രാജ്യരക്ഷാ മന്ത്രാലയം

തദ്ദേശീയമായി രൂപകൽപ്പന ചെയ്തു വികസിപ്പിച്ചു നിർമിച്ച ഇരട്ട സീറ്റുള്ള പോർവിമാനം എൽസിഎ തേജസിൽ പ്രധാനമന്ത്രി പറന്നു


യാത്രാനുഭവം അവിസ്മരണീയമെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും എൻജിനിയർമാരുടെയും കഴിവുകളിൽ അഭിമാനം പ്രകടിപ്പിച്ചു

ഇതാദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി യുദ്ധവിമാനം പറത്തുന്നത്

ഇന്ത്യൻ വ്യോമസേനയ്ക്ക് അഭിമാന നിമിഷം

സ്വയംപര്യാപ്ത ഭാരതത്തിന് ഉത്തേജനം; ഉയർന്നുവരുന്ന ഇന്ത്യൻ പ്രതിരോധ ഉൽപ്പാദന വൈദഗ്ധ്യത്തിനുള്ള അംഗീകാരം



Posted On: 25 NOV 2023 8:11PM by PIB Thiruvananthpuram

ചരിത്രം കുറിച്ച് പോർവിമാനത്തിൽ പറന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. തദ്ദേശീയമായി രൂപകൽപ്പന ചെയ്തു വികസിപ്പിച്ചു നിർമിച്ച ഇരട്ട സീറ്റുള്ള തേജസ് ലൈറ്റ് കോംബാറ്റ് ഫൈറ്റർ വിമാനത്തിലാണു ബെംഗളൂരുവിൽ ​ശ്രീ മോദി പറന്നത്. ബെംഗളൂരുവിലെ എയർക്രാഫ്റ്റ് സിസ്റ്റംസ് പരിശോധനാകേന്ദ്രത്തിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ യാത്ര. 30 മിനിറ്റ് നീണ്ട പറക്കലിൽ തേജസ് പോർവിമാനത്തിന്റെ ശേഷികൾ പ്രധാനമന്ത്രിക്കു കാട്ടിക്കൊടുത്തു. ഇതാദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്നത്. യാത്ര അവിസ്മരണീയമായിരുന്നെന്നു പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയ്ക്കു ശക്തമായ പ്രോത്സാഹനം നൽകിയ പ്രധാനമന്ത്രി, അത്യാധുനിക യുദ്ധവിമാനങ്ങളുടെ രൂപകൽപ്പന, വികസനം, നിർമാണം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ, എൻജിനിയർമാർ, വിമാനപരിശോധനാസംഘം എന്നിവരെ അഭിനന്ദിച്ചു. ഇന്ത്യൻ എൻജിനിയർമാരുടെയും ശാസ്ത്രജ്ഞരുടെയും കഴിവുകളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

എൽസിഎ പരിശീലനവിമാനം ഭാരം കുറഞ്ഞതും, ഏതു കാലാവസ്ഥയ്ക്കും അനുയോജ്യവും വിവിധ കർത്തവ്യങ്ങൾ നിർവഹിക്കാൻ കഴിയുന്നതുമായ വിമാനമാണ്. അത് ഒറ്റ സീറ്റുള്ള തേജസ് യുദ്ധവിമാനത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുക്കും. പോർവിമാന പരിശീലനത്തിനായി ഇത് ഉപയോഗിക്കാനുമാകും. ഇതാദ്യമായാണ് ഇരട്ട സീറ്റുള്ള തദ്ദേശീയ യുദ്ധവിമാനം ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്നത്. ക്വാഡ്രപ്ലെക്സ് ഫ്ളൈ-ബൈ-വയർ ഫ്ലൈറ്റ് കൺട്രോൾ, അല്ലലില്ലാത്ത ആസൂത്രണം, അത്യാധുനിക ഗ്ലാസ് കോക്ക്പിറ്റ്, സംയോജിത ഡിജിറ്റൽ ഏവിയോണിക്‌സ് സംവിധാനം, എയർഫ്രെയിമിനുള്ള നൂതന സംയോജിത സാമഗ്രികൾ തുടങ്ങി സമകാലിക ആശയങ്ങളുടെയും സാങ്കേതികവിദ്യകളുടെയും സംയോജനത്തോടെയുള്ള അത്യാധുനിക വിമാനമാണിത്. യുദ്ധവിമാനം രാജ്യത്തിന്റെ പ്രതിരോധശേഷിയും തയ്യാറെടുപ്പും മെച്ചപ്പെടുത്തി.

ആശയപരമായ ഘട്ടംമുതൽ മാതൃകാപരിശോധനവരെ വ്യോമസേനയുടെ പരിശോധനാസംഘം തേജസ് പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. വിമാനത്തിന്റെ ആദ്യ പതിപ്പ് 2016-ൽ വ്യോമസേനയുടെ ഭാഗമായി. നിലവിൽ, വ്യോമസേനയുടെ 45 സ്ക്വാഡ്രൺ, 18 സ്ക്വാഡ്രൺ എന്നീ രണ്ടു സ്ക്വാഡ്രണുകൾ പൂർണമായി എൽസിഎ തേജസിനൊപ്പം പ്രവർത്തിക്കുന്നു. 83 എൽസിഎ എംകെ 1എ വിമാനങ്ങൾ വിതരണം ചെയ്യുന്നതിനായി 36,468 കോടി രൂപയുടെ ഓർഡർ എച്ച്എഎലിനു നൽകിയിട്ടുണ്ട്. 2024 ഫെബ്രുവരിയോടെ വിതരണം ആരംഭിക്കും. എച്ച്എഎലിനു നിലവിൽ പ്രതിവർഷം 8 എൽസിഎ വിമാനങ്ങൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ഇത് 2025-ഓടെ എല്ലാ വർഷവും 16 വിമാനങ്ങളായും അടുത്ത 3 വർഷത്തിനുള്ളിൽ എല്ലാ വർഷവും 24 വിമാനങ്ങളായും വർധിപ്പിക്കും.

എൽസിഎ തേജസിന്റെ പരിഷ്കരിച്ചതും കൂടുതൽ മാരകവുമായ പതിപ്പായ എൽസിഎ എംകെ 2 വികസിപ്പിക്കുന്നതിന് 9000 കോടിയിലധികം രൂപ അനുവദിച്ചു. എയർക്രാഫ്റ്റ് എൻജിൻ ഉൾപ്പെടെയുള്ള സ്വദേശിവൽക്കരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, 2023 ജൂണിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനവേളയിൽ ഇന്ത്യയിൽ ജിഇ എൻജിൻ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാൻ ജിഇയുമായി ചർച്ച നടത്തിയിരുന്നു. വരുംവർഷങ്ങളിൽ, ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള ഏറ്റവും വലിയ പോർവിമാനമായി തേജസ് മാറും. പ്രധാനമന്ത്രിയുടെ ഇന്നത്തെ യാത്ര എയ്‌റോനോട്ടിക്സ് ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്കു വലിയ ഉത്തേജനം പകരുകയും ചെയ്യും.

--NS--



(Release ID: 1979849) Visitor Counter : 93


Read this release in: English , Urdu , Hindi , Marathi