പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന 'ഭാരതശക്തി പ്രഘോഷണ' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
Posted On:
12 MAR 2024 4:28PM by PIB Thiruvananthpuram
ന്യൂഡല്‍ഹി,12 മാര്‍ച്ച് 2024:
ഭാരത് മാതാ കി-ജയ്!
ഭാരത് മാതാ കി-ജയ്!
രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ ഭജന്‍ ലാല്‍ ജി ശര്‍മ്മ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ രാജ്നാഥ് സിംഗ് ജി, ഗജേന്ദ്ര ഷെഖാവത് ജി, കൈലാഷ് ചൗധരി ജി, പിഎസ്എയില്‍ നിന്നുള്ള പ്രൊഫസര്‍ അജയ് സൂദ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, വ്യോമസേനാ മേധാവി വി.ആര്‍. ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ഹരികുമാര്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മൂന്ന് സേനകളിലെയും ധീരരായ സൈനികര്‍... പിന്നെ ഇവിടെ പൊഖ്റാനില്‍ ഒത്തുകൂടിയ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!
ഇന്ന് നമ്മള്‍ ഇവിടെ കണ്ടത്, നമ്മുടെ മൂന്ന് സേനകളുടെയും വീര്യം ശ്രദ്ധേയമാണ്. ആകാശത്തിലെ ഇടിമുഴക്കം... മണ്ണിലെ ധീരത... എല്ലാ ദിക്കുകളിലും പ്രതിധ്വനിക്കുന്ന വിജയമന്ത്രം... ഇതാണ് നവഭാരതത്തിന്റെ വിളി. ഇന്ന്, നമ്മുടെ പൊഖ്റാന്‍ ഒരിക്കല്‍ കൂടി ഭാരതത്തിന്റെ സ്വാശ്രയത്തിനും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും സാക്ഷ്യം വഹിക്കുന്നു. ഭാരതത്തിന്റെ ആണവശക്തിക്ക് സാക്ഷ്യം വഹിച്ച പൊഖ്റാന്‍ ഇതാണ്, ഇവിടെയാണ് സ്വദേശിവല്‍ക്കരണത്തിലൂടെയുള്ള ശാക്തീകരണത്തിന് നാം സാക്ഷ്യം വഹിക്കുന്നത്. ഇന്ന്, രാജ്യം മുഴുവന്‍ ഭാരതത്തിന്റെ ശക്തിയുടെ ഉത്സവം ആഘോഷിക്കുന്നത് രാജസ്ഥാനിലെ ധീരദേശത്ത് നിന്നാണ്, എന്നാല്‍ അതിന്റെ പ്രതിധ്വനികള്‍ ഭാരതത്തില്‍ മാത്രമല്ല, ലോകമെമ്പാടും പ്രതിധ്വനിക്കുന്നു.
സുഹൃത്തുക്കളേ,
ദീര്‍ഘദൂര പ്രഹരശേഷിയുള്ള മിര്‍ V ആധുനിക സാങ്കേതികവിദ്യ ഘടിപ്പിച്ച അഗ്‌നി-5 മിസൈല്‍ ഇന്നലെ ഭാരതം വിജയകരമായി പരീക്ഷിച്ചു. ലോകത്തിലെ വളരെ ചുരുക്കം രാജ്യങ്ങള്‍ക്കു മാത്രമാണ് ഇത്രയും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉള്ളത്. പ്രതിരോധ മേഖലയിലെ 'ആത്മനിര്‍ഭര ഭാരതം' എന്നതിലേക്കുള്ള മറ്റൊരു സുപ്രധാന മുന്നേറ്റമാണിത്.
