ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
ശുചീകരണപ്രക്രിയ, യന്ത്രവൽക്കൃത മാലിന്യനിർമാർജനം, ഉപയോഗിച്ച ജലത്തിന്റെ പരിപാലനം എന്നിവയിൽ നഗരങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം
ദേശീയ ശിൽപ്പശാല സംഘടിപ്പിച്ച് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം
Posted On:
23 NOV 2023 4:06PM by PIB Thiruvananthpuram
ലോക ശൗചാലയ ദിനം 2023ന്റെ ഭാഗമായി 2023 നവംബർ 19 മുതൽ ഡിസംബർ 25 വരെ നടക്കുന്ന ‘വൃത്തിയുള്ള ശൗചാലയം’ യജ്ഞത്തിന് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം (MoHUA) തുടക്കംകുറിച്ചു. പൊതു-സാമൂഹ്യ ശൗചാലയങ്ങളുടെ ഫലപ്രദമായ പ്രവർത്തനത്തിനും സുസ്ഥിര ഭാവിക്കും മുൻഗണന നൽകുകയും ത്വരിതപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ പൊതു-സാമൂഹ്യ ശൗചാലയങ്ങളും വൃത്തിയാക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള അഞ്ചാഴ്ച നീണ്ടുനിൽക്കുന്ന ഉദ്യമങ്ങളാണ് ഈ യജ്ഞത്തിന്റെ ഭാഗമായുള്ളത്. ശുചിത്വം, പ്രവേശനക്ഷമത, രൂപകൽപ്പനയിലെ പുതുമ, പ്രവർത്തനക്ഷമത എന്നിവയ്ക്ക് ഉദാഹരണമായ മാതൃകാ പൊതു ശൗചാലയങ്ങൾ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണു വൃത്തിയുള്ള ശൗചാലയം എന്ന ആഹ്വാനത്തിനു തുടക്കംകുറിച്ചത്. അടുത്ത ഘട്ടമെന്ന നിലയിൽ, ശുചീകരണപ്രക്രിയ, യന്ത്രവൽക്കൃത മാലിന്യനിർമാർജനം, ഉപയോഗിച്ച ജലത്തിന്റെ പരിപാലനം എന്നിവയിൽ നഗരങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്, ആസൂത്രണവും നടപ്പാക്കൽ തന്ത്രവും ചർച്ച ചെയ്യാൻ 2023 നവംബർ 23നും 24നും തമിഴ്നാട്ടിലെ ചെന്നൈയിൽ എസ്ബിഎം-യു 2.0ന് കീഴിൽ രണ്ടു ദിവസത്തെ ദേശീയ ശേഷി കെട്ടിപ്പടുക്കൽ ശിൽപ്പശാല സംഘടിപ്പിക്കുന്നു.
2014-ൽ തുടങ്ങിയ ശുചിത്വ ഭാരത യജ്ഞം ആഗോളതലത്തിൽ ശുചിത്വസമ്പ്രദായങ്ങളിൽ വിപ്ലവം സൃഷ്ടിച്ചു. രണ്ടാം നിര, മുന്നാം നിര നഗരങ്ങളിൽ ശുചീകരണപ്രക്രിയ, യന്ത്രവൽക്കൃത മാലിന്യനിർമാർജനം, ഉപയോഗിച്ച ജലത്തിന്റെ പരിപാലനം എന്നിവ ത്വരിതപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കാര്യക്ഷമമായ നിർവഹണം ഉറപ്പാക്കുന്നതിന് ചെറുപട്ടണങ്ങൾ രൂപകൽപ്പനയിലും നിർവഹണത്തിലും നവീകരണത്തിന്റെയും ഭരണത്തിന്റെയും ചാക്രിക സാമ്പത്തിക സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എസ്ബിഎം-യു 2.0 എടുത്തുകാട്ടുന്നു. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള പഞ്ച്ഗനി, പാടൺ, കരാഡ് തുടങ്ങിയവയും മറ്റു ചില നഗരങ്ങളും ശുചിത്വത്തിലും മാലിന്യസംസ്കരണത്തിലും മാതൃകകളാണ്. മാലിന്യം വേർതിരിക്കാൻ സഹായിക്കുന്ന പഞ്ച്ഗനിയിലെ സ്വച്ഛഗ്രഹികൾ മുതൽ മനോഹരമായ ഹിൽ സ്റ്റേഷനായി മാറുന്ന കച്ര പോയിന്റ് വരെ, പഞ്ച്ഗനി പോലുള്ള ചെറിയ നഗരങ്ങൾ സമഗ്രമായ ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഒരുലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിലെ സമ്പൂർണ ദ്രവമാലിന്യ സംസ്കരണം (എസ്ബിഎം-അർബൻ 2.0 ന് കീഴിൽ അവതരിപ്പിച്ച പുതിയ ഘടകം) മലിനജലം സുരക്ഷിതമായി ഉൾക്കൊള്ളുകയും ശേഖരിക്കുകയും നീക്കം ചെയ്യുകയും സംസ്കരിക്കുകയും ചെയ്യുന്നു. അതിലൂടെ മലിനജലം ജലാശയങ്ങളെ മലിനമാക്കുന്നില്ലെന്ന് ഉറപ്പാക്കും. സൂറത്ത് പോലുള്ള നഗരങ്ങൾ തൃതീയ ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ച് ഉൽപ്പാദിപ്പിക്കുന്ന മലിനജലത്തെ വിഭവമാക്കി മാറ്റുകയും അതുവഴി ശുദ്ധജല സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ശുദ്ധീകരിച്ച മലിനജലം സാമ്പത്തിക വിഭവമായി രൂപപ്പെടുത്തുകയും ചെയ്തു. ഏതു സമയത്തും സജീവമായ, മാലിന്യം യന്ത്രവൽക്കൃതമായി നീക്കം ചെയ്യുന്ന, സ്വകാര്യ ഓപ്പറേറ്റർമാരുമായാണു തിരുച്ചിറപ്പള്ളി പ്രവർത്തിക്കുന്നത്. ഓപ്പറേറ്റർമാർ ശേഖരിക്കുന്ന മലമൂത്രവിസർജ്യങ്ങളും മാലിന്യവും നീക്കം ചെയ്യുന്നതിനായി, നഗരത്തിലുടനീളമുള്ള മലിനജല പമ്പിംഗ് സ്റ്റേഷനുകളിൽ ഡീകാന്റിങ് ക്രമീകരണങ്ങൾ സ്ഥാപിച്ച് സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇത് മുന്നോട്ടു കൊണ്ടുപോകുന്നതിന്, MoHUA-യുടെ രണ്ടുദിവസത്തെ ദേശീയ ശേഷിവികസന ശിൽപ്പശാല ആസൂത്രണവും നടപ്പാക്കൽ തന്ത്രവും ചർച്ച ചെയ്തു. ശുചീകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശിൽപ്പശാല, സംസ്ഥാന ഗവൺമെന്റിന്റെ ഉദ്യോഗസ്ഥ നേതൃത്വത്തിലുള്ള സംസ്ഥാന മിഷൻ ഡയറക്ടർമാർ, സംസ്ഥാന മിഷനിലെ യുഡബ്ല്യുഎമ്മിന്റെ നോഡൽ ഓഫീസർമാർ, നഗരവികസന വകുപ്പിലെ ചീഫ് എൻജിനിയർമാർ, സീനിയർ എൻജിനിയർമാർ എന്നിവരെയും ഈ നഗരങ്ങളിൽ ശുചിത്വം, യന്ത്രവൽകൃത മാലിന്യനിർമാർജനം, യുഡബ്ല്യുഎം നടപ്പാക്കൽ എന്നിവയുടെ ഉത്തരവാദിത്വമുള്ള സഹായ ഏജൻസികൾ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു.
ഗ്രേറ്റർ ചെന്നൈ സിറ്റി കോർപ്പറേഷൻ സാമൂഹ്യ – പൊതു ശൗചാലയങ്ങളുടെ (സിടി/പിടി) പ്രവർത്തനങ്ങളെയും പരിപാലനത്തെയും സംബന്ധിച്ച അനുഭവം പങ്കുവച്ചതിന് ശിൽപ്പശാലയുടെ ആദ്യ ദിവസം സാക്ഷ്യം വഹിച്ചു. തുടർന്ന് ശുചിത്വ മേഖലയിലെ ധനസഹായം, ശുചിത്വ മേഖലയിലെ ഉപജീവന അവസരങ്ങൾ എന്നിവയെക്കുറിച്ച് ASCI, NITI എന്നിവയുടെ കാഴ്ചപ്പാടുകൾ പങ്കുവച്ചു. ബിഎംസി, ഒറീസ, നോയിഡ, മൈസൂർ, തെലങ്കാന, എച്ച്യുഎൽ, ഐഐഎച്ച്എസ്, വാഷ്-1, ഡിയുഎസ്ഐബി എന്നിവ സിടി/പിടികളുടെ പ്രവേശനക്ഷമതയും പ്രവർത്തന-പരിപാലന രീതികളും എടുത്തുകാണിച്ചു. രണ്ടാം സെഷനിൽ അഴുക്കുചാൽ, സെപ്റ്റിക് ടാങ്കുകൾ എന്നിവയുടെ യന്ത്രവൽക്കൃത ശുചീകരണം ശക്തിപ്പെടുത്തൽ; എസ്ആർഎ, ഇആർഎസ്യു എന്നിവ പ്രവർത്തനക്ഷമമാക്കൽ; ശുചീകരണ തൊഴിലാളികളുടെ സുരക്ഷ പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്കൊപ്പം സ്വകാര്യ മേഖലകൾ സഫായ്മിത്ര സുരക്ഷിത് സഹറിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും അവരുടെ പ്രതീക്ഷകളും കച്ചവടമാതൃകകളും പങ്കിട്ടു. എസ്ബിഎം 2.0 ദേശീയ കാഴ്ചപ്പാടിന് കീഴിലുള്ള ശൗചാലയ യാത്രയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി രൂപ മിശ്ര പങ്കുവച്ചു. “ദേശീയ സമീപനത്തിന്റെ ആദ്യ തത്വം ഒരു പ്രത്യേക പദ്ധതി നിശ്ചയിച്ചിട്ടുള്ള പരിധിക്കപ്പുറത്തേക്ക് നീങ്ങുക എന്നതാണ്. ശുദ്ധമായ ഭൂമി, ശുദ്ധജലം, ശുദ്ധവായു എന്നിവയാൽ നിർവചിക്കപ്പെട്ട സുരക്ഷിത ശുചിത്വം കൈവരിക്കുക എന്നതാണ് നമ്മുടെ ആവശ്യം”- ജോയിന്റ് സെക്രട്ടറി പറഞ്ഞു.
NK
(Release ID: 1979231)
Visitor Counter : 120