പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവ് 2023ന്റെ സമാപന ചടങ്ങിലും വാരണാസിയിലെ അടല്‍ ആവാസീയ വിദ്യാലയങ്ങളുടെ സമര്‍പ്പണ ചടങ്ങിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 23 SEP 2023 8:04PM by PIB Thiruvananthpuram

ഹര്‍ ഹര്‍ മഹാദേവ്!

ഉത്തര്‍പ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, വേദിയിലെ ബഹുമാന്യ അതിഥികളെ, കാശി സന്‍സദ് സാംസ്‌കാരിക മഹോത്സവത്തിലെ സഹ പങ്കാളികളെ, രുദ്രാക്ഷ കേന്ദ്രത്തില്‍ സന്നിഹിതരായ എന്റെ പ്രിയപ്പെട്ട കാശി നിവാസികളെ!

പരമശിവന്റെ അനുഗ്രഹത്താല്‍ കാശിയുടെ പ്രശസ്തി ഇന്ന് പുതിയ ഉയരങ്ങളിലെത്തുകയാണ്. ജി 20 ഉച്ചകോടിയിലൂടെ ഭാരതം ലോക വേദിയില്‍ പതാക ഉയര്‍ത്തിയെങ്കിലും കാശിയെക്കുറിച്ചുള്ള ചര്‍ച്ച പ്രത്യേകമാണ്. കാശിയുടെ സേവനം, രുചി, സംസ്‌കാരം, സംഗീതം... ജി 20 യില്‍ അതിഥിയായി കാശിയിലെത്തിയ എല്ലാവരും അത് തിരികെ പോകുമ്പോള്‍ ഓര്‍മകളിലേക്ക് കൊണ്ടുപോയി. ശിവന്റെ അനുഗ്രഹം കൊണ്ടാണ് ജി20യുടെ അവിശ്വസനീയമായ വിജയം സാധ്യമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളെ,
ബാബയുടെ കൃപയാല്‍ കാശി ഇപ്പോള്‍ അഭൂതപൂര്‍വമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു. നിങ്ങള്‍ക്കും തോന്നുന്നുണ്ടോ ഇല്ലയോ? നിങ്ങള്‍ പറഞ്ഞാലേ എനിക്ക് അറിയാന്‍ കഴിയൂ. ഞാന്‍ പറയുന്നത് സത്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടോ? കാശി തിളങ്ങുന്നുണ്ടോ? കാശിയുടെ പ്രശസ്തി ലോകമെമ്പാടും വ്യാപിക്കുകയാണോ?

സുഹൃത്തുക്കളെ,
ഇന്ന് ഞാന്‍ വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു, ഉത്തര്‍പ്രദേശിലെ 16 അടല്‍ അവാസിയ വിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ നേട്ടങ്ങള്‍ക്കെല്ലാം കാശിയിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഉത്തര്‍പ്രദേശിലെ ജനങ്ങളെയും എന്റെ തൊഴിലാളി കുടുംബങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.

എന്റെ കുടുംബാംഗങ്ങളെ,
2014ല്‍ ഇവിടെനിന്ന് എംപിയായപ്പോള്‍ കാശിയെക്കുറിച്ച് ഒരു ദര്‍ശനം ഉണ്ടായിരുന്നു. വികസനത്തിന്റെയും പൈതൃകത്തിന്റെയും ആ സ്വപ്നം ഇന്ന് ക്രമേണ യാഥാര്‍ത്ഥ്യമാകുകയാണ്. ഡല്‍ഹിയിലെ തിരക്കുകള്‍ക്കിടയിലും, നിങ്ങളുടെ കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവത്തിലെ സംഭവവികാസങ്ങള്‍ ഞാന്‍ നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരുന്നു, രാത്രി വൈകി എത്തുമ്പോഴും, എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ ഞാന്‍ കുറച്ച് മിനിറ്റ് വീഡിയോകള്‍ കാണുമായിരുന്നു. നിങ്ങളുടെ അവതരണങ്ങള്‍ ഞാന്‍ കണ്ടു, അത് വളരെ ശ്രദ്ധേയമായിരുന്നു- അതിശയകരമായ സംഗീതം, അതിശയകരമായ പ്രകടനങ്ങള്‍! ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവത്തിലൂടെ ഈ പ്രദേശത്തെ നിരവധി പ്രതിഭകളുമായി നേരിട്ട് ബന്ധപ്പെടാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ പരിപാടി ആരംഭിച്ചിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. എന്നിട്ടും ഏതാണ്ട് 40,000 ആളുകളും കലാകാരന്മാരും ലക്ഷക്കണക്കിന് കാണികളും ഇത് ആസ്വദിക്കാന്‍ നേരിട്ട് എത്തി. വാരണാസിയിലെ ജനങ്ങളുടെ പരിശ്രമത്തിലൂടെ വരും വര്‍ഷങ്ങളില്‍ ഈ സാംസ്‌കാരികോത്സവം കാശിയുടെ സവിശേഷതയായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന്റെ ജനപ്രീതി വളരെയധികം വര്‍ദ്ധിക്കാന്‍ പോകുന്നു. എല്ലാവരും ഈ മത്സരത്തില്‍ പങ്കെടുത്തുവെന്നും അതില്‍ ഒരു സമ്മാനം ലഭിച്ചുവെന്നും എഴുതും. കൂടാതെ, ലോകം ചോദിക്കും: 'ഓ, നിങ്ങള്‍ അതില്‍ ഒന്നാം സ്ഥാനത്തായിരുന്നോ? വരൂ, നിങ്ങള്‍ക്ക് ഒരു അഭിമുഖം ആവശ്യമില്ല; നിങ്ങള്‍ ഇതിനകം തന്നെ ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞു.' അത് സംഭവിക്കാന്‍ പോകുന്നു. താമസിയാതെ കാശി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഒരു പുതിയ ആകര്‍ഷണമായി മാറും.

