രാജ്യരക്ഷാ മന്ത്രാലയം
രാജ്യ രക്ഷാ മന്ത്രിയും ഫ്രഞ്ച് സായുധ സേനാ മന്ത്രിയും പാരീസിൽ അഞ്ചാമത് വാർഷിക പ്രതിരോധ സംഭാഷണം നടത്തി
Posted On:
12 OCT 2023 11:27AM by PIB Thiruvananthpuram
ശ്രീ രാജ്‌നാഥ് സിംഗ് തന്റെ ദ്വിരാഷ്ട്ര യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി
ന്യൂ ഡൽഹി: ഒക്ടോബര് 12, 2023
രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് തന്റെ ദ്വിരാഷ്ട്ര യൂറോപ്പ് പര്യടനം അവസാനിപ്പിക്കുന്നതിന് മുമ്പ് 2023 ഒക്ടോബർ 11 ന് പാരീസിൽ ഫ്രഞ്ച് സായുധ സേനാ മന്ത്രി Mr സെബാസ്റ്റ്യൻ ലെകോർനുവുമായി അഞ്ചാമത് വാർഷിക പ്രതിരോധ സംഭാഷണം നടത്തി. പ്രാദേശിക സാഹചര്യം വിലയിരുത്തുന്നത് മുതൽ സൈനിക ഇടപെടലുകൾ വരെയുള്ള വിപുലമായ വിഷയങ്ങളും പ്രതിരോധ വ്യാവസായിക സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചും ഇരു മന്ത്രിമാരും ചർച്ച ചെയ്തു.
നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധ പദ്ധതികൾ മന്ത്രിമാർ അവലോകനം ചെയ്യുകയും ഇരു രാജ്യങ്ങളിലെയും പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ബഹിരാകാശം, സൈബർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ സാധ്യതയുള്ള സഹകരണത്തെക്കുറിച്ചും അവർ ചർച്ച ചെയ്തു.
നേരത്തെ ശ്രീ രാജ്‌നാഥ് സിംഗ്, പാരീസിനടുത്തുള്ള ജെൻവില്ലിയേസിലെ സഫ്രാൻ എഞ്ചിൻ ഡിവിഷന്റെ ഗവേഷണ-വികസന കേന്ദ്രം സന്ദർശിക്കുകയും എയ്‌റോ എഞ്ചിൻ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള സഹകരണത്തിനുള്ള സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫ്രഞ്ച് പ്രതിരോധ കമ്പനികളുടെ സിഇഒമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മൂന്നാം രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ സാധ്യതകൾ ഉൾപ്പെടെ, ഇന്ത്യയുമായി സഹകരിച്ചുള്ള വികസനത്തിന്റെയും ഉൽപ്പാദനത്തിന്റെയും നേട്ടങ്ങൾ ശ്രീ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. മികച്ച വൈദഗ്ധ്യമുള്ള മനുഷ്യ വിഭവ ശേഷി, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ശക്തമായ നിയമ സംവിധാങ്ങൾ എന്നിങ്ങനെ ഇന്ത്യൻ വിപണിയുടെ അന്തർലീനമായ നേട്ടങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. 2023 ഒക്‌ടോബർ 10-ന് പാരീസിലെത്തിയ ശേഷം, രാജ്യ രക്ഷാ മന്ത്രി അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി സംവദിച്ചു.
തന്റെ ദ്വിരാഷ്ട്ര പര്യടനത്തിന്റെ ആദ്യ പാദത്തിൽ ശ്രീ രാജ്‌നാഥ് സിംഗ്, റോമിൽ ഇറ്റാലിയൻ പ്രതിരോധ മന്ത്രി Mr ഗിഡോ ക്രോസെറ്റോയുമായി ചർച്ച നടത്തി. സുരക്ഷ, പ്രതിരോധ നയം, ഗവേഷണ-വികസനം, സൈനിക മേഖലയിലെ വിദ്യാഭ്യാസം, സമുദ്ര മേഖലയെക്കുറിച്ചുള്ള അവബോധം, പ്രതിരോധ വിവരങ്ങളുടെ പങ്കുവയ്ക്കൽ, കൂടാതെ സംയുക്ത വികസനം-നിർമ്മാണം-സംരംഭങ്ങളുടെ സജ്ജീകരണം എന്നിവ ഉൾപ്പെടെ വ്യാവസായിക സഹകരണം തുടങ്ങി പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് നടത്തി. തുടർന്ന് പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ച കരാർ ഒപ്പുവച്ചു. സന്ദർശനത്തിന്റെ ഭാഗമായി ഇറ്റാലിയൻ പ്രതിരോധ കമ്പനികളുടെ സിഇഒമാരുമായും മറ്റ് വ്യവസായ പ്രമുഖരുമായും അദ്ദേഹം റോമിൽ കൂടിക്കാഴ്ച നടത്തി.
(Release ID: 1967038)
Visitor Counter : 101