ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
“അടുത്ത അഞ്ചുവർഷത്തിനുള്ളിൽ നൈപുണ്യമില്ലാത്ത ഒരു മലയാളിയും തിരുവനന്തപുരത്തുണ്ടാകില്ല”: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, അടുത്ത 3 വർഷത്തിനുള്ളിൽ കേരളത്തിലെ 4 ലക്ഷം യുവാക്കൾ ഭാവിയിലേക്കു പ്രയോജനപ്പെടുന്ന കഴിവുകളോടെ ശാക്തീകരിക്കപ്പെടും”: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
“സാങ്കേതികവിദഗ്ധനായ രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ള മന്ത്രിമാരുള്ള നരേന്ദ്രമോദി ഗവണ്മെന്റിനു വിപണിയെയും നൈപുണ്യവിടവുകളെയുംകുറിച്ചു മികച്ച ധാരണയുണ്ട്. യുവാക്കൾ ഭാവിയിലേക്കു സജ്ജരാകുന്നതിനായി അവർ മാർഗരേഖ തയ്യാറാക്കുന്നു”: NXP വൈസ് പ്രസിഡന്റ് ഹിതേഷ് ഗാർഗ്
“IBM എന്ന നിലയിൽ ഞങ്ങൾക്കു കേരളത്തോടു പ്രതിബദ്ധതയുണ്ട്; ഞങ്ങൾ മനസിലാക്കിയതു സംസ്ഥാനത്തിനു വളരെയധികം നൈപുണ്യശേഷി ഉണ്ടെന്നാണ്; അതു ഞങ്ങൾ വളർത്തുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നു”: സന്ദീപ് പട്ടേൽ, ഐബിഎം എംഡി
സ്കിൽ ഇന്ത്യ ദൗത്യത്തിനു കീഴിൽ പരിശീലനം നേടിയ ആരോഗ്യപ്രവർത്തകർക്കു ജർമനിയിൽ ജോലിക്കായുള്ള അനുമതിപത്രങ്ങൾ മന്ത്രി രാജീവ് ചന്ദ്രശേഖർ കൈമാറി
Posted On:
05 MAR 2024 5:33PM by PIB Thiruvananthpuram
“തിരുവനന്തപുരത്തെ ഓരോ മലയാളിയുവാവും ഭാവിയിലേക്കു പ്രയോജനപ്പെടുന്ന കഴിവുകളാൽ ശാക്തീകരിക്കപ്പെടുമെന്നു നരേന്ദ്ര മോദി ഗവണ്മെന്റ് ഉറപ്പാക്കും” - മാർ ഇവാനിയോസ് കോളേജിൽ നടത്തിയ അഭിസംബോധനയിൽ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) 4.0 പ്രകാരം അടുത്ത മൂന്നു വർഷത്തിനുള്ളിൽ കേരളത്തിലെ 4 ലക്ഷത്തോളം യുവാക്കൾ നൈപുണ്യമുള്ളവരാകുമെന്നു കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി-നൈപുണ്യവികസനം- സംരംഭകത്വം-ജലശക്തി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. അഡിറ്റീവ് മാനുഫാക്ചറിങ് (3D പ്രിന്റിങ്), നിർമിതബുദ്ധി - ഡാറ്റ ക്വാളിറ്റി അനലിസ്റ്റ്, ഡ്രോൺ നിർമാണ-അസംബ്ലി ടെക്നീഷ്യൻ, ഇലക്ട്രോണിക് ഹാർഡ്‌വെയർ അസംബ്ലി ഓപ്പറേറ്റർ തുടങ്ങിയ മേഖലകളിലെ ഭാവി കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ദേശീയ നൈപുണ്യവികസന കോർപ്പറേഷൻ രൂപകൽപ്പന ചെയ്ത ജർമൻ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ നഴ്സുമാർക്കു ജർമനിയിൽ പ്രതിമാസം 2 ലക്ഷം രൂപ ശമ്പളപാക്കേജിൽ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. നൈപുണ്യവികസന-സംരംഭകത്വ മന്ത്രാലയം രൂപകൽപ്പനചെയ്ത ഭാഷാ പ്രാവീണ്യപരിപാടിക്കും അദ്ദേഹം തുടക്കംകുറിച്ചു.
