പങ്കാളിത്തത്തിനായുള്ള പുതിയ ശ്രമങ്ങളുമായി അടുത്ത തവണ വീണ്ടും ഒത്തുചേരാം. നിങ്ങളുടെ നിർദ്ദേശങ്ങൾ തീർച്ചയായും മൻ കി ബാത്തിലേക്ക്‌ അയക്കുക. വരും നാളുകളിൽ നിരവധി ഉത്സവങ്ങളും വരുന്നുണ്ട്‌. എല്ലാ ഉത്സവാഘോഷങ്ങൾക്കും നിങ്ങൾക്ക്‌ ആശംസകൾ നേരുന്നു. കുടുംബത്തോടൊപ്പം ഉത്സവങ്ങൾ ആസ്വദിക്കൂ. രാജ്യത്തിന്‌ വേണ്ടി പുതിയ എന്തെങ്കിലും ചെയ്യാനുള്ള ഊർജം നിരന്തരം നിലനിർത്തുക.

വളരെ നന്ദി. നമസ്കാരം

-NS-



(Release ID: 2038047) Visitor Counter : 25