ഉപരാഷ്ട്രപതിയുടെ കാര്യാലയം
നമ്മുടെ പരമ്പരാഗത അറിവുകളെ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി ഉപരാഷ്ട്രപതി
എല്ലാ കാര്യങ്ങളിലും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ചിലർ ഈ അറിവുകളെക്കുറിച്ച് പഠിക്കാതെ അശാസ്ത്രീയമെന്ന് മുദ്ര കുത്തുന്ന പ്രവണത വ്യാപകമാണ് - ഉപരാഷ്ട്രപതി
അയോധ്യയിലെ രാമ ക്ഷേത്രം രണ്ട് കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്- നമ്മുടെ സാംസ്കാരികത്തനിമയിലും പൈതൃകത്തിലും നാം വിശ്വസിക്കുന്നതിനൊപ്പം നാം നിയമത്തെ ബഹുമാനിക്കുകയും ചെയ്യുന്നു
നമ്മുടെ സാംസ്കാരിക തനിമയെ നിലനിർത്താൻ ഉപരാഷ്ട്രപതി യുവജനങ്ങളോടും പണ്ഡിതരോടും വിദ്യാഭ്യാസ വിചക്ഷണരോടും ആഹ്വാനം ചെയ്തു
വനിതാ ദിനത്തിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമ നിർദേശം ചെയ്ത ഡോ. സുധ മൂർത്തിയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു
സ്ത്രീകൾ നയിക്കുന്ന ശാക്തീകരണത്തിന്റെ ആഗോള കേന്ദ്രം എന്ന് ഉപരാഷ്ട്രപതി ഇന്ത്യയെ വിശേഷിപ്പിച്ചു
ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് രാജാനക പുരസ്കാരം വിതരണം ചെയ്തു
Posted On:
08 MAR 2024 7:07PM by PIB Thiruvananthpuram
രാജ്യത്തിൻ്റെ തനത് സംസ്കാരവും അറിവുകളും മനസ്സിലാക്കുകയും അവയെ മുൻവിധികൾ ഇല്ലാതെ പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ആഹ്വാനം ചെയ്തു. ചിലർ നമ്മുടെ തനത് പാരമ്പര്യത്തെ പഠിക്കാതെ അശാസ്ത്രീയ മുൻവിധിയോടെ മുദ്ര കുത്തുന്ന പ്രവണത വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യയുടെ തനത് അറിവുകളെ കുറിച്ച് പഠിക്കാതെ അവ അശാസ്ത്രീയമെന്ന് മുദ്രകുത്തുന്നത് ശാസ്ത്രീയ മനോഭാവം പ്രചരിപ്പിക്കുന്നതിനെതിരാണ്" - അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് രാജാനക പുരസ്കാരം നൽകുന്ന ചടങ്ങിൽ സംസാരിക്കവെ, അതിരുകളുടെ പേരിലല്ലാതെ സംസ്കാരത്തിൻ്റെ പേരിൽ അറിയപ്പെടുന്ന രാജ്യമാണ് ഇന്ത്യ എന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഈ സംസ്കാരം നമുക്ക് സമാധാനവും പുരോഗതിയും അഭിവൃദ്ധിയും നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സംസ്കാരത്തെ മനസ്സിലാക്കാനും പഠിക്കാനും കൂടുതൽ സമയം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"യുവജനങ്ങളോടും കോർപ്പറേറ്റുകളോടും വിദ്യാഭ്യാസ വിദഗ്ധരോടും എനിക്ക് പറയുവാനുള്ളത് നമ്മുടെ സംസ്കാരത്തെ അവഗണിക്കരുത് എന്നാണ്" - ഉപരാഷ്ട്രപതി പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം പൂർത്തിയായപ്പോൾ ലോകം മുഴുവൻ ആഹ്ലാദത്തിലായതായി അദ്ദേഹം പറഞ്ഞു. ഇത് രണ്ടു കാര്യങ്ങൾ വ്യക്തമാക്കുന്നു. ഒന്ന് നാം നമ്മുടെ സാംസ്കാരിക തനിമയിൽ വിശ്വസിക്കുന്നു. രണ്ടാമത്, രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളെ നമ്മൾ മാനിക്കുന്നു. ഇത് അഞ്ച് പതിറ്റാണ്ട് നീണ്ട രാജ്യത്തിൻ്റെ ധർമ്മസങ്കടത്തെ ഇല്ലാതാക്കിയതായി അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻ്റെ പൗരാണിക സംസ്കാരം ആധ്യാത്മികതയേയും വൈവിധ്യത്തെയും ഒരേസമയം ഉൾക്കൊള്ളുന്നതാണെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. 13 കാളി അമ്പലങ്ങൾ കശ്മീരിലെ ശൈവ ആചാരങ്ങൾ പിന്തുടരുന്നത് രാജ്യത്തിൻ്റെ ഈ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നിയമരംഗത്തെ തൻ്റെ മഹത്തായ അനുഭവത്തെക്കുറിച്ചു പറഞ്ഞ ഉപരാഷ്ട്രപതി, “നമ്മുടെ ഭരണഘടനയുടെ പലപ്പോഴും കാണാതെപോയ ഒരു വശമാണ് ഈ കാലാതീതമായ ഐക്യം" എന്നു വ്യക്തമാക്കി. "പ്രശസ്ത കലാകാരനായ ശ്രീ നന്ദ് ലാൽ ബോസ് വരച്ച, നമ്മുടെ ചരിത്രത്തിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നുമുള്ള രേഖാചിത്രങ്ങൾ, നമ്മുടെ ഭരണഘടനയുടെ യഥാർഥ കയ്യെഴുത്തുപ്രതിയിലുണ്ട്" -
ഈ രചനകൾ നമ്മുടെ ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്ന് വിശേഷിപ്പിച്ച് ഉപരാഷ്ട്രപതി പറഞ്ഞു. അവ ഭാരതത്തിൻ്റെ മഹത്തായ ചരിത്രത്തെയും ആത്മീയ-ധാർമ്മിക ചിത്രങ്ങളെയും കുറിച്ചുള്ള നമ്മുടെ കൂട്ടായ ഓർമ്മയെ പ്രതിനിധാനം ചെയ്യുന്നു.
സാമൂഹിക പുരോഗതിക്ക് വേണ്ടി അർപ്പണബോധമുള്ള, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ വികസനത്തിന് പ്രതിജ്ഞാബദ്ധയായ ഡോ. സുധാ മൂർത്തിയെ വനിതാ ദിനത്തിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിൽ ഉപരാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.
നാരീ ശക്തി വന്ദൻ അധിനിയത്തെക്കുറിച്ചു പരാമർശിച്ച അദ്ദേഹം ഇന്ത്യയെ "സ്ത്രീകൾ നയിക്കുന്ന ശാക്തീകരണത്തിൻ്റെ പ്രഭവകേന്ദ്രം" എന്ന് വിശേഷിപ്പിച്ചു.
അവാർഡ് ദാന ചടങ്ങിൽ രണ്ട് പ്രമുഖ പണ്ഡിതർക്കു രാജാനക പുരസ്കാരം നൽകി ആദരിച്ചു. ഡോ. മാർക്ക് ഡിജ്കോവ്സ്കി, ഡോ. നവ്ജീവൻ റസ്തോഗി എന്നിവർക്കാണ് കശ്മീർ ശൈവചാരത്തോടുള്ള അവരുടെ സമർപ്പണത്തിന് പുരസ്കാരം സമ്മാനിച്ചത്. 'രാജാനക' പുരസ്‌കാരങ്ങൾ അധികാരത്തിൻ്റെയും ജ്ഞാനത്തിൻ്റെയും സംയോജനത്തെ പ്രതീകപ്പെടുത്തുന്ന ഒരു പുരാതന അംഗീകാരമാണ്.
കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, പ്രജ്ഞ പ്രവാഹ് ദേശീയ കൺവീനർ ശ്രീ ജെ നന്ദകുമാർ, അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ ഡോ. ആർ രാമനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രസംഗത്തിൻ്റെ പൂർണ്ണരൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യൂ
https://pib.gov.in/PressReleasePage.aspx?PRID=2012788
“
'
SK
(Release ID: 2012875)
Visitor Counter : 123