സുഹൃത്തുക്കളേ,
'ആത്മനിര്‍ഭര ഭാരതം' (സ്വാശ്രയ ഇന്ത്യ) ഇല്ലാതെ ഒരു 'വികസിത ഭാരതം' (വികസിത ഇന്ത്യ) എന്ന കാഴ്ചപ്പാട് സാധ്യമല്ല. ഭാരതം പുരോഗമിക്കണമെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കണം. അതിനാല്‍, ഭക്ഷ്യ എണ്ണ മുതല്‍ ആധുനിക യുദ്ധവിമാനങ്ങള്‍ വരെ എല്ലാ മേഖലകളിലും ഭാരതം ഇന്ന് സ്വയംപര്യാപ്തതയ്ക്ക് ഊന്നല്‍ നല്‍കുന്നു. ആ തീരുമാനത്തിന്റെ ഭാഗമാണ് ഇന്നത്തെ ഈ പരിപാടി. ഇന്ത്യയില്‍ നിര്‍മിക്കുന്നതിന്റെ വിജയം ഇന്ന് നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു. നമ്മുടെ പീരങ്കികള്‍, ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ കേള്‍ക്കുന്ന ഗര്‍ജ്ജനം - ഇതാണ് 'ഭാരതശക്തി' (ഇന്ത്യയുടെ ശക്തി). ആയുധങ്ങളും വെടിക്കോപ്പുകളും മുതല്‍ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, സൈബര്‍, ബഹിരാകാശം എന്നിവയില്‍ വരെ ഇന്ത്യയില്‍ നിര്‍മിച്ചതിന്റെ പറക്കല്‍ നാം അനുഭവിക്കുകയാണ് - ഇതാണ് 'ഭാരതശക്തി'. നമ്മുടെ പൈലറ്റുമാര്‍ പറപ്പിക്കുന്ന തേജസ് യുദ്ധവിമാനങ്ങള്‍, അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററുകള്‍, പൂര്‍ണമായും ഭാരതത്തില്‍ നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ - ഇതാണ് 'ഭാരതശക്തി'. ഇന്ത്യന്‍ നിര്‍മ്മിത ഫ്രിഗേറ്റുകളിലും ഡിസ്‌ട്രോയറുകളിലും വിമാനവാഹിനിക്കപ്പലുകളിലും നമ്മുടെ നാവികര്‍ തിരമാലകള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നു - ഇതാണ് 'ഭാരതശക്തി'. നമ്മുടെ സൈന്യത്തിലെ സൈനികര്‍ ആധുനിക അര്‍ജുന്‍ ടാങ്കുകളും ഭാരതത്തില്‍ നിര്‍മ്മിച്ച പീരങ്കികളും ഉപയോഗിച്ച് രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നു- ഇതാണ് 'ഭാരതശക്തി'.
സുഹൃത്തുക്കളേ,
കഴിഞ്ഞ 10 വര്‍ഷമായി, പ്രതിരോധ മേഖലയില്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ഞങ്ങള്‍ ഒന്നിനുപുറകെ ഒന്നായി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഞങ്ങള്‍ നയ തലത്തില്‍ മെച്ചപ്പെട്ടു, പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി, സ്വകാര്യ മേഖലയെ ഉള്‍പ്പെടുത്തി, എംഎസ്എംഇകളെയും സ്റ്റാര്‍ട്ടപ്പുകളേയും പ്രോത്സാഹിപ്പിച്ചു. ഇന്ന് ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും പ്രതിരോധ ഇടനാഴികള്‍ സ്ഥാപിക്കപ്പെടുന്നു. ഈ ഇടനാഴികളില്‍ ഇതുവരെ 7,000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ന്, ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ഫാക്ടറി ഭാരതത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന്, മൂന്ന് സായുധ സേനകളെയും ഞാന്‍ അഭിനന്ദിക്കുന്നു. നമ്മുടെ സായുധ സേന നൂറുകണക്കിന് ആയുധങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി, ഇനി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യില്ലെന്ന് തീരുമാനിച്ചു. ഈ ആയുധങ്ങള്‍ക്കായി നമ്മുടെ സായുധ സേന ഇന്ത്യന്‍ ആവാസവ്യവസ്ഥയെ പിന്തുണച്ചു. നമ്മുടെ സായുധ സേനയ്ക്കായി നൂറുകണക്കിന് സൈനിക ഉപകരണങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്നുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 6 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയ കമ്പനികളില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. ഈ 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ പ്രതിരോധ ഉല്‍പ്പാദനം ഇരട്ടിയിലധികമായി 1 ലക്ഷം കോടി രൂപ കവിഞ്ഞു. നമ്മുടെ യുവാക്കളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 150-ലധികം പുതിയ പ്രതിരോധ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം 1,800 കോടി രൂപയുടെ ഓര്‍ഡറുകള്‍ നല്‍കാന്‍ നമ്മുടെ സായുധ സേന തീരുമാനിച്ചു.
