പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുംബൈയില്‍ 141-ാമത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 14 OCT 2023 10:10PM by PIB Thiruvananthpuram

ഐഒസി പ്രസിഡന്റ് ശ്രീ. തോമസ് ബാക്ക്, ഐഒസിയുടെ ബഹുമാനപ്പെട്ട അംഗം, എല്ലാ അന്താരാഷ്ട്ര കായിക ഫെഡറേഷനുകളും, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ എല്ലാ പ്രതിനിധികളും. 

മഹതികളെ മാന്യന്മാരെ!140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി, ഈ പ്രത്യേക പരിപാടിയില്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. രാജ്യാന്തര ഒളിമ്പിക്സ് അസോസിയേഷന്റെ 141-ാമത് സെഷന്‍ ഇന്ത്യയില്‍ നടക്കുന്നുവെന്നത് ഏറെ പ്രത്യേകതയുള്ളതാണ്. 40 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു ഐഒസി സെഷന്‍ നടക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരമായ കാര്യമാണ്.

സുഹൃത്തുക്കളേ,

ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ്, അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ ഇന്ത്യ ഗംഭീര വിജയം നേടിയിരുന്നു. ഈ ചരിത്ര വിജയത്തില്‍ ടീം ഇന്ത്യയെയും എല്ലാ ഇന്ത്യക്കാരെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഭാരതത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെയും ജീവിതശൈലിയുടെയും പ്രധാന ഭാഗമാണ് കായികം. നിങ്ങള്‍ ഭാരതത്തിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാല്‍, കായികം ഇല്ലാതെ എല്ലാ ഉത്സവങ്ങളും അപൂര്‍ണ്ണമാണെന്ന് നിങ്ങള്‍ക്ക് മനസിലാകും. നമ്മള്‍ ഇന്ത്യക്കാര്‍ വെറും കായിക പ്രേമികള്‍ മാത്രമല്ല, കായികത്തിലൂടെ ജീവിക്കുന്ന ആള്‍ക്കാര്‍ കൂടിയാണ്. ആയിരക്കണക്കിന് വര്‍ഷത്തെ നമ്മുടെ ചരിത്രത്തില്‍ ഇത് പ്രതിഫലിക്കുന്നു. അത് സിന്ധുനദീതട സംസ്‌കാരമായാലും, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വേദകാലമായാലും, അതിനു ശേഷമുള്ള കാലഘട്ടമായാലും, കായികവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പൈതൃകം എല്ലാ കാലഘട്ടത്തിലും വളരെ സമ്പന്നമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ നമ്മുടെ ഗ്രന്ഥങ്ങളില്‍ ഒരാള്‍ 64 വിഷയങ്ങളില്‍ പ്രാവീണ്യം നേടിയതായി പറയുന്നുണ്ട്. കുതിര സവാരി, അമ്പെയ്ത്ത്, നീന്തല്‍, ഗുസ്തി തുടങ്ങിയ കായിക ഇനങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ വിഷയങ്ങളില്‍ പലതും. ഇത്തരം കഴിവുകള്‍ പ്രധാനമാണെന്ന് കരുതി പഠിക്കുന്നതിന് ഊന്നല്‍ നല്‍കിയിരുന്നു. ധനുര്‍വേദ സംഹിത മുഴുവന്‍ അമ്പെയ്ത്ത് പഠിക്കാന്‍ എഴുതിയതാണ്. ഈ സംഹിതയില്‍ ഒരിടത്ത് ഇങ്ങനെ പറയുന്നു-

धनुश चकरन्च् कुन्तन्च् खडगन्च् क्षुरिका गदा।

सप्तमम् बाहु युद्धम्, स्या-देवम्, युद्धानी सप्तधा।

അതായത്, അമ്പെയ്തുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് 7 തരം കഴിവുകള്‍ ഉണ്ടായിരിക്കണം.  വില്ലും അമ്പും, ചക്രം, കുന്തം അതായത് ഇന്നത്തെ ജാവലിന്‍ ത്രോ, വാള്‍പ്പയറ്റ്‌, ഗദ, ഗുസ്തി എന്നിവ ഉള്‍പ്പെടുന്നു.

