ആയുഷ്
വർഷാന്ത്യ അവലോകനം: ആയുഷ് മന്ത്രാലയം: 2023
ദേശീയ അന്തർദേശീയ തലങ്ങളിൽ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും നടപ്പിലാക്കുന്നത് ആവർത്തിച്ച് 2023 ൽ ആയുഷ് മന്ത്രാലയം സുപ്രധാന നേട്ടങ്ങളിൽ
ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്ര സംസ്കാരത്തിന്റെ ആഗോള വ്യാപനത്തിനും സ്വീകാര്യതയ്ക്കും 2023 സാക്ഷ്യം വഹിച്ചു
Posted On:
29 DEC 2023 12:09PM by PIB Thiruvananthpuram
ദേശീയ അന്തർ ദേശീയ തലങ്ങളിൽ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും നടപ്പാക്കുന്നതിലൂടെ ആയുഷ് മന്ത്രാലയം 2023 ൽ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി. ഇന്ത്യൻ പരമ്പരാഗത വൈദ്യ സംസ്കാരത്തിന്റെ ആഗോള വ്യാപനത്തിനും സ്വീകാര്യതയ്ക്കും ഈ വർഷം സാക്ഷ്യം വഹിച്ചു.
ചിന്തൻ ശിവിർ: ഫെബ്രുവരിയിൽ നടന്ന ആദ്യ "ചിന്തൻ ശിവിർ" ആയുഷിന്റെ ഭാവിയിലേക്കും ഡിജിറ്റൽ ആരോഗ്യം, തന്ത്രങ്ങൾ, വെല്ലുവിളികൾ, സഹകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള മാർഗരേഖ ഒരുക്കി. വളർച്ചയോടുള്ള പ്രതിബദ്ധതയ്ക്കു കരുത്തു പകരുകയും ചെയ്തു.
ജി - 20 നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനത്തിൽ പരമ്പരാഗത വൈദ്യ ശാസ്ത്രം ഉൾപ്പെടുത്തൽ: ഇന്ത്യയുടെ ജി - 20 അധ്യക്ഷതയിലെ ഈ നേട്ടം ലോക നേതാക്കൾക്കും ആരോഗ്യ പരിപാലന വിദഗ്ധർക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അടുത്തറിയാനുമുള്ള സുവർണാവസരം നൽകി.
ആദ്യ എസ് സി ഒ സമ്മേളനം: ആദ്യത്തെ ഷാങ്ഹായ് സഹകരണ സംഘടനാ സമ്മേളനം 590 കോടി രൂപയുടെ വ്യാപാര താൽപ്പര്യം സൃഷ്ടിച്ചു. അന്താരാഷ്ട്ര വിപണിയിൽ ആയുഷിന്റെ വർധിച്ചു വരുന്ന പ്രാധാന്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.
ബി ഐ എസിൽ ആയുഷിന് വേണ്ടിയുള്ള സമർപ്പിത സംവിധാനം: ബി ഐ എസിൽ ആയുഷിന് വേണ്ടി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമർപ്പിത സംവിധാനവും സൃഷ്ടിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ, ബി ഐ എസ് ആയുഷുമായി ബന്ധപ്പെട്ട 7 ഇന്ത്യൻ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു, കൂടാതെ 53 എണ്ണം വികസന - പ്രസിദ്ധീകരണ പ്രക്രിയയിലാണ്.
പരമ്പരാഗത വൈദ്യ ശാസ്ത്രത്തെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള ഉച്ചകോടിയും ഗുജറാത്ത് പ്രഖ്യാപനവും: പരമ്പരാഗത വൈദ്യ ശാസ്ത്രത്തെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആദ്യ ആഗോള ഉച്ചകോടി (17 - 18 ഓഗസ്റ്റ് 2023) ഗുജറാത്തിലെ ഗാന്ധിനഗറിൽ സംഘടിപ്പിച്ചു. ആയുഷ് മന്ത്രാലയം സഹ - ആതിഥേയത്വം വഹിച്ചു. ആഗോള ഉച്ചകോടിയുടെ പ്രധാന ഫലങ്ങൾ ലോകാരോഗ്യ സംഘടന ഗുജറാത്ത് പ്രഖ്യാപനത്തിന്റെ രൂപത്തിൽ പുറത്തിറക്കി.