സുഹൃത്തുക്കളേ,
പ്രതിരോധ ആവശ്യങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്ന ഭാരതം നമ്മുടെ സായുധ സേനയില്‍ ആത്മവിശ്വാസം ഉറപ്പാക്കുന്നു. യുദ്ധസമയത്ത്, സായുധ സേന തങ്ങള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ തങ്ങളുടേതാണെന്ന് അറിയുമ്പോള്‍, അവര്‍ ഒരിക്കലും പിന്നോട്ടാകില്ല; അവരുടെ ഊര്‍ജ്ജം പല മടങ്ങ് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭാരതം സ്വന്തമായി യുദ്ധവിമാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഭാരതം സ്വന്തമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഭാരതത്തില്‍ 'സി-295' ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കുന്നു. ആധുനിക എന്‍ജിനുകളും ഭാരതത്തില്‍ നിര്‍മിക്കും. നിങ്ങള്‍ക്കറിയാമോ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, മന്ത്രിസഭ മറ്റൊരു വലിയ തീരുമാനം എടുത്തു. ഇപ്പോള്‍, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ഭാരതത്തില്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യും. ഭാവിയില്‍ ഭാരതത്തിന്റെ സൈന്യവും പ്രതിരോധ മേഖലയും എത്ര വലുതായിരിക്കുമെന്നും തൊഴില്‍, സ്വയം തൊഴില്‍ മേഖലകളില്‍ യുവാക്കള്‍ക്ക് എത്ര അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതിക്കാരായിരുന്നു ഭാരതം. ഇന്ന് പ്രതിരോധമേഖലയിലെ പ്രധാന കയറ്റുമതിക്കാരായി മാറുകയാണ് ഭാരതം.
2014നെ അപേക്ഷിച്ച് ഇന്ന് ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതി എട്ട് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ചവര്‍ രാജ്യത്തിന്റെ സുരക്ഷയെ കാര്യമായി എടുത്തില്ല എന്നത് ഖേദകരമാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ വലിയ കുംഭകോണം പട്ടാളത്തിനായുള്ള സംഭരണ പ്രക്രിയയില്‍ സംഭവിച്ചു എന്നതായിരുന്നു സ്ഥിതി. പ്രതിരോധ ആവശ്യങ്ങള്‍ക്കായി അവര്‍ ബോധപൂര്‍വം വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയായിരുന്നു. 2014-ന് മുമ്പുള്ള സാഹചര്യം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? പ്രതിരോധ ഇടപാടുകളിലെ കുംഭകോണങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പ്രതിരോധ ഇടപാടുകളെക്കുറിച്ചാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്. വെടിമരുന്ന് തീര്‍ന്നോ എന്ന ആശങ്ക സൈന്യത്തിന് ഉണ്ടായിരുന്നു. അവര്‍ നമ്മുടെ ആയുധനിര്‍മ്മാണശാലകള്‍ നശിപ്പിച്ചു. ഞങ്ങള്‍ ഈ ഓര്‍ഡനന്‍സ് ഫാക്ടറികളെ പുനരുജ്ജീവിപ്പിക്കുകയും അവയെ ഏഴ് പ്രധാന കമ്പനികളാക്കി മാറ്റുകയും ചെയ്തു. അവര്‍ എച്ച്എഎലിനെ നാശത്തിന്റെ വക്കിലേക്ക് തള്ളിവിട്ടിരുന്നു. റെക്കോര്‍ഡ് ലാഭം നല്‍കുന്ന കമ്പനിയായി ഞങ്ങള്‍ എച്ച്എഎലിനെ മാറ്റി. കാര്‍ഗില്‍ യുദ്ധത്തിനു ശേഷവും സിഡിഎസ് (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) പോലുള്ള സ്ഥാനങ്ങള്‍ സ്ഥാപിക്കാനുള്ള ഇച്ഛാശക്തി അവര്‍ കാണിച്ചില്ല. ഞങ്ങള്‍ അത് നടപ്പിലാക്കി. പതിറ്റാണ്ടുകളായി നമ്മുടെ ധീര ജവാന്മാര്‍ക്ക് ഒരു ദേശീയ സ്മാരകം നിര്‍മ്മിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല. നമ്മുടെ ഗവണ്‍മെന്റ് ഈ കടമ നിറവേറ്റി. നമ്മുടെ അതിര്‍ത്തികളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാന്‍ പോലും മുന്‍ ഗവണ്മെന്റ് ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് നോക്കൂ, നമ്മുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആധുനിക റോഡുകളും ആധുനിക തുരങ്കങ്ങളും നിര്‍മ്മിക്കപ്പെടുന്നു.