എന്റെ കുടുംബാംഗങ്ങളെ,
കാശിയും അതിന്റെ സംസ്‌കാരവും ഒരേ വസ്തുവിന് രണ്ട് പേരുകളാണ്; ഒരേ ഊര്‍ജ്ജത്തിനുള്ള രണ്ട് പേരുകള്‍. നിങ്ങള്‍ക്ക് അവയെ വേര്‍പെടുത്താന്‍ കഴിയില്ല. കൂടാതെ രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന അഭിമാനകരമായ സ്ഥാനം കാശി നേടിയിട്ടുണ്ട്. കാശിയിലെ ഓരോ ഇടവഴികളിലും പാട്ടുകള്‍ മുഴങ്ങുന്നു. ഇത് സ്വാഭാവികമാണ്, കാരണം ഇത് നടരാജന്റെ നഗരമാണ്. കൂടാതെ എല്ലാ നൃത്തരൂപങ്ങളും നടരാജന്റെ താണ്ഡവത്തില്‍ നിന്നാണ് ഉത്ഭവിച്ചത്. എല്ലാ സംഗീത സ്വരങ്ങളും ഭഗവാന്‍ ശിവന്റെ 'ഡമരു'വില്‍ നിന്നാണ് ജനിച്ചത്. എല്ലാ കലാരൂപങ്ങളും ബാബയുടെ ചിന്തകളില്‍ നിന്നാണ് പിറവിയെടുത്തത്. ഈ കലകളും രൂപങ്ങളും ക്രമീകരിച്ചതും വികസിപ്പിച്ചതും മഹാനായ ഋഷിമാരും മറ്റ് പുരാതന പണ്ഡിതന്മാരുമാണ്. കാശി എന്നാല്‍ 'ഏഴു കാലവും ഒമ്പത് ഉത്സവങ്ങളും' എന്നാണ്. അതിനാല്‍, സംഗീതവും നൃത്തവും ഇല്ലാതെ ഒരു ഉത്സവവും പൂര്‍ത്തിയാകില്ല. അത് ഗൃഹസംഗമമായാലും ബുദ്ധ മംഗളായാലും ഭാരത് മിലാപ്പായാലും നാഗ് നത്തയ്യയായാലും സങ്കടമോചന്റെ സംഗീതാഘോഷമായാലും ദേവ് ദീപാവലി ആയാലും ഇവിടെ എല്ലാം ഈണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.

