റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം  ‘ഇന്ത്യയിലെ റോഡപകടങ്ങൾ-2022’ സംബന്ധിച്ച വാർഷിക റിപ്പോർട്ട് പുറത്തിറക്കി

Posted On: 31 OCT 2023 1:09PM by PIB Thiruvananthpuram

ന്യൂ ഡെൽഹി: ഒക്ടോബർ  31, 2023

‘ഇന്ത്യയിലെ റോഡപകടങ്ങൾ-2022’ സംബന്ധിച്ച വാർഷിക റിപ്പോർട്ട് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കി .ഏഷ്യാ പസഫിക് റോഡ് അപകട  ഡാറ്റാബേസ് (APRAD)  പദ്ധതിയുടെ  കീഴില്‍   യുണൈറ്റഡ് നേഷൻസ് എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫിക് (UNESCAP) നൽകിയിട്ടുള്ള  രൂപമാതൃകയില്‍   2022- കലണ്ടർ  വർഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസ് വകുപ്പുകളിൽ നിന്ന്  ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്.


റിപ്പോര്‍ട്ട് പ്രകാരം, 2022 കലണ്ടര്‍ വര്‍ഷത്തില്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 4,61,312 റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 1,68,491 പേര്‍ മരിക്കുകയും 4,43,366 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങളില്‍ 11.9%, മരണങ്ങളില്‍ 9.4%, പരിക്കുകളില്‍ 15.3% വര്‍ധനയാണ് ഇതു കാണിക്കുന്നത്

അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുക എന്നിവ ഉൾപ്പെടെയുള്ള ഈ അപകടങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളെ   നേരിടാന്‍   സമഗ്രമായ സമീപനം സ്വീകരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത റിപ്പോർട്ട് അടിവരയിടുന്നു. ഗതാഗത നിയമനിർവ്വഹണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഡ്രൈവർമാർക്ക് നൽകുന്ന ബോധവത്ക്കരണവും പരിശീലന പരിപാടികളും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് നിർണ്ണായകമാണ്. ഇതോടൊപ്പം റോഡുകളുടെയും വാഹനങ്ങളുടെയും   നിലവാരം  മെച്ചപ്പെടുത്തുന്നതിന് കൂടുതൽ നിക്ഷേപം നടത്തേണ്ടതും അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആധുനിക ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കൽ, റോഡ് സുരക്ഷാ ഓഡിറ്റുകൾ, റോഡ്-ഗതാഗതത്തെ സംബന്ധിച്ച് ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളെക്കുറിച്ച് പഠിക്കാനുള്ള അന്താരാഷ്ട്ര സഹകരണം തുടങ്ങിയ സംരംഭങ്ങളിലെല്ലാം  റോഡ്-ഗതാഗത മന്ത്രാലയം സജീവമായി ഇടപെടുന്നുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി, അപകടങ്ങളെ കുറിച്ചുളള തത്സമയ വിശകലനത്തിനായി   ഇലക്ട്രോണിക് ഡീറ്റെയ്ല്‍ഡ് ആക്‌സിഡന്റ് റിപ്പോര്‍ട്ട്    (e-DAR), വാഹനാപകടങ്ങളെ ചെറുക്കുന്നതിന് ഓട്ടോമേറ്റഡ് വാഹന പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങിയ പുതിയ ചുവടുവയ്പ്പുകളും നടപ്പിലാക്കുന്നുണ്ട്.

റോഡ് സുരക്ഷാ മേഖലയില്‍ നയങ്ങള്‍ രൂപീകരിക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും 'ഇന്ത്യയിലെ റോഡപകടങ്ങള്‍ 2022' എന്ന പ്രസിദ്ധീകരണം വിലപ്പെട്ട സ്രോതസാണ്.   റോഡപകടങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, കാരണങ്ങൾ, അപകടസ്ഥലങ്ങൾ, വിവിധ വിഭാഗങ്ങളിലെ റോഡ് ഉപയോക്താക്കളിൽ ഇവ ചെലുത്തുന്ന സ്വാധീനം എന്നിവയുൾപ്പെടെയുള്ളയെ കുറിച്ച് ഈ റിപ്പോർട്ട് വിശദമായ ഉൾക്കാഴ്ചകൾ നൽകുന്നു. ഈ മേഖലയിലെ  നൂതന പ്രവണതകൾ, വെല്ലുവിളികൾ, മന്ത്രാലയത്തിന്റെ റോഡ് സുരക്ഷാ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ടിൽ വെളിച്ചം വീശുന്നുണ്ട്.

 പൂർണ്ണ റിപ്പോർട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 
SKY

(Release ID: 1973394) Visitor Counter : 246