ആയുഷ് അധിഷ്‌ഠിത അടിസ്ഥാന തത്വങ്ങളിലൂടെ നൂതനമായ ഗവേഷണ - വികസനം: ആയുഷ് മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐ ജി ഐ ബി) സി എസ് ഐ ആറിലെ മികവിന്റെ കേന്ദ്രത്തിന് കീഴിൽ, ആയുർവേദ പ്രകൃതിയുടെ ബന്ധം ജനിതക ശ്രേണീകരണത്തിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. വ്യക്തിഗത രോഗപ്രതിരോധ മരുന്നുകളിലേക്കുള്ള നാഴികക്കല്ലായ പഠനമാക്കി മാറ്റി, ഗട്ട് മൈക്രോബയോട്ടയിൽ മികച്ച ഫലങ്ങൾ ലഭിക്കുന്നു. ആരോഗ്യ സംരക്ഷണ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിന് മെറ്റാബോളോമിക്സ്, പ്രോട്ടിയോമിക്‌സ് മുതലായവയുടെ നൂതന സംവിധാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര യോഗ ദിനം: യു എൻ ആസ്ഥാനത്ത് പങ്കെടുത്തതിനുള്ള ഗിന്നസ് റെക്കോർഡ് ഉൾപ്പെടെ രണ്ട് ലോക റെക്കോർഡുകൾ സൃഷ്ടിച്ച് 9-ാം പതിപ്പ് അഭൂതപൂർവമായ ജനസമ്പർക്കത്തിന് സാക്ഷ്യം വഹിച്ചു. 135- ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യോഗാ പ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ പരിപാടിക്കു ലഭിച്ചത്. ഒരു യോഗ സെഷനിൽ ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുത്തതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും സ്ഥാപിച്ചു.
ആയുഷ് വിസ ആരോഗ്യ സംരക്ഷണ സഞ്ചാരത്തിന് ഉത്തേജനമാകുന്നു: വിദേശ പൗരന്മാർക്ക് ആയുഷ് സംവിധാനത്തിന് കീഴിലുള്ള ചികിത്സയ്ക്കായി ആഭ്യന്തര മന്ത്രാലയം ആയുഷ് വിസ (കാറ്റഗറി A Y) വിജ്ഞാപനം ചെയ്തു. ചികിത്സാ പരിചരണം, സൗഖ്യം, യോഗ തുടങ്ങിയ ഇന്ത്യൻ സമ്പ്രദായത്തിന് കീഴിൽ ചികിത്സ തേടി ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾക്കായുള്ള പ്രത്യേക ആയുഷ് വിസ പദ്ധതി അവതരിപ്പിച്ചു.
ഗവേഷണ സ്വാധീനം: ‘‘മൻ കീ ബാത്തി’’ ൽ പ്രധാനമന്ത്രിയുടെ ‘ആയുഷ്’ പരാമർശം ഈ മേഖലയുടെ വളർച്ചയ്ക്ക് കാര്യമായ സംഭാവന നൽകി. അത് സമാഹരിച്ച് സി സി ആർ എസിന്റെ J R A S ജേണലിന്റെ പ്രത്യേക ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
സംയോജിത ആരോഗ്യം: സംയോജിത ആരോഗ്യ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും സഹകരിക്കുന്നതിനുമായി ആയുഷ് മന്ത്രാലയവും ദേശീയ വൈദ്യ ശാസ്ത്ര ഗവേഷണ സമിതിയും (ഐ സി എം ആർ) 2023 മെയ് 11ന് ധാരണാപത്രം ഒപ്പുവച്ചു.
ആയുഷിലെ ഗവേഷണത്തിന്റെ ഫലപ്രദമായ രേഖപ്പെടുത്തൽ: ആയുഷിലെ വിവിധ പങ്കാളികളുടെ വിപുലമായ ഗവേഷണ പ്രവർത്തനങ്ങളുടെ വലിയ ശേഖരം സമർപ്പിത വെബ്‌സൈറ്റിൽ ഓൺലൈനായി സൃഷ്ടിച്ചിട്ടുണ്ട്.
‘സ്മാർട്ട്’ ഉദ്യമം: മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിനും ശാസ്ത്രീയ ഗവേഷണം നടത്തുന്നതിനുമായി ദേശീയ ഇന്ത്യൻ ചികിത്സാ സമ്പ്രദായ കമ്മീഷൻ (NCISM), കേന്ദ്ര ആയുർവേദ ശാസ്ത്ര ഗവേഷണ സമിതി (CCRAS) എന്നിവ ‘സ്മാർട്ടി’നു (അധ്യാപകരിൽ ആയുർവേദ ഗവേഷണം മുഖ്യധാരയാക്കുന്നതിനുള്ള സാധ്യത) തുടക്കം കുറിച്ചു. ആയുർവേദ കോളേജുകളിലൂടെയും ആശുപത്രികളിലൂടെയും മുൻഗണനയുള്ള ആരോഗ്യ സംരക്ഷണ ഗവേഷണ മേഖലകളിൽ ശാസ്ത്രീയ ഗവേഷണം വർദ്ധിപ്പിക്കുന്നതിനാണ് ഇതു ലക്ഷ്യമിടുന്നത്.