സുഹൃത്തുക്കളെ,
കാശിയില്‍, ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യം എന്നതുപോലെ മഹത്വമേറിയതാണ് ഇവിടുത്തെ നാടോടി സംഗീതവും. രണ്ടും ഒരുപോലെ അസാധാരണമാണ്. തബല, ഷെഹ്നായി, സിത്താര്‍ എന്നിവ കാണാം. ഇവിടെ, സാരംഗിയുടെ ഈണങ്ങള്‍ മുഴങ്ങുന്നു, വീണയുണ്ട്. ഖയാല്‍, തുംരി, ദാദ്ര, ചൈതി, കജ്രി തുടങ്ങിയ വിവിധ രൂപങ്ങള്‍ നൂറ്റാണ്ടുകളായി കാശി സംരക്ഷിച്ചു. തലമുറകളിലൂടെയും ഗുരു-ശിഷ്യ പാരമ്പര്യങ്ങളിലൂടെയും കുടുംബങ്ങള്‍ ഭാരതത്തിന്റെ ഈ മധുരാത്മാവിനെ ജീവനോടെ നിലനിര്‍ത്തുന്നു. ബനാറസിലെ ടെലിയ, പിയാരി, രാമപുര-കബീര്‍ ചൗര മൊഹല്ല എന്നിവിടങ്ങളില്‍ നിന്നുള്ള സംഗീതജ്ഞര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പൈതൃകം അതില്‍ തന്നെ സമ്പന്നമാണ്! ലോകത്ത് തങ്ങളുടെ മുദ്ര പതിപ്പിച്ച നിരവധി കലാകാരന്മാരെ വാരണാസി സൃഷ്ടിച്ചിട്ടുണ്ട്. ഞാന്‍ അവരുടെ യെല്ലാം പേരുകള്‍ പരാമര്‍ശിക്കാന്‍ തുടങ്ങിയാല്‍, അത് പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ എടുത്തേക്കാം. ആഗോളതലത്തില്‍ അറിയപ്പെടുന്ന നിരവധി പേരുകള്‍ ഇവിടെ നമ്മുടെ മുമ്പിലുണ്ട്. വാരണാസിയിലെ അത്തരത്തിലുള്ള നിരവധി സാംസ്‌കാരിക ഗുരുക്കന്മാരെ കാണാനും സമയം ചെലവഴിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്.

സുഹൃത്തുക്കളെ,
ഇന്ന്, കാശി സന്‍സദ് ഖേല്‍ പ്രതിയോഗിത പോര്‍ട്ടല്‍ ഇവിടെ ആരംഭിച്ചു. സന്‍സദ് ഖേല്‍ പ്രതിയോഗിതയായാലും സന്‍സദ് സംസ്‌കൃതിക് മഹോത്സവമായാലും കാശിയിലെ പുതിയ പാരമ്പര്യങ്ങളുടെ തുടക്കമാണിത്. ഇപ്പോള്‍ നാം കാശി സന്‍സദ് ജ്ഞാനപ്രതിയോഗിതയും സംഘടിപ്പിക്കും. കാശിയുടെ ചരിത്രം, സമ്പന്നമായ പൈതൃകം, ഉത്സവങ്ങള്‍, പാചകരീതികള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനാണ് ശ്രമം. വാരണാസിയിലെ നഗര, ഗ്രാമ പ്രദേശങ്ങളില്‍ വിവിധ തലങ്ങളില്‍ സന്‍സദ് ജ്ഞാനപ്രതിയോഗിതയും നടക്കും.