സുഹൃത്തുക്കളേ,
മോദിയുടെ ഉറപ്പ് എന്താണ് അര്‍ത്ഥമാക്കുന്നത്? നമ്മുടെ സൈനിക കുടുംബങ്ങളും അത് അനുഭവിച്ചിട്ടുണ്ട്. ഓര്‍ക്കുക, നാല് പതിറ്റാണ്ടുകളായി, ഒആര്‍ഒപി- ഒരു റാങ്ക്, ഒറ്റ പെന്‍ഷന്‍ എന്ന പേരില്‍ സൈനികരുടെ കുടുംബങ്ങളോട് എങ്ങനെയാണ് കള്ളം പറഞ്ഞത്. എന്നാല്‍ നടപ്പാക്കുമെന്ന് ഒആര്‍ഒപി മോദി ഉറപ്പുനല്‍കുകയും അഭിമാനത്തോടെ ആ ഉറപ്പ് നിറവേറ്റുകയും ചെയ്തു.. ഇപ്പോള്‍ ഞാന്‍ രാജസ്ഥാനിലായതിനാല്‍, രാജസ്ഥാനില്‍ മാത്രം ഏകദേശം 1,75,000 മുന്‍ സൈനികര്‍ ഒആര്‍ഒപിയില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും. ഒആര്‍ഒപി പ്രകാരം 5,000 കോടി രൂപയിലധികം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ സാമ്പത്തിക ശക്തി വര്‍ദ്ധിക്കുമ്പോള്‍ സൈന്യത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ അശ്രാന്തവും സത്യസന്ധവുമായ പരിശ്രമങ്ങളിലൂടെ, ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഞങ്ങള്‍ മാറിയിരിക്കുന്നു, അതിനാല്‍ ഞങ്ങളുടെ സൈനിക ശേഷിയും വര്‍ദ്ധിച്ചു. വരും വര്‍ഷങ്ങളില്‍, ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി നാം മാറുമ്പോള്‍, ഭാരതത്തിന്റെ സൈനിക ശേഷിയും പുതിയ ഉയരങ്ങളിലെത്തും. ഭാരതത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതില്‍ രാജസ്ഥാന്‍ നിര്‍ണായക പങ്ക് വഹിക്കും. 'വികസിത രാജസ്ഥാന്‍' ഒരു 'വികസിത സേന' (വികസിത സൈന്യം)ക്ക് തുല്യ ശക്തി നല്‍കും. ഈ വിശ്വാസത്തോടെ, 'ഭാരതശക്തി' വിജയകരമായി നടപ്പിലാക്കുന്നതിനായി എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങളെയും മൂന്ന് ശക്തികളുടെയും സംയുക്ത പരിശ്രമങ്ങളെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. എന്നോട് പറയൂ:
ഭാരത് മാതാ കി-ജയ്!
ഭാരത് മാതാ കി-ജയ്!
ഭാരത് മാതാ കി-ജയ്!
വളരെ നന്ദി.
--NS--
(Release ID: 2014993)
Visitor Counter : 90
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada