നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ക്കായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി മൂന്ന് വർഷം കൂടി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 29 NOV 2023 2:26PM by PIB Thiruvananthpuram

ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികൾ (എഫ്.ടി.എസ്.സി) ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായി 2023 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 1952.23 കോടി രൂപ ചെലവുവരുന്ന ഇതിന്റെ കേന്ദ്ര വിഹിതം 1207.24 കോടി രൂപയും സംസ്ഥാന വിഹിതം 744.99 കോടി രൂപയുമായിരിക്കും. നിര്‍ഭയ ഫണ്ടില്‍ നിന്നായിരിക്കും കേന്ദ്ര വിഹിതം നല്‍കുക. 2019 ഒക്‌ടോബര്‍ 2നാണ് പദ്ധതിക്ക് തുടക്കം, കുറിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഗവൺമെൻ്റ്  നൽകുന്ന അചഞ്ചലമായ മുന്‍ഗണന 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പരിപാടി പോലുള്ള നിരവധി പദ്ധതികളിലൂടെ പ്രകടമാണ്. പെണ്‍കുട്ടികളേയും സ്ത്രീകളേയും ബലാത്സംഗം ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്തില്‍ ആഴത്തിലുള്ള ആഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും കുറ്റവാളികളുടെ വിചാരണ നീണ്ടുപോകുകയും ചെയ്യുന്നതിനാല്‍ വിചാരണ വേഗത്തിലാക്കാനും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഉടനടി ആശ്വാസം നല്‍കാനും കാര്യശേഷിയുള്ള ഒരു സമര്‍പ്പിത കോടതി സംവിധാനം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. അതിന്റെ ഫലമായി, ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷയടക്കമുള്ള കര്‍ശനമായ ശിക്ഷകള്‍ ഉള്‍പ്പെടുന്നതും, ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ (എഫ്.ടി.എസ്.സി) സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നതുമായ ''ദി ക്രിമിനല്‍ ലോ (ഭേദഗതി) നിയമം 2018'' കേന്ദ്ര ഗവണ്‍മെന്റ് നിര്‍മ്മിച്ചു.
ലൈംഗീക കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ചട്ടക്കൂട് ശക്തമാക്കുന്നതിനോടൊപ്പം ഇരകള്‍ക്ക് വേഗം സമാശ്വാസം നല്‍കുന്നതിനായി അതിവേഗത്തിലുള്ള നീതി വിതരണവും പ്രതീക്ഷിക്കുന്ന സമര്‍പ്പിത കോടതികളായി രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ് എഫ്.ടി.എസ്.സികള്‍.
ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും (പോക്‌സോ നിയമം) എഫ്.ടി.എസ്.സികള്‍ സ്ഥാപിക്കുന്നതിനായി, 2019 ഓഗസ്റ്റിൽ കേന്ദ്ര ഗവണ്‍മെന്റ് ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് രൂപം നല്‍കി. 2019 ജൂലൈ 25-ലെ സ്വമേധയായുള്ള റിട്ട് പെറ്റീഷന്‍ (ക്രിമിനല്‍) നമ്പര്‍.1/2019ലെ, സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് 100-ലധികം പോക്‌സോ നിയമ കേസുകളുള്ള ജില്ലകള്‍ക്കായി പ്രത്യേക പോക്‌സോ കോടതികള്‍ സ്ഥാപിക്കാനുള്ള പദ്ധതി നിര്‍ബന്ധിതമാക്കി. തുടക്കത്തില്‍ 2019 ഒകേ്ടാബർ മുതല്‍ ഒരു വര്‍ഷത്തേക്ക് ആരംഭിച്ച പദ്ധതി, പിന്നീട് 2023 മാര്‍ച്ച് 31വരെ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി. ഇപ്പോള്‍, 1952.23 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2026 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുകയാണ്. ഇതില്‍ കേന്ദ്ര വിഹിതം നിര്‍ഭയ ഫണ്ടില്‍ നിന്നും ലഭ്യമാക്കും.
നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ നീതിന്യായ വകുപ്പ് നടപ്പിലാക്കുന്ന എഫ്.ടി.എസ്.സികളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതി രാജ്യത്തുടനീളം എഫ്.ടി.എസ്.സികള്‍ സ്ഥാപിക്കുന്നതിനും ബലാത്സംഗം, പോക്‌സോ ആക്ട് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് വേഗത്തിലുള്ള തീർപ്പ് ഉറപ്പാക്കുന്നതിനും സംസ്ഥാന ഗവണ്‍മെന്റിന്റെ വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

മുപ്പത് സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ പദ്ധതിയുമായി പങ്കുചേര്‍ന്നുകൊണ്ട് പോക്‌സോ കേസുകള്‍ക്ക് മാത്രമുള്ള 414 കോടതികള്‍ ഉള്‍പ്പെടെ 761 എഫ്.ടി.എസ്.സികള്‍ പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ട് 1,95,000 കേസുകള്‍ പരിഹരിച്ചു. ഒറ്റപ്പെട്ടതും അതിവിദൂരമായതുമുള്‍പ്പെടെയുള്ള പ്രദേശങ്ങളിൽപ്പോലും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് കൃത്യസമയത്ത് നീതി ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ ശ്രമങ്ങളെ ഈ കോടതികള്‍ പിന്തുണയ്ക്കുന്നു.

പദ്ധതിയിൽനിന്നും പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ ഇവയാണ്:
-ലൈംഗിക ലിംഗഭേദാടിസ്ഥാന അതിക്രമം അവസാനിപ്പിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുക.
-തീര്‍പ്പാക്കാത്ത ബലാത്സംഗ, പോക്‌സോ നിയമ കേസുകള്‍ ഗണ്യമായി കുറച്ച്, നീതിന്യായ വ്യവസ്ഥയുടെ ഭാരം ഒഴിവാക്കുക.
-മെച്ചപ്പെട്ട സൗകര്യങ്ങളിലൂടെയും ത്വരിതഗതിയിലുള്ള വിചാരണകളിലൂടെയും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് വേഗത്തിൽ നീതി ഉറപ്പാക്കുക.
-കൈകാര്യം ചെയ്യാവുന്ന സംഖ്യയിലേക്ക് കേസുകളുടെ എണ്ണം കുറയ്ക്കുക.

 

SK


(Release ID: 1980836) Visitor Counter : 81