വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേരളത്തിലും ലക്ഷദ്വീപിലും വികസിത് ഭാരത് സങ്കൽപ് യാത്രക്ക് ഇന്ന് തുടക്കമായി

Posted On: 15 NOV 2023 5:09PM by PIB Thiruvananthpuram

 



ഗോത്ര വര്‍ഗ ശക്തി പ്രയോജനപ്പെടുത്തി ഭാരതത്തിന്റെ വികസനം സാധ്യമാക്കുമെന്ന് കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍

 

ആദിവാസി ക്ഷേമ നടപടികൾ പ്രഖ്യാപിക്കുക മാത്രമല്ല മറിച്ഛ് നടപ്പാക്കല്‍ കൂടി ഉറപ്പു വരുത്തുകയാണ് പ്രധാനമന്ത്രി:  കേന്ദ്രമന്ത്രി ശ്രീ വി. മുരളീധരൻ 

കൊച്ചി: നവംബർ 15, 2023


കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള പ്രധാന ചുവടുവയ്പ്പ് എന്ന നിലയിൽ ആവിഷ്കരിച്ചിട്ടുള്ള 'വികസിത് ഭാരത് സങ്കൽപ്  യാത്ര'യ്ക്ക് കേരളത്തിലും ലക്ഷദ്വീപിലും ഇന്ന് തുടക്കമായി. കേരളത്തിൽ പാലക്കാട് ജില്ലയിലെ അട്ടപ്പാടി അഗളിയിൽ നടന്ന പരിപാടിയിൽ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിവഹിക്കുകയും  ഐഇസി( -Information, Education and Communication) വാൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ-പാർലമെന്ററികാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ അധ്യക്ഷത വഹിച്ചു.


ഗോത്ര വര്‍ഗ ശക്തി പ്രയോജനപ്പെടുത്തി ഭാരതത്തിന്റെ വികസനം സാധ്യമാക്കുമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഗോത്രവര്‍ഗ മേഖലയുടെ വികസനം ത്വരിതപ്പെടുത്താനായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായുള്ള വികസന ദൗത്യത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ആനൂകൂല്യങ്ങളും സൗകര്യങ്ങളും അഗളിയിലും അട്ടപ്പാടിയിലും ഉള്ളവര്‍ക്കും ലഭിക്കട്ടെ എന്നും ഗവര്‍ണര്‍ ആശംസിച്ചു. 24,000 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തെ 220 ഗോത്ര വര്‍ഗ വിഭാഗക്കാര്‍ക്ക് ഗുണം ചെയ്യും. 25 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത, പുരോഗിത രാഷ്ട്രമാക്കുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉള്‍ക്കൊണ്ട് പുനരര്‍പ്പണം നടത്താന്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. 

ഗോത്ര വര്‍ഗങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്‌നം കണ്ടിരുന്ന വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കാനാണ് വികസിത് ഭാരത് സങ്കല്‍പ് യാത്രയെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടു കൂടിയാണ് ഭഗവാന്‍ ബിര്‍സ മുണ്ട ജയന്തി ദിനം ആ യാത്ര ആരംഭിക്കാനായി പ്രധാനമന്ത്രി തെരഞ്ഞെടുത്തത്. ഗോത്രവര്‍ഗം അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ഭാരതവും അഭിവൃദ്ധി പ്രാപിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ഗോത്ര വര്ഗ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം എന്നത് ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി സഹോദരങ്ങളോടുള്ള ആദരവു കൂടിയാണ് ഭഗവാന്‍ ബിര്‍സ മുണ്ട ജയന്തി ദിനത്തില്‍ യാത്രയ്ക്കു തുടക്കം കുറിക്കുന്നതിലൂടെ കാണാനാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ശ്രീ വി. മുരളീധരന്‍ പറഞ്ഞു. 2047-ല്‍ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റണമെന്ന കാഴ്ചപ്പാടോടെയുള്ള വികസന ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സദ്ഭരണത്തിന്റെ ഗുണങ്ങള്‍ എല്ലാവരിലും എത്തിക്കാനുള്ള ശ്രമങ്ങളും അതോടൊപ്പം വേണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലും ഗുണഫലങ്ങള്‍ എത്തിച്ചാല്‍ മാത്രമേ എല്ലാവരിലും വികസനം എത്തി എന്നു പറയാനാകൂ. ആദിവാസി ക്ഷേമ നടപടികൾ പ്രഖ്യാപിക്കുക മാത്രമല്ല മറിച്ഛ് നടപ്പാക്കല്‍ കൂടി ഉറപ്പു വരുത്തുകയാണ് പ്രധാനമന്ത്രി. ഗോത്ര വര്‍ഗ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തില്‍ 194 ശതമാനം വര്‍ധനയാണ് ഇക്കാലയളവില്‍ ഉണ്ടായത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസിത് ഭാരത് സങ്കല്‍പ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിനു മുന്നോടിയായി വിവിധ കേന്ദ്ര പദ്ധതികളുടെ പുതിയ ഗുണഭോക്താക്കള്‍ക്കുള്ള രേഖകള്‍ ചടങ്ങിനോടനുബന്ധിച്ച് ഗവര്‍ണര്‍ വിതരണം ചെയ്തു. വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട സ്റ്റാളുകളും ചടങ്ങിനോടനുബന്ധിച്ചു സ്ഥാപിച്ചിരുന്നു. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ദേശീയ തല ഉദ്ഘാനടത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം വേദിയില്‍ ലൈവ് ആയി പ്രദര്‍ശിപ്പിച്ചു.
 
ലക്ഷദ്വീപിൽ, കവരത്തി സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ശ്രീ സന്ദീപ് കുമാർ ഐഇസി വാൻ ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും ആയ  ശ്രീ അർജുൻ മോഹൻ, എസ് പി (HQ), ശ്രീ സമീർ ശർമ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പങ്കെടുത്തവർ പ്രധാനമന്ത്രിയുടെ പരിപാടി തത്സമയം വീക്ഷിക്കുകയും  വികസിത്   ഭാരത് സങ്കൽപ് പ്രതിജ്ഞയെടുക്കുകയും ചെയ്തു..

വികസിത് ഭാരത് പ്രചാരണം എക്കാലത്തെയും വലിയ ജനസമ്പർക്ക സംരംഭങ്ങളിലൊന്നാണ്. 2024 ജനുവരി 25-നകം 2.55 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളും 3,600-ലധികം നഗര തദ്ദേശ സ്ഥാപനങ്ങളും ഉൾപ്പെടെ രാജ്യത്തെ എല്ലാ ജില്ലകളിലും ഈ പ്രചാരണ പരിപാടി നടത്താൻ ലക്ഷ്യമിടുന്നു.
 
 
 
RRTN/MS/SKY

(Release ID: 1977111) Visitor Counter : 138


Read this release in: English , Urdu , Hindi