“അറിവാണു ശക്തി, എന്നാൽ അതിലും ശക്തിയേറിയതു നൈപുണ്യത്തോടെയുള്ള അറിവാണ്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ നൈപുണ്യമില്ലാത്ത ഒരു മലയാളിയും തിരുവനന്തപുരത്തുണ്ടാകില്ല എന്നുറപ്പിക്കാനുള്ള ദൗത്യത്തിലാണു നരേന്ദ്ര മോദി ഗവണ്മെന്റ്. നൈപുണ്യങ്ങളിൽ, പ്രത്യേകിച്ചു ഭാവിയിലെ കഴിവുകളിൽ, യുവ ഇന്ത്യക്കാർക്ക് അവസരങ്ങൾ വിപുലീകരിക്കാനുള്ള കഴിവുണ്ട്. എല്ലാവർക്കും അവസരങ്ങൾ നൽകുന്നതിനാണു ഭാവിയിലെ നൈപുണ്യം പരിപാടി വിഭാവനം ചെയ്തത്. ഒരു മലയാളി എന്ന നിലയിൽ, കേരളത്തിൽ അവസരങ്ങളുടെ അഭാവവും, ഫാക്ടറികൾ, ടെക് ഹബ്ബുകൾ, നിക്ഷേപങ്ങൾ എന്നിവയുടെ അഭാവവും കാണുന്നതു നിരാശജനകമാണ്. എന്നിരുന്നാലും, എല്ലാവർക്കും അവസരങ്ങളുണ്ടെന്നു ഞങ്ങൾ ഉറപ്പാക്കും. എല്ലാവർക്കും സമ്പാദിക്കാനുള്ള കൂടുതൽ കഴിവുകളും പുതിയ വഴികളും ഉണ്ടെന്ന് ഉറപ്പാക്കും.” – സഹമന്ത്രി പറഞ്ഞു.
ആപ്പിൾ ഇന്ത്യയിൽ ട്യൂറിങ് ബേസ് ഉൽപ്പാദനം വർധിപ്പിച്ചതെങ്ങനെയെന്നു മന്ത്രി പറഞ്ഞു. “ആപ്പിൾ ഇന്ത്യയിൽ പ്ലാന്റുകൾ സ്ഥാപിക്കുകയും ഇന്ത്യക്കും ലോകത്തിനുമായി ഐഫോണുകൾ നിർമിക്കുകയും ചെയ്തു. 1.3 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പ്ലാന്റുകൾ ഉയർന്നുവന്നിട്ടുണ്ട്. എന്തുകൊണ്ടു കേരളത്തിൽ ഇല്ല? നിക്ഷേപത്തിനുള്ള ഏറ്റവും വലിയ ആകർഷണവസ്തുവാണു കഴിവ്; നൈപുണ്യമാണ് അഭിവൃദ്ധിയുടെ പാസ്പോർട്ട്.” – സഹമന്ത്രി പറഞ്ഞു.
കേരളത്തിലെ നാലുലക്ഷം യുവാക്കൾക്കു ഭാവിസജ്ജമായ നൈപുണ്യം നേടുന്നതിനുള്ള പദ്ധതിയുടെ പ്രഖ്യാപനവേളയിൽ ഐബിഎമ്മിലെയും എൻഎക്സ്പിയിലെയും വ്യവസായ പ്രമുഖരെ ചൂണ്ടിക്കാട്ടി, “എനിക്ക് ആത്മവിശ്വാസമുണ്ട്; ഉടൻ നിങ്ങൾ തിരുവനന്തപുരത്തേക്കു വരും” എന്നു മന്ത്രി പറഞ്ഞു. സൈബർ സുരക്ഷ, നിർമിതബുദ്ധി, സെമികണ്ടക്ടർ & ഇലക്ട്രോണിക്സ് രൂപകൽപ്പന തുടങ്ങിയ മേഖലകളിൽ എന്തൊക്കെ പ്രതിഭകളാണു തങ്ങൾ കൊണ്ടുവരുന്നതെന്നു മലയാളി യുവാക്കൾ കാണിച്ചു തരുമെന്നും അദ്ദേഹം പറഞ്ഞു.
എൻഎക്സ്‌പിയുടെ വൈസ് പ്രസിഡന്റ് ശ്രീ ഹിതേഷ് ഗാർഗ്, ഐബിഎം ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ മാനേജിങ് ഡയറക്ടർ ശ്രീ സന്ദീപ് പട്ടേൽ എന്നിവരും പങ്കെടുത്തു.
“ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ഉള്ള വിദ്യാർത്ഥികൾക്ക് ഒരിക്കലും നല്ല അവസരങ്ങൾ ലഭിക്കാത്തതു ഞങ്ങൾ മുമ്പു കണ്ടിട്ടുണ്ട്. എന്നിരുന്നാലും, ഈ നൈപുണ്യപരിശീലന പരിപാടികളിലൂടെ അവസരങ്ങൾ ലഭിക്കുന്നത് ഇന്നു നാം കണ്ടു. ഇതു ബുദ്ധിപരമായ ചിന്തയാണ്. സാങ്കേതികവിദഗ്ധനായ രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ള മന്ത്രിമാരുള്ള മോദി ഗവണ്മെന്റിനു വിപണിയെക്കുറിച്ചു മികച്ച ധാരണയുണ്ട്. വിപണി എവിടേക്കാണു പോകുന്നതെന്ന് അദ്ദേഹത്തിനറിയാം, നൈപുണ്യവിടവുകൾ എവിടെയാണെന്ന് അദ്ദേഹത്തിനറിയാം. യുവാക്കൾക്കു ഭാവിയിലേക്കു തയ്യാറാകുന്നതിനും അവർക്കാവശ്യമായ നൈപുണ്യങ്ങൾക്കുമായി അദ്ദേഹം മാർഗരേഖ തയ്യാറാക്കുന്നു” – ശ്രീ ഹിതേഷ് ഗാർഗ് പറഞ്ഞു.
“സാങ്കേതികവിദ്യ ഒരു പ്രാപ്തിയാണെന്നും അതു തുല്യതയാണെന്നും ഞാൻ എപ്പോഴും വിശ്വസിക്കുന്നു. ജീവിതത്തെയും സമൂഹത്തെയും വളരെ അർഥവത്തായ രീതിയിൽ പരിവർത്തനം ചെയ്യാൻ അതിനു ശക്തിയുണ്ട്. രാജീവ്‌ജിയും നമ്മുടെ പ്രധാനമന്ത്രിയും ചേർന്നു നടത്തിയ നൈപുണ്യവികസനത്തിലെ ഈ മുഴുവൻ ശ്രദ്ധയും ഇന്ന് ഇന്ത്യക്കു വളരെ നിർണായകമാണ്. വൈദഗ്ധ്യം യുവാക്കളെ കൂടുതൽ കഴിവുള്ളവരാക്കും. നമ്മുടെ ജനസംഖ്യാപരമായ മെച്ചം ഉപയോഗിച്ചു നമുക്ക് ഇന്ത്യയെ ലോകത്തിലേക്കു പ്രതിഭകളെ കയറ്റുമതി ചെയ്യുന്ന രാജ്യമാക്കി മാറ്റാൻ കഴിയും. IBM എന്ന നിലയിൽ ഞങ്ങൾ കേരളത്തോടു വളരെ പ്രതിബദ്ധതയുള്ളവരാണ്. ഞങ്ങൾ മനസിലാക്കിയതു സംസ്ഥാനത്തിനു വളരെയധികം നൈപുണ്യശേഷി ഉണ്ടെന്നാണ്. അതു ഞങ്ങൾ വളർത്തുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നു” - ശ്രീ സന്ദീപ് പട്ടേൽ പറഞ്ഞു,
NK
(Release ID: 2011747)
Visitor Counter : 92