ദേശീയ ആയുഷ് ദൗത്യം: അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ആയുഷ് ആരോഗ്യ പരിരക്ഷയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിലും സംസ്ഥാന ഗവണ്മെന്റുകളെ പിന്തുണയ്ക്കുന്നതിനായി ദേശീയ ആയുഷ് ദൗത്യത്തിന്റെ കേന്ദ്ര ആവിഷ്‌കൃത പദ്ധതി നടപ്പിലാക്കുക എന്നത് സംരംഭങ്ങളുടെ ഭാഗമാണ്.
ആയുർടെക് ഐ ഐ ടി ജോധ്പൂർ: മികവിന്റെ കേന്ദ്രം പദ്ധതിക്കു കീഴിൽ ആയുഷ് മന്ത്രാലയം 2023 മെയ് മാസത്തിൽ ഐ ഐ ടി ജോധ്പൂരിലെ ആയുർടെക് കേന്ദ്രം സ്പോൺസർ ചെയ്തു. ഐ ഐ ടി ജോധ്പൂരിലെ സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസിലെ (എ ഐ ഡി ഇ) സെന്റർ ഓഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) അധിഷ്ഠിത പ്രിസിഷൻ ഹെൽത്ത് കെയറിന്റെ ഭാഗമാണ് ആയുർടെക് കേന്ദ്രം.
വടക്കു കിഴക്കൻ മേഖലയുടെ വികസനത്തിലെ ശ്രദ്ധ: വിവിധ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വിവിധ ഉച്ചകോടികൾ, സമ്മേളനങ്ങൾ, ആയുഷ് പർവ്, എക്സ്പോ തുടങ്ങിയവയിലൂടെ വടക്കു കിഴക്കൻ മേഖലയുടെ സാമൂഹിക - സാമ്പത്തിക വികസനത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നതിന് ആയുഷ് മന്ത്രാലയം ഗണ്യമായ സംഭാവന നൽകി.
രോഗത്തിന്റെ അന്തർദേശീയ വർഗ്ഗീകരണത്തിൽ (ഐ സി ഡി) ആയുഷ്: ഐ സി ഡി – 11 ൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ രണ്ടാം മൊഡ്യൂളിൽ ആയുഷ് മോർബിഡ്ലിയും സ്റ്റാൻഡേർഡ് കോഡുകളും ഉൾപ്പെടുത്തുന്നതിന് ആയുഷ് മന്ത്രാലയം പിന്തുണ നൽകി.
ലോകാരോഗ്യ സംഘടനയുടെ സഹകരണം: അടുത്ത 5 വർഷത്തിനുള്ളിൽ പരമ്പരാഗതവും കുറവുകൾ പരിഹരിക്കുന്നതുമായ മരുന്നുകളുടെ മാനദണ്ഡം, ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള തന്ത്രം രൂപപ്പെടുത്താൻ ലക്ഷ്യമിട്ട് WHO യുമായി പദ്ധതി സഹകരണ കരാറിൽ മന്ത്രാലയം ഒപ്പുവച്ചു.
W.H.O / ITU- ലെ AI സംഘത്തിൽ പരമ്പരാഗത വൈദ്യ ശാസ്ത്രത്തിനായുള്ള ഇന്ത്യയുടെ നേതൃത്വം: ആരോഗ്യത്തിലെ നിർമിതബുദ്ധിക്കായി WHO-യിൽ പ്രത്യേക സംഘത്തിനു രൂപംനൽകി. മറ്റ് പരമ്പരാഗത വൈദ്യ ശാസ്ത്ര പങ്കാളികളുമായി ചേർന്ന് ആയുഷ് മന്ത്രാലയം ഈ പ്രവർത്തനത്തിന് നേതൃത്വം നൽകും.
ചുരുക്കത്തിൽ, ആയുഷ് മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം 2023 ആഗോള സ്വാധീനം, പരമ്പരാഗത വൈദ്യ ശാസ്ത്രത്തോടുള്ള പ്രതിബദ്ധത, ദേശീയ - അന്തർദേശീയ തലത്തിൽ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവ പ്രദർശിപ്പിച്ചു കൊണ്ടുള്ള ഒരു പരിവർത്തന വർഷമായിരുന്നു.
NS
(Release ID: 1992795)
Visitor Counter : 195