സുഹൃത്തുക്കളെ,
കാശിയിലെ ജനങ്ങള്‍ക്ക് കാശിയെക്കുറിച്ച് കൂടുതല്‍ അറിയാം, ഇവിടെയുള്ള ഓരോ വ്യക്തിയും ഓരോ കുടുംബവും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍, കാശിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. എന്നാല്‍ അതേ സമയം, എല്ലാവര്‍ക്കും കാശിയെക്കുറിച്ചുള്ള അറിവ് ഫലപ്രദമായി ആശയവിനിമയം നടത്താന്‍ കഴിയേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ടാവാം ഇന്ത്യയില്‍ ആദ്യമായി ഇഎന്തെങ്കിലുമൊന്നു തുടങ്ങണമെന്നു ഞാന്‍ ആഗ്രഹിച്ചത് ഇവിടെയാണ്. എല്ലാവരും ഇതിന്റെ ഭാഗമാകുമോ? ഞാന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയില്ലായിരിക്കാം, പക്ഷേ നിങ്ങള്‍ ഇതിനകം സഹകരിക്കാമെന്നു പറഞ്ഞുകഴിഞ്ഞു. ഇന്ന് ഏത് ടൂറിസ്റ്റ് സ്ഥലത്തിനും, ഏത് തീര്‍ത്ഥാടന കേന്ദ്രത്തിനും മികച്ച ഗൈഡുകള്‍ ആവശ്യമാണെന്ന് നിങ്ങള്‍ക്കറിയാം. ഗൈഡ് അറിവുള്ളയാളും വിവരമുള്ള ആളുമായിരിക്കണം. അവ്യക്തത പാടില്ല. കാശിക്ക് 200 വര്‍ഷം പഴക്കമുണ്ടെന്ന് ഒരാള്‍ പറയും, 250 വര്‍ഷം പഴക്കമുണ്ടെന്ന് മറ്റൊരാള്‍ പറയും, 300 വര്‍ഷം പഴക്കമുണ്ടെന്ന് മറ്റൊരാള്‍ പറയും. യഥാര്‍ത്ഥത്തില്‍ 240 ആണ്. ഈ കരുത്തു കാശിയിലായിരിക്കണം. ഇക്കാലത്ത്, ഒരു ടൂറിസ്റ്റ് ഗൈഡ് എന്നത് ഒരു പ്രധാന തൊഴില്‍ സ്രോതസ്സായി മാറുകയാണ്, കാരണം ഇവിടെ വരുന്ന വിനോദസഞ്ചാരി എല്ലാം അറിയാന്‍ ആഗ്രഹിക്കുന്നു, കൂടാതെ ടൂറിസ്റ്റ് ഗൈഡിന് പണം നല്‍കാനും അവന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, എനിക്ക് ഒരു ആഗ്രഹമുണ്ട്. അതിനു ഞാന്‍ തുടക്കമിടുകയാണ്. നാം ഇപ്പോള്‍ കാശി സന്‍സദ് ടൂറിസ്റ്റ് ഗൈഡ് മത്സരം സംഘടിപ്പിക്കും. നിങ്ങള്‍ ഒരു വഴികാട്ടിയാകുകയും ആളുകള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുനല്‍കുകയും പ്രതിഫലം നേടുകയും ചെയ്യുന്നു. വഴികാട്ടികളുടെ ഒരു സംസ്‌കാരം ഈ നഗരത്തില്‍ വികസിച്ചുവരികയാണെന്ന് ഇതുവഴി ആളുകള്‍ക്ക് മനസ്സിലാകും. എന്റെ കാശിയുടെ പേര് ലോകമെമ്പാടും പ്രതിധ്വനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഈ ജോലി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്തെവിടെയെങ്കിലും ആരെങ്കിലും ഒരു വഴികാട്ടിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, കാശിയിലെ ഗൈഡുകളുടെ പേര് അങ്ങേയറ്റം ബഹുമാനത്തോടെ ചൂണ്ടിക്കാണിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ കാശി നിവാസികളോടും ഇപ്പോള്‍ മുതല്‍ തയ്യാറെടുപ്പ് ആരംഭിക്കാനും ഈ സംരംഭത്തില്‍ സജീവമായി പങ്കെടുക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്റെ കുടുംബാംഗങ്ങളെ,
വാരണാസി നൂറ്റാണ്ടുകളായി വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാണ്. വാരണാസിയുടെ വിദ്യാഭ്യാസ വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറ എല്ലാം ഉള്‍ക്കൊള്ളുന്ന സ്വഭാവമാണ്. രാജ്യത്തിന്റെയും ലോകത്തിന്റെയും നാനാഭാഗത്തുനിന്നും ആളുകള്‍ അവരുടെ പഠനത്തിനായി ഇവിടെയെത്തുന്നു. ഇന്നും സംസ്‌കൃതം പഠിക്കാനും അറിവ് നേടാനും പല രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തുന്നു. ഇന്ന്, ഈ വികാരം മനസ്സില്‍ വെച്ചുകൊണ്ട് ഞങ്ങള്‍ ഇവിടെ അടല്‍ ആവാസീയ (റെസിഡന്‍ഷ്യല്‍) വിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ അടല്‍ ആവാസീയ വിദ്യാലയങ്ങളുടെ ഉദ്ഘാടനത്തിന് ഏകദേശം 1100 കോടി രൂപ ചെലവഴിച്ചു. ഈ സ്‌കൂളുകള്‍ നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമായ നമ്മുടെ തൊഴിലാളികളുടെ ആണ്മക്കള്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടിയുള്ളതാണ്. ഈ സംരംഭത്തിലൂടെ അവര്‍ക്ക് മൂല്യങ്ങളും ആധുനിക വിദ്യാഭ്യാസവും ലഭിക്കും. കൊവിഡ്-19 ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ മക്കള്‍ക്കും ഈ അടല്‍ ആവാസീയ വിദ്യാലയങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും. ഈ സ്‌കൂളുകളില്‍ സാധാരണ പാഠ്യപദ്ധതിക്ക് പുറമെ സംഗീതം, കല, കരകൗശലവസ്തുക്കള്‍, കംപ്യൂട്ടറുകള്‍, സ്പോര്‍ട്സ് എന്നിവയ്ക്കും അധ്യാപകര്‍ ഉണ്ടായിരിക്കുമെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. ഗുണമേന്മയുള്ളതും സമഗ്രവുമായ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അടിസ്ഥാനസൗകര്യം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് പോലും ഇപ്പോള്‍ കഴിയുമെന്നാണ് ഇതിനര്‍ത്ഥം. അതുപോലെ, ആദിവാസി സമൂഹത്തിലെ കുട്ടികള്‍ക്കായി നാം ഏകലവ്യ ആവാസീയ സ്‌കൂളുകള്‍ നിര്‍മ്മിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നാം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പഴയ ചിന്താഗതി മാറ്റുകയും ചെയ്തു. ഇപ്പോള്‍ നമ്മുടെ വിദ്യാലയങ്ങള്‍ ആധുനികമായിക്കൊണ്ടിരിക്കുകയാണ്. ക്ലാസുകള്‍ കൂടുതല്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ആയിരക്കണക്കിന് സ്‌കൂളുകള്‍ നവീകരിക്കുന്നതിനായി ഗവണ്‍മെന്റ്, പ്രധാനമന്ത്രി-ശ്രീ അഭിയാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്കു കീഴില്‍ രാജ്യത്തെ ആയിരക്കണക്കിന് സ്‌കൂളുകള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിക്കുന്നു.

സുഹൃത്തുക്കളെ,
കാശിയില്‍ ആരംഭിക്കുന്ന എല്ലാ പുതിയ സംരംഭങ്ങളിലും എംപി എന്ന നിലയില്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുണ്ട്. നിര്‍മാണത്തൊഴിലാളികളായ രക്ഷിതാക്കള്‍ ഉപജീവനത്തിനായി ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറുന്നതിനാല്‍ വിദ്യാഭ്യാസം തടസ്സപ്പെടുന്ന കുട്ടികളെക്കൂടി ഉദ്ദേശിച്ചാണ് ഈ അടല്‍ ആവാസീയ വിദ്യാലയങ്ങള്‍. അത്തരം കുട്ടികളുടെ ക്ഷേമത്തിനായി ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ട്. പെട്ടെന്ന് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ഉദ്ദേശമില്ലാത്തവര്‍, സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ ഇല്ലാത്തവര്‍, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കൂ. എല്ലായ്പ്പോഴും തെരഞ്ഞെടുപ്പില്‍ മുഴുകി ഏത് വിധേനയും വോട്ട് നേടാനുള്ള കളി കളിക്കുന്നവര്‍ ഈ പണം പാഴാക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചാല്‍ അറിയാം. ഈ ഫണ്ടുകള്‍ എല്ലാ സംസ്ഥാനങ്ങളുടെ പക്കലാണ്. കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഇക്കാര്യത്തില്‍ പൂര്‍ണ സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളും ഈ ഫണ്ടുകള്‍ വോട്ട് ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. യോഗി ജിയുമായി ഞാന്‍ വളരെക്കാലം മുമ്പ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഈ കുട്ടികളെ അവരുടെ കുടുംബങ്ങള്‍ ഇനി കൂലിപ്പണിക്ക് ആശ്രയിക്കേണ്ടിവരാത്ത വിധത്തില്‍ വളര്‍ത്തണമെന്ന് അദ്ദേഹം തീരുമാനിച്ചു. അടല്‍ ആവാസീയ വിദ്യാലയങ്ങളില്‍ നിന്നുള്ള ചില കുട്ടികളെ ഞാന്‍ കണ്ടുമുട്ടി, അവര്‍ കൂലിത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്, അവര്‍ ഇതുവരെ ഒരു നല്ല വീട് കണ്ടിട്ടില്ല. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവരിലുണ്ടായ ആത്മവിശ്വാസം കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. അവരുടെ അധ്യാപകരെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ സംസാരിക്കുന്നതിലെ ആത്മവിശ്വാസവും പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്ന രീതിയും ഈ കുട്ടികളിലെ ഊര്‍ജവും കഴിവും എനിക്ക് വെളിപ്പെടുത്തിത്തന്നു. 10 വര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശിന്റെയും കാശിയുടെയും പരിവര്‍ത്തനവും പുരോഗതിയും ഈ വിദ്യാലയങ്ങളിലൂടെ നിങ്ങള്‍ കാണുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

എന്റെ പ്രിയപ്പെട്ട കാശി നിവാസികളേ,

ഇതേ രീതിയില്‍ നിങ്ങള്‍ എന്നെ തുടര്‍ന്നും അനുഗ്രഹിക്കട്ടെ! ഈ വികാരവായ്‌പോടെ, എല്ലാവര്‍ക്കും വളരെ നന്ദി!

ഹര്‍ ഹര്‍ മഹാദേവ്!

 

NS


(Release ID: 1960255) Visitor Counter : 128