സുഹൃത്തുക്കളേ, 

ആയിരക്കണക്കിന് വര്‍ഷത്തെ നമ്മുടെ കായിക പാരമ്പര്യത്തിന് നിരവധി ശാസ്ത്രീയ തെളിവുകള്‍ ഉണ്ട്.  മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെ, കച്ചില്‍, ധോലവീരയെന്ന യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമുണ്ട്. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ വലുതും സമ്പന്നവുമായ ഒരു തുറമുഖ നഗരമായിരുന്നു ധോലവീര. നഗര ആസൂത്രണത്തോടൊപ്പം, ഈ പുരാതന നഗരത്തില്‍ കായിക അടിസ്ഥാന സൗകര്യങ്ങളുടെ ഒരു അത്ഭുതകരമായ മാതൃകയും കണ്ടെത്തിയിട്ടുണ്ട്. ഖനനത്തിനിടെ ഇവിടെ രണ്ട് സ്റ്റേഡിയങ്ങള്‍ കണ്ടെത്തി. അതിലൊന്നാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്റ്റേഡിയവും അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയവുമാണ്. 5000 വര്‍ഷം പഴക്കമുള്ള ഈ സ്റ്റേഡിയത്തില്‍ ഒരേസമയം 10,000 പേര്‍ക്ക് ഇരിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ഇന്ത്യയിലെ മറ്റൊരു പുരാതന സ്ഥലമായ രാഖിഗര്‍ഹിയിലും കായിക മേഖലയുമായി ബന്ധപ്പെട്ട നിര്‍മ്മിതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഭാരതത്തി്‌ന്റെ ഈ പൈതൃകം ലോകത്തിന്റെ മുഴുവന്‍ പൈതൃകമാണ്.

സുഹൃത്തുക്കളേ,

കായികരംഗത്ത് തോറ്റവരില്ല, വിജയികളും പഠിതാക്കളും മാത്രമാണുള്ളത്. കായികരംഗത്തിന്റെ ഭാഷയും ആത്മാവും സാര്‍വത്രികമാണ്.  സ്‌പോര്‍ട്‌സ് വെറും മത്സരമല്ല. അത് മനുഷ്യരാശിക്ക് വികസിക്കാനുള്ള അവസരം കൂടി  നല്‍കുന്നു. ആരു റെക്കോര്‍ഡുകള്‍ തകര്‍ത്താലും ലോകം മുഴുവന്‍ അവനെ സ്വാഗതം ചെയ്യുന്നു. വസുധൈവ കുടുംബകം, അതായത് ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന നമ്മുടെ വികാരത്തെ കായികരംഗം ശക്തിപ്പെടുത്തുന്നു. അതിനാല്‍, എല്ലാ തലങ്ങളിലും കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങളുടെ ഗവണ്‍മെന്റ് പൂര്‍ണ്ണ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു. ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസ്, പാര്‍ലമെന്റ് അംഗ കായിക മത്സരം, ഉടന്‍ നടക്കാനിരിക്കുന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസ് എന്നിവ ഭാരതത്തിലെ കായിക വികസനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയോടുള്ള ഉദാഹരണങ്ങളാണ്. രാജ്യത്തെ കായിക രംഗത്തെ വികസനത്തിനായി ഉള്‍ക്കൊള്ളുന്നതിലും വൈവിധ്യത്തിലും ഞങ്ങള്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സുഹൃത്തുക്കളേ,

കായികരംഗത്ത് ഇന്ത്യയുടെ ഈ ശ്രദ്ധ കാരണം, ഇന്ന് ഇന്ത്യ അന്താരാഷ്ട്ര മത്സരങ്ങളില്‍ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ഒളിമ്പിക്സില്‍ നിരവധി ഇന്ത്യന്‍ കായിക താരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയത്. അടുത്തിടെ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ചരിത്ര പ്രകടനമാണ് കാഴ്ചവെച്ചത്. അതിനുമുമ്പ് നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലും നമ്മുടെ യുവ കായികതാരങ്ങള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ഇത് ഇന്ത്യയില്‍ മാറിക്കൊണ്ടിരിക്കുന്നതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ കായികഭൂമികയുടെ ദിശാസൂചികയാണ്. 

സുഹൃത്തുക്കളേ,

വര്‍ഷങ്ങളായി, എല്ലാത്തരം ആഗോള കായിക ടൂര്‍ണമെന്റുകളും സംഘടിപ്പിക്കാനുള്ള കഴിവ് ഇന്ത്യ തെളിയിച്ചിട്ടുണ്ട്. ഞങ്ങള്‍ അടുത്തിടെ ചെസ്സ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചു, അതില്‍ ലോകത്തിലെ 186 രാജ്യങ്ങള്‍ പങ്കെടുത്തു. ഞങ്ങള്‍ ഫുട്‌ബോള്‍ അണ്ടര്‍-17, വനിതാ ലോകകപ്പ്, പുരുഷ ഹോക്കി ലോകകപ്പ്, വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്, ഷൂട്ടിംഗ് ലോകകപ്പ് എന്നിവയ്ക്കും ആതിഥേയത്വം വഹിച്ചു. എല്ലാ വര്‍ഷവും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്ന് ഇന്ത്യ സംഘടിപ്പിക്കാറുണ്ട്. നിലവില്‍ ഇന്ത്യയിലും ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നുണ്ട്. ആവേശത്തിന്റെ ഈ അന്തരീക്ഷത്തില്‍, ഐഒസിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതായി കേള്‍ക്കുന്നതും എല്ലാവര്‍ക്കും സന്തോഷകരമാണ്. ഇതുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ഉടന്‍ കേള്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ,

ആഗോള പരിപാടികള്‍ സംഘടിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ സ്വാഗതം ചെയ്യാനുള്ള അവസരമാണ്. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയും നന്നായി വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളും കാരണം വലിയ ആഗോള പരിപാടികള്‍ക്ക് ഇന്ത്യ തയ്യാറാണ്. ഇന്ത്യയുടെ ജി-20 പ്രസിഡന്റായ കാലത്തും ലോകം ഇത് കണ്ടതാണ്. രാജ്യത്തെ 60-ലധികം നഗരങ്ങളില്‍ ഞങ്ങള്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ് മുതല്‍ എല്ലാ മേഖലകളിലും ഞങ്ങളുടെ സംഘടനാ ശേഷിയുടെ തെളിവാണിത്. അതുകൊണ്ട് 140 കോടി ഇന്ത്യക്കാരുടെ എല്ലാ വികാരങ്ങളും ഇന്ന് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വന്തം മണ്ണില്‍ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതില്‍ ഇന്ത്യ വളരെ ആവേശത്തിലാണ്.


2036-ല്‍ ഭാരതത്തില്‍ ഒളിമ്പിക്സിന്റെ വിജയകരമായ ആതിഥേയത്വം ഉറപ്പാക്കാനുള്ള ശ്രമങ്ങളില്‍ ഭാരതം ഒരു സാധ്യതയും ഉപേക്ഷിക്കില്ല. ഇത് 140 കോടി ഇന്ത്യക്കാരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്നവും അഭിലാഷവുമാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ ഞങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്വപ്നമാണിത്. 2036-ലെ ഒളിമ്പിക്സിന് മുമ്പുതന്നെ, 2029-ല്‍ യൂത്ത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഭാരതം താല്‍പ്പര്യപ്പെടുന്നു. ഭാരതത്തിന് ഐഒസിയുടെ തുടര്‍ച്ചയായ പിന്തുണ തുടര്‍ന്നും ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

കായിക രംഗം മെഡലുകള്‍ നേടാനുള്ള ഉപാധി മാത്രമല്ല; അത് ഹൃദയങ്ങളെ നേടാനുള്ള ഒരു വഴിയാണ്. കായികരംഗം എല്ലാവരുടേതും എല്ലാവര്‍ക്കും വേണ്ടിയുള്ളതുമാണ്. ഇത് ചാമ്പ്യന്മാരെ രൂപപ്പെടുത്തുക മാത്രമല്ല, സമാധാനം, പുരോഗതി, ആരോഗ്യം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, ലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള മറ്റൊരു ശക്തമായ മാധ്യമമാണ് സ്‌പോര്‍ട്‌സ്. നിങ്ങളുടെ മുന്‍പില്‍ ഒളിമ്പിക് മുദ്രാവാക്യം ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: വേഗത്തില്‍  ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച്. 141-ാമത് ഐഒസി സെഷനിലെ എല്ലാ അതിഥികള്‍ക്കും പ്രസിഡന്റ് തോമസ് ബാക്കിനും എല്ലാ പ്രതിനിധികള്‍ക്കും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും നിങ്ങള്‍ എടുക്കേണ്ടതുണ്ട്. ഞാന്‍ ഇപ്പോള്‍ ഈ സമ്മേളനം ആരംഭിച്ചതായി പ്രഖ്യാപിക്കുന്നു.

--NS--


(Release ID: 1969071) Visitor Counter : 101