ഖനി മന്ത്രാലയം

2023-24 സാമ്പത്തിക വർഷത്തിലെ റെക്കോർഡ് ഉൽപ്പാദന നിലവാരത്തിനു പിന്നാലെ 2024 ഏപ്രിലിൽ ഖനനമേഖലയിൽ വൻകുതിപ്പ്


നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ മാസത്തിൽ സുപ്രധാന ധാതുക്കളുടെയും അലുമിനിയം ലോഹത്തിന്റെയും ഉൽപ്പാദനത്തിൽ സ്ഥിരമായ വർധന

Posted On: 31 MAY 2024 6:45PM by PIB Thiruvananthpuram

2023-24 സാമ്പത്തിക വർഷത്തിൽ 277 ദശലക്ഷം മെട്രിക് ടൺ (എംഎംടി) ഉൽപ്പാദനവുമായി ഇരുമ്പയിരും 450 ദശലക്ഷം മെട്രിക് ടൺ ഉൽപ്പാദനവുമായി ചുണ്ണാമ്പുകല്ലും റെക്കോർഡ് ഉൽപ്പാദനനിലവാരത്തിലെത്തി. മൂല്യമനുസരിച്ച് സുപ്രധാന ധാതുക്കളായ ഇരുമ്പയിരും ചുണ്ണാമ്പുകല്ലും ചേരുന്നതാണു മൊത്തം എംസിഡിആർ ധാതു ഉൽപ്പാദനത്തിന്റെ 80 ശതമാനവും. 

2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസത്തിൽ, ഈ ധാതുക്കളുടെ ഉൽപ്പാദനത്തിൽ കഴിഞ്ഞ വർഷം ഇതേ മാസത്തെ ഉൽപ്പാദനത്തെ അപേക്ഷിച്ച് ക്രമാനുഗതമായ വർധനയാണുള്ളത്. ഇരുമ്പയിരിന്റെ ഉൽപ്പാദനം 2023 ഏപ്രിലിലെ 25 എംഎംടി എന്ന നിലയിൽനിന്ന് 4 ശതമാനം വളർച്ചയോടെ 2024 ഏപ്രിലിൽ 26 എംഎംടി ആയി വർധിച്ചു. ചുണ്ണാമ്പുകല്ലിന്റെ ഉൽപ്പാദനം 2023 ഏപ്രിലിലെ 38.5 എംഎംടി എന്ന നിലയിൽനിന്ന് 2.1% വളർച്ചയോടെ 2024 ഏപ്രിലിൽ 39.3 എംഎംടി ആയി വർധിച്ചു.

നോൺ-ഫെറസ് ലോഹമേഖലയിൽ, 2023-24 സാമ്പത്തിക വർഷത്തിൽ പ്രാഥമ‌‌ിക അലുമിനിയം ലോഹത്തിന്റെ ഉൽപ്പാദനം 41.6 ലക്ഷം ടൺ (എൽടി) എന്ന റെക്കോർഡ് നിലയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിൽ അലുമിനിയം ഉൽപ്പാദനം വളർച്ചയുടെ പാതയിലാണ്. 2023 ഏപ്രിലിലെ 3.39 എൽടി ഉൽപ്പാദനത്തേക്കാൾ 1% കൂടുതലാണ് 2024 ഏപ്രിലിലെ 3.42 എൽടി അലുമിനിയം ഉൽപ്പാദനം.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അലൂമിനിയം ഉൽപ്പാദകരും മൂന്നാമത്തെ വലിയ ചുണ്ണാമ്പുകല്ലുൽപ്പാദകരും നാലാമത്തെ വലിയ ഇരുമ്പയിരുൽപ്പാദകരുമാണ് ഇന്ത്യ. നടപ്പു സാമ്പത്തിക വർഷത്തിൽ ഇരുമ്പയിര്, ചുണ്ണാമ്പുകല്ല് എന്നിവയുടെ ഉൽപ്പാദനത്തിലെ തുടർച്ചയായ വളർച്ച ഉപയോക്തൃ വ്യവസായങ്ങളായ സ്റ്റീൽ, സിമന്റ് എന്നിവയിലെ ശക്തമായ ആവശ്യകതാ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. അലൂമിനിയത്തിന്റെ വളർച്ചയ്‌ക്കൊപ്പം, ഈ വളർച്ചാപ്രവണതകൾ ഊർജം, അടിസ്ഥാനസൗകര്യം, നിർമാണം, ഓട്ടോമോട്ടീവ്, മെഷിനറി തുടങ്ങിയ ഉപയോക്തൃ മേഖലകളിലെ തുടർച്ചയായതും കരുത്തുറ്റതുമായ സാമ്പത്തിക പ്രവർത്തനത്തിലേക്കു വിരൽചൂണ്ടുന്നു.

--NS--



(Release ID: 2022403) Visitor Counter : 53


Read this release in: Tamil , English , Urdu , Hindi