പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ സ്വരവേദ്‌ മന്ദിര്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 18 DEC 2023 1:30PM by PIB Thiruvananthpuram

ശ്രീ സദ്ഗുരു ചരണ്‍ കമലേഭ്യോ നമഃ!

ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ മഹേന്ദ്ര നാഥ് പാണ്ഡെ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രി, അനില്‍ ജി, സദ്ഗുരു ആചാര്യ പൂജ്യ ശ്രീ സ്വതന്ത്ര ദേവ് ജി മഹാരാജ്, പൂജ്യ ശ്രീ വിജ്ഞാന് ദേവ് ജി മഹാരാജ്, മറ്റ് പ്രമുഖ വ്യക്തിത്വങ്ങളെ, നാടിന്റെ നാനാഭാഗത്തുനിന്നുമായി എത്തി ഒത്തുകൂടിയ ഭക്തജനങ്ങളെ, എന്റെ കുടുംബാംഗങ്ങളെ!

ഇന്ന് ഞാന്‍ കാശിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസം താമസിക്കുകയാണ്. എല്ലായ്പ്പോഴുമെന്നപോലെ, കാശിയില്‍ ചെലവഴിക്കുന്ന ഓരോ നിമിഷവും അസാധാരണമാണ്, അതിശയകരമായ അനുഭവങ്ങള്‍ നിറഞ്ഞതാണ്. രണ്ട് വര്‍ഷം മുമ്പ് അഖിലേന്ത്യ വിഹംഗം യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക ആഘോഷത്തിന് സമാനമായ രീതിയില്‍ നാം ഒത്തുകൂടിയത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. വിഹംഗം യോഗ സന്ത് സമാജത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ചരിത്ര സംഭവത്തില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ക്കൂടി എനിക്ക് അവസരം ലഭിച്ചു. വിഹംഗം യോഗ പരിശീലനം 100 വര്‍ഷത്തെ അവിസ്മരണീയ യാത്ര പൂര്‍ത്തിയാക്കി. മഹര്‍ഷി സദാഫല്‍ ദേവ് ജി കഴിഞ്ഞ നൂറ്റാണ്ടില്‍ വിജ്ഞാനത്തിന്റെയും യോഗയുടെയും ദിവ്യപ്രകാശം തെളിയിച്ചു. ഈ നൂറു വര്‍ഷങ്ങളില്‍, ഈ ദിവ്യപ്രകാശം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഈ ശുഭമുഹൂര്‍ത്തത്തില്‍, 25,000 കുണ്ഡിയ സ്വര്‍വേദ് ജ്ഞാന മഹായജ്ഞമെന്ന മഹത്തായ സംഭവവും ഇവിടെ നടക്കുന്നു. ഈ മഹായജ്ഞത്തിലെ ഓരോ വഴിപാടും ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും 'വികസിത ഭാരത'ത്തെ ശാക്തീകരിക്കുകയും ചെയ്യുമെന്നതില്‍ എനിക്ക് സന്തോഷവും ആത്മവിശ്വാസവുമുണ്ട്. ഈ അവസരത്തില്‍, മഹര്‍ഷി സദാഫല്‍ ദേവ് ജിയോട് ഞാന്‍ എന്റെ ഹൃദയംഗമമായ ആദരവ് പ്രകടിപ്പിക്കുകയും എന്റെ ആത്മാര്‍ത്ഥമായ വികാരങ്ങള്‍ പൂര്‍ണ്ണ വിശ്വാസത്തോടെ അദ്ദേഹത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഗുരുപാരമ്പര്യം നിരന്തരം മുന്നോട്ട് കൊണ്ടുപോകുന്ന എല്ലാ സന്യാസിമാരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

എന്റെ കുടുംബാംഗങ്ങളെ,
കാശിയിലെ ജനങ്ങള്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ വികസനത്തിലും പുനര്‍നിര്‍മ്മാണത്തിലും നിരവധി പുതിയ നാഴികക്കല്ലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കാശിയുടെ പരിവര്‍ത്തനത്തിനായി ഗവണ്‍മെന്റും സമൂഹവും സന്യാസിമാരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഈ ദൈവിക പ്രചോദനത്തിന്റെ ഉദാഹരണമാണ് ഇന്ന് സ്വരവേദ് മന്ദിറിന്റെ പൂര്‍ത്തീകരണം. മഹര്‍ഷി സദാഫല്‍ ദേവ് ജിയുടെ ഉപദേശങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും പ്രതീകമാണ് ഈ മഹത്തായ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ദൈവികതയും മഹത്വവും ഒരുപോലെ ആകര്‍ഷകവും വിസ്മയിപ്പിക്കുന്നതുമാണ്. ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ അതിന്റെ ഭംഗിയില്‍ ഞാന്‍ തന്നെ മതിമറന്നുപോയി. ഭാരതത്തിന്റെ സാമൂഹികവും ആത്മീയവുമായ വൈഭവത്തിന്റെ ആധുനിക പ്രതീകമാണ് സ്വരവേദ് മന്ദിര്‍. വേദങ്ങള്‍, ഉപനിഷത്തുകള്‍, രാമായണം, ഗീത, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ദൈവിക സന്ദേശങ്ങള്‍ക്കൊപ്പം, അതിന്റെ ചുവരുകളില്‍ സ്വരവേദ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. അതിനാല്‍, ഈ ക്ഷേത്രം ആത്മീയതയുടെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ജീവിക്കുന്ന ഉദാഹരണമാണ്. ആയിരക്കണക്കിന് സാധകര്‍ക്ക് ഇവിടെ ഒരുമിച്ച് വിഹംഗം യോഗ പരിശീലനത്തില്‍ ഏര്‍പ്പെടാം. അതിനാല്‍, ഈ മഹാക്ഷേത്രം യോഗയ്ക്കുള്ള ഒരു തീര്‍ത്ഥാടനം മാത്രമല്ല, അറിവിന്റെ തീര്‍ത്ഥാടനം കൂടിയാണ്.

ഈ അത്ഭുതകരമായ ആത്മീയ നിര്‍മ്മിതിക്ക് ഞാന്‍ സ്വരവേദ് മഹാമന്ദിര്‍ ട്രസ്റ്റിനെ അഭിനന്ദിക്കുകയും ദശലക്ഷക്കണക്കിനു വരുന്ന അനുയായികളെ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും, ഈ ഉദ്യമം വിജയകരമായി പൂര്‍ത്തിയാക്കിയ പൂജ്യ സ്വാമി ശ്രീ സ്വതന്ത്ര ദേവ് ജി, പൂജ്യ ശ്രീ വിജ്ഞാന്‍ ദേവ് ജി എന്നിവരെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.

എന്റെ കുടുംബാംഗങ്ങളെ,
നൂറ്റാണ്ടുകളായി സാമ്പത്തിക അഭിവൃദ്ധിയുടെയും ഭൗതിക പുരോഗതിയുടെയും മാതൃകയായ രാഷ്ട്രമാണ് ഭാരതം. നാം പുരോഗതിയുടെ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും സമൃദ്ധിയുടെ പടവുകളില്‍ എത്തുകയും ചെയ്തു. ഭൗതിക വികസനം ഭൂമിശാസ്ത്രപരമായ വികാസത്തിനും ചൂഷണത്തിനുമുള്ള ഒരു ഉപാധിയായി മാറാന്‍ ഭാരതം ഒരിക്കലും അനുവദിച്ചിട്ടില്ല. ശാരീരിക പുരോഗതിക്കായി, ആത്മീയവും മാനുഷികവുമായ ചിഹ്നങ്ങളും നാം സൃഷ്ടിച്ചിട്ടുണ്ട്. നാം കാശി പോലെയുള്ള ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക കേന്ദ്രങ്ങളുടെ അനുഗ്രഹം തേടുകയും കൊണാര്‍ക്ക് പോലുള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്! സാരാനാഥിലും ഗയയിലും നാം പ്രചോദനം പകരുന്ന സ്തൂപങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നളന്ദ, തക്ഷശില തുടങ്ങിയ സര്‍വ്വകലാശാലകള്‍ ഇവിടെ സ്ഥാപിതമായി! അതിനാല്‍, ഭാരതത്തിന്റെ ഈ ആത്മീയ ഘടനകളെ ചുറ്റിപ്പറ്റി നമ്മുടെ കലയും സംസ്‌കാരവും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഉയരങ്ങളില്‍ എത്തി. ഇവിടെ, അറിവിന്റെയും ഗവേഷണത്തിന്റെയും പുതിയ പാതകള്‍ തുറക്കപ്പെട്ടിരിക്കുന്നു, സംരംഭങ്ങളും വ്യവസായങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന പരിധിയില്ലാത്ത സാധ്യതകള്‍ക്ക് ജന്മം നല്‍കപ്പെട്ടിരിക്കുന്നു. യോഗ പോലുള്ള ശാസ്ത്രം വിശ്വാസത്തോടൊപ്പം വികസിച്ചു, ഇവിടെ നിന്നാണ് മാനുഷിക മൂല്യങ്ങളുടെ തുടര്‍ച്ചയായ ഒഴുക്ക് ലോകമെമ്പാടും വ്യാപിച്ചത്.

സഹോദരീ സഹോദരന്മാരേ,
അടിമത്തത്തിന്റെ കാലഘട്ടത്തില്‍, ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച അടിച്ചമര്‍ത്തലുകള്‍ ആദ്യം ലക്ഷ്യമിട്ടത് നമ്മുടെ ഈ ചിഹ്നങ്ങളെയാണ്. ഈ സാംസ്‌കാരിക ചിഹ്നങ്ങളുടെ പുനര്‍നിര്‍മാണം സ്വാതന്ത്ര്യത്തിനു ശേഷം ആവശ്യമായിരുന്നു. നമ്മുടെ സാംസ്‌കാരിക വ്യക്തിത്വത്തെ മാനിച്ചിരുന്നെങ്കില്‍ രാജ്യത്തിനകത്ത് ഐക്യബോധവും ആത്മാഭിമാനവും ശക്തിപ്പെടുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഇത് സംഭവിച്ചില്ല. സ്വാതന്ത്ര്യാനന്തരം സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തോട് പോലും എതിര്‍പ്പുണ്ടായിരുന്നു. ഈ ചിന്താഗതി പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിന്നിരുന്നു. തല്‍ഫലമായി, രാഷ്ട്രം അതിന്റെ പൈതൃകത്തില്‍ അഭിമാനിക്കാന്‍ മറന്ന് അപകര്‍ഷതയുടെ പടുകുഴിയിലേക്ക് വീണു.

എന്നാല്‍ സഹോദരീ സഹോദരന്മാരേ,
സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടിനുശേഷം കാലചക്രം വീണ്ടും തിരിഞ്ഞു. രാജ്യം ഇപ്പോള്‍ ചെങ്കോട്ടയില്‍ നിന്ന് 'അടിമത്തത്തിന്റെ മാനസികാവസ്ഥ'യില്‍ നിന്നുള്ള മോചനവും അതിന്റെ 'പൈതൃകത്തിലുള്ള അഭിമാന'വും പ്രഖ്യാപിക്കുകയാണ്. സോമനാഥില്‍ തുടങ്ങിയത് ഇപ്പോള്‍ ഒരു മുന്നേറ്റമായി മാറിയിരിക്കുന്നു. ഇന്ന്, കാശിയിലെ വിശ്വനാഥധാമിന്റെ മഹത്വം ഭാരതത്തിന്റെ ശാശ്വത മഹത്വത്തിന്റെ കഥ വിവരിക്കുന്നു. ഇന്ന് മഹാകാല്‍ മഹാലോക് നമ്മുടെ അനശ്വരതയുടെ തെളിവ് നല്‍കുന്നു. ഇന്ന് കേദാര്‍നാഥ് ധാമും വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തുകയാണ്. ബുദ്ധ സര്‍ക്യൂട്ട് വികസിപ്പിച്ചുകൊണ്ട് ഭാരതം ഒരിക്കല്‍ക്കൂടി ലോകത്തെ ബുദ്ധന്റെ പ്രബുദ്ധതയുടെ നാടിലേക്ക് ക്ഷണിക്കുകയാണ്. റാം സര്‍ക്യൂട്ടിന്റെ വികസനവും രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്. കൂടാതെ വരുന്ന ആഴ്ചകളില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും പൂര്‍ത്തിയാകാന്‍ പോകുന്നു.

സുഹൃത്തുക്കളെ,
രാജ്യം അതിന്റെ സാമൂഹിക സത്യങ്ങളും സാംസ്‌കാരിക സ്വത്വവും ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ നമുക്ക് സമഗ്രമായ വികസനത്തിലേക്ക് മുന്നേറാന്‍ കഴിയൂ. അതുകൊണ്ടാണ് ഇന്ന് നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനം സംഭവിക്കുന്നതും അതുപോലെ ആധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ ഭാരതം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതും. രാജ്യത്തിന്റെ വികസനത്തിന്റെ ഗതി എന്താണെന്ന് വാരണാസിയില്‍ നിന്ന് തന്നെ വ്യക്തമാകും. രണ്ടാഴ്ച മുമ്പ് കാശി വിശ്വനാഥ ധാമത്തിന്റെ നിര്‍മാണം രണ്ട് വര്‍ഷം പൂര്‍ത്തിയായി. അതിനുശേഷം, തൊഴിലിലും ബിസിനസ്സിലും വാരണാസി ഒരു പുതിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. നേരത്തെ, വിമാനത്താവളത്തില്‍ എത്തുമ്പോള്‍ നഗരത്തിലേക്ക് എങ്ങനെ എത്തിച്ചേരുമെന്നതിനെക്കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു! മോശം റോഡുകള്‍, എല്ലായിടത്തും ക്രമക്കേട്- ഇതായിരുന്നു വാരണാസിയുടെ സ്വത്വം. എന്നാല്‍ ഇപ്പോള്‍, വാരണാസി എന്നാല്‍ വികസനം! ഇപ്പോള്‍, വാരണാസി എന്നാല്‍ പാരമ്പര്യത്തോടൊപ്പമുള്ള ആധുനിക സൗകര്യങ്ങള്‍! ഇപ്പോള്‍, വാരണാസി എന്നാല്‍ വൃത്തിയും മാറ്റവും!
വാരണാസി ഇന്ന് വികസനത്തിന്റെ അതുല്യ പാതയില്‍ മുന്നേറുകയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വാരണാസിയില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. വാരണാസിയെ എല്ലാ നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന റോഡുകള്‍ ഒന്നുകില്‍ നാലുവരിപ്പാതയായോ അല്ലെങ്കില്‍ ആറുവരിപ്പാതയായോ വികസിപ്പിക്കും. പൂര്‍ണമായും പുതിയ റിങ് റോഡും നിര്‍മിച്ചിട്ടുണ്ട്. വാരാണസിയിലെ പുതിയ റോഡുകളുടെ ശൃംഖല പഴയതും പുതിയതുമായ പ്രദേശങ്ങളുടെ  വികസനം യാഥാര്‍ഥ്യമാക്കുന്നു. വാരണാസിയിലെ റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നു, വാരണാസിയില്‍ നിന്ന് പുതിയ തീവണ്ടികള്‍ ആരംഭിക്കുന്നു, പ്രത്യേക ചരക്ക് ഇടനാഴികളുടെ ജോലികള്‍ നടക്കുന്നു, വിമാനത്താവള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു, ഗംഗയിലെ ഘാട്ടുകള്‍ നവീകരിക്കുന്നു, ഗംഗയില്‍ കപ്പലോട്ടം നടക്കുന്നു, വാരണാസിയില്‍ ആധുനിക ആശുപത്രികള്‍ നിര്‍മിക്കുന്നു, ഗംഗാനദിയുടെ തീരത്തുള്ള കര്‍ഷകര്‍ക്ക് പ്രകൃതിദത്ത കൃഷിക്ക് സഹായം നല്‍കിക്കൊണ്ട്, പുതിയതും ആധുനികവുമായ ഒരു ഡയറി സ്ഥാപിക്കുന്നു - ഈ സ്ഥലത്തിന്റെ വികസനത്തിനുള്ള ഒരു സാധ്യതയും നമ്മുടെ ഗവണ്‍മെന്റ് ഉപേക്ഷിക്കുന്നില്ല. വാരണാസിയിലെ യുവാക്കളുടെ നൈപുണ്യ വികസനത്തിനായി പരിശീലന സ്ഥാപനങ്ങളും ഇവിടെ തുറന്നിട്ടുണ്ട്. സന്‍സദ് റോസ്ഗര്‍ മേളയിലൂടെ ആയിരക്കണക്കിന് യുവാക്കള്‍ക്കു തൊഴില്‍ ലഭിച്ചിട്ടുമുണ്ട്.

സഹോദരീ സഹോദരന്മാരേ,
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നമ്മുടെ ആത്മീയ യാത്രകളില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ഈ ആധുനിക വികസനത്തെക്കുറിച്ച് പരാമര്‍ശിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, വാരണാസിയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ നഗരത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന സ്വരവേദ് മന്ദിര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, റോഡുകള്‍ ഇന്നത്തെപ്പോലെ ആയിരുന്നില്ലെങ്കില്‍, ആഗ്രഹമുണ്ടെങ്കിലും നിറവേറ്റുക വെല്ലുവിളിയാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍, വാരണാസിയിലേക്ക് വരുന്ന തീര്‍ത്ഥാടകരുടെ പ്രധാന ലക്ഷ്യസ്ഥാനമായി സ്വരവേദ് മന്ദിര്‍ മാറും. ഇത് ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളിലും ബിസിനസിനും തൊഴിലിനും അവസരമൊരുക്കുകയും ജനങ്ങളുടെ പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യും.

എന്റെ കുടുംബാംഗങ്ങളെ,
നമ്മുടെ ആത്മീയ ക്ഷേമത്തിനായി സമര്‍പ്പിച്ചിരിക്കുന്ന വിഹംഗം യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, സമൂഹത്തെ സേവിക്കുന്നതില്‍ സമാനമാംവിധം സജീവമാണ്. സദഫല്‍ ദേവ് ജിയെപ്പോലുള്ള ഋഷിമാരുടെ പാരമ്പര്യമാണിത്. സമര്‍പ്പിതനായ യോഗി എന്നതിനൊപ്പം, സ്വാതന്ത്ര്യ സമര കാലത്ത് സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു സദഫല്‍ ദേവ്. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാല'ത്ത് അദ്ദേഹത്തിന്റെ ദൃഢനിശ്ചയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് ഓരോ അനുയായിയുടെയും ഉത്തരവാദിത്തമാണ്. കഴിഞ്ഞ തവണ നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നപ്പോള്‍ ഞാന്‍ രാജ്യത്തിനുവേണ്ടി ചില പ്രതീക്ഷകള്‍ അവതരിപ്പിച്ചു. ഇന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഒമ്പത് ദൃഢനിശ്ചയങ്ങള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. ഇപ്പോഴാണ് വിജ്ഞാന്‍ ദേവ് ജിയും ഞാന്‍ കഴിഞ്ഞ തവണ പറഞ്ഞ കാര്യം ഓര്‍മ്മിപ്പിച്ചു. അവ ഇവയാണ്:

ഒന്നാമത്തേത് - ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുക, ജലസംരക്ഷണത്തിനായുള്ള അവബോധം സജീവമായി വളര്‍ത്തുക.

രണ്ടാമത്തേത് - ഗ്രാമങ്ങളില്‍ പോയി ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, അവരെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ പഠിപ്പിക്കുക.

മൂന്നാമത് - നിങ്ങളുടെ ഗ്രാമം, നിങ്ങളുടെ അയല്‍പക്കം, നിങ്ങളുടെ നഗരം എന്നിവ വൃത്തിയില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കാനായി പ്രവര്‍ത്തിക്കുക.

നാലാമത് - പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കുക, ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.

അഞ്ചാമത്തേത് - കഴിയുന്നതും ആദ്യം സ്വന്തം രാജ്യം സന്ദര്‍ശിക്കുക, നിങ്ങളുടെ രാജ്യത്തിനുള്ളില്‍ യാത്ര ചെയ്യുക, നിങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍, രാജ്യം മുഴുവന്‍ കാണുന്നതുവരെ വിദേശത്തേക്ക് പോകാന്‍ തോന്നരുത്. പണക്കാരോടും ഞാന്‍ പറയുന്നു, നിങ്ങള്‍ എന്തിനാണ് വിദേശത്ത് വിവാഹം കഴിക്കുന്നത്? ഞാന്‍ പറയുന്നു, ഇന്ത്യയില്‍ വച്ച് വിവാഹം കഴിക്കൂ.

ആറാമത്- ജൈവകൃഷിയെക്കുറിച്ച് കര്‍ഷകരെ കൂടുതല്‍ക്കൂടുതല്‍ ബോധവാന്മാരാക്കുക. കഴിഞ്ഞ തവണയും ഞാന്‍ നിങ്ങളോട് ഈ അഭ്യര്‍ത്ഥന നടത്തി, ഞാന്‍ അത് ആവര്‍ത്തിക്കുന്നു. ഭൂമാതാവിനെ രക്ഷിക്കാനുള്ള വളരെ പ്രധാനപ്പെട്ട ഒരു കാമ്പെയ്നാണിത്.

ഏഴാമത് - നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ തിനയും ശ്രീ അന്നയും ഉള്‍പ്പെടുത്തുക, അത് നന്നായി പ്രോത്സാഹിപ്പിക്കുക, അതൊരു മികച്ച ഭക്ഷണമാണ്.

എട്ടാമത്- ഫിറ്റ്‌നസ്, യോഗ, സ്‌പോര്‍ട്‌സ് എന്നിവയും നിങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുക.

ഒമ്പതാമത് - ഒരു പാവപ്പെട്ട കുടുംബത്തിനെങ്കിലും പിന്തുണയായി മാറുക, അവരെ സഹായിക്കുക. ഭാരതത്തിലെ ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഇത് ആവശ്യമാണ്.

ഈ ദിവസങ്ങളില്‍ നിങ്ങള്‍ 'വികസിത ഭാരത സങ്കല്‍പ യാത്ര'ക്ക് സാക്ഷ്യം വഹിക്കുന്നു. ഇന്നലെ വൈകുന്നേരം അതുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുത്തു. കുറച്ച് സമയത്തിനുള്ളില്‍, ഞാന്‍ വീണ്ടും 'വികസിത ഭാരത സങ്കല്‍പ യാത്ര'യുടെ ഭാഗമാകാന്‍ പോകുന്നു. ഈ യാത്രയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടത് ആത്മീയ നേതാക്കളുള്‍പ്പെടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഈ യാത്രയ്ക്കായി എല്ലാവരും വ്യക്തിപരമായ ശക്തമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 'ഗാവോന്‍ വിശ്വാസ്യ മാതര്‍' എന്ന ആദര്‍ശ വാചകം നമ്മുടെ വിശ്വാസത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമായി മാറുകയാണെങ്കില്‍, ഭാരതം അതിവേഗം വികസിക്കും. ഈ വികാരം പങ്കുവെച്ചുകൊണ്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു, കൂടാതെ ബഹുമാനപ്പെട്ട വിശുദ്ധര്‍ എനിക്ക് നല്‍കിയ ബഹുമാനത്തിന് ഞാന്‍ നന്ദി പറയുന്നു! നമുക്ക് ഒരുമിച്ച് പറയാം -

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.

NS



(Release ID: 1989483) Visitor Counter : 43